#ദിനസരികള്‍ 190
സംഗീതമില്ലാതെ
ജീവിതമുണ്ടോ ? അത്രയേറെ
പ്രാധാന്യം കണ്ടറിഞ്ഞതുകൊണ്ടു തന്നെയായിരിക്കണം സരസ്വതിയുടെ സ്തനദ്വയങ്ങളില്‍
ഒന്ന് സംഗീതമാണെന്ന് പ്രാചീനാചാര്യന്മാര്‍ വിധിച്ചത്.ഏതാണ് കൂടുതല്‍ മധുരം എന്ന്
പരസ്പരം മത്സരിക്കുന്ന ,
കൂടിപ്പിണഞ്ഞും വിട്ടകന്നും ജീവിതത്തിന്റെ രസനിഷ്യന്ദികളായ
സുമൂഹൂര്‍ത്തങ്ങളെ ഉത്തരോത്തരം ആനന്ദത്തിലേക്ക് നയിക്കുന്ന രണ്ടു മഹാപ്രവാഹങ്ങള്‍..
അവയില്‍ സംഗീതത്തിന് ഒരല്പം മേല്‍ക്കൈയുണ്ടോ ? നിഷ്കൃഷ്ടമായി പറയുക വയ്യ.
സാഹിത്യരൂപങ്ങളിലൊന്നിലെങ്കിലും കൈവെക്കാത്ത എത്രയോ പേരുണ്ട്. പക്ഷേ പടുപാട്ടെങ്കിലും
മൂളാത്ത കഴുതയില്ല എന്നല്ലേ കവിവാക്യം? കവി കടന്നുകാണുന്നവനായതുകൊണ്ട് (നാനൃഷി
കവി) വിശ്വസിക്കുക.മൂകം
കരോതി വാചാലം , പംഗും ലംഘയതേ ഗിരിം എന്ന് ഗീതയുടെ വന്ദനശ്ലോകത്തില്‍ പറയുന്നതുപോലെ
സംഗീതത്തേയും കുറിച്ച് പറയാവുന്നതാണ്.മൂകനെ വാചാലനാക്കുന്നു, മുടന്തനെ
മലകയറ്റുന്നു.
സംഗീതമെന്ന
അനാദിയായ പ്രവാഹത്തിന്റെ ഒരു കൈവഴിയാണ് നമ്മുടെ സ്വന്തമായ കര്‍ണാട്ടിക്
രീതി.സപ്തസ്വരങ്ങളെന്ന ഏഴക്ഷരങ്ങളുടെ ആരോഹണ അവരോഹണങ്ങളില്‍ തീര്‍ക്കപ്പെടുന്ന നാദപ്രപഞ്ചം
ആരെയാണ് ആകര്‍ഷിക്കാതിരിക്കുക.കാലുഷ്യങ്ങളുടെ തിരിമുറിയാത്ത പെയ്ത്തില്‍ വീണ്
ഒലിച്ചു പോകുന്നതില്‍ നിന്ന് നമ്മെ തടഞ്ഞു നിറുത്തുന്ന തടയണയാണ് കര്‍ണാടസംഗീതം.എത്രയോ
മഹത്തുക്കളുടെ അനിതരസാധാരണമായ ജീവിതങ്ങള്‍ പകരം നല്കി സംഭരിച്ചു വെച്ചിരിക്കുന്ന
അനഘങ്ങളായ മുത്തുകളുടെ പാരാവാരം.അവയെ വീണ്ടും വീണ്ടും പാടിപ്പാടി തലമുറകളെ
ആനന്ദത്തിലേക്ക് ആനയിക്കുന്ന എത്രയോ വാഗ്ഗേയകാരന്മാര്‍, ഉപാസകര്‍.ത്യാഗരാജര്‍ ,
മുത്തുസ്വാമി ദീക്ഷിതര്‍ , ശ്യാമശാസ്ത്രികള്‍ ,പുരന്ദരദാസര്‍ , മുത്തയ്യാ ഭാഗവതര്‍
, ചെമ്പൈ , അന്നമാചാര്യ , സദാശിവ ബ്രഹ്മേന്ദ്രന്‍ , സ്വാതിതിരുനാള്‍ , ഇരയിമ്മന്‍
തമ്പി, എം ഡി രാമനാഥന്‍.. സംഗീതസാമ്രാട്ടുകളായ എത്രയോ പേര്‍.എത്രയോ കൃതികള്‍.
കേട്ടാലും കേട്ടാലും മതിവരാത്തവ. പഞ്ചരത്നകൃതികളുടെ മനോഹാരിതയെ എങ്ങനെയാണ് നമുക്ക്
വാക്കുകള്‍ കൊണ്ട് അവതരിപ്പിക്കാനാകുക? എന്ദരോ മഹാനുഭാവുലു എന്ന്
തലകുനിക്കുകയല്ലാതെ നാം വേറെന്തു ചെയ്യാന്‍ ? ഉപനിഷത്തുകളില്‍
ആത്മാവിനക്കുറിച്ച് പറയുന്നപോലെ വാക്കുകളാല്‍ അവയെ വര്‍ണിക്കുക അസാധ്യംതന്നെ.
സംഗീതത്തിന്റെ
രസതന്ത്രം മനുഷ്യനെ കൂടുതല്‍ക്കൂടുതല്‍ മനുഷ്യനാകാന്‍ സഹായിക്കുന്നു.
വിദ്വേഷങ്ങളില്ലാത്ത , ഭയകൌടില്യ ലോഭങ്ങളില്ലാത്ത ഒരു ജീവിതം നയിക്കാന്‍ കെല്പു
നല്കുന്നു.സംഗീതമഹാപ്രപഞ്ചത്തിന്റെ തിരുനടയില്‍ വീണ്ടും വീണ്ടും
ശിരസ്സുനമിച്ചുകൊണ്ടു സ്മരിക്കട്ടെ
എന്ദരോ
മഹാനുഭാവുലന്തരികി വന്ദനമു
എന്ദരോ
മഹാനുഭാവുലന്തരികി വന്ദനമു
എന്ദരോ
മഹാനുഭാവുലന്തരികി വന്ദനമു
Comments