#ദിനസരികള്‍ 821

 
യൂണിവേഴ്സിറ്റി കോളേജില്‍ അഖില്‍ ചന്ദ്രന്‍ എന്ന വിദ്യാര്‍ത്ഥിക്കുനേരെയുണ്ടായ ആക്രമണത്തിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിച്ചത് നാം കണ്ടതാണ്. ഒരു തരത്തിലും പ്രതികള്‍ സംരക്ഷിക്കപ്പെടരുതെന്നും ഇനി അത്തരം ഒരു സംഭവം ആവര്‍ത്തിക്കാതിരിക്കാനുമുള്ള കരുതലുകള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരിയും എസ്.എഫ്.ഐയും വ്യക്തമാക്കിയിട്ടുമുണ്ട്. ആ നിലപാടുകളെ സാധൂകരിക്കുന്ന വിധത്തിലാണ് അന്വേഷണങ്ങള്‍ മുന്നോട്ടു പോകുന്നത്. പ്രധാന പ്രതികളെന്ന് സംശയിക്കുന്ന നസീമിനേയും ശിവരഞ്ജിത്തിനേയും പോലീസ് അറസ്റ്റു ചെയ്തു. യൂണിവേഴ്സിറ്റി കോളേജിലെ യൂണിയന്‍ ഓഫീസില്‍ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി.
യൂണിയന്‍ ഓഫീസ് ഒഴിപ്പിച്ചെടുക്കാനുള്ള തീരുമാനം അധികൃതരെടുത്തു. അനധ്യാപക ജീവനക്കാര്‍‌ക്കെതിരെ നടപടിയെടുത്തു. ഗവര്‍ണര്‍ സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എസ്.എഫ്.ഐയാകട്ടെ കോളേജ് യൂണിറ്റു തന്നെ പിരിച്ചു വിട്ട് അഡ്ഹോക്ക് കമ്മറ്റിയെ ചുമതലപ്പെടുത്തുകയും കേസില്‍ ഉള്‍‌പ്പെട്ട ആറു വിദ്യാര്‍ത്ഥികളെ സംഘടനയില്‍ നിന്നും പൂര്‍ണമായും അടര്‍ത്തിമാറ്റുകയും ചെയ്തു. ഇങ്ങനെ പൊതുസമൂഹവും സര്‍ക്കാറും ബന്ധപ്പെട്ട ഇടതു പ്രസ്ഥാനങ്ങളും അക്രമികളെ ഒറ്റപ്പെടുത്തി, അവരെ ഒരു തരത്തിലും സംരക്ഷിക്കില്ല എന്ന് വ്യക്തമാക്കി ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നു.
എന്നാല്‍ നമ്മുടെ മാധ്യമങ്ങള്‍ ഈ കാര്യത്തില്‍ കാണിക്കുന്ന അമിത താല്പര്യം നാം കാണാതിരുന്നു കൂട. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും ഇനി ആവര്‍ത്തിക്കരുതാത്ത വിധത്തില്‍ അധികാരികളുടെ ഇടപെടലുകണ്ടാകണമെന്നുമുള്ള നീതിപൂര്‍വ്വമായ താല്പര്യമല്ല, മറിച്ച് ഇടതുപക്ഷ പ്രസ്ഥാനങ്ങളെ പ്രതിക്കൂട്ടിലാക്കി എന്നന്നേക്കുമായി കുഴിച്ചുമൂടണമെന്ന ഉദ്ദേശമാണ് അവരുടെ ഇടപെടലുകളില്‍ മുന്നിട്ടു നില്ക്കുന്നത്. അത്തരം സങ്കുചിതമായ താല്പര്യങ്ങളെ മുന്‍നിറുത്തി മാധ്യമ പ്രവര്‍ത്തകര്‍ തന്നെ കൃത്രിമമായ തെളിവുകളുണ്ടാക്കുകയും അത് സത്യമെന്ന വ്യാജേന ജനങ്ങളുടെ സമക്ഷത്തിലേക്ക് അവതരിപ്പിക്കുകയും ചെയ്യുന്നു. വെറും നുണകളെ വെള്ളപൂശിയെടുക്കാനുള്ള ശ്രമങ്ങളുണ്ടാകുന്നു.
ഉദാഹരണത്തിന് മാതൃഭൂമി ദിനപത്രത്തിന്റെ ഒന്നാം പേജില്‍തന്നെ കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി കോളേജ് യൂണിയന്റെ ഓഫീസില്‍ നിന്നും പിടിച്ചെടുത്ത ഉത്തരക്കടലാസിന്റെ ഫോട്ടോ സഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നുവല്ലോ. യുവജനോത്സവത്തിന്റെ റജിസ്ട്രേഷന്‍ ഫോമാണ് ഉത്തരക്കടലാസ്സെന്ന വ്യാജേന ആ ഫോട്ടോയില്‍ കൊടുത്തിരിക്കുന്നത്. ഇതു ചൂണ്ടിക്കാട്ടി വ്യാപകമായ എതിര്‍പ്പുകള്‍ ഉയര്‍ന്നപ്പോളാണ് മാതൃഭൂമി യൂണിവേഴ്സിറ്റി യൂണിയന്‍ ഓഫീസില്‍ നിന്നും ഉത്തരക്കടലാസ് പിടിച്ചെടുത്തുവെന്ന വാര്‍ത്ത ശരിതന്നെയാണെന്ന് വീണ്ടും വാദിക്കുന്നത്. എന്നാല്‍ കൃത്രിമമായി തെളിവുകളുണ്ടാക്കുന്ന വാര്‍ത്താരീതിയെ വെളിപ്പെടുത്തുന്ന ഒന്നാണ് ഈ വാദമെന്നാണ് വസ്തുതകള്‍ പരിഗണിക്കുമ്പോള്‍ മനസ്സിലാകുന്നത്.
അതായത്, സംഭവമുണ്ടായ ഉടനെ പോലീസിന്റെ സഹായത്തോടെ വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ കെ കെ. സുമ യൂണിയന്‍ ഓഫീസില്‍ പരിശോധന നടത്തിയിരുന്നു. വിശദമായ ആ പരിശോധനയില്‍ യൂണിയന്‍ ഓഫീസില്‍ നിന്നും ഇത്തരത്തിലുള്ള യാതൊരു വിധത്തിലുള്ള രേഖകളൊന്നും കണ്ടെത്തിയിരുന്നില്ല. ആ പരിശോധനയില്‍ കണ്ടെത്താനാകാത്ത ഉത്തരക്കടലാസുകള്‍ പിന്നെങ്ങനെയാണ് മാധ്യമങ്ങള്‍ കണ്ടെത്തിയത് എന്ന കാര്യത്തില്‍ വലിയ ദുരൂഹതയുണ്ട്. പാര്‍ട്ടി ഓഫീസിന്റെ മതിലി‍ല്‍ പോസ്റ്ററെഴുതി ഒട്ടിച്ച് വാര്‍ത്തയുണ്ടാക്കിയ ലേഖകനടക്കമുള്ളവര്‍ അരുളിമരുവുന്ന മാതൃഭൂമിക്ക് ഒരു പിടി ഉത്തരക്കടലാസുകള്‍ കണ്ടെത്തി എന്ന വാര്‍ത്ത നല്കുവാന്‍ വിമുഖത തോന്നില്ലല്ലോ. തന്റെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിയാത്ത രേഖകളുടെ കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് സുമ സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു കഴിഞ്ഞു.
ഇങ്ങനെ ഇടതു പ്രസ്ഥാനങ്ങളെ മാത്രമല്ല, കേരള പി.എസ്.സിയെപ്പോലും പ്രതിക്കൂട്ടിലാക്കിക്കൊണ്ട് വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമങ്ങളും കൊണ്ടു പിടിച്ചു നടക്കുന്നു. പ്രതികളുടെ പേരുകള്‍ റാങ്കു ലിസ്റ്റുകളില്‍ ഉള്‍‌പ്പെട്ടതിനെത്തുടര്‍ന്ന് പി.എസ്.സിയേയും സംശയത്തിന്റെ നിഴലിലേക്ക് നീക്കിനിറുത്തുകയാണ് നമ്മുടെ മാധ്യമങ്ങള്‍ ചെയ്യുന്നത്. വസ്തുതകളുമായി ഈ ആരോപണങ്ങള്‍ക്ക് ബന്ധമില്ലെന്ന് ചെയര്‍മാന്‍ തന്നെ വ്യക്തമാക്കിയിട്ടും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ തുടരുന്നു.
ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ തങ്ങളുടേതായ അവകാശങ്ങള്‍ നേടിയെടുക്കാനായി അംഗങ്ങളായിട്ടുള്ള ഒരു സംഘടനയെ ഒരു സംഭവത്തിന്റെ പേരില്‍ വ്യാജ ആരോപണങ്ങളുന്നയിച്ച് മാധ്യമങ്ങള്‍ വിമര്‍ശിക്കുന്ന രീതി കാണുമ്പോള്‍ പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്നല്ല, മറിച്ച് എസ്.എഫ്.ഐ. തകര്‍ക്കപ്പെടണമെന്നാണ് അവരുടെ ആഗ്രഹമെന്ന് നമുക്ക് മനസ്സിലാകും.
അതെ, സംഭവത്തിലെ പ്രതികളെ ശിക്ഷിക്കണമെന്നല്ല മറിച്ച് എസ്.എഫ്.ഐ. എന്ന സംഘടനയെത്തന്നെ ഇല്ലാതാക്കണമെന്നാണ് നമ്മുടെ മാധ്യമങ്ങള്‍ ഉന്നം വെയ്ക്കുന്നത്. അതുകൊണ്ടാണ് നിരന്തരം കൃത്രിമമായി തെളിവുകള്‍ ഉണ്ടാക്കപ്പെടുന്നത്, ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നത്. മാധ്യമങ്ങളുടെ ഏകപക്ഷീയമായ ഈ വ്യഗ്രത കാണുമ്പോള്‍ മറ്റെന്താണ് നമുക്ക് ബോധ്യമാകുക?
എസ്.എഫ്.ഐയെ തിരുത്തുവാനും നേര്‍വഴിക്കു കൊണ്ടുവരാനും പൊതുസമൂഹത്തിലെ ഏതൊരാള്‍ക്കും അവകാശമുണ്ടെന്നു തന്നെ ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ ഒറ്റപ്പെട്ട സംഭവങ്ങളെ മുന്‍നിറുത്തി അവരെ തകര്‍ക്കാനുള്ള ഒളിച്ചു വെച്ച അജണ്ടകളോടെയായിരിക്കരുത് നാം സമീപിക്കേണ്ടത്. പ്രത്യേകിച്ചും മതജാതി സംഘടനകളുടെ കടന്നു കയറ്റംകൊണ്ട് സമൂഹത്തിലെ എല്ലാ വിധ സ്വാസ്ഥ്യങ്ങളും അസ്തമിച്ചു പോയ ഈ കെട്ട കാലത്ത് അവസാനമായി പ്രകാശം ചൊരിയുന്ന കൈത്തിരിയാണ് ആ സംഘടന എന്ന ബോധം മതേതര ജനാധിപത്യ സങ്കല്പങ്ങളെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള നമുക്കോരോരുത്തര്‍ക്കുമുണ്ടായേ തീരൂ.
അതുകൊണ്ട് മാധ്യമങ്ങള്‍ കുറച്ച് സംയമനം പാലിക്കേണ്ടതുണ്ട്. നിങ്ങളാണ് വധശിക്ഷ വിധിക്കാന്‍ ബാധ്യസ്ഥരായവര്‍ എന്ന് നമ്മുടെ ഭരണഘടന ഇതുവരെ മാറ്റിയെഴുതിയിട്ടില്ല.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം