#ദിനസരികള് 707
ഓര്‍ക്കുക ,വല്ലപ്പോഴും !
വേര്‍പിരിയുകയെന്നത്
– അത്
താല്കാലികമായിട്ടാണെങ്കിലും സ്ഥിരമായിട്ടാണെങ്കിലും –
എല്ലായ്‌പ്പോഴും വേദനാജനകമാണ്. യാത്ര പറയാന്‍ തുനിയവേ തുടികൊള്ളുന്ന മനസ്സിന്റെ
വേവലാതികള്‍ അനുഭവിക്കാത്ത മനുഷ്യന്മാരുണ്ടോ? രാവിലെ ജോലിക്കായി സ്വന്തം കുഞ്ഞിനോട് ഉമ്മചോദിച്ച്
കൈവീശിക്കാണിച്ച് പുറത്തേക്കിറങ്ങുന്ന അച്ഛനമ്മമാരുടെ വേവലാതികള്‍ക്ക് പകരം
വെയ്ക്കാന്‍ മറ്റെന്തുണ്ട്? എത്രയോ കാലം ഒന്നിച്ചു
പഠിച്ചും കളിച്ചും രസിച്ച സഹപാഠിയോട് യാത്ര ചൊല്ലുമ്പോള്‍ ഒന്നു പിടയ്ക്കാത്ത
മനസ്സുണ്ടോ ? ജീവിതത്തിന്റെ ഏതേതൊക്കെയോ ഘട്ടങ്ങളില്‍
വളരെ പ്രിയപ്പെട്ടവരായി നമ്മോടു തൊട്ടുനിന്നതിനു ശേഷം വിടപറഞ്ഞ്
പടിയിറങ്ങിപ്പോകുന്ന പ്രിയങ്കരങ്ങളെ ഓര്‍മിക്കുമ്പോള്‍ കണ്ണു നനയാത്തവരുണ്ടോ ?
ബാക്കിയെല്ലാം താല്കാലികവും വീണ്ടും കൂടിച്ചേരാനുള്ള
സാധ്യതകള്‍ അവശേഷിപ്പിക്കുന്നവയാണെങ്കിലും മരണം എന്നന്നേക്കുമായി നമ്മെ വേര്‍പിരിക്കുന്ന
ഒന്നാണ്. അത് നമ്മുടെ സ്വപ്നങ്ങളെ എന്നന്നേക്കുമായി തല്ലിക്കൊഴിക്കുന്നു.കര്‍ക്കശക്കാരനായ
ഒരധ്യാപകനെപ്പോലെ കളിയിടങ്ങിലേക്ക് കടന്നു വന്ന് തന്റെ തടിച്ച ചൂരല്‍ ഉയര്‍ത്തി
പുറത്തേക്ക് ചൂണ്ടുന്നു.തലകുനിച്ച് സവിനയം ആ കല്പനയെ സ്വീകരിക്കുക എന്നതല്ലാതെ
മനുഷ്യന് മറ്റു പോംവഴികളില്ല.ലോകാന്തരങ്ങളിലെവിടെയെങ്കിലും വെച്ച് ഇനിയൊരിക്കല്‍ക്കൂടി
കണ്ടുമുട്ടിയേക്കാം എന്നൊരു സ്വപ്നം ജീവിച്ചിരിക്കുന്നവരുടെ മനസ്സിലെവിടെയെങ്കിലും
വെറുതെ കാത്തുവെച്ചുപോയേക്കാമെന്നല്ലാതെ മറ്റൊന്നും മരണം
അവശേഷിപ്പിക്കുന്നില്ലയെന്നതാണ് മരണത്തിന്റെ സൌന്ദര്യം.മരണത്തിനു ശേഷം വീണ്ടും
പുനര്‍ജനിക്കുന്നുവെന്നും പ്രിയപ്പെട്ടവര്‍ അപ്പോഴും കൂടിച്ചേരുമെന്നും മറ്റുമുള്ള
സങ്കല്പങ്ങള്‍ ആഘാതം കുറയ്ക്കാനുള്ള കല്പനകളാണ്.
ജീവിതത്തെ മനോഹരമാക്കുന്നതില്‍ വേര്‍പിരിയലുകള്‍ക്ക് വലിയ
പ്രാധാന്യമുണ്ട്. ഒരിക്കല്‍ പിരിയേണ്ടിവരും എന്നൊരു വേവലാതി നമ്മെ കൂടുതല്‍
കൂടുതല്‍ ഒട്ടിനില്ക്കുവാന്‍ പ്രേരിപ്പിക്കുന്നു.അങ്ങനെ ഒട്ടുന്തോറും വേര്‍പിരിയലിന്റെ
വേദന കൂടുകയും ചെയ്യുന്നു.അതുകൊണ്ടായിരിക്കും നമ്മുടെ സന്യാസിമാര്‍ ശമദമാദികളിലൂടെ
നിര്‍മമത്വം അഥവാ നിസംഗത ഒരു ഗുണമായി കരുതി പരിശീലിച്ചെടുക്കണമെന്ന് ഉപദേശിക്കുന്നത്.എന്നാല്‍
മനുഷ്യനാണെങ്കില്‍ നാം ഈ വേദന അനുഭവിച്ചേ തീരു.നിസംഗതയുടെ തത്വശാസ്ത്രം പഠിപ്പിച്ച
കൃഷ്ണന്‍ അഭിമന്യുവിന്റെ മരണത്തില്‍ വിഷണ്ണനായി കണ്ണുകള്‍ കലങ്ങി
പ്രത്യക്ഷപ്പെടുമ്പോള്‍ വിട പറഞ്ഞത് സ്വന്തം ചോരയാകുമ്പോള്‍ ജീര്‍ണവസ്ത്രങ്ങളുടെ
ഉപമ ബാധകമല്ലല്ലോ എന്ന് ഭീമനെക്കൊണ്ട് എംടി ചിന്തിപ്പിക്കുന്ന രണ്ടാമൂഴത്തിലെ രംഗം
ഓര്‍മയുണ്ടോ? എത്ര ഉയര്‍ന്ന തലത്തില്‍ ജീവിച്ചു
പോകുന്നവനും പ്രിയവിരഹത്തില്‍ ഒന്നു പിടയാതിരിക്കില്ല എന്നാണ് സൂചന.
അവനിവാഴ്‌വ് കിനാവാണെന്ന് ആശാന്‍ പ്രഖ്യാപിക്കുന്നത് ഇത്തരുണത്തില്‍
ഓര്‍മിക്കാവുന്നതാണ്.
കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോൾ;
എണ്ണീടുകാർക്കുമിതുതാൻ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാൽ? അവനി വാഴ്‌വു കിനാവു, കഷ്ടം!
മണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോൾ;
എണ്ണീടുകാർക്കുമിതുതാൻ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാൽ? അവനി വാഴ്‌വു കിനാവു, കഷ്ടം!
വിരഹങ്ങളെ
വളരെ മനോഹരമായി നമ്മെ അനുഭവിപ്പിച്ച കൃതികള്‍ എത്രയെങ്കിലുമുണ്ട്. അത്തരം
വിട്ടുപോകലുകളെ മുന്‍നിറുത്തി എത്രയോ വിലാപങ്ങള്‍ നാം കേട്ടു കഴിഞ്ഞിരിക്കുന്നു.
ചിലത് അയ്യോ മകനേ കുമാരാ ചതിച്ചിതോ എന്നതുപോലെ പൊട്ടിത്തെറിക്കുന്നവയാണ്. മറ്റു
ചിലതാകട്ടെ ഒരു നനുത്ത മഞ്ഞുപാളിപോലെ നമ്മിലേക്ക് വന്നുവീണ്
പൊള്ളിക്കുന്നതാണ്.ദേശത്തിന്റെ കഥ എന്ന മഹാഖ്യാനത്തിന്റെ അവസാനവരികള്‍ കണ്ണു
നനയാതെ വായിച്ചു തീര്‍ത്തവരുണ്ടോ ? ഒരു കാലഘട്ടം താന്‍ കഴിച്ചു കൂട്ടിയ ഇടങ്ങളിലേക്ക് ഒരിടവേളക്കു
ശേഷം തിരിച്ചെത്തിയ ശ്രീധരന്‍ പുതുതലമുറയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി
കരുതിവെച്ച ആ ഉത്തരത്തിലുടെ എപ്പോള്‍ കടന്നുപോയാലും എന്നെ അലട്ടിയിട്ടുണ്ട് :- അതിരാണിപ്പാടത്തെ
പുതിയ തലമുറയുടെ കാവല്‍ക്കാരാ , അതിക്രമിച്ചു കടക്കുന്നതു പൊറുക്കൂ – പഴയ കൌതുകവസ്തുക്കള്‍ തേടിനടക്കുന്ന ഒരു പരദേശിയാണ് ഞാന്‍
കാറ്റുണര്‍ത്തു വേപ്പുമര
ത്തണലില്‍ കൂടിയാടുവാന്‍
കളഭം പൂശി വന്നെത്തും
മുക്കൂറ്റിപ്പൂങ്കിടാങ്ങളേ
ചരാചരപ്രേമലീല
കണ്ടു നില്ക്കുമപാരതേ
ഏകാന്ത മൌനഗാനത്തില്‍
പൊന്തും ശാരദചന്ദ്രികേ
പൊറുതിക്കുള്ള വല്ലങ്ങള്‍
നിറയ്ക്കും ജലദങ്ങളേ
പുത്തരിക്കോപ്പൊരുക്കുന്ന
പഞ്ചവര്‍ണശുകങ്ങളേ
കണ്ടിട്ടറിഞ്ഞുവോ നിങ്ങ
ളെന്നെ , പ്പൊന്‍ വെയില്‍ നാളമേ ? എന്ന് വേദനയോടെ ചരാചരങ്ങളോട്
കെഞ്ചി ചോദിക്കുന്ന കവികളും
നമുക്കുണ്ടായിട്ടുണ്ടല്ലോ!
വിരഹത്തിന്റെ തീവ്രമായ സമസ്തഭാവങ്ങളേയും ആവാഹിച്ച
രണ്ടു സന്ദര്‍ഭങ്ങള്‍ മലയാള കവിതാസഹിത്യത്തില്‍ തിളങ്ങി നില്ക്കുന്നുണ്ട്.രണ്ടും
അതിന്റെ അഭൌമികമായ മനോഹാരിത കൊണ്ട് എക്കാലത്തും എന്നെ രസിപ്പിക്കുന്നു
അത്ഭുതപ്പെടുത്തുന്നു.ഒന്ന് രമണന്‍ വിട പറയുന്ന രംഗമാണ്. ചിലപ്പോഴെങ്കിലും
അതിവൈകാരികമെന്ന് നാം വിലയിരുത്തിപ്പോകാമെങ്കിലും കാല്പനികനായ ഒരുവന്റെ മനസ്സിനെ
ആവിഷ്കരിക്കുമ്പോള്‍ വന്നു കൂടാവുന്ന ഒന്നാണത് എന്ന ധാരണം നമുക്കുണ്ടാകണം.എന്നു
മാത്രവുമല്ല മുഹൂര്‍ത്തത്തിന്റെ തീവ്രത നമ്മുടെ എല്ലാ യുക്തിബോധത്തേയും
അതിലംഘിക്കുന്നതുകൂടിയാണ്.അതുകൊണ്ടു തന്നെ രമണന്റെ ഈ യാത്രാമൊഴിയെ അങ്ങേയറ്റം
സ്നേഹത്തോടെയാണ് ഞാന്‍ പിന്തുടരുന്നത് :-
പ്രിയകരങ്ങളേ, നീലമലകളേ,
കുയിലുകൾ സദാ കൂകും വനങ്ങളേ,
അമിതസൗരഭധാരയിൽ മുങ്ങിടും
സുമിതസുന്ദരകുഞ്ജാന്തരങ്ങളേ,
കുതുകദങ്ങളേ, കഷ്ട,മെമ്മട്ടു ഞാൻ
ക്ഷിതിയിൽ വിട്ടേച്ചു പോകുന്നു നിങ്ങളെ?
കുളിർതരംഗതരളിതനിർമ്മല-
സലിലപൂരിതസ്രോതസ്വിനികളേ,
ലളിതനീലലസത്തൃണകംബള-
മിളിതശീതളച്ഛായാതലങ്ങളേ
അനുപമങ്ങളേ, കഷ്ടമെമ്മട്ടുഞാൻ
തനിയെ വിട്ടേച്ചു പോകുന്നു നിങ്ങളെ?
ക്ഷിതിയിലെന്തിലും മീതെ ഞാൻ വാഴ്ത്തിടും
ഹൃദയഹാരിയാം ഹേമന്ത ചന്ദ്രികേ,
സുരുചിരോജ്ജ്വലശാരദാകാശമേ,
സുകൃതിനികളേ, താരാമണികളേ,
മദകരങ്ങളേ,കഷ്ട,മെമ്മട്ടു ഞാൻ
മഹിയിൽ വിട്ടേച്ചുപോകുന്നു നിങ്ങളെ?
സസുഖമെന്നൊടൊത്തിത്രയും കാലവും
സഹവസിച്ചോരജകിശോരങ്ങളേ,
സദയമെന്നെപ്പിരിഞ്ഞിടാതിത്രനാൾ
സഹകരിച്ചൊരെന്നോമന്മുരളികേ.
കവിതകാണിച്ച മൽപ്രകൃത്യംബികേ,
കരൾകവർന്നൊരെൻ കൊച്ചുപുഴകളേ,
അഭയദങ്ങളേ,കഷ്ട,മെമ്മട്ടു ഞാ-
നവനിയിൽ വിട്ടുപോകുന്നു നിങ്ങളെ?
കുയിലുകൾ സദാ കൂകും വനങ്ങളേ,
അമിതസൗരഭധാരയിൽ മുങ്ങിടും
സുമിതസുന്ദരകുഞ്ജാന്തരങ്ങളേ,
കുതുകദങ്ങളേ, കഷ്ട,മെമ്മട്ടു ഞാൻ
ക്ഷിതിയിൽ വിട്ടേച്ചു പോകുന്നു നിങ്ങളെ?
കുളിർതരംഗതരളിതനിർമ്മല-
സലിലപൂരിതസ്രോതസ്വിനികളേ,
ലളിതനീലലസത്തൃണകംബള-
മിളിതശീതളച്ഛായാതലങ്ങളേ
അനുപമങ്ങളേ, കഷ്ടമെമ്മട്ടുഞാൻ
തനിയെ വിട്ടേച്ചു പോകുന്നു നിങ്ങളെ?
ക്ഷിതിയിലെന്തിലും മീതെ ഞാൻ വാഴ്ത്തിടും
ഹൃദയഹാരിയാം ഹേമന്ത ചന്ദ്രികേ,
സുരുചിരോജ്ജ്വലശാരദാകാശമേ,
സുകൃതിനികളേ, താരാമണികളേ,
മദകരങ്ങളേ,കഷ്ട,മെമ്മട്ടു ഞാൻ
മഹിയിൽ വിട്ടേച്ചുപോകുന്നു നിങ്ങളെ?
സസുഖമെന്നൊടൊത്തിത്രയും കാലവും
സഹവസിച്ചോരജകിശോരങ്ങളേ,
സദയമെന്നെപ്പിരിഞ്ഞിടാതിത്രനാൾ
സഹകരിച്ചൊരെന്നോമന്മുരളികേ.
കവിതകാണിച്ച മൽപ്രകൃത്യംബികേ,
കരൾകവർന്നൊരെൻ കൊച്ചുപുഴകളേ,
അഭയദങ്ങളേ,കഷ്ട,മെമ്മട്ടു ഞാ-
നവനിയിൽ വിട്ടുപോകുന്നു നിങ്ങളെ?
മറ്റൊരു സന്ദര്‍ഭം ചിന്താവിഷ്ടയായി
സീതിയിലേതാണ്. ഈ മൊഴിയുടെ അനിതരസാധാരണമായ ഹൃദയദ്രവീകരണക്ഷമതയെ മനസ്സിക്കാണമെങ്കില്‍
സീതാകാവ്യം മുഴുവനായിത്തന്നെ പഠിച്ചു നോക്കേണ്ടതാണ്.
ഇനിയാത്ര
പറഞ്ഞിടട്ടെ ഹാ!
ദിനസാമ്രാജ്യപതേ! ദിവസ്പതേ!
അനിയന്ത്രിതദീപ്തിയാം കതിർ-
ക്കനകാസ്ത്രാവൃതനാം ഭവാനു ഞാൻ.
സുസിതാംബരനായി വൃദ്ധനായ്
ബിസിനീതന്തു മരീചികേശനായ്
ലസിതസ്മിതനായ ചന്ദ്രികാ-
ഭസിതസ്നാത!മൃഗാങ്ക!കൈതൊഴാം.
അതിഗാഢതമസ്സിനെത്തുര-
ന്നെതിരേ രശ്മികൾ നീട്ടി ദൂരവേ
ദ്യുതി കാട്ടുമുഡുക്കളേ പരം!
നതി നിങ്ങൾക്കതിമോഹനങ്ങളേ!
രമണീയവനങ്ങളേ! രണദ്‍-
ഭ്രമരവ്യാകുലമാം സുമങ്ങളേ!
ക്രമമെന്നി രസിച്ചു നിങ്ങളിൽ
പ്രമദം പൂണ്ടവൾ യാത്രചൊൽവു ഞാൻ.
അതിരമ്യബഹിർജ്ജഗത്തൊടി-
ന്നഥവാ വേർപിരിയേണ്ടതില്ല ഞാൻ
ക്ഷിതിയിൽ തനുചേരുമെൻ മനോ-
രഥമിബ്ഭംഗികളോടുമൈക്യമാം.
ജനയിത്രി! വസുന്ധരേ! പരം
തനയസ്നേഹമൊടെന്നെയേന്തി നീ
തനതുജ്ജ്വലമഞ്ചഭൂവിലേ-
ക്കനഘേ!പോവതു ഹന്ത!കാണ്മു ഞാൻ.
ഗിരിനിർഝരശാന്തിഗാനമ-
ദ്ദരിയിൽ കേട്ടു ശയിക്കുമങ്ങു ഞാൻ
അരികിൽ തരുഗുൽമ സഞ്ചയം
ചൊരിയും പൂനിര നിത്യമെന്റെമേൽ.
മുകളിൽ കളനാദമാർന്നിടും
വികിരശ്രേണി പറന്നു പാടിടും,
മുകിൽപോലെ നിരന്നുമിന്നുമ-
ത്തകിടിത്തട്ടിൽ മൃഗങ്ങൾ തുള്ളിടും.
അതുമല്ലയി! സാനുഭൂവിലെ-
പ്പുതുരത്നാവലി ധാതുരാശിയും
കുതുകം തരുമെന്നുമല്ലഹോ!
പൊതുവിൽ സർവ്വമതെന്റെയായിടും!
സസുഖം ഭവദങ്കശയ്യമേൽ
വസുധേ,യങ്ങനെ ഞാൻ രമിച്ചിടും
സുസുഷുപ്തിയിൽ-അല്ലയല്ലയെൻ-
പ്രസുവേ! കൂപ്പിയുയർന്നു പൊങ്ങിടും –
ദിനസാമ്രാജ്യപതേ! ദിവസ്പതേ!
അനിയന്ത്രിതദീപ്തിയാം കതിർ-
ക്കനകാസ്ത്രാവൃതനാം ഭവാനു ഞാൻ.
സുസിതാംബരനായി വൃദ്ധനായ്
ബിസിനീതന്തു മരീചികേശനായ്
ലസിതസ്മിതനായ ചന്ദ്രികാ-
ഭസിതസ്നാത!മൃഗാങ്ക!കൈതൊഴാം.
അതിഗാഢതമസ്സിനെത്തുര-
ന്നെതിരേ രശ്മികൾ നീട്ടി ദൂരവേ
ദ്യുതി കാട്ടുമുഡുക്കളേ പരം!
നതി നിങ്ങൾക്കതിമോഹനങ്ങളേ!
രമണീയവനങ്ങളേ! രണദ്‍-
ഭ്രമരവ്യാകുലമാം സുമങ്ങളേ!
ക്രമമെന്നി രസിച്ചു നിങ്ങളിൽ
പ്രമദം പൂണ്ടവൾ യാത്രചൊൽവു ഞാൻ.
അതിരമ്യബഹിർജ്ജഗത്തൊടി-
ന്നഥവാ വേർപിരിയേണ്ടതില്ല ഞാൻ
ക്ഷിതിയിൽ തനുചേരുമെൻ മനോ-
രഥമിബ്ഭംഗികളോടുമൈക്യമാം.
ജനയിത്രി! വസുന്ധരേ! പരം
തനയസ്നേഹമൊടെന്നെയേന്തി നീ
തനതുജ്ജ്വലമഞ്ചഭൂവിലേ-
ക്കനഘേ!പോവതു ഹന്ത!കാണ്മു ഞാൻ.
ഗിരിനിർഝരശാന്തിഗാനമ-
ദ്ദരിയിൽ കേട്ടു ശയിക്കുമങ്ങു ഞാൻ
അരികിൽ തരുഗുൽമ സഞ്ചയം
ചൊരിയും പൂനിര നിത്യമെന്റെമേൽ.
മുകളിൽ കളനാദമാർന്നിടും
വികിരശ്രേണി പറന്നു പാടിടും,
മുകിൽപോലെ നിരന്നുമിന്നുമ-
ത്തകിടിത്തട്ടിൽ മൃഗങ്ങൾ തുള്ളിടും.
അതുമല്ലയി! സാനുഭൂവിലെ-
പ്പുതുരത്നാവലി ധാതുരാശിയും
കുതുകം തരുമെന്നുമല്ലഹോ!
പൊതുവിൽ സർവ്വമതെന്റെയായിടും!
സസുഖം ഭവദങ്കശയ്യമേൽ
വസുധേ,യങ്ങനെ ഞാൻ രമിച്ചിടും
സുസുഷുപ്തിയിൽ-അല്ലയല്ലയെൻ-
പ്രസുവേ! കൂപ്പിയുയർന്നു പൊങ്ങിടും –
ഓര്‍ക്കുക
വല്ലപ്പോഴുമെന്ന് നിറമിഴികളോടെ നമ്മളോട് കേഴുന്ന സവിശേഷമായ സന്ദര്‍ഭങ്ങള്‍ ഇനിയും
എത്രയോ മലയാളത്തിലുണ്ട്.അവയെ വേര്‍തിരിച്ചെടുത്തു സൂക്ഷിക്കുന്നത് രസകരമായ
വായനാനുഭവം പകരുന്നതുതന്നെയായിരിക്കും.
Comments