#ദിനസരികള്‍ 1250 ആധുനികത – മുകുന്ദന്റെ വീണ്ടുവിചാരങ്ങള്‍

 

            ആധുനിക ഇന്നെവിടെ എന്നൊരു ലേഖനം എം മുകുന്ദന്‍ എഴുതിയിട്ടുണ്ട്.അതില്‍ നാം ഇങ്ങനെ വായിക്കുന്നു : “ ആധുനികതയുടെ ഉദ്ഭവത്തിന് ആവശ്യമായ ചരിത്രപരവും സാമൂഹ്യവുമായ അടിസ്ഥാന സൌകര്യങ്ങള്‍ ഭാഷയില്‍ ഇല്ലാതിരുന്നിട്ടും ആധുനികത രണ്ടു ദശാബ്ദം നമ്മുടെ ഇടയില്‍ നിറഞ്ഞു നിന്നിരുന്നു.ആധുനികതയെ അതിന്റെ സമഗ്രതയില്‍ നാം ഒരിക്കലും സ്വീകരിച്ചിരുന്നില്ല.നമ്മുടെ ഭാഷ അതിന് ആവശ്യമായ ഘടകങ്ങള്‍ മാത്രമേ ആധുനികതയില്‍ നിന്ന് സ്വീകരിച്ചിരുന്നുള്ളു.” ആധുനികതയുടെ വക്താവും പ്രയോക്താവുമായി മലയാളത്തില്‍ നിറഞ്ഞാടിയ എം മുകുന്ദന്‍ എന്താണ് ആധുനികത ? എന്ന പേരില്‍ ഒരു പുസ്തകവുമെഴുതിയിട്ടുണ്ട്. അതേ മുകുന്ദന്‍ തന്നെയാണ് ആധുനികതയെന്നത് മലയാളികളെ സംബന്ധിച്ച് കേവലം ഉപരിപ്ലവമായിരുന്ന ഒരാശയമായിരുന്നുവെന്ന് സ്ഥാപിക്കുവാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ആധുനികത നമ്മുടെ നാട്ടില്‍ കരുപ്പിടിച്ചു കഴിഞ്ഞു. അന്യത്ര പറഞ്ഞതുപോലെ ആധുനിക സാഹിത്യം നമ്മുടെ സമകാലീന സാഹിത്യമായി മാറിക്കഴിഞ്ഞിരിക്കുന്നു.ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും ആധുനിക നോവലുകളും കഥകളുമെല്ലാമാണ്.ആധുനികതയ്ക്ക് ഇവിടെ വേരു മുളച്ചു കഴിഞ്ഞുവെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത് എന്നാണ് ആധുനികതയുടെ വക്താവായിരുന്ന ഒരു കാലത്ത് (ഈ പുസ്തകം എഴുതുന്നത് 1976 ലാണ്)  മുകുന്ദന്‍ എഴുതിയത്. ആധുനികത നമ്മുടെ ഭാഷയില്‍ ഉണ്ടായിരുന്നുവെന്നും അതിന് ചിലതെല്ലാം ചെയ്യുവാനുമുണ്ടിയിരുന്നുവെന്നും അതൊക്കെ നിര്‍വ്വഹിച്ച് യഥാകാലം നമ്മുടെ ആധുനികത രംഗത്തു നിന്നും നിഷ്ക്രമിക്കുകയും ചെയ്തുവെന്നും മുകുന്ദന്‍ കൂട്ടിച്ചേര്‍ക്കുന്നു.

 

            തിരനോട്ടം ഭംഗിയായി നിര്‍വ്വഹിച്ചുവെങ്കിലും അരങ്ങത്തു കയറാന്‍ കഴിയാതെപോയ ഹതഭാഗ്യരുടെ പട്ടികയിലാണ് ഞാന്‍ ആധുനികതയെ നിറുത്തിയിരിക്കുന്നത്. ആധുനിക സങ്കല്പങ്ങളില്‍ ഉറച്ചു നിന്നുകൊണ്ട് ഒരു പുതിയ ഭാവുകത്വശീലത്തിന് അസ്തിവാരമിടുകയാണ് നാം ചെയ്യേണ്ടതെന്നാണ് എന്താണ് ആധുനികത എന്ന പുസ്തകത്തില്‍ മുകുന്ദന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ യൂറോപ്പിലുണ്ടായതുപോലെ ആധുനികത സംഭവിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ഒരു സാമൂഹ്യാവബോധം നമ്മുടെ നാട്ടില്‍ ഉടലെടുത്തു വന്നിരുന്നുവോയെന്ന് അന്ന് ആഴത്തില്‍ ആലോചിക്കാന്‍ മുകുന്ദനടക്കമുള്ള പ്രഭൃതികള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഒരു തരം ഭൂതാവേശം പോലെയായിരുന്നു മിക്ക എഴുത്തുകാര്‍ക്കും ആധുനികത. അതൊരിക്കലും അവരുടെ നട്ടെല്ലില്‍ തൊട്ടിരുന്നില്ലെന്നതായിരുന്നു ശരി. കാല്‍ നൂറ്റാണ്ടിനു ശേഷം മുകുന്ദന്‍ വിലയിരുത്തിയതുപോലെ തികച്ചും ഉപരിപ്ലവമായിരുന്ന ഒരാവേശം മാത്രമായിരുന്നു അത്. ചില ലക്ഷണങ്ങള്‍ മാത്രം പ്രകടിപ്പിക്കുകയും അതിന്റെ വെളിച്ചത്തില്‍ ആധുനികതയെത്തി എന്നാണയിടുകയും ചെയ്തിരുന്ന ഒരു കാലം മാത്രമാണ് നമുക്കുണ്ടായിരുന്നത്.

 

            എന്തായിരുന്നു അതിന്റെ കാരണം ? പ്രധാനമായും യൂറോപ്പിലുണ്ടായ നവോത്ഥാനത്തിനെ പിന്‍പറ്റിയാണ് അവിടെ ആധുനികത ഒരു ജീവിതാവബോധമായി വികസിച്ചു വന്നത്. എല്ലാത്തരം യാഥാസ്ഥിതികതയ്ക്കെതിരായും അത് പ്രവര്‍ത്തിച്ചു. എല്ലാത്തരം മൂല്യബോധങ്ങളേയും പിടിച്ചു നിറുത്തി വിചാരണ ചെയ്തു.ഇവിടെയാകട്ടെ അത്തരത്തിലൊരു നവോത്ഥാനം തന്നെ സംഭവിച്ചിരുന്നില്ല. എന്നാല്‍ ചില സമൂദായ പരിഷ്കരണ ശ്രമങ്ങളേയും ചില മുന്നേറ്റങ്ങളേയുമൊക്കെ നവോത്ഥാനമെന്ന് വിശേഷിപ്പിച്ചു. അവ സമൂഹത്തെ മുന്നോട്ട് നയിച്ചുവെന്നതൊരു വസ്തുതയാണെങ്കിലും സമൂലമായ ഒരു പരിവര്‍ത്തനത്തിന് നിദാനമായില്ല.എല്ലാ യാഥാസ്തിഥിക മൂല്യങ്ങളും ഒട്ടൊന്നിളകിയെങ്കിലും അതാതിടങ്ങളില്‍ത്തന്നെ വീണ്ടും ഉറച്ചു നില്ക്കുകയാണുണ്ടായത്.ആധുനികതയും അത്തരത്തില്‍ തന്നെയാണ് പ്രവര്‍ത്തിച്ചത്. ചില മുന്നേറ്റങ്ങളുണ്ടായി, അതിന്റെ ഗുണവശം നാം അനുഭവിക്കുകയും ചെയ്തു. എന്നാല്‍ എന്താണോ ആധുനികത എന്നതുകൊണ്ട് യൂറോപ്പില്‍ ഉദ്ദേശിക്കപ്പെട്ടിരുന്നത്,  നവോത്ഥാനമെന്നതുപോലെത്തന്നെ , അതിന്റെ ആഴമില്ലാത്ത അനുകരണങ്ങള്‍ മാത്രമായി നമ്മുടെ ആധുനികതയും ഒതുങ്ങിപ്പോയി. ഏകപക്ഷീയമായി ആധുനികതയെ നിഷേധിക്കുകയല്ല, ഭാവുകത്വപരിണതികളില്‍ അവ ഇടപെട്ടിട്ടുണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ ഇവിടെ ആധുനികത ഒരു ദാര്‍നികാശയമായി , ജീവിതങ്ങളെ തൊട്ടു നില്ക്കുന്ന ഒന്നായി, മാറിയില്ലെന്ന് അടിവരയിടുക മാത്രമാണ് ചെയ്യുന്നത്.

           

മനോജ് പട്ടേട്ട് || 2020 സെപ്തംബര് 19 , 8.15 AM ||

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1