#ദിനസരികള്‍ 1038 യേശു നടന്ന വഴികള്‍



            യേശു നടന്ന വഴികളിലൂടെ നടക്കുകയെന്നത് എത്ര മനോഹരമായ അനുഭവമായിരിക്കും നമുക്ക് അനുവദിക്കുക? ബെത്‌ലഹേമിലെ ജനനം മുതല്‍ ഗാഗുല്‍ത്തയിലെ കുരിശിലേറ്റപ്പെടല്‍ വരെയുള്ള തന്റെ ജീവിതകാലത്ത് യേശു , അപാരമായ സഹനവും ഏകാന്തതയും പേറി അദ്ദേഹം അലഞ്ഞു നടന്ന അതേ ഇടങ്ങളിലെ വഴികളിലൂടെ ഒരിക്കലൊന്ന് നടന്നുപോകുക എന്നത് എനിക്ക് എത്രയും പ്രിയപ്പെട്ട ഒരാഗ്രഹമാണ്. എന്നാല്‍ ആവതുള്ള ഏതെങ്കിലും കാലത്ത് ആലോചിക്കാമെന്ന ചിന്തയില്‍ മനസ്സില്‍ അടക്കം ചെയ്തു വെച്ചിരുന്ന ആ ആഗ്രഹം  വി.ജി തമ്പി എഴുതിയ യേശുവിന്റെ ജീവിത പഥങ്ങളിലൂടെ ഒരു യാത്ര എന്ന ലേഖനം കണ്ടതോടെ വീണ്ടും തലയുയര്‍ത്തി.തല്ക്കാലം ആ ലേഖനം സവിസ്തരമായി വായിച്ച് മനസ്സിനെ അടക്കുക എന്നതല്ലാതെ മറ്റെന്ത് പോംവഴി?
            ബെത്‌ലഹേം, നസ്സറേത്ത്, ജോര്‍ദ്ദാന്‍ , ഗലീല , ബെഥനി, മഗ്ദലന , ജെറുസലേം, കാന തുടങ്ങി യേശുവിന്റെ ജീവിതവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്ന പ്രദേശങ്ങളിലൂടെയുള്ള യാത്രാനുഭവത്തെയാണ് വളരെ മനോഹരമായി വി ജി തമ്പി അടയാളപ്പെടുത്തിയിരിക്കുന്നത്. ഞാന്‍‌ വഴിയാണ് എന്നു പ്രഖ്യാപിച്ച ഒരാളെയാണ് നാം ഇവിടെ പിന്തുടരുന്നതെന്നതുകൂടി ഓര്‍മ്മിക്കേണ്ടതാണ്.
          കൈസറി ഫിലിപ്പി ഗ്രാമത്തിലൂടെ നടക്കുമ്പോള്‍യേശു ശിഷ്യരെ തൊടുണര്‍ത്തി ചോദിച്ചു.ഞാന്‍ ആരെന്നാണ് ചുറ്റുമുള്ളവര്‍ പറയുന്നത്? മറുപടികള്‍ പലതുണ്ടായി.യേശു വീണ്ടും ചോദിച്ചു.ഞാന്‍ ആരെന്നാണ് നിങ്ങള്‍ നിങ്ങള്‍ പറയുന്നത് ? അതിന്റെ മറുപടിയിലൊന്നാകാം രണ്ടായിരം വര്‍ഷം കഴിഞ്ഞുള്ള എന്റെ എളിയ യാത്രയുടെ സന്ദിഗ്ദമായ ഉത്തരം.വിശ്വസിക്കുന്നെങ്കില്‍ പ്രാര്‍ത്ഥിക്കുക , വിശ്വാസമില്ലെങ്കില്‍ വിസ്മയിക്കുക എന്നെഴുതിക്കൊണ്ടാണ് തമ്പി വിശുദ്ധനാടുകളിലേക്ക് യാത്രയുടെ വിശദാംശങ്ങളിലേക്ക് പ്രവേശിക്കുന്നത്.
          വിശ്വസിക്കുന്നുവെങ്കില്‍ പ്രാര്‍ത്ഥിക്കുക, വിശ്വാസമില്ലെങ്കില്‍ വിസ്മയിക്കുക എന്നത് നല്ലൊരു ആശയമാണ്. ഞാനത്തരമൊരു ആശയത്തെയാണ് പിന്‍പറ്റാറുള്ളത്. അതുകൊണ്ട് ഏതൊരു പ്രാക്തനകേന്ദ്രങ്ങളും എനിക്ക് വിസ്മയമാണ്. കാരണം അവയൊക്കെയും മനുഷ്യന്‍ മനുഷ്യനിലേക്ക് നടന്ന വഴികളാണ്. ലോകത്തെവിടെയെങ്കിലുമുള്ള മണ്ണടരുകളില്‍ നിന്ന് കണ്ടെടുത്ത തേച്ചുമിനുക്കിയ ഒരു കല്‍ക്കഷണവും അഗ്നിമഴ പെയ്ത് ഒലിച്ചുപോയ പോംപിയുടെ തെരുവുകളില്‍ സ്ഥാപിച്ച മനോഹരശില്പങ്ങളും മാച്ചുപീച്ചുവിന്റെ ഉയരങ്ങളിലേക്ക് കയറിപ്പോകുന്ന ചവിട്ടു പടികളും ഏതെങ്കിലും പൌരാണിക സ്ഥാനങ്ങളിലെ ദൈവമണ്ഡപങ്ങളെന്നപോലെതന്നെ എനിക്ക് വിസ്മയങ്ങളാകുന്നു. യേശു  നടന്ന വഴികളും അക്കാരണത്താല്‍ എന്നില്‍ വിസ്മയം ജനിപ്പിക്കുന്നു. ( അവസാനിക്കുന്നില്ല)
         
         



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1