#ദിനസരികള് 726
നിനക്കൊരു കാടുണ്ട്. ഞാനിതുവരെ കണ്ടിട്ടില്ലെങ്കിലും അതെത്ര സുന്ദരമായിരിക്കുമെന്ന് പലപ്പോഴും സങ്കല്പിച്ചു നോക്കാറുമുണ്ട്.
പൂത്തും തളിര്‍ത്തും പരിമണം പരത്തിയും വിടര്‍ന്നു വിശാലമായി പരിലസിക്കുന്ന തരുലതാദികള്‍. ആകാശത്തിന്റെ അനന്തതയിലേക്ക് ശിരസ്സുയര്‍ത്തിപ്പിടിച്ചു നില്ക്കുന്ന മഹാവൃക്ഷങ്ങള്‍. അവയിലൂടെ പടര്‍ന്നു കേറിയിരിക്കുന്ന വള്ളികളിലെ പൂവുകള്‍ മരത്തിനു ചുറ്റും പടര്‍ന്നിരിക്കുന്നതു കാണുമ്പോള്‍ അതിവിദഗ്ദനായ ഒരു ശില്പി തന്റെ ഭാവനാശേഷിയുടെ സമസ്തപ്രഭയേയും ആവാഹിച്ചു വരുത്തി പണിതെടുത്തിരിക്കുന്ന ആകാശഗോപുരങ്ങളാണോയെന്ന് നാം അതിശയിക്കും. എത്ര തരം വൃക്ഷങ്ങള്‍?
ഫലസമൃദ്ധമായവ, ഇലകളാല്‍ വിതാനങ്ങള്‍ തീര്‍ത്ത് ആകാശം മറയ്ക്കുന്നവ, ഉള്ളിലെ ദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ ഇലക്കുപ്പായങ്ങളെ ഊരിമാറ്റി ബലിഷ്ഠതയെ പ്രദര്‍ശിപ്പിക്കുന്നവ, വളഞ്ഞവ, ആകാരഭേദങ്ങളാല്‍ ദൃഷ്ടികള്‍ക്ക് ആഘോഷമാകുന്നവ അങ്ങനെ എത്രയോ തരത്തില്‍?
അവക്കിടയിലൂടെ കൊള്ളിയാന്‍ പോലെ ഇടക്കിടയ്ക്കു പാഞ്ഞു പോകുന്ന ചിറകികള്‍. നിത്യവ്യസനികളും സര്‍വ്വഥാ സന്തോഷികളും ആലാപന കുതുകികളുമായ ഖഗങ്ങളുടെ നിരയെഴുന്നള്ളിപ്പുകള്‍. നിറങ്ങളുടെ അസാമാന്യമായ ചേരുവകള്‍.
ഏതിരുള്‍ക്കൂടാരത്തിലും അവയുടെ ചിറകടിയൊന്ന് കേട്ടാല്‍ മതി ആ നിമിഷം അവിടം സ്വര്‍ലോകമാകുന്നു. കളനിസ്വനങ്ങളാല്‍ ഈ ധരയെത്തന്നെ തൊട്ടുണര്‍ത്തുന്നു. മനുഷ്യനിവിടെ പ്രത്യക്ഷപ്പെട്ട് എല്ലാം ക്രമപ്പെട്ടുത്തുന്നതുവരെ ലോകം അസുന്ദരമായിരുന്നുവെന്ന് ആരാണ് പുലമ്പിയത്? ഈ ക്രമമില്ലായ്മയുടെ സൌന്ദര്യത്തെക്കുറിച്ച് തികച്ചും അജ്ഞനാണയാള്‍.
സ്ഫടികമൊഴുകുന്ന അരുവികളെക്കുറിച്ച് പറയാതെങ്ങനെ? വനദേവതമാര്‍ മുഖം നോക്കാനിറങ്ങുന്ന പുലരികളില്‍ പച്ചപ്പട്ടുവിരിച്ച അതിവിസ്തൃതമായ സമതലങ്ങള്‍ക്കു കുറുകെയൊഴുകിക്കടക്കുന്ന ഈ സ്രോതസ്വിനികളെ നാം കാണുക ഭംഗിയുടെ പര്യായങ്ങളായിട്ടിയിരിക്കും. പുല്‍ത്തുമ്പുകളിലെ മഞ്ഞുതുള്ളിയിലേക്ക് സൂര്യന്‍ തൊടുക്കുന്ന രശ്മികള്‍ വന്ന് കാമുകഭാവത്തില്‍ സ്പര്‍ശിക്കുന്ന ആ നിമിഷം അവകള്‍ വെട്ടിത്തിളങ്ങുന്ന വൈരമുത്തുകളായി മാറുന്നു. അത്തരത്തിലൂള്ള കോടിക്കണക്കിനു മുത്തുകളാല്‍ അലങ്കൃതമായ ഒരു വൈരങ്ങള്‍ വാരിയെറിഞ്ഞിരിക്കുന്നതുപോലെയുള്ള മൈതാനിയെ സങ്കല്പിച്ചു നോക്കൂ. അതെത്രമാത്രം സുന്ദരമായിരിക്കും! പ്രകാശരേണുക്കളുടെ ഒരു സമുദ്രം!
മൃഗജാതികളോ? എത്ര? ഒരു നൊടികൊണ്ട് ഗുഹാമുഖങ്ങളിലേക്ക് എത്തിനോക്കി ഉള്‍വലിയുന്ന മുയല്‍ മുഖങ്ങള്‍. ക്രൌര്യത്തിന്റെ രഹസ്യാത്മകമായ സൌന്ദര്യത്തെ പ്രദര്‍ശിപ്പിക്കുന്ന വനരാജാക്കന്മാര്‍. കുലുങ്ങിയും കുണുങ്ങിയും നടന്നു നീങ്ങുന്ന തുമ്പികള്‍. അവയുടെ വാലുകളില്‍ തൂങ്ങി ഡിസ്നിയുടെ കാര്‍ട്ടുണ്‍ കഥാപാത്രങ്ങളെപ്പോലെ കുസൃതിതുള്ളുന്ന പുതുതലമുറകള്‍. ഇടയിളക്കങ്ങളില്‍ വേവലാതിപൂണ്ട് കുതികുതിക്കുന്ന മാന്‍കുരുന്നുകള്‍.
കുയില്‍ രാഗത്തില്‍ മയിലാട്ടങ്ങളുടെ അഴകുണര്‍ത്തലുകള്‍. ഇരയാവുന്നതിന്റേയും ഇരയാക്കുന്നതിന്റേയും തത്രപ്പാടുകള്‍, ആക്രമണത്തിന്റേയും അതിജീവനത്തിന്റേയും സന്ത്രാസങ്ങള്‍.
ഉരഗങ്ങള്‍? അവ സൃഷ്ടിക്കപ്പെട്ടത് ഭയംകൊണ്ടാണ്. എന്നാലും എനിക്ക് അവയോടു സ്നേഹമാണ്. ഞാന്‍ മരിക്കുകയാണെങ്കില്‍ ഏതെങ്കിലും സര്‍പ്പത്തിന്റെ ദംശനമേറ്റായിരിക്കുമെന്ന് എന്നേ ഞാനെന്റെ താളിയോലകളില്‍ കുറിച്ചു വെച്ചിട്ടുണ്ട്. പാവം പാവം പച്ചിലപ്പാമ്പുമുതല്‍ ഏതു ബലവാനേയും ഞെരുക്കിയൊടുക്കുന്ന പെരുമ്പാമ്പുവരെ സീല്‍ക്കാരത്തോടെ ഈ വനത്തില്‍ ഉഴറിയിഴയുന്നു.
പലപ്പോഴും ചില പൂച്ചികളെ പിടിക്കാന്‍ അവ കുതിച്ചു വരുന്നു ചിലപ്പോഴൊക്കെ ഒരു മാന്‍കുഞ്ഞിനെയോ ഒരു മുയല്‍പ്പതുപ്പിനേയോ പിടിച്ചെടുത്തേക്കാം. അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുകയും മുന്നില്‍ പത്തി വിരുത്തി നില്ക്കുകയും ചെയ്യുന്ന ഇക്കൂട്ടംതന്നെയാണ് ഈ കാടിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നത്.
എനിക്കുമൊരു കാടുണ്ട്. ഒരു ചെറിയ കാട്. ഞാനും എന്റെ കുളക്കോഴിയും സ്വസ്ഥതയോടെ സമാധാനത്തോടെ ഇവിടെ വെച്ചുണ്ട് പുലരുന്നു. ഇനിയേത് കാടാണ് സൃഷ്ടിക്കേണ്ടതെന്ന് ധ്യാനസ്ഥരാകുന്നു. കാടുകളില്‍ നിന്ന് കാടുകളിലേക്ക് ഭിക്ഷാംദേഹികളായി ചെന്നു കയറുന്നു. എല്ലാത്തിന്റേയുമായി. എന്നാല്‍ ഒന്നിന്റേയുമല്ലാതെ ഇരുന്നിടത്തു നിന്നിളകാതെ ഞങ്ങള്‍ ദൂരങ്ങളിലെ കാടുകളെ സ്വന്തമാക്കുന്നു. കാടുകളെല്ലാം തന്നെ ഞങ്ങളുടേതാണ്. ഞങ്ങള്‍ കാടുകളുടേതുമാകുന്നു.
Comments