#ദിനസരികള് 486 - നൂറു ദിവസം നൂറു പുസ്തകം – അമ്പത്തിയെട്ടാം ദിവസം.‌




||ഗാലപ്പഗോസ് ദ്വീപുകളിലെ മായികക്കാഴ്ചകള്‍ കെ രമ||

            ഡാര്‍വിന്റെ പഠനങ്ങളുമായി ബന്ധപ്പെട്ട് പേരുകേട്ട ഗാലപ്പഗോസ് ദ്വീപസമൂഹങ്ങളെക്കുറിച്ച് കെ രമ എഴുതിയ ഈ പുസ്തകത്തില്‍ ഇക്വഡോറിന്റെ ഭാഗമായ പ്രസ്തുത ദ്വീപുകളെക്കുറിച്ചും അതിലെ അപൂര്‍വ്വമായ ജീവിസമുഹങ്ങളെക്കുറിച്ചും മനോഹരമായി പ്രതിപാദിച്ചിരിക്കുന്നു.പ്രസ്തുത ദ്വീപുകളിലേക്ക് യാത്രപോകുന്ന അസ്മ എന്ന ടീച്ചര്‍ അവിടുത്തെ വിശേഷങ്ങള്‍ കത്തിലൂടെ കുട്ടികളെ അറിയിക്കുന്ന രീതിയിലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ബീഗിള്‍ യാത്രക്കിടയില്‍1835 ലാണ് ചാള്‍സ് ഡാര്‍വിന്‍ ഗാലപ്പഗോസ് സന്ദര്‍ശിക്കുന്നത്.ചരിത്രത്തെ രണ്ടായി പകുത്ത ഒറിജിന്‍ ഓഫ് സ്പീഷിസ് എന്ന ഗ്രന്ഥത്തിലെ പരാമര്‍ശങ്ങള്‍ക്ക് അദ്ദേഹം തെളിവുകള്‍ കണ്ടെത്തിയത് ഇവിടെ നിന്നുമാണ്.കുട്ടികളിലും മുതിര്‍ന്നവരിലും കൌതുകം ജനിപ്പിക്കുന്ന തരത്തിലാണ് വിവിധതരം ജീവികളെക്കുറിച്ച് എഴുതിയിരിക്കുന്നത്.

            പരിണാമം ഒരു സിദ്ധാന്തമായി അവതരിപ്പിക്കപ്പെട്ട അന്നുമുതലിന്നു വരെ വിശ്വാസികളില്‍ നിന്നും നിരന്തരം ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്.സൃഷ്ടികര്‍ത്താവായ സാക്ഷാല്‍ ദൈവത്തിന്റെ അസ്തിത്വത്തെത്തന്നെ അവസാനിപ്പിച്ച ആ ശാസ്ത്രീയമായ സങ്കല്പനങ്ങള്‍ ഇന്ന് കേവലമൊരു സിദ്ധാന്തമായല്ല, നിയമമായിത്തന്നെ പരിഗണിച്ചുപോരുന്നു.ഡാര്‍‌വിന്റെ കാലത്തുതന്നെ പരിണാമത്തിന് തെളിവുകളേകിയ ഈ ദ്വീപുകള്‍ ഇന്നും പരിണാമശാസ്ത്രജ്ഞന്മാരെ ആകര്‍ഷിക്കുന്നു.വര്‍ത്തമാനകാലത്തെ വിഖ്യാതനായ ഡാര്‍വിനിസ്റ്റ് റിച്ചാര്‍ഡ് ഡോകിംഗ്സ് ഗ്രേറ്റസ്റ്റ് ഷോ ഓണ്‍ എര്‍ത്തില്‍ പറയുന്നതുപോലെ വളരെ വളരെ സവിശേഷതയുള്ള ഈ ദ്വീപുകള്‍ ഒരത്ഭുതം തന്നെയാണ്.

            വായനക്കാരെ തന്റെ ഒപ്പം കൂട്ടിക്കൊണ്ടു പോകാന്‍ രചയിതാവിന് കഴിയുന്നുണ്ട്.അസ്മ ടീച്ചര്‍ തന്റെ കുട്ടികള്‍ക്കു വാക്കുകൊടുത്തുതുപോലെത്തന്നെ ദ്വീപിലെ ഓരോ കാഴ്ചകളേയും മനോഹരവും എന്നാല്‍ ലളിതവുമായ ഭാഷയില്‍ അവരെ എഴുതി അറിയിക്കുന്നു.ദ്വീപിലെത്തിയ ടീച്ചര്‍ എഴുതുന്ന ഒന്നാമത്തെ കത്തില്‍ നിന്നും :- ഞങ്ങള്‍ താമസിക്കുന്ന സാന്താക്രൂസും അഗ്നിപര്‍വ്വത ലാവ ഉറച്ചുണ്ടായതാണ്.986 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തീര്‍ണം.മനുഷ്യവാസം കൂടുതലുള്ളത് ഇവിടെയാണ്.പ്രത്യേകിച്ച് പോര്‍ട്ട് അയോറയില്‍.ഇവിടെയാണ് ചാള്‍സ് ഡാര്‍വിന്‍ റിസര്‍ച്ച് സ്റ്റേഷനും ഗാലപ്പഗോസ് ദേശീയോദ്യാനത്തിന്റെ പ്രധാന ഓഫീസും.നാളെ രാവിലെ വണ്ടിവരും.ആദ്യം ഞങ്ങള്‍ പാര്‍ക്കിന്റെ ഓഫീസില്‍ റിപ്പോര്‍ട്ടു ചെയ്യണം.പിന്നെ റിസര്‍ച്ച് സ്റ്റേഷനും ആമവളര്‍ത്തു കേന്ദ്രവും കാണാന്‍ പോകും ഇതാണ് കാര്യങ്ങള്‍ വിവരിക്കുന്നതിന്റെ രീതി.അനാവശ്യമായ ആഡംബരങ്ങളൊന്നുമില്ല. അറിയേണ്ട കാര്യങ്ങളെ നേരായ ഭാഷയില്‍ അവതരിപ്പിക്കുന്നു.കുട്ടികള്‍ക്കും വളരെ എളുപ്പത്തില്‍ കാര്യങ്ങള്‍ മനസ്സിലാകുന്നു

            പരിണാമസിദ്ധാന്തത്തിന് കൈത്താങ്ങായ ഡാര്‍വിന്റെ പ്രിയപ്പെട്ട കുരുവികള്‍ ഏകദേശം പതിനാലുതരമുണ്ട്.Darwin's finches (also known as the Galápagos finches) are a group of about fifteen species of passerine birds.They are well known for their remarkable diversity in beak form and function. They are often classified as the subfamily Geospizinae or tribe Geospizini. They belong to the tanager family and are not closely related to the true finches. The closest known relative of the Galápagos finches is South-American Tiaris obscurus. They were first collected by Charles Darwin on the Galápagos Islands during the second voyage of the Beagle. Apart from the Cocos finch, which is from Cocos Island, the others are found only on the Galápagos Islands. എന്നാണ് ഈ കുരുവികളെക്കുറിച്ച് വിക്കിപ്പീഡിയ പറയുന്നത്.ഒരിനമൊഴിച്ച് ബാക്കയെല്ലാംതന്നെ ഗാലപ്പഗോസില്‍ മാത്രമുള്ളതാണെന്നു പറയുമ്പോള്‍ത്തന്നെ അതിന്റെ പ്രാധാന്യം മനസ്സിലാക്കാനാകുമല്ലോ.

            ലോണ്‍സം ജോര്‍ജ്ജ്. രസകരമായ പേരല്ലേ? ദേശീയോദ്യാനത്തിലെ ഏതെങ്കിലും ജീവനക്കാരന്റെ പേരാണെന്നു കരുതിയാല്‍ നിങ്ങള്‍ക്കു തെറ്റി.നൂറ്റമ്പതു വയസ്സു പ്രായമുള്ള പിന്റ ഇനത്തില്‍‌പ്പെട്ട അവസാനത്തെ ആമയാണ് ഇദ്ദേഹം.ഒരാളൊഴിച്ച് ഈ വംശത്തിലെ ബാക്കിയെല്ലാവരുംതന്നെ ഭൂമിയില്‍ നിന്നും യാത്രയാക്കപ്പെട്ടു.ഭക്ഷണത്തിനായും എണ്ണക്കായുമൊക്കെ ആമവര്‍ഗ്ഗത്തെ കൊന്നൊടുക്കിയതിന്റെ കഥ ടീച്ചര്‍ കുട്ടികള്‍ക്കായി പങ്കുവെക്കുന്നുണ്ട്.കഴി്ഞ്ഞ രണ്ടു നൂറ്റാണ്ടിനിടയില്‍ രണ്ടുലക്ഷത്തോളം കടലാമകളാണ് കൊല്ലപ്പെട്ടത്.( പേജ് 45)ഏതാണ്ട് അഞ്ചടിയോളം നീളവും പത്തു കിലോയോളം തുക്കവുമുള്ള വലിയ ഓന്തുകളായ ഇഗ്വാനകളാണ് മറ്റൊരാകര്‍ഷണം.തികഞ്ഞ സസ്യഭുക്കുകളാണ് ഇവ.ഇഗ്വാനകള്‍ ഏഴുതരത്തിലുണ്ട്.ഏകദേശം അമ്പതുവര്‍ഷക്കാലമാണ് ആയുസ്സു തുടങ്ങിയ ധാരാളം വിവരങ്ങള്‍ പുസ്തകത്തില്‍ ഉള്‍‌പ്പെടുത്തിയിരിക്കുന്നു.

            പവിഴപ്പുറ്റുകളും ലാവാതുരംഗങ്ങളും ബുബി പക്ഷികളും അഗ്നിപര്‍വ്വതങ്ങളും ഫ്രിഗേറ്റുകളും തുടങ്ങി വിവിധങ്ങളും രസകരങ്ങളുമായ ജീവജാലങ്ങളും സ്ഥലങ്ങളുമൊക്കെയായി നിത്യവിസ്മയമായി നിലകൊള്ളുകയാണ് ഗാലപ്പഗോസ് ദ്വീപുകള്‍. മനുഷ്യന്റെ ആര്‍ത്തിക്കണ്ണുകള്‍ അവിടേയുമെത്തിച്ചേരുന്നുവെങ്കിലും ഒരു പൈതൃകോദ്യാനമായി പ്രഖ്യാപിച്ച് ഒരു വിധത്തില്‍ സംരക്ഷിച്ചുപോകാന്‍ കഴിയുന്നുവെന്നതുതന്നെ വലിയ കാര്യമാണ്.1979 ലാണ് യുനെസ്കോ പ്രകൃതിദത്ത ഉദ്യാനമായി പ്രഖ്യാപിക്കുന്നത്.ഇത്തരം പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് (മുതിര്‍ന്നവര്‍ക്കും) വാങ്ങി നല്കുന്നത് അവരില്‍ പ്രകൃതിയോടും അവയിലെ ജീവികളോടും സ്നേഹവും താല്പര്യമുണ്ടാക്കിയെടുക്കാന്‍ സഹായിക്കുമെന്ന് എനിക്കു ഉറപ്പുണ്ട്. പുസ്തകത്തിലെ എല്ലാ ചിത്രങ്ങളും നിറങ്ങളോടുകൂടിയതായിരുന്നുവെങ്കില്‍ കൂടുതല്‍ നന്നായേനെ എന്നൊരു എതിരഭിപ്രായം മാത്രമേ എനിക്കുള്ളു.

പ്രസാധകര്‍- സമത ബുക്സ് വില 125 രൂപ, ഒന്നാം പതിപ്പ് ഏപ്രില്‍ 2014


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1