#ദിനസരികള് 465 - നൂറു ദിവസം നൂറു പുസ്തകം – മുപ്പത്തിയെട്ടാം ദിവസം.‌








||ബാലരമ ||
            ഒരു കുഞ്ഞനെലിയെ  വാലില്‍ തൂക്കിയെടുത്ത് ചെറു ചിരിയോടെ  വായിലേക്കെറിയാനൊരുങ്ങുന്ന ഗ്രഫലോ ഭീകരജീവിയുടെ കൊമ്പും ദംഷ്ട്രയുമുള്ള മുഖം കടന്നുവേണം ഈ ലക്കത്തെ ബാലരമയുടെ ഉള്‍‌പ്പേജുകളിലേ ക്കെത്തിച്ചേരേണ്ടതെന്ന വസ്തുത ഒരേ സമയം തന്നെ നമ്മെ ആകൂലപ്പെടുത്തുന്നതും സംഭ്രമിപ്പിക്കുന്നതുമാണെങ്കിലും , ആ നിഷ്കളങ്കനായ എലിക്കുഞ്ഞിന്റെ കണ്ണുകളിലെ അമ്പരപ്പിനേയും വിഴുങ്ങപ്പെടാന്‍ പോകുന്നതിന്റെ സംന്ത്രാസത്തിനേയും ഒരു വിധത്തില്‍ മറികടന്നു കഴിഞ്ഞാല്‍ എക്കാലത്തും നിഷ്കളങ്കശൈശവങ്ങളെ കോള്‍മയിര്‍‌ക്കൊള്ളിച്ച നിരവധിയനവധി വിഭവങ്ങളാല്‍ അലങ്കരിക്കപ്പെട്ട അകപ്പേജുകള്‍ നമ്മെ ആനന്ദത്തിലാറാടിക്കാനൊരുങ്ങി നില്ക്കുന്നവെന്ന കാര്യം ആദ്യമായിത്തന്നെ എന്നെ വായിക്കുന്ന ഓരോ അനുവാചകരേയും ഉദ്ബോധിപ്പിച്ചുകൊള്ളുവാന്‍ ഈ സന്ദര്‍ഭം ഉപയോഗിക്കുന്നതോടൊപ്പം തന്നെ  വര്‍ത്തമാനകാലത്തിന്റെ വെല്ലുവിളികളെ ഫലപ്രദമായി ആവിഷ്കരിക്കാന്‍ ചിത്രകാരന്‍ കണ്ടെത്തിയത് ഗണപതി ഭഗവാന്റെ വാഹനമായ എലിയെയാണ് എന്ന വസ്തുത പ്രതിഷേധാര്‍ഹവും അതേസമയംതന്നെ ഗര്‍ഗ്ഗണീയവുമാണെന്നും അതുകൊണ്ടുതന്നെ ബാലരമയുടെ മുഖച്ചിത്രമായ പ്രസ്തത തോന്ന്യവാസം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധയില്‍‌പ്പെടുത്തി രക്ഷപ്പെടുത്തിയെടുക്കാന്‍ വേണ്ടി ആരെങ്കിലും ശ്രമിച്ചാല്‍ അതു വിശ്വാസസമൂഹത്തോടുള്ള വെല്ലുവിളിയായിക്കണ്ടുകൊണ്ട് ഒറ്റക്കെട്ടായി നേരിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നുകൂടി ഓരോ അനുവാചകരേയും ഉദ്ബോധിപ്പിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നുവെന്നു മാത്രമല്ല, എത്രയും വേഗം പ്രസ്തുത പ്രസിദ്ധീകരണത്തിന്റെ മുഖച്ചിത്രം മാത്രം മാറ്റിയച്ചടിച്ച് വിതരണം ചെയ്യേണ്ടതാണെന്നും എന്നാല്‍ ഞാനിതുവരെ വായിച്ചു നോക്കാത്തതുകൊണ്ടു ഉള്ളിലെന്നെ കാത്തിരിക്കുന്ന മായാവിയടക്കമുള്ള രസികര്‍ ഏതെങ്കിലും വിധത്തില്‍  സ്പര്‍ദ്ധ വളര്‍ത്തുന്നുവെങ്കില്‍ യഥാസമയം അതും എന്റെ വായനക്കും തീരുമാനത്തിനും ശേഷം മാറ്റേണ്ടതാണെന്നുമുള്ളകാര്യം കൂടി ഇത്തരുണത്തില്‍ ബാലരമയുടെ അധികാരികളെ ബോധ്യപ്പെടുത്തിക്കൊള്ളുന്നതോടൊപ്പം ഭൂമിയില്‍ മനുഷ്യര്‍ കുന്തിച്ച് കുന്തിച്ച് നടക്കാന്‍ പോലും തുടങ്ങാത്ത അജ്ഞാതമായ ഏതോ ഒരു കാലത്തെ ഏതോ ഒരു ജീവിയാണതെന്ന് വാദം മുന്‍കാലപ്രാബല്യത്തോടെ തള്ളിക്കളയുകയും ചെയ്യുന്നു.
            കനപ്പെട്ട ഉള്‍‌പ്പേജുകള്‍ എന്നെ ബാല്യകാലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. ഭക്ഷണമില്ലാതെ വിശന്നിരിക്കുന്ന ഉച്ചനേരങ്ങളില്‍ ആശ്വാസമാകുന്നത് ഈ ബാലരമയും പൂമ്പാറ്റയും ബാലമംഗളവുമൊക്കെയായിരുന്നുവെന്ന കാര്യ സ്മരിക്കാതെ എങ്ങനെയാണ് ഞാന്‍ ബാലരമയെപ്പറ്റി എഴുതുക? വല്ലപ്പോഴും -എന്നു വെച്ചാല്‍ വല്ലപ്പോഴും തന്നെ - വീട്ടില്‍  കിട്ടുന്ന ഇത്യാദികള്‍ വായനക്കു ശേഷം സ്കൂളില്‍ കൊണ്ടുപോയി മുപ്പതും നാല്പതും പൈസക്ക് അസീസ് എന്നു പേരുള്ള ഒരു കൂട്ടുകാരന് മറിച്ചു വിറ്റു അതുകൊണ്ട് കുമാരേട്ടന്റെ കടയില്‍ നിന്നു രണ്ടു ഗ്ലാസു ചൂടുവെള്ളവും രണ്ടുണ്ടയും ( രണ്ടെണ്ണം കിട്ടുമോയെന്ന് സംശയമുണ്ട് . അതോ എഴുപത്തഞ്ചു പൈസയായിരുന്നോ ഒന്നിന് ? ഓര്‍മയില്ല. എന്തായാലും ഉണ്ട തിന്നിട്ടുണ്ടെന്നത് സത്യമാണ്) തിന്നതിന്റെ സ്വാദ് ഇന്നും നാവിന്‍ തുമ്പിലുണ്ട്.
            ബാലമംഗളത്തില്‍ ഡിങ്കനും ബാലരമയില്‍ മായാവിയും പൂമ്പാറ്റയില്‍ കപീഷുമുണ്ടായിരുന്ന ആ കാലം  ശരിക്കും മനോഹരം തന്നെയായിരുന്നു. അവര്‍ കാട്ടിലെ കിട്ടനും ( ബാലമംഗളം? ) പപ്പൂസും ( പൂമ്പാറ്റ ) ശിക്കാരി ശംഭുവുമായിരുന്നു അക്കാലത്തെ നായകര്‍ . കണ്ണടച്ച് കൈകളുയര്‍ത്തി ഓഹ്രീം കുട്ടിച്ചാത്താ എന്ന് എത്ര തവണ വിളിച്ചിരിക്കുന്നു? ആപത്ഘട്ടങ്ങളില്‍ ഡിങ്കാ എന്നു വിളിച്ചാല്‍ രക്ഷകനായി ഡിങ്കന്‍ പറന്നെത്തുമെന്ന സത്യംഈ ഡിങ്കമതക്കാര്‍ വരുന്നതിനുമുമ്പേ ഞങ്ങള്‍ക്ക് അറിയാവുന്നതാണ്. സത്യം പറഞ്ഞാല്‍ പാവപ്പെട്ട വിശ്വാസികളില്‍ നിന്ന് അവര്‍ ഡിങ്കനെ തട്ടിയെടുത്തുവെന്നു വേണം കരുതാന്‍.
              ആരെതൊട്ടാലും ബോധം പോകുന്ന റോബോട്ടീച്ചയെ തട്ടിയെടുത്ത് വിക്രമനു മുത്തുവും സ്വന്തം കുഴിതന്നെ കുഴിക്കുന്ന കഥയുമായി മായാവി ഈ ലക്കത്തിലുമുണ്ട്.ശിക്കാരി ശംഭുവിന്റെ ഡ്യൂപ്ലിക്കേറ്റായി ശിക്കാരി ശങ്കു എന്നൊരാളെ ബാലരമ അവതരിപ്പിക്കുന്നുവെങ്കിലും രസം ശംഭുതന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.ശംഭുവിനെക്കാള്‍ എനിക്കിഷ്ടം ശംഭുവിന്റെ മീശയെയായിരുന്നുവെന്ന കാര്യം കൂടി സൂചിപ്പിക്കട്ടെ .
            ങേ! അവസാനമായപ്പോഴേക്കും പപ്പൂസുമുണ്ട്. പപ്പൂസ് ബാലരമയിലായിരുന്നോ? പൂമ്പാറ്റയിലെന്നാണല്ലോ ഓര്‍മ്മ? ഇനിയിപ്പോള്‍ എഴുതിയത് തിരുത്തേണ്ട. പിന്നീട് ബാലരമയിലേക്ക് വന്നതാണെങ്കിലോ? അങ്ങനെയായിരിക്കും.
            എന്തായാലും വായനാശീലം വളര്‍ത്തിയെടുക്കാന്‍ ഇത്തരം ബാലമാസികകള്‍ക്കുള്ള പ്രാധാന്യം കുറച്ചു കാണുന്നില്ല.യുറീക്ക പോലെയുള്ള ശാസ്ത്രമാസികകളും മറ്റും വളരെ വിജ്ഞാനപ്രദമായ മേഖലകളെ പരിചയപ്പെടുത്തിയിരുന്നല്ലോ. ബാലരമയില്‍ നിന്ന് മംഗളം മനോരമ ജനനി സഖി കുങ്കുമം വഴി മാത്യമറ്റത്തിലൂടേയും ബാറ്റണ്‍ ബോസിലൂടേയുമൊക്കെയാണ് വായന പഠിച്ചതും സാഹിത്യത്തിന്റെ വിവിധ കൈവഴികളെ തൊട്ടറിഞ്ഞതും. അതുകൊണ്ട് ബാലമാസികകള്‍ ധാരാളമുണ്ടാകുകയും നമ്മുടെ കുഞ്ഞുങ്ങള്‍ അതു വായിച്ചു വളരുകയം ചെയ്യട്ടെ എന്നാശംസിക്കുന്നു.
           
           

പ്രസാധകര്‍- എം എം പബ്ലിക്കേഷന്‍സ്     , വില 15 രൂപ, ഏഴാം മാസം 2018


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം