#ദിനസരികള് 490 - നൂറു ദിവസം നൂറു പുസ്തകം – അറുപത്തി രണ്ടാം ദിവസം.
||തച്ചന്റെ മകള്‍ – വിജയലക്ഷ്മി||
“വിജയലക്ഷ്മിയുടെ
കവിതകള്‍ പഴയ മട്ടാണ്.വൃത്തബദ്ധം. സുഘടിതം. ജാഡകളില്ല, ബഹളമില്ല, നിശ്ശബ്ദമായ
പ്രാര്‍ത്ഥന പോലെ അമര്‍ത്തിയ തേങ്ങല്‍ പോലെ ഇവ ഉയരുന്നു.കോര്‍ത്തെടുത്ത
മാലയിലേതുപോലെയുള്ള നമ്മുടെ ഹൃദയത്തില്‍ വിരല്‍ത്തുമ്പിനാല്‍ പതുക്കെ
തൊടുന്നു.ആ തൊടലില്‍ സമാന ഹൃദയങ്ങളില്‍ അനുരണനമുയരുന്നു.അതിലപ്പുറം ഒരു കവിക്ക്
എന്താണ് വേണ്ടത്? കുറ്റിയറ്റു
പോകുന്നൊരു വംശത്തിന്റെ അവസാനത്തെ ചിറകടി കേള്‍ക്കുന്നതുപോലെ എനിക്കു തോന്നുന്നു.സിന്‍സിനാറ്റിയിലെ
മാര്‍ത്തയുടെ ഛായയാണ് ഈ കവിതയ്ക്ക്.അപൂര്‍വ്വവും നിര്‍മലവുമായ ഒരു ഭാവം.” ശ്രീ
സുഗതകുമാരി, വിജയലക്ഷ്മിയുടെ തച്ചന്റെ മകള്‍ എന്ന കവിതാസമാഹാരത്തിന് എഴുതിയ
അവതാരികയില്‍ നിന്നാണ് മേല്‍ ഭാഗം ഉദ്ധരിച്ചിട്ടുള്ളത്.
വിജയലക്ഷ്മിയുടെ കവിതകളുടെ പൊതുസ്വഭാവത്തെ ആറ്റിക്കുറുക്കിയെടുത്ത
വാക്കുകളാണ് സുഗതകുമാരിയുടേത്. കാഴ്ചകളെ അതിവൈകാരികമായി ആവിഷ്കരിച്ച് കുടത്തിനു
പുറത്തേക്കു തുളുമ്പിത്തെറിക്കുന്ന തരത്തില്‍ ഇതുവരെ അവര്‍ എഴുതിയിട്ടില്ല.ഒരു
തണുത്ത നിലാവുപോലെ നിശാഗന്ധിയുടെ സുഗന്ധത്തെ ആവാഹിച്ചു കൊണ്ടുവരുന്ന അലസമാരുതനെപ്പോലെ
വിജയലക്ഷ്മി കടന്നു വന്നു കഴിഞ്ഞാല്‍പ്പിന്നെ ആ നീലാവും സുഗന്ധവും വിട്ടുപോകാതെ
നമ്മെ പൊതിഞ്ഞു നില്ക്കുന്നു.അതുകൊണ്ടുതന്നെയാണ് അവസാനത്തെ സഞ്ചാരി പ്രാവായ മാര്‍ത്തയുടെ
ഛായയാണ് വിജയലക്ഷ്മിക്ക് എന്ന സാക്ഷ്യപ്പെടുത്തലിനെ ഞാന്‍ ശരിവെക്കുന്നത്. ഞാനിവിടെയുണ്ട്
എന്ന് ഈ കവി അടയാളപ്പെടുത്തുന്നത് അലറിക്കരഞ്ഞുകൊണ്ടോ അട്ടഹസിച്ചുകൊണ്ടോ ഒന്നുമല്ല,
മറിച്ച് മരണത്തോളം ആഴമുള്ള, മൌനത്തെ ഏതു നിമിഷവും ചെന്നാശ്ലേഷിക്കാവുന്ന ഒരു
വീണക്കമ്പിയുടെ സാന്ദ്രമധുരമായ മന്ത്രനാദം പോലെയാണ്.ലോകമെനിക്കുദ്യാനം എന്ന കാഴ്ച
ജനിച്ചു വളരുന്ന് ഇവിടെ നിന്നാണ്.
മൃഗശാലയില്‍ വംശനാശമായ് , അകാലത്തില്‍
മൃതിയെത്തുമ്പോള്‍ വിറച്ചില്ല ഞാന്‍ , എന്നാലിന്നു
പരലോകത്തിന്‍ ഛായാ വൃക്ഷശാഖയില്‍ , ഭൌമ
സ്മരണാഘാതങ്ങളില്‍ നിത്യവും മരിക്കുന്നു – ഈ
മരണം ഭൂമിയോടൊട്ടി നില്ക്കുന്നതുകൊണ്ടുണ്ടാകുന്നതാണ്.മണ്ണില്‍ ചവിട്ടി
നില്ക്കുന്നു എന്ന എല്ലുറപ്പിനെ വിജയലക്ഷ്മിയുടെ കവിത എന്ന് ഒറ്റവാക്കില്‍ നിര്‍വചിക്കാം
പതിഞ്ഞതെങ്കിലും
പതറാത്തതാണ് ഈ കവിയുടെ അകക്കാമ്പ് എന്ന് വെളിവാക്കുന്നതാണ് ഈ സമാഹാരത്തിലെ
തച്ചന്റെ മകള്‍ എന്ന കവിത.മൃഗശിക്ഷകനിലെ
പറയൂ, പാവയോ മൃഗം? മെരുങ്ങിയാ-
ലടിമയെക്കണക്കൊതുങ്ങുമെങ്കിലും
ഇടയ്ക്കിടയ്ക്കെന്റെ
വനചേതസ്സിലാ-
മൃഗപൌരാണികണ്‍
കുടഞ്ഞെണീക്കുന്നു.
അതിപുരാതനന്‍,
ഇലച്ചാര്‍ത്തിന്മേലേ
കുതിപ്പോന്‍,
സൂര്യനെപ്പിടിക്കാന്‍ ചാടുവോന്‍
കുനിയുന്നൂ
കണ്‍കളവന്റെ നോട്ടത്തില്‍
തളരുന്നൂ
ദേഹമവന്റെ ഹാസത്തില്‍
തൊഴുതുപോകയാണവനെത്താണു
ഞാന്‍
അരുതു
നോക്കുവാനതിതേജസ്വിയെ-
ച്ചുഴുഞ്ഞുനോക്കിയാലുടയും
കണ്ണുകള്‍
അതിന്‍
മുന്‍പീ നഖമുനകളാല്‍ത്തന്നെ
ഇനിയീക്കണ്‍കള്‍
ഞാന്‍ പിഴുതുമാറ്റട്ടെ
അതിനും
വയ്യല്ലോ! ഭയം, ഭയം
മാത്ര-
മടിമ,ഞാന്‍
തോറ്റൂ, കുനിഞ്ഞിരിക്കുന്നു
മുതുകില്‍
നിന്‍ ചാട്ടയുലച്ചുകൊള്ളുക
വലയത്തില്‍
ചാടാനുണര്‍ന്നിരിപ്പൂ ഞാന്‍ - എന്ന ഭാവമല്ല ഇവിടെ തച്ചന്റെ മകളെ ഭരിക്കുന്നത്,
മറിച്ച് പോക ഞാനിന്നുളിപ്പെട്ടിയും മുഴക്കോലുമായ് വീതുളിക്കിരയായിടാ എന്ന
തീരുമാനത്തിന്റെ ഉറപ്പാണ്.
തച്ചന്റെ
മകള്‍ , തന്റെ തലക്കുമുകളിലെ എല്ലാ തണലുകളോടും പ്രതിപത്തിയുള്ളവളാണെങ്കിലും
വിധേയപ്പെടുവാന്‍ ഒരുക്കമുള്ളവളല്ല. ആയിരം ക്ഷേത്ര ഗോപുരങ്ങള്‍ താങ്ങുന്നവനായ
പിതാവിന്റേയും , ദേവേന്ദ്രനെക്കൊണ്ട് തനിക്കു താലികെട്ടിക്കാന്‍ വെമ്പുന്ന
സഹോദരന്റേയും സ്നേഹാര്‍ദ്രമായ സാമീപ്യങ്ങളെ പഥ്യമില്ലാഞ്ഞിട്ടുമല്ല.വ്യാളിയുടെ
കോമ്പല്ലുകൊത്തുമ്പോള്‍ പാളിവീഴുന്ന ഒരു വീതുളിയുടെ കാഴ്ച തന്റെ ഏകാഗ്രതയെ
കൊന്നൊടുക്കുന്നു. അത് തണലുകളോട്
ഒട്ടിനില്ക്കുന്നതുകൊണ്ടുതന്നെയാണ്. അതുകൊണ്ടുതന്നെയാണ് എല്ലാ തണലുകളേയും
വിട്ടുപോകണം എന്നു തീരുമാനിച്ചുകൊണ്ട് തന്റേതായ ലോകത്തിലേക്കുള്ള
പ്രയാണമാരംഭിക്കുന്നതും സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതും. വിടുതല്‍ നേടി
സ്വതന്ത്രയാകുന്ന സ്ത്രീയുടെ ഇച്ഛാശക്തിയെ ആവിഷ്കരിക്കാനും ഉയര്‍ത്തിപ്പിടിക്കാനും
വിജയലക്ഷ്മി വെമ്പല്‍ കൊള്ളുന്നുണ്ടു്.മലയാള കാവ്യലോകത്തില്‍ വിജയലക്ഷ്മിയുടെ
സ്ഥാനം നിശ്ചയിക്കുന്നത് തച്ചന്റെ മകളായിരിക്കും.
പ്രസാധകര്‍- ഡി സി ബുക്സ്
വില 28 രൂപ, ഒന്നാം പതിപ്പ് ജൂലൈ 1994
Comments