#ദിനസരികള്‍ 191


രാഷ്ട്രീയ കേരളം ഒറ്റ സ്വരത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടും എന്തുകൊണ്ടാണ് കലാലയ രാഷ്ട്രീയത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളില്‍ കോടതിയുടെ ഇടപെടലുകള്‍ ഗുണപരമായി മാറാത്തത് ? ജനാധിപത്യ സംവിധാനത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പ്രസക്തിയും പ്രാധാന്യവും കോടതികള്‍ വളരെ വ്യക്തമായി മനസ്സിലാക്കേണ്ടതല്ലേ? വിദ്യാര്‍ത്ഥി സംഘടനകളുടെ ഭാഗത്തുനിന്നും കാമ്പസുകളില്‍ അതിക്രമങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അതിനെ ശക്തമായി നേരിടുകയും നിയമനടപടികള്‍ സ്വകരിക്കുകയും ചെയ്യേണ്ടതിനു പകരം നിരോധിക്കുക എന്ന ഏകാധിപത്യപരമായ സമീപനം സ്വീകരിക്കുന്നത് ശരിയായ വീക്ഷണമാണെന്ന് കരുതരുത്.രാജ്യത്തിന്റെ ചരിത്രത്തേയും വര്‍ത്തമാനത്തേയും മനസ്സിലാ‍ക്കാനും ആയതിന്റെ വെളിച്ചത്തില്‍ ഭരണഘടനയെ വ്യാഖ്യാനിക്കുന്നതിനും തയ്യാറാകേണ്ടതിനു പകരം ജൂഡീഷ്യറിയുടെ കടന്നുകയറ്റമാണ് നടക്കുന്നതെങ്കില്‍ ജനങ്ങള്‍ കോടതികള്‍‌ക്കെതിരെ തിരിയേണ്ട സാഹചര്യം രൂപപ്പെട്ടുവരും.അതിനിടവരുന്നത് ഇന്ത്യ പോലയുള്ള ഭരണഘടന നിലനില്ക്കുന്ന , ജനാധിപത്യ രാജ്യങ്ങള്‍ക്ക് ഭൂഷണമല്ല. വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ച കോടതി വിധി മറികടക്കാനുള്ള നിയമനിര്‍മാണം അനിവാര്യമാണ്.രാഷ്ട്രീയം കളമൊഴിഞ്ഞ കാമ്പസുകള്‍ ലഹരി മാഫിയ, ക്രിമിനല്‍ സംഘങ്ങള്‍ തുടങ്ങിയവയുടെ പിടിയിലാണ്. 18 വയസ്സ് തികഞ്ഞ വോട്ടവകാശമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സംഘടനാ സ്വാതന്ത്ര്യവും പ്രതിഷേധമാര്‍ഗ്ഗങ്ങളും നിഷേധിക്കുന്നത് പരിധി വിട്ടുള്ള ജുഡീഷ്യല്‍ ആക്ടിവിസമാണ്.പരമമായ അധികാരം നിയമനിര്‍മാണ സഭകള്‍ക്കാണ്.അതില്‍ ഭരണഘടനാ ലംഘനമുണ്ടോ എന്നു മാത്രമാണ് കോടതികള്‍ പരിശോധിക്കേണ്ടതെന്നു പറയുന്നത് കേരള നിയമസഭയുടെ കാവല്‍ക്കാരന്‍ ശ്രീ പി ശ്രീരാമകൃഷ്ണനാണ്.

            കാറ്റും വെയിലും തട്ടാതെ കണ്ണാടിമാളികയില്‍ പോറ്റിപ്പുലര്‍ത്തുന്ന വിശിഷ്ടജീവികളായി നമ്മുടെ ന്യായാധിപര്‍ മാറരുത്.സമൂഹത്തില്‍ നടക്കുന്നത് എന്താണെന്ന വ്യക്തമായ ബോധം അവര്‍ക്കുണ്ടാകണം.നമ്മുടെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രമാദമായ കൊലപാതകങ്ങള്‍ക്കു പോലും സാക്ഷ്യം വഹിച്ചിട്ടുണ്ട്.  എന്നു മാത്രമല്ല അവിടെ നടക്കുന്ന ബഹുവിധമായ ചൂഷണങ്ങള്‍ നടക്കുന്നുണ്ട്. അവയെക്കുറിച്ചൊക്കെ കോടതിക്ക് ധാരണയുണ്ടാകണം.എങ്കില്‍ മാത്രമേ ഭരണഘടനയുടെ വ്യാഖ്യാനം യാന്ത്രികമാകാതെ രാജ്യത്തിനും ജനാധിപത്യത്തിനും സഹായകമായ രീതിയില്‍ മാറ്റിത്തീര്‍ക്കാന്‍ കഴിയുകയുള്ളു.വെല്ലുവിളിയുടെ സ്വരമല്ല കോടതികള്‍ സ്വീകരിക്കേണ്ടത്.പൊതുസമൂഹത്തിന് വളരെയേറെ താല്പര്യമുള്ള ഈ കേസില്‍ സര്‍ക്കാറിന്റെ നിലപാട് എന്താണെന്നറിഞ്ഞുകൊണ്ടുവേണം വിധി പറയേണ്ടത്. അതല്ലാതെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരെ മുന്നില്‍ നില്ക്കുന്ന മാനേജു മെന്റുകോളേജുകളുടെ മാത്രം ഭാഗം കേട്ടുകൊണ്ടായിരിക്കരുത്.അങ്ങനെ സംഭവിച്ചാല്‍ അത് സമൂഹത്തെ പിന്നോട്ടടിക്കാനേ ഉപകരിക്കൂ.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1