#ദിനസരികള് 488 - നൂറു ദിവസം നൂറു പുസ്തകം – അറുപതാം ദിവസം.‌


||വിവാദകേരളം – അനൂപ് പരമേശ്വരന്‍||

കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ പിടിച്ചുലച്ച വിവാദങ്ങളെക്കുറിച്ചാ ണ് അനുപ് പരമേശ്വരന്‍ വിവാദ കേരളം എന്ന ഈ പുസ്തകത്തിലൂടെ പറയുന്നത്. ആമുഖത്തില്‍ പുസ്തകത്തില്‍ പ്രതിപാദിക്കപ്പെട്ട വിവാദങ്ങളെ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ് – “ വിഷയങ്ങളുടെ തെരഞ്ഞെടുപ്പിന് രണ്ടു മാനദണ്ഡങ്ങളെയാണ് സ്വീകരിച്ചത്. ഒന്ന് രാഷ്ട്രീയ മാറ്റത്തിനു വഴിവെച്ചവ, രണ്ട് സമൂഹത്തിന്റെ ചിന്താഗതികള്‍ പരിഷ്കരിച്ചവ.അപകടങ്ങളും ദുരന്തങ്ങളും അതിന്റെ പിന്നിലുള്ള ദുരൂഹതകളും മറ്റൊരു വിഷയമായതിനാല്‍ ഈ പുസ്തകത്തില്‍ പരിഗണിച്ചിട്ടില്ല.” കേരളത്തിന് ഏറെ താല്പര്യമുള്ള ‘വിഷയങ്ങള്‍’ മാത്രം പരിഗണിക്കുകയാണ് അനൂപ് ചെയ്തിട്ടുള്ളത് എന്നതിനാല്‍ വിവാദകേരളം എന്ന പ്രയോഗത്തിലൂടെ ഉദ്ദേശിക്കുന്ന സമഗ്രത ഈ പുസ്തകത്തിന് അവകാശപ്പെടാനാകില്ല.

1957 ലെ അരി വിവാദം മുതല്‍ കോടിയേരി ബാലകൃഷ്ണന്‍ അടുത്ത കാലത്തു നടത്തിയ പാടത്തു പണിയും വരമ്പത്തൂകൂലിയും വരെയുള്ള കൊണ്ടു പിടിച്ച വിവാദങ്ങള്‍ ഇവിടെ ചര്‍ച്ചക്കു വരുന്നു.മൊയ്നീഹാന്‍പറയുന്ന വിമോചന ദ്രവ്യം, പീച്ചിയിലേക്ക് വണ്ടിയോടിച്ച ആഭ്യന്തരമന്ത്രി, ഇരുപത്തിയൊന്നുകാരന്‍ നവാബും മന്ത്രി കെ കരുണാകരനും , വര്‍ഗീസ് : തിരുനെല്ലിക്കാട്ടിലെ നിണച്ചാല്‍, രാജന്‍ എന്ന കേരളത്തിന്റെ മകന്‍ , തലശ്ശേരി : മതം രക്തത്തില്‍ കലര്‍ന്ന കാലം, ഇടമലയാര്‍ കേസ്സും പിള്ള എന്ന പ്രിസണറും എവിടെയൊക്കെയുണ്ട് സുകുമാരക്കുറുപ്പ് ?, നിലയ്ക്കല്‍ കേരളത്തെ മുറിപ്പടുത്തുമ്പോള്‍ , അഭയ വീണ കിണറാഴം, മയക്കി വീഴ്ത്തിയ ഐസ്ക്രീം പാര്‍ലര്‍ , മുത്തങ്ങയില്‍ വെടിയേറ്റും വെട്ടേറ്റും, മൂന്നാറിലേക്ക് ഇറക്കി വിട്ട പൂച്ചകള്‍ ,കൈവെട്ടിയെടുത്ത പ്രാകൃത ശിക്ഷ, സംസ്ഥാന സംരംഭകരും സോളാര്‍ സംരംഭകയും, രണ്ടു കലാപങ്ങള്‍ക്കിടയിലെ മാറാട് എന്നിങ്ങനെ വീണ്ടും വീണ്ടും കേരളത്തിലെ ജനങ്ങള്‍ ചര്‍ച്ച ചെയ്തു ‘രസിക്കാനുദ്ദേശിക്കുന്ന’ ഒരു കൂട്ടം വിവാദങ്ങളെയാണ് ബോധപൂര്‍വ്വം അനൂപ് തിരഞ്ഞെടുത്തിരിക്കുന്നത്.

വര്‍ഗ്ഗീയത പടര്‍ത്തി കുമ്മനം രാജശേഖരനും നിത്യാനന്ദ സരസ്വതിയും പി പരമേശ്വരനും കേരളത്തിന്റെ മണ്ണിനെ കാവിയുടുപ്പിക്കാന്‍ നടത്തിയ ശ്രമത്തെ പരാജയപ്പെടുത്താന്‍ കഴിഞ്ഞ കഥയാണ് നിലയ്ക്കല്‍ കേരളത്തെ മുറിപ്പെടുത്തുമ്പോള്‍ എന്ന കുറിപ്പില്‍ ഓര്‍മ്മ‍പ്പെടുത്തുന്നത്. നിലയ്ക്കലില്‍ പള്ളി പണിയാന്‍ അനുവദിക്കുകയില്ല എന്ന തീരുമാനവുമായി മുന്നിട്ടിറങ്ങിയ സംഘപരിവാരം കലാപത്തിനു തന്നെയാണ് കോപ്പുകൂട്ടിയത്. സെന്‍ തോമസ് സ്ഥാപിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നപ്പെടുന്ന ഏഴരപ്പള്ളികളിലെ അരപ്പള്ളി നിലയ്ക്കലിലാണെന്നാണ് കൃസ്ത്യാനികളുടെ വിശ്വാസം. അതുകൊണ്ട് അവിടെയൊരു പള്ളി പണിയണം എന്നതായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ അയ്യപ്പന്റെ പൂങ്കാവനത്തിലെവിടേയും പള്ളി പണിയാന്‍ അനുവദിക്കുകയില്ല എന്നു പറഞ്ഞു കൊണ്ടാണ് സംഘപരിവാരം പ്രക്ഷോഭം തുടങ്ങിയത്.അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍ പള്ളി പണിയാന്‍ അനുവദിച്ചുകൊണ്ട് ഉത്തരവിട്ടു് തന്റെ ധീരത കാണിച്ചുവെങ്കിലും പിന്നീട് സംഘപരിവാരത്തിന്റെ മുന്നിന്‍ മുട്ടുമടക്കി. അവസാനം നിലയ്ക്കലില്‍ നിന്നും നാലുകിലോമീറ്റര്‍ അകലം പാലിച്ചുകൊണ്ട് പള്ളി പണിയുന്നതിന് ഇരുവിഭാഗവും സമ്മതിച്ചതോടുകൂടിയാണ് വിവാഗം അവസാനിച്ചത്. വിവാദം അവാസാനിച്ചുവെങ്കിലും ന്യായമായ പരിഹാരമുണ്ടായില്ല എന്നതാണ് വസ്തുത. കേരളത്തിന്റെ മതേതര മുഖത്തിന് കളങ്കമുണ്ടാക്കിയ സംഭവമായിരുന്നു നിലയ്ക്കലില്‍ നടന്നത്.

1971 ലെ തലശ്ശേരി കലാപത്തിനു ശേഷം നിയമിക്കപ്പെട്ട ജസ്റ്റീസ് വിതയത്തില്‍ കമ്മീഷന്‍ ഇനിയും നാട്ടില്‍ കലാപമുണ്ടാകാതിരിക്കാനുള്ള മുന്നറിയിപ്പു നല്കിക്കൊണ്ട് ഇങ്ങനെയെഴുതി. – “മതാധിഷ്ടിത വെല്ലുവിളിയാണ് ദേശീയോദ്ഗ്രഥനത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി.ഹിന്ദുയിസത്തേയും ഇസ്ലാമിനേയും അടിസ്ഥാനമാക്കി ഇന്ത്യയില്‍ രൂപീകരിക്കുന്ന പാര്‍ട്ടികളെയാണ് ഏറെ ശ്രദ്ധിക്കേണ്ടത്.ഇത്തരം പാര്‍ട്ടികളെ നിരോധിക്കുന്നതു പ്രശ്നങ്ങളുണ്ടാക്കുമെന്നതിനാല്‍ അവരുടെ തീവ്ര പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കണം” മതങ്ങളുടെ പിന്നാലെ പ്രത്യേകിച്ചും അവരില്‍ കുടികൊണ്ടിരിക്കുന്ന വോട്ട് എന്ന മാരകശക്തിയുടെ പിന്നാലെ പഞ്ചപുച്ഛമടക്കി നില്ക്കാന്‍ ശീലിച്ചു പോയ നമ്മുടെ രാഷ്ട്രീയ നേതൃത്വം ഇതുവരെ ആ കമ്മീഷന്‍ പറഞ്ഞതിന്റെ അര്‍ത്ഥവ്യാപ്തി മനസ്സിലാക്കിയിട്ടില്ല.ഒരാഴ്ചക്കാലത്തോളം കലാപത്തില്‍ നിന്നു കത്തിയ തലശ്ശേരി നേരിട്ടു കണ്ടും അനുഭവിച്ചും അറഞ്ഞിട്ടുള്ളയാളാണ് നമ്മുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ എന്നതുകൂടി സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പുസ്തകം ഇങ്ങനെ പറയുന്നു – “ചടയന്‍ ഗോവിന്ദന്‍ , പിണറായി വിജയന്‍ എന്നീ നേതാക്കളുടെ കാര്‍ക്കശ്യം അടയാളപ്പെടുത്തിയ സംഭവം കൂടിയായിരുന്നു ഈ കലാപം.ആയുധങ്ങളുമായി നിന്നവരുടെ അടുത്തേക്ക് കൂസാതെ ചെന്ന് ഇവര്‍ നല്കിയ മുന്നറിയിപ്പുകള്‍ ദുരന്തത്തിന്റെ തീവ്രത വളരാതിരിക്കുവാന്‍ സഹായിച്ചുവെന്ന് പിന്നീട് വിലയിരുത്തപ്പെട്ടു.”

കെ കരുണാകരനെതിരെയുള്ള തെളിവുകള്‍ ഹാജരാക്കാനായി കോടതിയിലേക്കു പോയ സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്ന അഴീക്കോടന്‍ രാഘവനെ കൊലപ്പെടുത്തിയതു കെ കരുണാകരന്റെ അറിവോടെയാണെന്നും തട്ടില്‍ എസ്റ്റേറ്റ് അഴിമതിക്കേസില്‍ നിന്നും കരുണാകരനേയും കൂട്ടരേയും രക്ഷപ്പെടുത്താനായിട്ടായിരുന്നു ആ കൊലപാതകമെന്നുമാണ് അവസാനകാലം വരെ നവാബ് രാജേന്ദ്രന്‍ വിശ്വസിച്ചത്.കേസില്‍ പോലീസ് പ്രതിയാക്കി ആര്യനും മരിക്കുന്നതുവരെ പറഞ്ഞിരുന്നത് തനിക്ക് അഴീക്കോടന്റെ കൊലപാതകത്തില്‍ പങ്കില്ല എന്നുതന്നെയായിരുന്നു. ഇനിയും ചുരുളഴിയാത്ത ആ കൊലപാതകത്തെക്കുറിച്ചാണ് ഇരുപത്തിയൊന്നുകാരന്‍ നവാബും മന്ത്രി കെ കരുണാകാരനും എന്ന ലേഖനത്തിലൂടെ പറയുന്നത്.


കേരളത്തെ ലോകത്തിന്റെ മുമ്പില്‍ നാണം കെടുത്തി സോളാര്‍ വിവാദത്തെക്കുറിച്ചും അനൂപ് എഴുതുന്നുണ്ട്.വ്യവസായ സംരംഭകയായ ഒരു സ്ത്രീയെ അധികാരത്തിലിരിക്കുന്ന ഒരു കൂട്ടമാളുകള്‍ ലൈംഗികമായി ഉപയോഗിച്ചുവെന്ന പരാതി കേരളം ഞെട്ടലോടെയാണ് കേട്ടത്.കേരളത്തെ അടിമുടി കുലുക്കിയുണര്‍ത്തി ഈ വിവാദത്തില്‍ പക്ഷേ ഒരു രാജിപോലുമുണ്ടായില്ല എന്നതാണ് വാസ്തവം. കാറില്‍ ഒരു സ്ത്രീയെ കണ്ടു എന്ന കിംവദന്തിയുടെ പേരില്‍ രാജി നടന്ന ഒരു സംസ്ഥാനത്താണ് ഒരു സ്ത്രീ പൊതുസമൂഹത്തിന്റെ മുന്നില്‍ വന്നു നിന്നുകൊണ്ടു പിഢീപ്പിക്കപ്പെട്ടു എന്നു പറഞ്ഞത്. ജനാധിപത്യത്തിന്റെ എല്ലാ മുഖശ്രീയേയും അവഹേളിക്കുന്നതായിരുന്നു സോളാര്‍ വിവാദം.

ഇന്നത്തെ തലമുറക്കു കേട്ടു കേള്‍വി‍പോലുമില്ലാത്ത പല വിവാദങ്ങളെക്കുറിച്ചും ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. കേരളം പിന്നിട്ടു പോന്ന വഴികളെക്കുറിച്ച് അറിയാനും അവയില്‍ നിന്നും പാഠങ്ങള്‍ ഉള്‍‌ക്കൊള്ളുവാനും ഇത്തരം ഗ്രന്ഥങ്ങള്‍ സഹായിക്കുമെന്നതില്‍ സംശയമൊന്നുമില്ല.

പ്രസാധകര്‍- ഡി സി ബുക്സ് വില 150 രൂപ, ഒന്നാം പതിപ്പ് മാര്‍ച്ച് 2017





Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1