#ദിനസരികള്‍ 1237 - പാപവും പുണ്യും നീതിബോധത്തെക്കുറിച്ച് ചിന്ത ചിന്തകള്‍
“അമ്മമ്മ
പാപം കിട്ടൂന്ന് പറഞ്ഞു”.
വന്നു കയറിയപാടെ കുഞ്ഞുവിന്റെ പരാതിയാണ്. എന്തായാലും പരാതിയ്ക്ക് ചെവി കൊടുക്കണം.
കുട്ടികളെ നാം കേള്‍ക്കുന്നുണ്ടെന്നും ശ്രദ്ധിക്കുന്നുണ്ടെന്നും അവര്‍ക്കുംകൂടി
ബോധ്യം വരണമല്ലോ. കൊറോണക്കാലമായതുകൊണ്ട് കുളിക്കാതെ അവളുടെ അടുത്തേക്ക്
പോയിക്കൂടാ. അതുകൊണ്ട് അച്ഛന്‍ വേഗം പോയി കുളിച്ചു വരാമെന്ന് അവളെ പറഞ്ഞു
സമ്മതിപ്പിച്ചു. കുളി കഴിഞ്ഞ് വന്നു അവളെ വിളിച്ച് അടുത്തിരുത്തി. അമ്മമ്മ എന്തിനാണ് അങ്ങനെ പറഞ്ഞത് ? ഞാന്‍ അവളോട്
ചോദിച്ചു.കട്ടിളപ്പടിയിലോ മറ്റോ ഇരുന്ന ഒരു ജീവിയെ അവള്‍ വടികൊണ്ട് അടിച്ചു.അതുകണ്ട
അമ്മമ്മയുടെ പ്രതികരണമാണ്. ജീവികളെ ഉപദ്രവിച്ചാല്‍ പാപം കിട്ടുമത്രേ !
പാപത്തിന് ശിക്ഷയുണ്ടാകും. നരകത്തില്‍ തിളയ്ക്കുന്ന എണ്ണയില്‍ പൊരിയുകയാണ്
പാപത്തിന്റെ ശിക്ഷ. ഇനിയും പാവം ജീവികളെ ഏതെങ്കിലും വിധത്തില്‍ ഉപദ്രവിക്കാതിരിക്കാന്‍
അമ്മ ഇതെല്ലാം വിശദീകരിച്ചിട്ടുമുണ്ടാകണം. എന്തായാലും പാപമെന്നു വെച്ചാല്‍ പേടിക്കേണ്ട
ഒന്നാണെന്ന ധാരണയില്‍ അവള്‍ ഭയന്നിരിക്കുന്നു.
മനുഷ്യരുടെ പ്രവര്‍ത്തികളെ നിയന്ത്രിക്കുവാന്‍ അനാദികാലം
മുതല്‍ തന്നെ ഉപയോഗിക്കപ്പെട്ടു പോന്നിരുന്ന രണ്ടു സങ്കല്പങ്ങളാണല്ലോ പാപവും
പുണ്യവും. ദൈവത്തോളംതന്നെ ഇവയ്ക്ക് പഴക്കവുമുണ്ട്. ഒരു പക്ഷേ അദ്ദേഹത്തിന്റെ
ഏറ്റവും പ്രധാനപ്പെട്ട രണ്ട് ആയുധങ്ങളാണ് ഇവയെന്നും പറയാം. അഥ കേന പ്രയുക്തോ ഽയം
പാപം ചരതി പൂരുഷഃ അനിച്ഛന്നപി വാർഷ്ണേയ ബലാദിവ നിയോജിതഃ എന്ന് ഭഗവത് ഗീത
ചിന്തിക്കുന്നു. എന്തിനാണ് വിശ്വാസവുമായി ബന്ധപ്പെടുത്തി പാപവും പുണ്യവും
അരക്കിട്ടുറപ്പിച്ചിരിക്കുന്നത് ?
മനുഷ്യരെ തെറ്റില്‍ നിന്നും പിന്തിരിപ്പിക്കാനും
ദൈവത്തിന്റെ വഴിയേ നടത്തിക്കുവാനുമാണ് പാപവും പുണ്യവുമെന്ന് ഒരു വിശ്വാസി
ഒറ്റവാക്കില്‍ ഉത്തരം പറയും. മനുഷ്യന്റെ സാമൂഹിക ജീവിതം കൂടുതല്‍ ഊഷ്മളമാക്കുവാനും
ചില ഗുണപരമായ നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുത്താനുമായാണ് മനുഷ്യന്‍
പിച്ചവെച്ചു നടക്കുവാന്‍ തുടങ്ങിയ പ്രാകൃത സമൂഹങ്ങളില്‍ മുതല്‍ക്കുതന്നെ ഇത്തരം
സങ്കല്പങ്ങള്‍ ഉരുത്തിരിഞ്ഞു വന്നിരിക്കുതെന്ന് മറ്റു ചിലരും പറയും. എല്ലാം
കാണുകയും വിലയിരുത്തുകയും തങ്ങളുടെ ചെയ്തികളനുസരിച്ച് പാപപുണ്യങ്ങളെ വേര്‍തിരിച്ച്
ശിക്ഷ നല്കുന്നവനുമായ ഒരു ദൈവമുണ്ടെന്ന ഭയം തെറ്റു ചെയ്യുന്നതില്‍ നിന്നും ഒവനെ
പിന്തിരിപ്പിക്കാനുള്ള നീതിബോധമുണ്ടാക്കുമെന്ന വിശ്വാസം സമൂഹങ്ങളെ
നയിച്ചിട്ടുണ്ടെന്ന് കാര്യത്തില്‍ തര്‍ക്കമില്ല.
എന്നാല്‍ നിയമവ്യവസ്ഥിതി പ്രായേണ ദുര്‍ബലമായ ഒരു
സമൂഹത്തില്‍ പാപവും പുണ്യവുമെല്ലാം ധാര്‍മികതയെക്കുറിച്ചുള്ള ചില ധാരണകളെ
ഉല്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇന്നത്തെ കാലഘട്ടത്തില്‍ അതൊട്ടും
തന്നെ പ്രാധാന്യമുള്ള സങ്കല്പങ്ങളല്ല. ഇക്കാലത്ത് പ്രവര്‍ത്തിക്കേണ്ടത് തെറ്റു
ചെയ്യപ്പെട്ടാല്‍ ശിക്ഷിക്കപ്പെടേണ്ട മൂല്യാധിഷ്ഠിതമായ സാമൂഹിക
നിയമങ്ങളാണ്.അല്ലാതെ ദൈവവുമായി ബന്ധപ്പെട്ടു നിലകൊള്ളുന്ന ഏതെങ്കിലും ആശയങ്ങളോ
ധാര്‍മികതയോയല്ല, അങ്ങനെ ആയിരിക്കുകയുമരുത്.വൈജ്ഞാനിക വിപ്ലവങ്ങള്‍ സംഭവിക്കാതിരുന്ന
ഒരു കാലത്ത് നടപ്പിലായിരുന്ന നീതിബോധങ്ങള്‍ അത്രതന്നെ പ്രാകൃതവുമായിരിക്കും
എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ലല്ലോ. അതുകൊണ്ട് ഞാന്‍ കുഞ്ഞുവിനോട്
ഇങ്ങനെ പറഞ്ഞു :- “ മകളേ,മറ്റുള്ളവരെ
ജീവിക്കുവാന്‍ അനുവദിക്കുന്നവര്‍ക്കുമാത്രമേ ഇവിടെ ജീവിക്കുവാന്‍ അവകാശമുള്ളു.
അപരനെ ആക്രമിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ഒരാള്‍ക്കും
അത്തരത്തിലൊരവകാശവുമില്ല. പണ്ടൊരു മഹാഗുരു പറഞ്ഞതുപോലെ ഒരു പീഢയെറുമ്പിനും
വരരുതെന്ന് മാത്രം ചിന്തിക്കുക.പാപവും പുണ്യവുമല്ല നമ്മെ നയിക്കേണ്ടത് , കരയാനും
കണ്ണുനീര്‍ കാണാനുമുള്ള മനസ്സാണ്.
അത്രമാത്രം”
മനോജ് പട്ടേട്ട് || 20 സെപ്തംബര്‍
06 , 07.30 AM ||
Comments