#ദിനസരികള്‍ 1149 ഫാമുകള് എങ്ങനെ തുടങ്ങാം ?
ഡോ പി വി മോഹനന് എഴുതിയ ‘ഫാമുകള് എങ്ങനെ തുടങ്ങാം?’ എന്ന പുസ്തകം ഈ രംഗത്തു മുതല് മുടക്കുവാന് ആഗ്രഹിക്കുന്നവര്ക്ക് ഒരു വഴികാട്ടിയാണ്. സര്ക്കാറിന്റെ മൃഗസംരക്ഷണ വകുപ്പില് ദീര്ഘകാലമായി ജോലി ചെയ്യുന്ന ഇദ്ദേഹം , ഇത്തരത്തിലുള്ള ഒട്ടധികം പുസ്തകങ്ങള് രചിച്ചിട്ടുമുണ്ട്. ഗ്രന്ഥകര്ത്താവിന്റെ അനുഭവപരിചയം കേവലം ഫാമുകള് തുടങ്ങുന്ന കാര്യത്തില് മാത്രമല്ല മറിച്ച് , നബാര്ഡ് പോലെയുള്ള സ്ഥാപനങ്ങളില് നിന്നും ആനുകൂല്യങ്ങള് നേടിയെടുക്കുന്നതിനെക്കുറിച്ചും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളടക്കമുള്ള സര്ക്കാര് സംവിധാനങ്ങളില് നിന്നും ലഭിക്കേണ്ടുന്ന അനുമതികളെക്കുറിച്ചും വിവിധ പദ്ധതികളെ മുന്നിറുത്തി നമ്മുടെ ധനകാര്യസ്ഥാപനങ്ങള് അനുവദിക്കുന്ന വായ്പകളെക്കുറിച്ചുമൊക്കെ ചര്ച്ച ചെയ്യുന്നുവെന്നത് ഈ പുസ്തകത്തെ കൂടുതല് ശ്രദ്ധേയമാക്കുന്നു.കൊറോണ ബാധയെ മുന്നിറുത്തി നാം ഏറെക്കുറെ ലോക്ഡൌണുകളില് കഴിഞ്ഞു കൂടുന്നതുകൊണ്ട് പലരും കൃഷിയിലേക്കും ഫാമിംഗിലേക്കും തിരിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ മേഖലകളെക്കുറിച്ച് പലയിടങ്ങളില് നിന്നുമായി ധാരാളം സംശയങ്ങളും ചര്ച്ചകളും ഉയര്ന്നു വരുന്നുമുണ്ട്. അത്തരത്തിലുള്ള ചര്ച്ചകള്ക്ക് മറുപടിയായി ഈ പുസ്തകത്തെ നിസ്സംശയം ചൂണ്ടിക്കാണിക്കാന് കഴിയും
.
കാര്ഷിക മേഖലയില് വിജയകരമായി നടത്തുവാന് കഴിയുന്ന നിരവധി പുതിയ ആശയങ്ങളും സംരംഭങ്ങളുമുണ്ടെങ്കിലും നമ്മുടെ അഭ്യസ്ത വിദ്യരായ ആധുനിക തലമുറ അതിനെയൊന്നും ശ്രദ്ധിക്കാത്തതെന്ത് എന്ന ആശങ്ക പങ്കുവെച്ചുകൊണ്ടാണ് സംരംഭകന് വേണ്ട ഗുണങ്ങളെക്കുറിച്ച് ഈ പുസ്തകം ഒന്നാമതായി ചര്ച്ച ചെയ്യുന്നത്.ലക്ഷ്യബോധം, ആസൂത്രണ പാടവം , ആത്മവിശ്വാസം , താന് പ്രവര്ത്തിക്കുന്ന മേഖലയെപ്പറ്റി ആഴത്തിലുള്ള അറിവ് , നേതൃഗുണം, പരീക്ഷണോന്മുഖത , പരിശ്രമശീലം , ഗുണനിലവാരത്തില് വിട്ടു വീഴ്ചയില്ലായ്മ, കൃത്യ സമയത്ത് ആവശ്യമായ തീരുമാനങ്ങളെടുക്കുവാനും അത് വിജയകരമായി നടപ്പിലാക്കാനുമുള്ള ശ്രദ്ധ എന്നിങ്ങനെ നിരവധിയായ ഗുണങ്ങള് ഒരു സംരംഭകന് ഉണ്ടായിരിക്കണമെന്ന് ഈ പുസ്തകം അടിവരയിടുന്നു. വിപണനമേഖലയെക്കുറിച്ചും വില്പന രീതികളെക്കുറിച്ചും ഇടപാടുകാരനെ പ്രാധാന്യത്തോടെ കാണുന്ന സമീപനത്തെക്കുറിച്ചുമൊക്കെ ഇവിടെ സൂചിപ്പിക്കപ്പെടുന്നു.
പശു , ആട് ,ഇറച്ചിക്കോഴി, മുട്ടക്കോഴി , താറാവ് , എമു, മുയല് , ടര്ക്കി, വാത്ത , പോത്ത്, കാട മുതലായവയെ ഇറച്ചി ആവശ്യത്തിനുവേണ്ടി വളര്ത്തുന്നതിനെക്കുറിച്ചും കോഴിയിറച്ചി സംസ്കരണം , മാംസോല്പാദന രംഗം, അരുമപ്പക്ഷികള് , ഫാം ടൂറിസം തുടങ്ങിയ മേഖലകളെക്കുറിച്ചും ഈ പുസ്തകം വിശദമായി ചര്ച്ച ചെയ്യുന്നു.ഓരോന്നിനേയും തിരഞ്ഞെടുക്കുമ്പോള് ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളെക്കുറിച്ചും ആരോഗ്യപരിപാലനത്തെക്കുറിച്ചും ഓരോ പ്രൊജക്ടുകളും ആവശ്യപ്പെടുന്ന സാമ്പത്തിക വശങ്ങളെക്കുറിച്ചും ചൂണ്ടിക്കാണിക്കുന്നത് തുടക്കക്കാര്ക്ക് ഏറെ സഹായകമാണ്.ഏറ്റവും കൂടുതല് ആളുകള് ഏര്‌പ്പെട്ടിരിക്കുന്ന ഒരു മേഖല എന്ന നിലയില് ഇറച്ചിക്കോഴികളെക്കുറിച്ച് സമഗ്രമായ ഒരു ധാരണയുണ്ടാക്കാന് പുസ്തകം ശ്രദ്ധ വെയ്ക്കുന്നു.
അതോടൊപ്പം ഫാമുകളില് കെട്ടിടങ്ങളുണ്ടാക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരധ്യായം തന്നെ വിശദമാക്കുന്നു.പൌള്ട്രി ഫാമുകള് , ഡയറിഫാമുകള് , തൊഴുത്തുകള് , അറവുശാലകള് , വില്പനശാലകള് എന്നിങ്ങനെ വിവിധങ്ങളായ ആവശ്യങ്ങള്ക്കു വേണ്ടി കെട്ടിടങ്ങള് പണിയുമ്പോള് പാലിക്കേണ്ട നിര്മ്മാണച്ചട്ടങ്ങളേയും ഗ്രന്ഥകാരന് ലഘുവായി വിശദീകരിക്കുന്നുണ്ട്.
ആവര്ത്തിക്കട്ടെ ഫാമുകള് ആരംഭിക്കുവാന് ഉദ്ദേശിക്കുന്നവര്ക്ക് തീര്ച്ചയായും മികച്ച ഒരു വഴികാട്ടി തന്നെയാണ് ഈ പുസ്തകം. ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രസ്തുത പുസ്തകത്തിന്റെ വില 195 രൂപയാണ്.
© മനോജ് പട്ടേട്ട് || 10 June 2020, 09.30 AM ||
Comments