#ദിനസരികള്‍ 86
ഇംഗ്ലീഷ് അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ
ലോകഭാഷയാണ്.ഭൂലോകമാകെ വ്യാപിച്ചു കിടക്കുന്ന ആ ഭാഷാശൃംഖല എന്തെന്ത് ആശയങ്ങളെ
വിളംബരം ചെയ്യുന്നില്ല ?
“ ഇന്തോ-യൂറോപ്യൻ
ഭാഷാകുടുംബത്തിൽ പെടുന്ന ജർമാനിക് ഭാഷയുടെ ഉപശാഖയായ പശ്ചിമ ജർമ്മാനിക് ഭാഷയിൽ
നിന്നു രൂപപ്പെട്ട ഭാഷയായ ഇംഗ്ലിഷ് (ആംഗലേയഭാഷ) ആദ്യമായി ഇംഗ്ലന്റിലാണ്
സംസാരിക്കപ്പെട്ടത്. ഇന്ന് ലോകത്തിലേറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന
ഭാഷയാണിത്. ഓസ്ട്രേലിയ, കാനഡ, ന്യൂസീലൻഡ്, അയര്‌ലന്റ്, യുണൈറ്റഡ് കിംഗ്‌ഡം, അമേരിക്കൻ ഐക്യനാടുകൾ എന്നീ രാജ്യങ്ങളിലെ ജനങ്ങളുടെ മാതൃഭാഷയാണ്. മന്റാരിൻ ചൈനീസ്, സ്പാനിഷ് എന്നീ ഭാഷകൾ കഴിഞ്ഞ് ലോകത്തിലേറ്റവും കൂടുതലാളുകളുടെ
രാഷ്ട്രഭാഷയാണ്. ഇത് രണ്ടാം ഭാഷയായി വ്യാപകമായി അഭ്യസിക്കപ്പെടുന്നുണ്ട്. യൂറോപ്യൻ
യൂണിയന്റെയും പല കോമൺവെൽത് രാജ്യങ്ങളുടെയും യുനൈറ്റഡ് നേഷൻസിന്റെയും പല ലോക
സംഘടനകളുടെയും ഔദ്യോഗിക ഭാഷയുമാണ് “ – എന്ന് മലയാളം വിക്കിപ്പീഡിയ പറയുന്നു.ഇംഗ്ലീഷ്
ഭാഷയിലുള്ള അറിവ് നമ്മെ വിജ്ഞാനത്തിന്റെ പുത്തന്‍ ചക്രവാളങ്ങള്‍ തേടാന്‍
പ്രാപ്തരാക്കും എന്ന കാര്യത്തില്‍ സംശയമില്ല.ആ അര്‍ത്ഥത്തില്‍ ഇംഗ്ലീഷ് ഭാഷയോളം
പ്രാധാന്യം അര്‍ഹിക്കുന്ന മറ്റൊരു ഭാഷ ഇല്ലെന്നുതന്നെ പറയാം.പ്രാചീനവും താരതമ്യേന
അര്‍വ്വാചീനവുമായ ഭാഷകളില്‍ പലതിനും പലതരത്തിലുള്ള സവിശേഷതകള്‍ ഏറെയുണ്ടെങ്കിലും
ആംഗലേയത്തിന് സിദ്ധിച്ച ജനപ്രീതി ഇടിവുതട്ടാതെ ഉത്തരോത്തരം മേല്‍ഗതി തേടുകയാണ്.
കാര്യം
അങ്ങനെയൊക്കെയാണെങ്കിലും ഇത്രയും പ്രാധാന്യവും പ്രസക്തിയുമുള്ള ആംഗലേയം
അഭ്യസിക്കുന്നതിന് നമ്മെ സഹായിക്കാന്‍ നമ്മുടെ ഭാഷയില്‍ എടുത്തുകാണിക്കാവുന്ന എത്ര
ഗ്രന്ഥങ്ങളുണ്ട് എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.പരസ്യത്തിന്റെ
പരിവേഷത്തില്‍ പൊങ്ങിനില്ക്കാത്ത , ശരിക്കും ഇംഗ്ലീഷ് പഠിക്കാന്‍ സഹായിക്കുന്ന
എത്ര പുസ്തകങ്ങള്‍ എന്ന ചോദ്യത്തിന് പ്രസക്തി ഉണ്ടെന്നുതന്നെയാണ് ഞാന്‍
വിചാരിക്കുന്നത്. പത്തുറുപ്പികക്ക് കിട്ടുന്ന ഇംഗ്ലീഷ് ഭാഷാ സഹായി മുതല്‍
രണ്ടായിരവും മൂവായിരവുമൊക്കെ വിലയിട്ടുവരുന്നവയും നമ്മുടെ വിപണിയില്‍
ലഭ്യമാണ്.പരസ്യത്തിന്റെ പിന്‍ബലത്താല്‍ വിപണി കീഴടക്കിയവയും –
ഉദാഹരണത്തിന് പി വി രവീന്ദ്രന്റെ ഇംഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്‍മുല പോലെയുള്ളവ – എന്നാല്‍
ഉപയോഗത്തിന്റെ കാര്യത്തില്‍ ഗുണം ചെയ്യാത്തവയുമായി നിരവധി പുസ്തകങ്ങള്‍ വിപണിയില്‍
ലഭ്യമാണ്. കൊയ്തുകരയേറ്റി മെതിക്കാനെടുക്കുമ്പോഴാണ് അതൊക്കെ പതിരാണല്ലോ എന്ന
തിരിച്ചറിവ് നമുക്കുണ്ടാകുന്നത് .
അത്ര ശുഷ്കമാണോ നമ്മുടെ ഈ മേഖല ? ആണെന്നുതന്നെ
പറയേണ്ടിവരും.ഒ അബൂട്ടിയേയും പ്രൊഫസര്‍ വി സുകുമാരനേയും പോലെയുള്ളവരെ മറന്നുകൊണ്ടല്ല
ഞാനിതു പറയുന്നത്. അവരൊക്കെ ഈ മേഖലയില്‍ നിരവധി സംഭാവനകള്‍ നല്കിയിട്ടുമുണ്ട്.
തെറ്റുകളുണ്ടെങ്കിലും വെട്ടം മാണിയുടെ ഇംഗ്ലീഷ് ഗുരുനാഥന്‍ ഈ രംഗത്തെ ശ്രദ്ധേയമായ
ഒരു ചുവടുവെപ്പാണെന്ന് പറയാതിരിക്കാന്‍ വയ്യ.ഭാഷാന്തരപ്പെടുത്തി പഠിപ്പിക്കുന്ന ആ
രീതിയും നല്ലതുതന്നെ.എന്നാല്‍ ആധുനിക ഭാഷാ സിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ ഇംഗ്ലീഷ് ഭാഷ
അഭ്യസിപ്പിക്കുന്ന സമഗ്രമായ ഒരു ഗ്രന്ഥത്തിന്റെ അഭാവം നമുക്കുണ്ട്.
Comments