#ദിനസരികള്‍ 467 - നൂറു ദിവസം നൂറു പുസ്തകം – നാല്പതാം ദിവസം.‌





||ഇന്ത്യന്‍ നവോത്ഥാനം ഡോ കെ കെ രാധ||
            വൈദേശികാധിപത്യത്തിനുശേഷമാണ് ഇന്ത്യയില്‍ സാംസ്കാരികമായ ഉണര്‍വ്വുണ്ടായതെന്നും നവോത്ഥാനത്തിലേക്ക് നയിച്ചതെന്നുമുള്ള കാഴ്ചപ്പാടിനെ ഖണ്ഡിച്ചുകൊണ്ട് പി ഗോവിന്ദപ്പിള്ള കേരള നവോത്ഥാനം ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം എന്ന പുസ്തകത്തില്‍ ഇങ്ങനെ എഴുതുന്നു ഇന്ത്യയിലെ ബുദ്ധ ജൈന മതങ്ങളും എട്ടാം നൂറ്റാണ്ടു മുതല്‍ പതിനഞ്ചാം നൂറ്റാണ്ടുവരെ ഇന്ത്യയാകെ പടര്‍ന്നു കയറി ഭക്തിപ്രസ്ഥാനങ്ങളും മറ്റും ഏതെങ്കിലും വിദേശശക്തികളുടെ പ്രേരണയില്‍ വളര്‍ന്ന നവോത്ഥാനങ്ങളായിരുന്നില്ല.അതുപോലെ ഇന്ത്യയിലെ നവോത്ഥാനവും ബ്രിട്ടീഷുകാര്‍ വരുന്നതിനുമുമ്പുതന്നെ ആരംഭിച്ചിരുന്നെന്നും ബ്രിട്ടീഷുകാരുടെ ആധിപത്യം ഇന്ത്യന്‍ സാമ്പത്തിക പുരോഗതിയെയെന്ന പോലെ സാംസ്കാരിക പുരോഗതിയേയും വിഘാതപ്പെടുത്തുകയാണ് ചെയ്തതെന്നും ആധുനിക ചരിത്രകാരന്മാര്‍ തെളിയിക്കുന്നു.(പേജ് 21)നവോത്ഥാനം ഏതെങ്കിലും ഒരു നൂറ്റാണ്ടിന്റെ തുടക്കത്തിലോ ഒടുക്കത്തിലോ പെട്ടെന്നുള്ള പ്രേരണകള്‍ കൊണ്ട് ഉണ്ടായിത്തീരുന്നതല്ലെന്ന് ഇന്ത്യന്‍ നവോത്ഥാനത്തിന്റെ ചരിത്രം പറയുമ്പോള്‍ ശ്രീ കെ കെ രാധയും സമ്മതിക്കുന്നുണ്ട്.നവോത്ഥാനം ഒരു നിരന്തരപ്രക്രിയ എന്ന ഒന്നാം അധ്യായത്തില്‍ ബുദ്ധമതത്തോളം വേരുകളുള്ള അതിവിശാലമായ പ്രതിക്രിയയാണ് നവോത്ഥാനമെന്ന വിലയിരുത്തല്‍ പി ജിയുടെ അഭിപ്രായത്തോടു യോജിച്ചു പോകുന്നതാണ്. ക്രസ്തുവിന് മുമ്പ് ആറാം നൂറ്റാണ്ടില്‍ ഇന്ത്യയിലുദയം ചെയ്ത ബുദ്ധ ജൈന ചാര്‍വാക ചിന്താപദ്ധതികള്‍ ഇത്തരത്തിലുള്ള പ്രസ്ഥാനങ്ങളായിരുന്നു; കാര്‍ഷികവൃത്തിയിലേക്ക് അതിവേഗം പുരോഗമിച്ചു കൊണ്ടിരുന്ന സമൂഹത്തില്‍ സാമൂഹ്യവിരുദ്ധമായി നിലനിന്നിരുന്നവയോടുള്ള പ്രതിഷേധമായാണ് ബുദ്ധമതം വളര്‍ന്നു വന്നത്  (പേജ് 8 )  അങ്ങനെ നിലനില്ക്കുന്നതിനോടുള്ള എതിര്‍പ്പാണ് പുതിയൊരു പ്രസ്ഥാനത്തിനും മുന്നേറ്റത്തിനും കാരണമായി ഭവിക്കുന്നത്. ആറും ഏഴും നൂറ്റാണ്ടുകളില്‍ ദക്ഷിണേന്ത്യയില്‍ രൂപപ്പെട്ട ഭക്തിപ്രസ്ഥാനങ്ങള്‍, പന്ത്രണ്ടാം നൂറ്റാണ്ടിലെ വീരശൈവമതം, ഗുരുനാനാക്കിനേയും കബീറിനേയും മീരയേയും രാമാനന്ദനേയും പോലെ പ്രാദേശിക ഭാഷ ഉപയോഗിച്ചുകൊണ്ട് വിവിധമാര്‍ഗ്ഗങ്ങളില്‍ ഇടപെട്ടവരുമൊക്കെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് പുതിയ ദിശകള്‍ അനുവദിച്ചവരാണ്.
            ഹൈന്ദവസമുദായത്തിലെ ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും സാമൂഹികമുന്നേറ്റത്തിന് വിഘാതമാണെന്ന തിരിച്ചറിവില്‍ രാജാറാം മോഹന്‍ റോയ് ബഹുദൈവാരാധനയും ബിംബാരാധനയും വ്യക്തിത്വവികാസത്തിന്റെ നിഷേധമാണെന്നും ഭയംകൊണ്ടുമാത്രം പുരോഹിതന്മാര്‍ക്ക്, മതനേതാക്കന്മാര്‍ക്ക് മനുഷ്യന്‍ വഴങ്ങുകയാണെന്നുമായിരുന്നു വിശ്വസിച്ചിരുന്നത്.1772 ലാണ് റോയ് ജനിച്ചത്.1829 ല്‍ സവര്‍ണ ഹിന്ദുസമൂഹത്തില്‍ വേരുറപ്പിച്ചു കഴിഞ്ഞിരുന്ന സതി എന്ന ദുരാചാരത്തെ നിരോധിക്കാന്‍ അന്നത്തെ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലായിരുന്ന വില്യം ബെന്റിക്കിന് പിന്തുണ നല്കിയതു ഇദ്ദേഹമായിരുന്നു.ഏതു രാജ്യത്തിലാണ് സ്ത്രീകള്‍ അജ്ഞതയില്‍ ആണ്ടുകിടക്കുന്നത്ആ രാജ്യം ഒരിക്കലും പുരോഗമിക്കില്ല , ജാതീയത എന്നതു രണ്ടു തരത്തിലുള്ള തിന്മയാണ്. അതു ജനതയെ വിഭജിക്കുന്നു അതേസമയം തന്നെ അവരുടെ ദേശസ്നേഹവും ഐക്യവും ഇല്ലാതെയാക്കുന്നു എന്ന കാഴ്ചപ്പാടു പുലര്‍ത്തിയിരുന്നവരുടെ ഒരു കാലഘട്ടമായിരുന്നു അത്. ഈശ്വര ചന്ദ്രവിദ്യാസാഗര്‍ നവോത്ഥാന ചരിത്രത്തില്‍ സ്മരിക്കപ്പെടുന്നത് വിധവ പുനര്‍വിവാഹത്തിന് നിയമം മൂലം സാംഗത്യമുണ്ടക്കാന്‍ പരിശ്രമിച്ചയാളെന്ന നിലക്കാണ്. അദ്ദേഹത്തിന്റെ ശ്രമഫലമായി 1855 വിധവാ പുനര്‍വിവാഹം നിയമാനുസൃതമാക്കിക്കൊണ്ട് ബ്രിട്ടീഷ് ഇന്ത്യാ ഗവണ്‍‌മെന്റ് ഉത്തരവിറക്കി.പരസ്പരം അഭിപ്രായ ഭേദങ്ങളുണ്ടായപ്പോഴും പൊതു സമൂഹം മുന്നേറണമെങ്കില്‍ ആധുനികരീതിയിലുള്ള വിദ്യാഭ്യാസം കൊണ്ടുമാത്രമേ കഴിയൂ എന്ന് ഉറച്ചു വിശ്വസിച്ച നേതാക്കന്മാരായിരുന്നു കൊണോളിയല്‍ കാലത്ത് ഉണ്ടായിരുന്നതെന്ന കാര്യം വിസ്മരിക്കാതിരിക്കുക.പ്രൈമറി വിദ്യാഭ്യാസം സൌജന്യവും നിര്‍ബന്ധിതവുമാക്കണമെന്നതായിരുന്നു അക്ഷയ് കുമാര്‍ദത്തിന്റെ അഭിപ്രായമെങ്കില്‍ ദയാനന്ദ സരസ്വതിയുടേത് ഒരുപടികൂടി മുന്നോട്ടുപോയി.എട്ടു വയസ്സു കഴിഞ്ഞാല്‍പ്പിന്നെ വീട്ടില്‍ നിറുത്തരുതെന്നും വിദ്യാഭ്യാസത്തിനയക്കണമെന്നുമുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്നും ഇത് ലംഘിക്കുന്ന മാതാപിതാക്കളെ കഠിനമായി ശിക്ഷിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.എം ജി റാനഡെയും വീരേശലിംഗവും സ്വാമി വിവേകാനന്ദനുമൊക്കെ ഈ അഭിപ്രായമുള്ളവരായിരുന്നു. മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിന് അനുസ്യൂതമായ ഇടപെട്ട സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ പ്രവര്‍ത്തനങ്ങളുടെ ഫലങ്ങളെ ആ സമുദായത്തില്‍ വെളിച്ചം വിതക്കാനുതകി.യൂറോപ്യന്‍ ശാസ്ത്രവും സാങ്കേതിക വിജ്ഞാനവും അഭ്യസിക്കണമെന്നും അതു മുസ്ലിം മതവിശ്വാസത്തിന് എതിരല്ലെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.നവീനമായ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ ഖുറാന്‍ വചനങ്ങളെ വ്യാഖ്യാനിക്കാന്‍ തയ്യാറായ അദ്ദേഹം, വിശ്വാസത്തിന്റേ പേരില്‍ അടിച്ചേല്പിക്കപ്പെടുന്ന അനാചാരങ്ങള്‍‌ക്കെതിരെ ശക്തമായ പ്രതിഷേധം തീര്‍ത്തു.1875 ല്‍ അദ്ദേഹം സ്ഥാപിച്ച ആഗ്ലോ ഓറിയന്റല്‍ കോളേജാണ് വിശ്വവിഖ്യാതമായ അലിഗഡ് യൂണിവേഴ്സിറ്റിയായി പരിലസിക്കുന്നത്.
            ദക്ഷിണേന്ത്യയിലേയും വിശിഷ്യാ കേരളത്തിലേയും മുന്നേറ്റങ്ങളെപ്പറ്റിയും പരാമര്‍ശിച്ചു പോകുന്നുവെങ്കിലും വിജ്ഞാനവര്‍ഷം എന്ന ഗണത്തില്‍‌പ്പെടുത്തി ചിന്ത പ്രസിദ്ധീകരിച്ച ഈ പുസ്തകം ഇന്ത്യന്‍ നവോത്ഥാനത്തെ അതിന്റെ സമഗ്രതയില്‍‍ ചൂണ്ടിക്കാണിക്കുന്നില്ലെന്നുതന്നെ പറയേണ്ടതുണ്ട്. എന്നാല്‍ ഇന്ത്യയുടെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് പ്രേരകമായിരുന്ന, അഥവാ ഏതെങ്കിലും വിധത്തില്‍ നിയാമകശക്തിയായി വര്‍ത്തിച്ച പ്രസ്ഥാനങ്ങളേയും വ്യക്തികളേയും കുറിച്ച്  സൂചിപ്പിച്ചു പോകുവാന്‍ ഗ്രന്ഥകര്‍ത്രി ശ്രമിച്ചിട്ടുണ്ട്.കൂടുതല്‍ വിശാലമായ പഠനത്തിനു പ്രേരിപ്പിക്കുന്ന ഒന്നാണ് ഈ ചെറു പുസ്തകം എന്നത് കാണാതിരുന്നുകൂട. അതുതന്നെയാണ് ഈ ശ്രമത്തിന്റെ പ്രസക്തിയും.
പ്രസാധകര്‍- ചിന്ത പബ്ലിഷേഴ്സ്  , വില 50 രൂപ, ഒന്നാം പതിപ്പ് ജൂണ്‍ 2009


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം