#ദിനസരികള്‍ 1001




            ശശി തരൂരിനെ ഇന്നലെ ജാമിയയില്‍ തടയാന്‍ ശ്രമിച്ചതും കാറില്‍ ലാ ഇലാഹ് ഇല്ലള്ളാ എന്ന സ്റ്റിക്കറൊട്ടിച്ചതും തികച്ചും അസംബന്ധമാണെന്ന് പറയാതെ വയ്യ. പൌരത്വ ബില്ലിനെതിരെ ജാമിയയില്‍ സംവദിച്ചതിനുശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു ഒരു സംഘം വിദ്യാര്‍ത്ഥികളുടെ പ്രതിഷേധമുണ്ടായത്. തരൂര്‍ ഹിന്ദുവാണെന്നും അതുകൊണ്ടുതന്നെ ഇസ്ലാംവിരുദ്ധനാണെന്നുമാണ് ആരോപണമുയര്‍ന്നത്.
          മനസ്സിലാക്കേണ്ടത് , രാജ്യത്തിന്റെ മതേതരത്വത്തെ, ബഹുസ്വരതകളെ ഇല്ലാതാക്കാനുള്ള ആറെസ്സെസ്സിന്റെ നീക്കങ്ങളെ ചെറുക്കുമ്പോള്‍തന്നെ താന്താങ്ങളുടെ മതസ്വത്വങ്ങളെ സ്ഥാപിച്ചെടുക്കാനുള്ള ബോധപൂര്‍വ്വവും തീവ്രവുമായ ഒരു ശ്രമം സമാന്തരമായി നടക്കുന്നുവെന്നുതന്നെയാണ്.
          അത്തരത്തിലുള്ള ഒരു നീക്കം ആറെസ്സെസ്സിന്, സംഘപരിവാരത്തിന്  വളമാകുകയേയുള്ളുവെന്ന് എന്തുകൊണ്ടാണ് മനസ്സിലാക്കാത്തത് എന്ന് എനിക്ക് അത്ഭുതം തോന്നുന്നു.എതിര്‍ക്കുന്നത് ഭൂരിപക്ഷത്തിന്റെ മതഫാസിസത്തെയാണ്, എന്നാല്‍ അത്തരമൊരു മുന്നണിയില്‍ സ്വാഭാവികമായും അണിചേരുമ്പോള്‍ തന്നെ ന്യൂനപക്ഷ മതതീവ്രവാദങ്ങളെ പ്രോത്സാഹിപ്പിച്ചുകൊള്ളാന്‍ മതേതരവിശ്വാസികള്‍ക്ക് താല്പര്യമൊന്നുമില്ലെന്ന് ഇക്കൂട്ടര്‍ ഇനിയെന്നാണ് മനസ്സിലാക്കുക ?ഹിന്ദുത്വതീവ്രവാദത്തിന് ഇസ്ലാമിക തീവ്രവാദമാണ് മരുന്ന് എന്നു ചിന്തിക്കുന്ന വളരെ ചെറിയ ഒരു കൂട്ടമാണ് ഇത്തരം മുതലെടുപ്പുകള്‍ക്ക് മുന്നിട്ടിറങ്ങുന്നത്. എന്നാല്‍ അതാകട്ടെ ബാക്കിവരുന്ന ബഹുഭൂരിപക്ഷം മുസ്ലീങ്ങളേയും പ്രതികൂലമായി ബാധിക്കുന്നു.
          പൊതുവായ മുദ്രാവാക്യത്തിനു കീഴില്‍ ജാതിമത രാഷ്ട്രീയ താല്പര്യങ്ങളൊന്നുമില്ലാതെ ജനത ഒന്നിച്ചണിനിരക്കുമ്പോള്‍ അതില്‍ ഒളിച്ചു കടന്ന് തങ്ങളുടെ അജണ്ട നടപ്പിലാക്കാനുള്ള കുത്സിത ശ്രമം ജാമിയയില്‍ മാത്രമല്ല കണ്ടിട്ടുള്ളത് , മറിച്ച് നമ്മുടെ നാട്ടിന്‍ പുറങ്ങളിലെ പ്രതിഷേധ പ്രകടനങ്ങളില്‍‌പ്പോലും കണ്ടിട്ടുണ്ട്. പൊതുവിടങ്ങളിലെ ഇത്തരം മതാത്മക മുദ്രാവാക്യങ്ങള്‍ അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ടതല്ലേ എന്ന മട്ടില്‍ ഒരു ഒഴുക്കന്‍ പ്രതികരണമായി അതിനെ അവഗണിക്കുകയല്ല, ഇത്തരം വിശാലമായ കൂട്ടായ്മകളുടെ അന്തസത്തയെ മനസ്സിലാക്കി അനുവദിക്കാതിരിക്കുകയാണ് വേണ്ടത്.
          അതിനു നാം തയ്യാറാകുന്നില്ലെങ്കില്‍ ആറെസ്സെസ്സിന്റെ ജയ് ശ്രീറാം എന്ന കൊലവിളിയോട് എങ്ങനെയാണ് നമുക്ക് പ്രതികരിക്കാന്‍ കഴിയുക? അവര്‍ അടിച്ചേല്പിക്കുന്ന ഇരുണ്ട ആശയങ്ങളെ നമുക്ക് എങ്ങനെയാണ് അകറ്റി നിറുത്താന്‍ കഴിയുക ?
            മതേതരത്വമെന്നു പറഞ്ഞാല്‍ ഏതെങ്കിലുമൊരു മതത്തോട് , അതെത്ര ചെറുതാകട്ടെ വലുതാകട്ടെ , വിട്ടുവീഴ്ചകള്‍ കാണിക്കുകയെന്നല്ല അര്‍ത്ഥം.എല്ലാ മതങ്ങളേയും തുല്യമായ അര്‍ത്ഥത്തില്‍ അകറ്റി നിറുത്തുകയെന്നതാണ്.മതങ്ങളുണ്ടാക്കുന്ന പ്രതിസന്ധിഘട്ടങ്ങള്‍ അതിന്റെ പരമാവധികളിലേക്ക് എത്തുമ്പോള്‍ ഈ അകറ്റിനിറുത്തലും കൂടുതല്‍ ആഴത്തില്‍ നടത്തേണ്ടതുണ്ടത്. അതല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ മറ്റേതെങ്കിലും മതത്തോട് വിശ്വാസത്തോട് ആനുകൂല്യം പുലര്‍ത്തുന്നുവെന്ന ചിന്തയുണ്ടാകുവാനും അത് പൊതു സമൂഹത്തെ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് ആനയിക്കുകയും ചെയ്യും
          അതുകൊണ്ട് ഇനിയെങ്കിലും ഇത്തരം കുത്സിതബുദ്ധികളുടെ തരംതാണ ഇടപെടലുകള്‍ പൊതുവിടങ്ങളില്‍ ഉണ്ടാകാതിരിക്കുവാനും ഒന്നിച്ചുള്ള ഒരു മുന്നേറ്റം ആവശ്യമായ ഘട്ടത്തില്‍ അനാവശ്യമായ ആശങ്കകളെ സൃഷ്ടിക്കാതിരിക്കാനുമുള്ള ജാഗ്രത എല്ലാവരും കാണിക്കണം.അങ്ങനെയൊന്നുണ്ടാകും എന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ആറെസ്സെസ്സ് മാത്രമാണ് പൊതുശത്രു എന്ന് നാം പ്രഖ്യാപിച്ചിട്ടുള്ളത്.ആ ശത്രുവിന്റെ കൂട്ടത്തിലേക്ക് മതന്യൂനപക്ഷത്തില്‍ നിന്നൊരു കൂട്ടം ചെന്നകയറി ഇടംപിടിക്കാന്‍ വ്യഗ്രത കാണിക്കരുത് എന്നു മാത്രമാണ് അഭ്യര്‍ത്ഥന.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം