#ദിനസരികള്‍ 87
ഹാ പുഷ്പമേ
അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു
രാജ്ഞി കണക്കയേ നീ
ശ്രീ ഭുവിലസ്ഥിര ,
മസംശയമിന്നു നിന്റെ
യാ ഭൂതിയെങ്ങു പുനരെങ്ങു
കിടപ്പിതോര്‍ത്താല്‍ - മലയാളികളുടെ ഭാവുകത്വസങ്കല്പങ്ങളെ പുത്തന്‍മൂശയിലിട്ട്
ഉരുക്കിപ്പണിത കുമാരനാശാന്റെ വീണപൂവ് 1907 ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.ക്ഷണികമായ
ജീവിതത്തിന്റെ സമസ്തവൈവശ്യങ്ങളേയും ആവിഷ്കരിക്കുന്ന ഇക്കൃതി ആശാന്‍ പറയുന്ന
പോലെതന്നെ വൈരാഗ്യമേറിയ വൈദികനേയും ഭയന്നോടുന്ന ഭീരുവിനേയും ഒരേപോലെ ആകര്‍ഷിക്കത്തക്കതാണ്.
മലയാള കാവ്യലോകത്തെ അത്ഭുതമായി മാറിയ ആ കൃതിയെക്കുറിച്ചുള്ള
പഠനങ്ങളുടെ ശേഖരമാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വീണപൂവ് വീഴാത്ത
പൂവിന്റെ സമരോത്സുക സഞ്ചാരം എന്ന കൃതി.നാളിതുവരെ മലയാളത്തിലിറങ്ങിയിട്ടുള്ള
വീണപൂവ് പഠനങ്ങളെല്ലാംതന്നെ ശേഖരിച്ചത് എന്‍ ജയകൃഷ്ണനാണ്.
ഏകദേശം അമ്പതോളം നിരുപകരുടെ ഒരു നിരതന്നെ ഈ പുസ്തകത്തില്‍
അണിനിരക്കുന്നു. എം കെ സാനു , എം ലീലാവതി ,ആഷാ മേനോന്‍ , സുനില്‍ പി ഇളയിടം
തുടങ്ങി മലയാളത്തിലെ തലയെടുപ്പുള്ളവരെല്ലാംതന്നെ വീണപൂവ് എന്ന ഖണ്ഡകാവ്യം തങ്ങള്‍ക്കെന്താണ്
എന്ന് വിശദീകരിക്കുന്നുണ്ട്.വീണപൂവിന് ആശാന്റെ സ്വകാര്യജീവിതവുമായി
ബന്ധമുണ്ടെന്നും ആ ജീവിതം നല്കിയ മുറിവുകളില്‍ നിന്നാണ് വീണപൂവുണ്ടായെതെന്നും ഡോ.
ലീലാവതി.വിലാപത്തിന്റെ വേദനാജനകമായ സ്വരമല്ല മറിച്ച് , കരുണത്തിന്റെ ആര്‍ദ്രതയാണ്
എന്ന് എം കെ സാനു.വീണപൂവ് നിശ്ചയമായും വിഷാദത്തിന്റെ ഘനീഭാവമാണ്.പക്ഷേ അത് ജീവിത
പരാങ്മുഖമായ വിഷാദമാണോ ?അല്ലെന്നുതന്നെ
പറയേണ്ടിവരും എന്ന് ആഷാമേനോന്‍ .കേവലം തരളഭാവനയുടെയോ ചപലവികാരങ്ങളുടേയോ
വേലിയേറ്റമല്ല ആ കവിതയില്‍ കണ്ടത് തിളച്ചുരുകുന്ന ജീവിതവേദനകളും നുരഞ്ഞുപൊന്തുന്ന
ലൌകികാഹ്ലാദവുമൊക്കെ നവശില്പങ്ങള്‍ വാര്‍ത്തെടുക്കുന്ന കവി മനസ്സിന്റെ ചലനാത്മകമായ
കരുവിലേക്ക് വീണുണ്ടായ അനുപമമായ ശില്പമാണ് വീണപൂവെന്ന് ഡോ കെ എസ് രവികുമാര്‍.വീണുകിടക്കുന്ന
ഒരു പൂവിനെ കേന്ദ്രമാക്കിയതിലൂടെ കവിതയെ പുറംലോകത്തിലേക്ക് നയിക്കുകയായിരുന്നു
ആശാന്‍ ; അതുവഴി
കവിത ഒരു തുറന്ന സ്ഥലമാണെന്ന് പ്രഖ്യാപിക്കുകയും.അതുവരെ കവിത
അകംലോകങ്ങളുടെയായിരുന്നു എന്ന് ഡോ പി കെ രാജശേഖരന്‍.
ഇങ്ങനെ വിവിധങ്ങളായ നിരീക്ഷണങ്ങളുടെ രുചിഭേദങ്ങള്‍ കൊണ്ട്
സമ്പന്നമായ ഒരു കലവറയാണ് ഈ പുസ്തകം. ഇതിലെ ഓരോ എഴുത്തുകാരനും ഓരോ കാഴ്ചപ്പാട്
മുന്നോട്ടു വെക്കുന്നു. അവരവരുടെ കാഴ്ചയാണ് ശരിയെന്ന് ആവര്‍ത്തിക്കുന്നു.അവരെ
നിങ്ങള്‍ക്കു തള്ളുകയോ കൊള്ളുകയോ ചെയ്യാം.പക്ഷേ വീണപൂവ് എന്ന ആശാന്‍ കൃതി അപ്പോഴും
ഒരു വിളക്കുമരമായി നാല്ക്കവലയില്‍ പ്രകാശം പൊഴിക്കുന്നുണ്ടാവും. ആ പ്രകാശത്തില്‍
നിങ്ങള്‍ നിങ്ങളുടേതായ ഒരു ദര്‍ശനത്തെ കണ്ടെടുക്കാനും കഴിയും ; കാലാതിവര്‍ത്തിയായ
മറ്റേതു കൃതിയും ചെയ്യുന്ന പോലെത്തന്നെ.
Comments