#ദിനസരികള്‍ 471 - നൂറു ദിവസം നൂറു പുസ്തകം – നാല്പത്തിമൂന്നാം ദിവസം.‌




||പുതിയ വര്‍ത്തമാനങ്ങള്‍ - എം എന്‍ വിജയന്‍||
            എം എന്‍ വിജയന്റേതായി ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ചില്‍ പ്രസിദ്ധീകരിച്ച പുതിയ വര്‍ത്തമാനങ്ങള്‍ എന്ന പുസ്തകത്തിലെ ഇന്ത്യന്‍ സംസ്കാരത്തിന്റെ രാഷ്ട്രീയ ഘടകങ്ങള്‍ എന്ന ലേഖനത്തില്‍ നാം ഇങ്ങനെ വായിക്കുന്നു നാം ഉപയോഗിക്കുന്ന ഭാഷയേയും ഭക്ഷിക്കുന്ന ഭക്ഷണത്തേയും നാം തൊടുന്ന തൊടുകുറികളേയും നാം ധരിക്കുന്ന വസ്ത്രത്തേയും നാം ഉപയോഗിക്കുന്ന നിറങ്ങളേയും എല്ലാം തന്നെ രാഷ്ട്രീയ നാണയങ്ങളാക്കി പരിവര്‍ത്തനം ചെയ്യിക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യയിലെ ദേശീയ ഫാസിസ്റ്റു ശക്തികള്‍ നടത്തുന്നത്.ഇതു വളരെ  സൂക്ഷ്മമായി സര്‍വ്വങ്കഷമായി നടന്നുകൊണ്ടിരിക്കുന്ന ശ്രമമാണെന്ന് ഇന്നു നാം തിരിച്ചറിയുന്നു ; ഒരു പക്ഷേ വൈകിയാണെങ്കിലും.ഇങ്ങനെ സാംസ്കാരികമായ ആയുധങ്ങള്‍ രാഷ്ട്രീയമായ ആയുധങ്ങളാക്കി മാറ്റിത്തീര്‍ക്കുകയും രാഷ്ട്രീയാധികാരം പിടിച്ചെടുക്കാനുള്ള ശക്തിയായി രൂപാന്തരപ്പെടുത്തുകയും ചെയ്യാം എന്ന ഈ പരീക്ഷണത്തെ നേരിടുക എന്നത് നമ്മുടെ ഒരു പ്രധാനപ്പെട്ട കടമയായിത്തീരുന്നുണ്ട്.പ്രവചനാത്മകമായ ചൂണ്ടിക്കാണിക്കലിനു നാം നന്ദി പറയുക. എന്നാല്‍ ആ ഭീഷണിയെ പിന്‍മടക്കുന്ന കാര്യത്തില്‍ നാം എത്രമാത്രം ജാഗരൂകരായിരുന്നു എന്ന കാര്യത്തിലാണ് നമുക്കു നമ്മോടുതന്നെ അവജ്ഞ തോന്നുക
            ദൈവങ്ങളെ , വിശ്വാസങ്ങളെ, ആചാരങ്ങളെ അങ്ങനെ തലമുറ തലമുറയായി നാം കൈവശം വെച്ചു കൊണ്ടിരുന്ന സാംസ്കാരികമായ ഈടുവെപ്പുകളാകമാനം ഹരിക്കപ്പെട്ട് നാം ശുദ്ധ ശൂന്യരായി തെരുവില്‍ നിലവിളിച്ചുകൊണ്ടു നില്ക്കുന്നു.നമ്മില്‍ നിന്നും അപഹരിക്കപ്പെട്ട ദൈവങ്ങളെ ഉപയോഗിച്ചു ഫാസിസ്റ്റുകള്‍ സിംഹാസങ്ങള്‍ വെട്ടിപ്പിടിക്കുന്നു. നമ്മുടെ ദൈവങ്ങളും ഇതിഹാസങ്ങളും പുരാണങ്ങളെയൊക്കെ പുതിയാതായി ചമച്ച വ്യാഖ്യാനങ്ങളാല്‍ നമുക്ക് അന്യമാകുന്നു. അത്തരം വ്യഖ്യാനങ്ങളാണ് ശരിയെന്ന് വിശ്വസിക്കാന്‍ നാം നിര്‍ബന്ധിക്കപ്പെടുന്നു. സരളയുക്തികളാല്‍ പരിഹാരം നിര്‍‌ദ്ദേശിക്കപ്പെടുമ്പോള്‍ അതാണല്ലോ ശരി എന്ന് നാം ആര്‍പ്പു വിളിച്ചു പോകുന്നു.ഫാസിസത്തിന്റെ യുക്തികളെ ചൂണ്ടി എം എന്‍ വിജയന്‍മാസ്റ്റര്‍ എഴുതുന്നു ബാബര്‍ ഇന്ത്യയിലേക്ക് വന്നയാളാണ് രാമന്‍ ഇന്ത്യയില്‍ ജനിച്ചയാളാണ്. അതുകൊണ്ട് ബാബറിന്റെ ആളുകള്‍ തിരിച്ചു പോകണം എന്നത് സരളമായ ഒരു യുക്തിയാണ്.ഇന്ത്യയും പാകിസ്ഥാനും ഇന്ത്യ രണ്ടായിരിക്കുന്നു എന്ന ചരിത്ര യാഥാര്‍ത്ഥ്യം മുന്‍നിറുത്തിക്കൊണ്ട് മുസ്ലീങ്ങളെല്ലാം ഇന്ത്യ വിട്ടുപോകണം എന്നതും വളരെ സരളമായ ഒരു ലോജിക്കാണ്.ഇങ്ങനെ സരളമായ യുക്തികളാല്‍ നിങ്ങളുടെ ബോധ്യങ്ങളെ ചോദ്യം ചെയ്തുകൊണ്ട് ഫാസിസം കവച്ചു കടക്കുന്നതു നമ്മെയൊക്കെ സാംസ്കാരിക അടിമകളാക്കിമാറ്റിക്കൊണ്ടാണ്. അതാണു ശരിയെന്നു ചിന്തിച്ചു പോകത്തക്കവിധത്തിലുള്ള ഊതിപ്പെരുപ്പിക്കലുകളെ നാം കണ്ണടച്ചുകൊടുക്കുന്നു.ഇന്ത്യന്‍ സംസ്കാരത്തിന്റെ രാഷ്ട്രീയ ഘടകങ്ങള്‍ എന്ന ലേഖനം ഈ പുസ്തകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി മാറുന്നു എന്നു പറയാതെ വയ്യ.
            കലയുടെ ലോകം പുതിയ ലോകം എന്ന ലേഖനത്തിലൂടെ കലയുടെ ലക്ഷ്യമെന്ത് എന്ന് ചിന്തിക്കുകയാണ് , വിജയന്‍ മാസ്റ്റര്‍. കല വെറുതെ കാറ്റിലേക്ക് പറത്തിവിടുന്ന പട്ടംപോലെ ലക്ഷ്യങ്ങളില്ലാത്തതാകുകയല്ല വേണ്ടത് മറിച്ച് ഒരു പൊതുമനസ്സ് സൃഷ്ടിക്കാനുതകുന്നതാകണം എന്നാണ് അദ്ദേഹം വാദിക്കുന്നത്.സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കുവാന്‍ കലക്കു കഴിയും, കഴിഞ്ഞിട്ടുണ്ട് . അതുകൊണ്ടുതന്നെ കലയെ നവീകരണത്തിനുള്ള ഉപാധിയായി കണ്ടുകൊണ്ട് സമൂഹത്തിലേക്ക് വിക്ഷേപിക്കുമ്പോഴാണ് അതു സംവാദാത്മകമാകുന്നത്. “കല ഒരു സാമൂഹ്യ പ്രവര്‍ത്തനമാണ്.കവി എന്ന ബിന്ദുവില്‍ നിന്ന് സഹൃദയന്‍ എന്ന ബിന്ദുവിലേക്ക് വരച്ച വരയാണത് എന്ന സങ്കല്പത്തില്‍ തന്നെ വ്യക്തമാണ് കലയുടെ സാമൂഹ്യ പ്രസക്തി.അതുകൊണ്ടാണ് കലക്ക് സാമൂഹ്യമാറ്റത്തിന് കഴിയുമെന്ന് പറയുന്നത്.എന്ന് അദ്ദേഹം കുമാരനാശാനെ ഉദാഹരിച്ചുകൊണ്ടു ചൂണ്ടിക്കാണിക്കുന്നു.
            സന്ദര്‍ഭവശാല്‍ കലയുടെ സ്വാതന്ത്ര്യം എവിടെ വരെ എന്നൊരു ചോദ്യത്തിനു ചെവി കൊടുക്കേണ്ടതുണ്ടെന്ന് തോന്നുന്നു.കുറച്ചു കാലങ്ങള്‍ക്കു മുമ്പ് മലയാള സിനിമയിലെ ഒരു കഥാപാത്രം മറ്റൊരു സ്ത്രീ കഥാപാത്രത്തോടു പെരുമാറിയ രീതി ( സിനിമ കസബ ) വിവാദമുയര്‍ത്തി വിടുകയുണ്ടായല്ലോ.നടനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന തലത്തിലേക്കു ഒരു വശത്തും , മറു വശത്ത് ആരോപണമുന്നയിച്ചയാളെ ആക്ഷേപിക്കുന്ന തരത്തിലും പ്രസ്തുത വിവാദം പടര്‍ന്നു കയറി.രണ്ടാമത്തേത് ഈ അടുത്ത ദിവസം എസ് ഹരീഷിന്റെ നോവലുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം കൂടി പരിഗണിക്കുക.ചിലര്‍ അവിടെ ഒരു വിഭാഗത്തിന്റെ മതപരമായ വിശ്വാസത്തെ അവഹേളിക്കാന്‍ ശ്രമിച്ചു എന്ന ആക്ഷേപമാണ് ഉന്നയിച്ചത്. മറ്റു ചിലരാകട്ടെ പ്രസ്തുത ഭാഗത്തു കടുത്ത സ്ത്രീ വിരുദ്ധതയാണ് കണ്ടെത്തിയത്.. ചിലര്‍ നോവലിസ്റ്റായ ഹരീഷിന് പിന്തുണയുമായി രംഗത്തു വന്നു ചിലര്‍ സ്വാഭാവികമായും എതിര്‍ക്കുയും ചെയ്തു. രണ്ടായാലും എഴുത്തുകാരന്‍ പ്രതിക്കൂട്ടിലേക്ക് മാറ്റി നിറുത്തപ്പെട്ടു.  ഈ പറയുന്ന തലത്തിലുള്ള ഇടപെടലുകള്‍ - അത് മതത്തിന്റെ പേരിലായാലും സ്ത്രീവിരുദ്ധതയുടെ പേരിലായാലും മറ്റെന്തിന്റെ പേരിലായാലും എഴുത്തുകാരനു നേരെയുണ്ടാകുന്നതു ആവിഷ്കാര സ്വാതന്ത്ര്യത്തിന്  വിലങ്ങിടുന്നതിനു തുല്യമാണെന്ന് പറയാതെ വയ്യ. വിശ്വാസത്തിന്റെ പേരില്‍ മതതീവ്രവാദികള്‍ എഴുത്തുകാരനെ തളയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റു ചിലതുകളുടെ പേരില്‍ അപരര്‍ അവനു ചങ്ങല തീര്‍ക്കുന്നു. ആത്യന്തികമായി എഴുത്തുകാരന് പിന്നോട്ടു പോകുക എന്ന ദുരവസ്ഥ സംജാതമാകുന്നു.ചോദ്യം ഇത്രയേയുള്ളു കിം കി ദുക്കിന്റെ പിയാത്തയില്‍ Lee Jung-jin  അവതരിപ്പിക്കുന്ന കഥാപാത്രത്തെ നാം നമ്മുടെ മാനദണ്ഡങ്ങളാല്‍ അളന്നെടുത്തുകൊണ്ട് എന്തായിരിക്കും വിധി പറയുക?
            വരകളും വര്‍ണ്ണങ്ങളും എന്ന നാലാമത്തെ ലേഖനത്തില്‍ എം എന്‍ വിജയന്റെ ഭാഷയും ഭാവവും അസാധാരണമായ തീവ്രതയോടെ ജ്വലിച്ചു നില്ക്കുന്നതുകാണുക നമ്മുടെ കുട്ടികളെ നാം വരച്ച വരയില്‍ നിറുത്തുകയും അവര്‍ ഒരിക്കലും സ്വന്തമായ വരകള്‍ വരക്കരുത് എന്ന് നിര്‍ബന്ധിക്കുകുയും ചെയ്യുന്നു.നമ്മുടെ ഏറ്റവും വലിയ തത്വശാസ്ത്രം നമ്മുടെ വീക്ഷണങ്ങള്‍ക്കപ്പുറത്ത് വീക്ഷണങ്ങളില്ല എന്നും നമ്മുടെ രേഖകള്‍ക്കപ്പുറത്ത് രേഖകള്‍ ഇല്ല എന്നും നാം കണ്ട നിറങ്ങള്‍ക്കപ്പുറത്ത് നിറങ്ങളില്ല എന്നും നാം കണ്ട സ്വപ്നങ്ങള്‍ക്കപ്പുറത്ത് സ്വപ്നങ്ങളില്ല എന്നും എന്നും സ്ഥാപിക്കലാണ്എന്നെഴുതുന്ന പ്രസ്തുത ലേഖനം നിങ്ങള്‍ അനുഭവിക്കാതെ പോകരുതെന്നു മാത്രം ഓര്‍മ്മപ്പെടുത്തുന്നു.
                       


പ്രസാധകര്‍- ഇംപ്രിന്റ് ബുക്സ് , വില 35 രൂപ, രണ്ടാം പതിപ്പ് ജനുവരി 1998

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1