#ദിനസരികള്‍ 85


ആദിവാസികളുടെ പേരില്‍ എത്രയോ സമരകോലാഹലങ്ങള്‍ക്ക് നാം സാക്ഷ്യം വഹിച്ചു?എത്രയോ കോടി രൂപ വകയിരുത്തി ? എത്രയോ വികസന പദ്ധതികള്‍ നടപ്പിലാക്കി ? എത്രയോ കുടിലുകള്‍ വാര്‍‌ത്തെടുത്തു ? എത്രയോ സ്കൂളുകള്‍ പണിതു തീര്‍ത്തു ? എത്രയോ ആതുരാലയങ്ങള്‍ , സാംസ്കാരിക കേന്ദ്രങ്ങള്‍ , അംഗനവാടികള്‍ ? കണക്കുകള്‍ കോടികളും കവിഞ്ഞേറും എന്നാണ് കണക്ക്. എന്നിട്ടും ആദിവാസി ഇന്നും ചോര്‍‍ന്നൊലിക്കുന്ന അവന്റെ കൂരയില്‍ , പൊട്ടപ്പിഞ്ഞാണത്തിന്റെ ഇത്തിരി വട്ടത്തില്‍‍പ്പോലും നിറച്ചൊഴിച്ച് കഴിക്കാനില്ലാത്ത ദാരിദ്ര്യത്തെ പുണര്‍ന്ന് , തുള വീണ പുതപ്പുകള്‍ക്കടിയില്‍ നിര്‍വികാരനായി , ആരോടും പരിഭവപ്പെടാതെ ജീവിച്ചു മരിക്കുന്നു. എവിടെയാണ് അവനുവേണ്ടി അനുവദിച്ച കോടികള്‍ പോയ്മറഞ്ഞത് എന്ന് ചോദിക്കുന്നതാണ് സാമാന്യബുദ്ധിയുടെ രീതിയെങ്കിലും , ആര്‍ക്കാണ് ആദിവാസി എന്നും ആദിവാസിയായിത്തന്നെ കഴിയണം എന്ന നിര്‍ബന്ധമുള്ളത് എന്നു ചോദിക്കുന്നതാണ് എനിക്ക് കൂടുതല്‍ ഉചിതമായി തോന്നുന്നത്.
            ആദിവാസി പ്രേമം പറയാത്ത ഒരു വ്യക്തിയെയെങ്കിലും കണ്ടെത്താന്‍ കഴിയുമോ ? ഇല്ല എന്നാണ് ഈയുള്ളവന്റെ അനുഭവം പറയുന്നത്. നമ്മുടെ ചുറ്റും ഈ പ്രേമത്തെ ഫാഷനായി കൊണ്ടുനടക്കുന്നവരുടെ ഒരു നിരതന്നെയുണ്ട്.ആദിവാസികളെ മുന്നില്‍ നിറുത്തി തട്ടിപ്പു നടത്തുന്നവര്‍ , അവരുടെ അവകാശങ്ങള്‍ പിടിച്ചെടുക്കുന്നവര്‍ , അവരെ ലൈംഗികമായും മറ്റു തരത്തിലും ചൂഷണം ചെയ്യുന്നവര്‍ - ഇത്തരക്കാരൊക്കെ എടുത്തണിയുന്ന മുഖംമൂടി ആദിവാസി പ്രേമത്തിന്റേതാണ്. തിരിച്ചറിയപ്പെടുന്നതുവരെ ആദിവാസികളുടെ മിശിഹയായി പരിലസിക്കുന്ന ഇത്തരക്കാര്‍  , ആദിവാസികള്‍ക്ക് വേണ്ടി സത്യസന്ധമായി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നവരെപ്പോലും പിന്നോട്ടടിപ്പിക്കും. കോളനികളില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളെപ്പറ്റി നമ്മുടെ സര്‍ക്കാര്‍ ഏജന്‍സികളോട് ചോദിച്ചു നോക്കൂ. നാംതന്നെ ഞെട്ടിപ്പോകുന്ന തരത്തിലായിരിക്കും കണക്കുകള്‍ നിരത്തുന്നത്. ഒരിക്കലെങ്കിലും ആദിവാസികളുടെ ജീവിതം എന്തെന്ന് നേരിട്ടറിയാതെയോ കോളനികളില്‍ സന്ദര്‍ശിക്കാതെയോ ഈ കണക്കുകളെ അടിസ്ഥാനപ്പെടുത്തി നമ്മുടെ ആദിവാസികളുടെ ജീവിതനിലവാരം അടയാളപ്പെടുത്താന്‍ ശ്രമിച്ചാല്‍ പട്ടിണിയും പരിവട്ടവുമില്ലാത്ത ഒരു മാവേലിക്കാലത്തെയായിരിക്കും നമുക്കു കിട്ടുക. എന്നാല്‍ വാസ്തവം തുലോം വിഭിന്നമായിരിക്കും.കയറിക്കിടക്കാന്‍ ഒരു കൂരയോ വെച്ചുണ്ണാന്‍ ഭക്ഷണസാധനങ്ങളോ കുളിക്കാനും കുടിക്കാനും  ശുദ്ധജലമോ കിട്ടാത്ത കോളനികളുടെ വഴികളാകെ കോടിക്കണക്കിന് രൂപയുടെ ടൈലുകള്‍ പാകി മോടിപിടിപ്പിച്ച വികസന മാതൃക ഒന്നുമാത്രം മതി ആദിവാസികളോടുള്ള നമ്മുടെ സമീപനം എന്താണെന്ന് മനസ്സിലാക്കാന്‍.
            ഇനിയെങ്കിലും ആദിവാസികളോടുള്ള നമ്മുടെ സമീപനം മാറണം. ഒരു പരിഷ്കൃത ജനത എന്ന് സ്വയം അവകാശപ്പെടുന്ന നമ്മള്‍ അതിനൊത്ത രീതിയില്‍ ആദിവാസികളേയും അവരുടെ പ്രശ്നങ്ങളേയും സമീപിക്കാനും പരിഹരിക്കാനും ശ്രമിക്കണം. കക്ഷിരാഷ്ട്രീയത്തിന്റെ പോര്‍മുനകളായി ഉപയോഗിക്കുന്ന അസംസ്കൃതവസ്തുക്കള്‍ എന്ന തലത്തില്‍ നിന്നും ആദിവാസികളുടെ പ്രശ്നങ്ങളെ മനുഷ്യത്വത്തിന്റെ പേരില്‍ നാം ഏറ്റെടുക്കണം.
           
           

            

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1