#ദിനസരികള്‍ 189


ആര്യ! മുൻപരിചയങ്ങൾ നൽകിടും
ധൈര്യമാർന്നു പറയുന്നു മദ്ഗതം,
കാര്യമിന്നതയി! കേൾക്കുമോ കനി-
ഞ്ഞാര്യമാകിലുമനാര്യമാകിലും?
പാരമുള്ളിലഴലായി, ജീവിതം
ഭാരമായി, പറയാതൊഴിക്കുകിൽ
തീരുകില്ല, ധരയിൽ ഭവാനൊഴി-
ഞ്ഞാരുമില്ലതുമിവൾക്കു കേൾക്കുവാൻ.
ആഴുമാർത്തിയഥവാ കഥിക്കിലീ-
യൂഴമോർത്തിടുമതന്യഥാ ഭവൻ,
പാഴിലോതിടുകയോ വിധിക്കു ഞാൻ
കീഴടങ്ങി വിരമിക്കയോ വരം?
തന്നതില്ല പരനുള്ളു കാട്ടുവാ-
നൊന്നുമേ നരനുപായമീശ്വരൻ
ഇന്നു ഭാഷയതപൂർണ്ണമിങ്ങഹോ
വന്നുപോം പിഴയുമർത്ഥശങ്കയാൽ!
മുട്ടുമെന്നഴലറിഞ്ഞിടായ്കിലു
തെറ്റിയെൻ ഹൃദയമാര്യനോരുകിൽ
ചെറ്റുമേ പൊറുതിയില്ല പിന്നെ ഞാൻ
പറ്റുകില്ലറിക മണ്ണിൽ വിണ്ണിലും
നളിനി. ഇടക്കിടക്ക് വായിക്കാറുള്ളവയുടെ പട്ടികയിലാണ് കുമാരനാശാന്റെ ഈ ഖണ്ഡകാവ്യത്തിന്റെ സ്ഥാനം.ദിവാകരനെക്കാള്‍ നളിനിയോട് ഇഷ്ടം. എന്നു മാത്രവുമല്ല , ദിവാകരന്‍ കുറച്ച് ജാഡകാണിച്ചുവോ എന്ന് സംശയവുമുണ്ട്.ഒന്നുറപ്പ്. അത്ര പരിശുദ്ധനൊന്നുമല്ല ദിവാകരന്‍. നളിനിയുടെ മുമ്പിലെ പ്രകടനം അങ്ങനെ ചിന്തിക്കാന്‍‌ പ്രേരിപ്പിക്കുന്നു.സന്നവാസനനഹോ മറന്നു മുന്നമുള്ളതഖിലം എന്ന് ആശാന്‍ നളിനിയെക്കൊണ്ട് പറയിപ്പിക്കുന്നുണ്ടെങ്കിലും അങ്ങനെ എല്ലാം മറന്നവനായിരുന്നോ ഈ യുവയോഗി? അല്ലെന്നു തെളിവുണ്ട്. എട്ടാമത്തെ ശ്ലോകത്തിലെ പുരപുഷ്പവാടിയെക്കുറിച്ച് ദിവാകരന്‍ സ്മരിക്കുന്നില്ലേ ? അതു സൂചിപ്പിക്കുന്നത് , ഭൂതകാലത്തെയാകമാനം ദഹിപ്പിച്ചവനല്ല ഈ യോഗി എന്നുതന്നെയല്ലേ ? പക്ഷേ ദിവാകരന്‍ അഭിനയിക്കുന്നത് എല്ലാം മറന്നവനായിട്ടാണ്. കേവലം അഞ്ചോ പത്തോ കൊല്ലത്തിനകം തന്റെ കളിക്കൂട്ടുകാരിയെ മറക്കുക എന്നുപറഞ്ഞാല്‍ത്തന്നെ അതിലൊരു അസ്വാഭാവികതയില്ലേ ? നളിനി കാണിക്കുന്ന തീവ്രത ദിവാകരനില്ലെന്നു ചിന്തിക്കുന്നതാണ് ശരിയെന്നു തോന്നുന്നു. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് ദിവാകരനെപ്പോലെ ഒരു കഥാപാത്രത്തെ ആശാന്‍ സൃഷ്ടിച്ചുവെച്ചത് ? ചിത്തമാം വലിയ വൈരി കീഴമര്‍ന്നത്തല്‍ തീര്‍ന്ന യമി എന്നൊക്കെ പാവം ആശാന്‍ പറയുമ്പോഴും അതിനൊന്നും വിശ്വസനീയമായ ഒരടിത്തറയില്ല എന്നുതന്നെയാണ് എനിക്കു തോന്നുന്നത്. ഇതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ദിവാകരന്‍ അത്ര സാധുവല്ല എന്ന്.എന്തായാലും നളിനിയുടെ പക്ഷത്തു നിന്നുകൊണ്ട്  ഈ കൃതി ഒരിക്കല്‍ക്കൂടി കേരളം വായിക്കേണ്ടിയിരിക്കുന്നു.




Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1