#ദിനസരികള്‍ 1205 ആയാ സോഫിയയും ജമായത്തെ ഇസ്ലാമിയും.


            ജമായത്ത് ഇസ്ലാമിയുടെ രണ്ടായിരത്തി ഇരുപത് ജൂലൈ പന്ത്രണ്ടിലെ പ്രബോധനം വാരികയില്‍ രണ്ടു പ്രധാനപ്പെട്ട വിഷയങ്ങളാണ് ചര്‍‌ച്ചക്കെടുത്തിരിക്കുന്നത് ഒന്ന് തുര്‍ക്കിയുടെ മതേതര പാരമ്പര്യത്തെ അട്ടിമറിച്ചു കൊണ്ട് ഉര്‍ദുഗാനും കൂട്ടരും രാജ്യത്ത് നടത്തുന്ന മതവത്കരണത്തിന്റെ ഭാഗമായി ആയാ സോഫിയ എന്നു പേരുള്ള ബൈസാന്റിയന്‍ കാലത്തെ ക്രൈസ്തവ ദേവാലയം ഒരു കോടതിയുത്തരവിന്റെ മറവില്‍ മുസ്ലിം പള്ളിയാക്കി മാറ്റിയതിനെക്കുറിച്ചാണ്. രണ്ടാമത്തേതാകട്ടെ കേരളത്തില്‍ 1921 ല്‍ നടന്ന മലബാര്‍ സമരം ഹിന്ദുവിരുദ്ധ സമരമാക്കിത്തീര്‍ക്കാനുള്ള സംഘപരിവാരത്തിന്റെ കുത്സിത നീക്കത്തിനെതിരെ തെളിവുകളെ അടിസ്ഥാനമാക്കി നടത്തുന്ന വിലയിരുത്തലും. രണ്ടു വിഷയങ്ങളും അതിന്റെ സമകാലിക പ്രസക്തികൊണ്ട് ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്.

            ഇവയില്‍ ആയാ സോഫിയ : ഇടതുലിബറല്‍ ആകുലതകളും ഇസ്ലാമിക ലോകത്തിന്റെ പ്രതീക്ഷകളും എന്ന പേരില്‍ അസീര്‍ നീര്‍ക്കുന്നം എഴുതിയ ലേഖനമാണ് ആദ്യമായി നാം ചര്‍ച്ചക്കെടുക്കുക. ആയാ സോഫിയ ഏറ്റെടുത്തതിനെക്കുറിച്ച് ലേഖകന്റെ ന്യായീകരണങ്ങള്‍ ഒറ്റവാക്കില്‍ പറഞ്ഞാല്‍ ശുദ്ധ അസംബന്ധമാണെന്ന് പറയാതെ വയ്യ. സാമാന്യ ബുദ്ധിക്കു നിരക്കുന്ന തരത്തില്‍ നല്ലൊരു ന്യായം പോലും അദ്ദേഹത്തിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് എന്നത് സോഫിയ ഏറ്റെടുത്തതിന് അനുകൂലമായി നിലകൊള്ളുന്നവരുടെ അവസ്ഥ എത്ര പരിതാപകരമാണെന്നു വെളിപ്പെടുത്തുന്നുണ്ട്.

            ആകെയൊരു ന്യായം പറയുന്നത് 1453 ല്‍ സുല്‍ത്താന്‍ മുഹമ്മദ് രണ്ടാമന്‍ ഈ ദേവാലയത്തെ വഖഫ് ചെയ്തിട്ടുണ്ട് എന്നതു മാത്രമാണ്. ലേഖകന്‍ ഉദ്ധരിക്കുന്ന സുല്‍ത്താന്റെ വാക്കുകള്‍ നോക്കുക " ഞാനിത് പള്ളിയായി വഖഫ് ചെയ്യുന്നു. എന്റെ കാലശേഷം ആരെങ്കിലും ഇത് പള്ളിയില്‍ നിന്നോ എന്റെ വഖഫിന്റെ ഉദ്ദേശത്തില്‍ നിന്നോ മാറ്റുന്നുവെങ്കില്‍ അവരുടെ മേല്‍ ഖിയാമത്ത് നാള്‍ വരെ എന്റെ ശാപം ഉണ്ടാകും " എന്നാണ് സുല്‍ത്താന്‍ പറയുന്നത്. അതുകൊണ്ടു തന്നെ സുല്‍ത്താന്റെ തീരുമാനത്തെ നാം ബഹുമാനിക്കുക തന്നെ വേണം എന്നാണ് പ്രബോധനം വാദിക്കുന്നത് ആ വാദം എത്ര ദുര്‍ബലമാണെന്നറിയണമെങ്കില്‍ മറ്റു മതസ്ഥരുടെ ആരാധനാലയങ്ങള്‍ ഏറ്റെടുക്കുവാന്‍ ഇസ്ലാം സ്വന്തം അനുയായികള്‍ക്ക് അനുവാദം നല്കുന്നില്ല എന്ന വസ്തുതയെ മാത്രം മനസ്സിലാക്കിയാല്‍ മതി.  അത് മതപരമായ വിശ്വാസങ്ങള്‍ക്ക് എതിരാണെന്ന് ഈ ലേഖകനും അറിയാവുന്നതുമാണ്. അതുകൊണ്ടു തന്നെ ഏതെങ്കിലും ഭരണാധികാരി അത് ലംഘിച്ചുവെങ്കില്‍ അദ്ദേഹത്തിന്റെ ആ തീരുമാനം തെറ്റാണെന്ന് പറയാനാണ് മതമേലധികാരികള്‍ ശ്രമിക്കേണ്ടത്. അല്ലാതെ മതശാസനത്തെ മാറ്റി നിറുത്തിക്കൊണ്ട് ഒരു സുല്‍ത്താന്റെ വാക്കുകള്‍ നടപ്പിലാക്കപ്പെടണം എന്നു ന്യായികരിക്കുകയല്ല വേണ്ടത്. ഒരു ഭരണാധികാരി ഏതോ കാലത്ത് വഖഫ് ചെയ്തിട്ടുണ്ടെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അന്യമതത്തിന്റെ ഒരു ദേവാലയത്തിനു മുകളില്‍ അധീശത്വം സ്ഥാപിക്കാന്‍ ഒരുങ്ങിപ്പുറപ്പെടുമ്പോള്‍ നിഷേധിക്കപ്പെടുന്നത് സ്വന്തം മതത്തിന്റെ ശാസനങ്ങളെത്തന്നെയാണ് എന്ന് ഈ കുറിപ്പെഴുതിയയാള്‍‌ക്കോ ജമായത്തിന് മൊത്തമായിത്തന്നെയോ മനസ്സിലാകുന്നില്ലെന്നത് ഖേദകരമാണ്.

 എന്നു മാത്രവുമല്ല ഈ ലേഖനം വിഷയത്തെ കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു. ഒരു യഥാര്‍ത്ഥ ഇസ്ലാം വിശ്വാസി ഈ ലേഖകന്റെ വാദങ്ങളെ മാനിക്കുമെന്നുള്ള യാതൊരു ധാരണയും എനിക്കില്ല. അതുകൊണ്ടുതന്നെ പ്രബോധനം പോലെയുള്ള ഒരു വാരിക കേരളം പോലെയുള്ള ഒരു സാംസ്കാരിക പരിസരത്തു നിന്നും ഇത്തരം അസംബന്ധങ്ങള്‍ പ്രസിദ്ധീകരിക്കാതിരിക്കുകയാണ് വേണ്ടത് എന്നാണ് എന്റെ പക്ഷം

                                                                                    (തുടരും)

                       


മനോജ് പട്ടേട്ട് || 05 August 2020, 1.30 PM ||

 


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം