#ദിനസരികള്‍ 1236 ശ്രീ നാരായണ ഗുരു സര്‍വ്വകലാശാലയെക്കുറിച്ച്

 


            തിരുവനന്തപുരത്തുള്ള മുട്ടത്തറയില്‍ ശ്രീനാരായണ ഗുരു പുലയരുടെ ഒരു യോഗത്തില്‍ സംബന്ധിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു :- “മനുഷ്യര്‍ ഒക്കെ ഒരു ജാതിയാണ്.അവരുടെയിടയില്‍ സ്ഥിതിഭേദമല്ലാതെ ജാതിഭേദമില്ല.ഉണ്ടാകാന്‍ നിവൃത്തിയുമില്ല.ചിലര്‍ക്ക് പണവും പഠിപ്പും ശുചിയും കൂടുതലായിരിക്കും.മറ്റു ചിലര്‍ക്ക് അതൊക്കെ കുറവായിരിക്കും.ചിലരുടെ നിറമായിരിക്കില്ല മറ്റു ചിലരുടെ നിറം.ഈ മാതിരിയുള്ള വ്യത്യാസങ്ങളല്ലാതെ മനുഷ്യര്‍ക്ക് ജാതിവ്യത്യാസങ്ങളില്ല.പുലയര്‍ക്ക് ഇപ്പോള്‍ ധനവും വിദ്യയുമില്ലാത്ത ഇല്ലാത്ത കുറവു വളരെയുണ്ട്.ഇതുരണ്ടും ഉണ്ടാക്കുകയാണ് വേണ്ടത്.വിദ്യാഭ്യാസം പ്രധാനമായും വേണം.അതുണ്ടായാല്‍ ധനവും ശുചിയുമെല്ലാം ഉണ്ടാകും.നിങ്ങള്‍ക്ക് പണമില്ലെന്ന് പറയുന്നത് ശരിയല്ല.ദിവസേന വേല ചെയ്തു പണമുണ്ടാക്കാതെ നിങ്ങളില്‍ ആരുമില്ല. അതുകൊണ്ട് നിങ്ങളൊക്കെത്തന്നെ പണമാണ്വിദ്യ നേടിയെടുക്കേണ്ടതിനെക്കുറിച്ച് നമ്മെ ഇത്രമാത്രം ആവര്‍ത്തിച്ച് പഠിപ്പിച്ച മറ്റൊരു ഗുരു ചരിത്രത്തിലില്ല. ജീവിതവുമായി ബന്ധപ്പെട്ട ഏതു ഘട്ടത്തിലും വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്നു ഗുരു ഉപദേശിച്ചുകൊണ്ടേയിരുന്നു.

 

          അറിവിനെ ഗുരു അപാരമായി സ്നേഹിച്ചു.അറിവ് എന്ന പേരില്‍ത്തന്നെ ഒരു പ്രധാന കൃതി അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഒരു പക്ഷേ ഗുരുവിന്റെ ജീവിത സന്ദേശത്തെ ഒറ്റവാക്കില്‍ പറയേണ്ടി വന്നാല്‍ അതു അറിവു നേടുക , അഥവാ വിദ്യനേടുക എന്നായിരിക്കും.അത്രമാത്രം പ്രാധാന്യം അദ്ദേഹം വിദ്യയ്ക്ക് നല്കിയിരുന്നു.സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും അദ്ദേഹം നിരന്തരം ജനതയെ ഉദ്ബോധിപ്പിച്ചുകൊണ്ടേയിരുന്നു.നിലനില്ക്കുന്ന ദുസ്ഥിതികളെ ആട്ടിയകറ്റാനും മാനവികതയുടെ പ്രകാശംകൊണ്ട് ഇരുള്‍ അകന്നുമാറാനും വിദ്യനേടേണ്ടതുണ്ട് എന്ന് ശ്രീനാരായണന്‍ ശഠിച്ചു. ജാതിവ്യത്യാസങ്ങളും ഭേദചിന്തകളും ഉടലെടുക്കുന്നത് വിദ്യാഭ്യാസത്തിന്റെ കുറവുകൊണ്ടാണെന്നും വിദ്യ നേടാനായാല്‍ ഈ അധമചിന്തകളെ നമുക്ക് അവസാനിപ്പിക്കാനാകുമെന്നും അദ്ദേഹം തന്റെ ജനതയെ പഠിപ്പിച്ചു.

 

അങ്ങനെ ചിന്തിക്കാനും പഠിക്കാനും പ്രേരിപ്പിച്ച നാരായണഗുരുവിന്റെ പേരില്‍ ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുവാന്‍ പോകുന്ന സര്‍വ്വകലാശാല ആ മഹാഗുരുവിനോട് നമുക്കുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുവാനുള്ള ഉചിതമായ മാര്‍ഗ്ഗമാണ്. കേരളത്തെ കേരളമാക്കുന്നതില്‍ ശ്രീനാരായണന്‍ വഹിച്ച പങ്ക് അതുല്യമായിരുന്നിട്ടും നാളിതുവരെ അദ്ദേഹത്തെ ആദരിക്കാന്‍ ഉതകുന്ന ഒരു മഹദ്സ്ഥാപനം ആരംഭിക്കുവാന്‍ ഇത്രയും കാലമായിട്ടും നമുക്കു കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ആ മഹാപരാധം തിരുത്തപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസം ചെയ്ത് അഭിവൃദ്ധിപ്പെടുക എന്ന സന്ദേശം ജീവിതവ്രതമാക്കിയ ആ മഹാത്മാവിനുള്ള എക്കാലത്തേയും മികച്ച സ്മാരകം ഒരു സര്‍വ്വകലാശാല തന്നെയാണ് എന്ന് ചിന്തിച്ച കേരളത്തിലെ ഇടതുപക്ഷസര്‍ക്കാറിന് നാം നന്ദി പറയുക.

 

മനോജ് പട്ടേട്ട് || 20 സെപ്തംബര്‍ 05 , 07.30 AM ||

 

 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം