#ദിനസരികള്‍ 1231 നൂറുദിന കര്‍മ്മപരിപാടികള്‍

 അനാവശ്യമായ വിവാദങ്ങളുണ്ടാക്കി നാടിന്റെ വികസന മുന്നേറ്റങ്ങളെ തടഞ്ഞ് എല്ലാ നേട്ടങ്ങളേയും കരിതേച്ചു കാണിക്കുന്ന പ്രതിപക്ഷനിരയുടെ കുടിലബുദ്ധിയുടെ മുന്നില്‍ സ്തംഭിച്ചു നില്ക്കാന്‍ മനസ്സില്ല എന്ന തീരുമാനമാണ് എനിക്ക് ഏറെ ഇഷ്ടമായത്. ഇടതുപക്ഷത്തിന് , സവിശേഷമായി പിണറായി വിജയനെപ്പോലെയുള്ള ഒരു മുഖ്യമന്ത്രിക്ക് , മാത്രമേ ഇത്തരത്തില്‍ ആര്‍ജ്ജവമുള്ള ഒരു തീരുമാനമെടുക്കാനുള്ള തന്റേടമുണ്ടാകൂ. വിവാദങ്ങളില്‍ ശോഭ മങ്ങി എങ്ങനേയും അഞ്ചുകൊല്ലം പൂര്‍ത്തിയാക്കി പടിയിറങ്ങിപ്പോകേണ്ട ഗതികേടിനെ അഭിമുഖീകരിക്കാന്‍ ഈ സര്‍ക്കാറിന് മനസ്സില്ല എന്നാണ് ഈ നൂറുദിന പരിപാടികളിലൂടെ പ്രഖ്യാപിക്കപ്പെടുന്നത്. അതുകൊണ്ടാണ് മലയാളികള്‍ക്ക് നാളിതുവരെ മറ്റേതൊരു മുഖ്യമന്ത്രിയില്‍ നിന്നും ലഭിച്ച ഓണസമ്മാനത്തെക്കാള്‍ ഈ സമ്മാനത്തിന് പ്രാധാന്യം ലഭിക്കുന്നത്.

 

          കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയെയാണ് ബി ജെ പിയും കോണ്‍ഗ്രസും ഇടതുവിരുദ്ധ മാധ്യമങ്ങളും തോളോടുതോള്‍ ചേര്‍ന്ന് നുണകള്‍ പ്രചരിപ്പിച്ചുകൊണ്ട് തികച്ചും ആസുത്രിതമായ രീതിയില്‍ അവഹേളിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.ആ ശ്രമങ്ങളൊന്നും തന്നെ വിജയിക്കാതെ പോകാനുള്ള പ്രധാന കാരണം ഈ വലതു നേതാക്കന്മാരെയോ അവരുടെ കൂട്ടാളികളായ ബി ജെ പിക്കാരെയോ മാധ്യമങ്ങളെയോ ഒന്നും തന്നെ തന്നെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്നില്ല എന്നതുതന്നെയാണ്. ഇവരെക്കാള്‍ കോണ്‍‌ഗ്രസ് ബി ജെ പി അനുയായികളായ സാധാരണക്കാര്‍‌പോലും പിണറായി വിജയനേയും ഇടതുസര്‍ക്കാറിനേയും വിശ്വസിക്കുന്നുവെന്ന് നിഷ്പക്ഷമായി വിലയിരുത്തുന്നവര്‍ക്ക് കാണാം. ജനങ്ങളുടെ ആ മനസ്സിനെ തിരിച്ചറിഞ്ഞുകൊണ്ടാണ് അവരുടെ ക്ഷേമേശ്വൈര്യങ്ങള്‍ക്ക് ഇണങ്ങുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അടുത്ത നൂറു ദിവസം കൊണ്ട് നടപ്പിലാക്കാന്‍ നിശ്ചയിച്ചത്. നുണപ്രചാരണങ്ങളെ പ്രതിരോധിച്ചു സമയം പാഴാക്കാനല്ല , സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതെങ്ങനെയെന്ന് ചിന്തിക്കാനാണ് ഈ സര്‍ക്കാറിന് താല്പര്യം എന്നുകൂടിയാണ് ഈ പ്രഖ്യാപനങ്ങള്‍ അടിവരയിടുന്നത്.

 

          അതുകൊണ്ടാണ് പാവപ്പെട്ടവന്റെ പ്രതീക്ഷയായ ക്ഷേമപെന്‍ഷനുകളുടെ തുക ഉയര്‍ത്തുക എന്ന തീരുമാനം സര്‍ക്കാര്‍ നടപ്പിലാക്കിയത്. അതുകൊണ്ടുതന്നെയാണ് സൗജന്യ ഭക്ഷ്യധാന്യകിറ്റിന്റെ വിതരണം അടുത്ത നാലുമാസത്തേക്കു കൂടി നീട്ടിയത്. എണ്‍പത്തിയെട്ടു ലക്ഷം കുടുംബങ്ങള്‍ക്ക് ഈ തീരുമാനം വലിയ ആശ്വാസമാകുമെന്ന കാര്യത്തില്‍ സംശയമില്ല.  ചരിത്രത്തില്‍ നാളിതുവരെയുണ്ടാകാത്ത വിധം പതിനാലു പച്ചക്കറികള്‍ക്കാണ് താങ്ങു വില നിശ്ചയിക്കപ്പെടുന്നത്. ഏകദേശം അഞ്ചു ലക്ഷത്തോളം വരുന്ന കുട്ടികള്‍ അടുത്ത ജനുവരിയോടെ സ്കൂളുകളിലേക്ക് എത്തുമ്പോള്‍ അവരുടെ കൈകളില്‍ സര്‍ക്കാര്‍ സൌജന്യമായി നല്കുന്ന ലാപ് ടോപ്പുകളുണ്ടാകും. അധ്യാപകരുടെ ആയിരം തസ്തിക , 153 കുടംബാരോഗ്യ കേന്ദ്രങ്ങള്‍ , കോളേജുകളില്‍ പുതിയ കോഴ്സുകള്‍ , ആവശ്യ സാധനങ്ങളുടെ സൂപ്പര്‍ മാര്‍ക്കറ്റ്, റോഡുകളുടെ വികസനത്തിനുവേണ്ടി ആയിരത്തോളം കോടി. ലൈഫ് മിഷന്‍ പദ്ധതിയില്‍ പെടുത്തി നൂറു ദിവസത്തിനുള്ളില്‍ 25000 വീട് എന്ന ലക്ഷ്യം ഇക്കൂട്ടത്തില്‍ വലിയ പ്രാധാന്യമുള്ള ഒന്നാണ്. പ്രഖ്യാപനം മാത്രമല്ല, ഇവയെല്ലാം സുഗമമായി നടപ്പിലാക്കപ്പെടുന്നുണ്ടോയെന്ന് കാലാനുസൃതമായി പരിശോധിക്കാന്‍ അവലോകന സമിതികളുമുണ്ടാകും.

 

          ആര്‍ജ്ജവമുള്ള ഇടതുസര്‍ക്കാറില്‍ നിന്നും കേരളം പ്രതീക്ഷിക്കുന്നതാണ് പിണറായി വിജയന്‍ നല്കുന്നത്.അദ്ദേഹം പ്രതിസന്ധികളുടെ മുന്നില്‍ പതറി വഴിമുട്ടി സ്തംഭിച്ചു നില്ക്കുന്നില്ല.കോളിളക്കങ്ങളില്‍ അടിയുലയാത്ത പരിചയ സമ്പന്നനായ കപ്പിത്താനെപ്പോലെ അദ്ദേഹം നാടിനെ ലക്ഷ്യത്തിലേക്ക് ആനയിക്കുന്നു.തിരഞ്ഞെടുപ്പ് സമയത്ത് ജനത്തിനു മുന്നില്‍ സമര്‍പ്പിച്ച പ്രകടനപത്രികയിലെ എല്ലാ വാഗ്ദാനങ്ങളും പൂര്‍ത്തിയാക്കിയാണ് ഈ സര്‍ക്കാര്‍ അടുത്ത നൂറുദിന പരിപാടികള്‍ പ്രഖ്യാപിച്ചതെന്നത് വിശ്വാസ്യത വര്‍ദ്ധിക്കുന്നു.  അതില്‍ അസൂയ പൂണ്ട് ഓരിയിടുന്നവരെ അവഗണിക്കുക എന്നതുമാത്രമേ ചെയ്യാനുള്ളു.

 

 

മനോജ് പട്ടേട്ട് || 20 ആഗസ്ത് 31 , 07.30 AM ||

 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1