#ദിനസരികള്‍ 468 - നൂറു ദിവസം നൂറു പുസ്തകം – നാല്പത്തൊന്നാം ദിവസം.‌


|



|ഒറ്റക്കവിതാപഠനങ്ങള്‍ - വൈലോപ്പിള്ളി സ്മാരക സമിതി||
            വൈലോപ്പിള്ളിയുടെ ഓണമുറ്റത്ത്, യുഗപരിവര്‍ത്തനം, എഴുത്തച്ഛന്‍, ലില്ലിപ്പൂക്കള്‍, ഊഞ്ഞാലില്‍, സഹ്യന്റെ മകന്‍, സാവിത്രി, ഉജ്ജ്വലമുഹൂര്‍ത്തം, വൈസ്രോയിയും കുരങ്ങുസൂപ്പും, സര്‍പ്പക്കാട്, ജലസേചനം, ചരിത്രത്തിലെ ചാരുദൃശ്യം, കൃഷ്ണാഷ്ടമി, കഴുതയും കുതിരയും, വിഷുക്കണി, ഓര്‍മ്മകള്‍ എന്നീ പതിനാറു കവിതകളെക്കുറിച്ചുള്ള ആസ്വാദനമാണ് വൈലോപ്പിള്ളി സ്മാരക സമിതി പ്രസിദ്ധീകരിച്ച ഒറ്റക്കവിതാ പഠനങ്ങളെന്ന ഈ പുസ്തകം.
            വൈലോപ്പിള്ളിയുടെ ദര്‍ശനത്തെ പ്രഖ്യാപിക്കുന്ന ഒരു നാലുവരി അദ്ദേഹത്തിന്റെ വരികളില്‍ നിന്നുതന്നെ ചൂണ്ടിക്കാണിക്കാന്‍ ആവശ്യപ്പെട്ടാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ
            ഏതു ധൂസരസങ്കല്പങ്ങളില്‍ വളര്‍ന്നാലും
            ഏതു യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും
            മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
            മണവും മമതയും ഇത്തിരി കൊന്നപ്പൂവും എന്നു ഞാനുറക്കെപ്പാടും.പ്രാദേശികതയുടെ കുടുസ്സുകളില്‍ നിന്ന് അകന്നുമാറി നിന്നുകൊണ്ടുവേണം ഈ വരികളെ നാം വിലയിരുത്താന്‍.ലോകത്തുള്ള ഏതു കോണിലെ ഏതൊരു വ്യക്തിയേയും തന്റെ അളവില്‍‌പ്പെടുത്തിക്കൊണ്ടാണ് വൈലോപ്പിള്ളി ഈ വരികളെ തിട്ടപ്പെടുത്തിയത്.ധൂസരസങ്കല്പങ്ങളുടം പടുതകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മറന്നു കുതികൊള്ളുന്ന ആസുരതകളെ ഇനിയും നന്നായി ഏതെങ്കിലും ഒരു കവിക്ക് ആവിഷ്കരിക്കാനാകുമോ? യാന്ത്രികമായ ചര്യകളില്‍‌പ്പെട്ട് ആരും അന്യരായിത്തീരുന്ന ഒരു ദശാസന്ധിയെ ഇതിലും മനോഹരമായി രംഗത്തവതരിപ്പിക്കാനാകുമോ? കൊന്നപ്പൂവ് , അതിന്റെ പ്രാദേശികമായ കെട്ടുപാടുകളെ കൈവെടിഞ്ഞ് വിശ്വമാകെ വ്യാപിച്ചു നില്ക്കുന്ന സവിശേഷ ചാരുതയായി മാറുന്നു. മമതയുടെ പര്യായമാകുന്നു. വൈലോപ്പിള്ളി വിശ്വമാനവികനാകുന്നതും അതുവഴി ലോകത്തെവിടേയുമുള്ള മാനുഷ്യകത്തിന്റെ കവിയായി മാറുന്നതും ഇങ്ങനെയാണ്.
            ഒരിക്കലും ഒരു പുഴയില്‍ രണ്ടുതവണ കുളിക്കാന്‍ കഴിയില്ല എന്ന പഴമൊഴിയോര്‍ക്കുക. വൈലോപ്പിള്ളിയിലേക്കിറങ്ങുകയെന്നാല്‍ പുഴയില്‍ കുളിക്കുന്നതുപോലെയാണ്. ഓരോ തവണയിങ്ങുമ്പോഴും ഓരോ തരം കുളിരിനെ അദ്ദേഹം വെച്ചനീട്ടുന്നു.ചിലപ്പോള്‍ ഒരു നറുനിലാവാകാം, ചിലപ്പോള്‍ ഒരു വെറ്റിലത്തളിരാകാം, ചിലപ്പോള്‍ ഒരു വേട്ടുവന്റെ നെറ്റിയില്‍ പൊടിഞ്ഞ സ്വേദകണമാകാം എന്തൊക്കെത്തനെയായാലും മുറവുണങ്ങുന്നതാകണം , മുറപ്പെടുത്തുന്നതാകരുത് ഓരോന്നും എന്ന കാര്യത്തില്‍ അദ്ദേഹത്തിന് നിര‍ബന്ധമുണ്ട്. അതുകൊണ്ടാണ് ഉയിരിന്‍‌ക്കൊലക്കുടുക്കാവും കയറിനെ ഉഴിഞ്ഞാലാക്കിത്തീര്‍ത്ത മനുഷ്യവൈഭവത്തെ അദ്ദേഹം സാഷ്ടാംഗം നമസ്കരിക്കുന്നത്.ആ വൈഭവത്തെ വരുംകാലത്തേക്കുള്ള പ്രത്യാശയായി അദ്ദേഹം കരുതിവെക്കുന്നത്.
            ആ വൈഭവത്തെ , എനിക്കേറെ പ്രിയപ്പെട്ട ഊഞ്ഞാല്‍ എന്ന കവിതയെ മൃത്യുഞ്ജയത്തിന്റെ പ്രണസിന്ധൂരംഎന്ന പേരിലെഴുതിയ ലേഖനത്തില്‍ ശ്രീ ആലങ്കോട് ലീലാകൃഷ്ണന്‍ പ്രത്യക്ഷപ്പെടുത്തുന്നുണ്ട്, ഈ പുസ്തകത്തില്‍.ദാമ്പത്യത്തിലെ പ്രണയനിമിഷങ്ങളെ മുന്‍നിറുത്തി ഇങ്ങനെയൊരു അതിജീവന പ്രത്യാശയെഴുതാന്‍ വൈലോപ്പിള്ളിക്കല്ലാതെ ലോകത്ത് മറ്റേതെങ്കിലും കവിക്കു കഴിഞ്ഞിട്ടുണ്ടോയെന്ന് എനിക്കറിഞ്ഞുകൂട.ഏതായാലും എന്റെ വായനാലോകത്ത് വേറെയില്ലഎന്ന് കവി കൂടിയായ ആലങ്കോട് സാക്ഷ്യപ്പെടുത്തിക്കൊണ്ട് തുടരുന്നു -ഊഞ്ഞാലില്‍ എന്ന കവിതയിലെ മുറുക്കിച്ചുവപ്പിച്ച അധരസിന്ദൂരം പ്രണയത്തിന്റേയും ദാമ്പത്യത്തിന്റേയും പരികല്പനകള്‍ വിട്ട് മനുഷ്യവംശത്തിന്റെ മുഴുവന്‍ അതിജീവന പ്രതീക്ഷയാണ്.
            മാവുകള്‍ പൂക്കും മാനത്തമ്പിളി വികസിക്കും
            മാനുഷര്‍ പരസ്പരം സ്നേഹിക്കും വിഹരിക്കും അങ്ങനെയങ്ങനെ ഉയിരിന്‍ കൊലക്കുടുക്കാക്കാവും കയറിനെ ഉഴിഞ്ഞാലാക്കിത്തീര്‍ത്തുകൊണ്ട് ഈ മണ്ണിലെ മനുഷ്യജീവിതോത്സവം മരണത്തെ ജയിക്കും എന്നുതന്നെയാണ് കവി വിശ്വസിക്കുന്നതും വിളംബരം ചെയ്യുന്നതും.
            ഏതു പ്രമാണവാക്യത്തിലേക്ക് സംഗ്രഹിക്കാന്‍ ശ്രമിച്ചാലും വൈലോപ്പിള്ളി അതിന്റെ മറുപുറത്തേക്ക് ആഞ്ഞുനില്ക്കും എന്നു വാദിച്ചുകൊണ്ട് യുഗപരിവര്‍ത്തനത്തെ മുന്‍നിറുത്തി കവിയെ പഠിക്കുയാണ് സുനില്‍ പി ഇളയിടം.കവിക്കു നാം തുന്നിക്കൊടുക്കുന്ന ഒരു തലപ്പാവും പാകമാകുന്നില്ലെങ്കില്‍ അതു കവിയുടെ കുഴപ്പമല്ലെന്നും നമ്മുടെ അളവിന്റെ പ്രശ്നമാണെന്നുമുള്ള സൂചന ഹൃദ്യമാണ്.സാവിത്രിയെക്കുറിച്ച് സജീവ് കെ വിയുടെ പഠനം ഈ പുസ്തകത്തിലെ മികച്ച ലേഖനങ്ങളിലൊന്നാണ്.ജീവിതത്തിന്റെ പൂക്കുലയരിഞ്ഞാണ് ലഹരിദായതമായ കവിതയുടെ അക്ഷയവീര്യം കിനിയുക എന്ന മഹത്തായ സത്യം വൈലോപ്പിള്ളി മനസ്സിലാക്കിയിരുന്നുവെന്ന് സജീവ് ചൂണ്ടിക്കാണിക്കുന്നു.
            പന്തിരണ്ടുപോയാണ്ടുകള്‍ , ഉച്ച
            യ്ക്കന്തിയിങ്കലോ , നിശ്ചയമില്ല, -
            അദ്രിഗഹ്വര സീമയില്‍‌ക്കേട്ടാ
            നത്തരുണനാം കല്‍‌ത്തൊഴിലാളി
            അത്ര നേര്‍‌ത്തൊരാപ്പര്‍വ്വഭിത്തി
            യ്ക്കപ്പുറത്തുനിന്നായുധ നാദം
            തല്‍പണിക്കരുവിട്ടവന്‍ കൂവീ :
            അപ്പനെന്നൊച്ചയങ്ങു കേള്‍ക്കാമോ?”
            അപ്പുറത്തു നിന്നോതിനാനച്ഛന്‍
            അപ്പനേയെനിക്കസ്സലായ് കേള്‍ക്കാം.
            പിന്നെ നീണ്ടതാഗ്ഗദ്ഗദമേവം

            എന്‍ മകനേ , വിശ്വസിക്കുന്നു.”
മലയാള കവിതയെന്ന മലതുരക്കുവാന്‍ നൂറ്റാണ്ടുകള്‍ക്കപ്പുറത്തുനിന്നും ഇനിയും വന്നെത്തുവാനുള്ള ഒരു വിദൂര സഞ്ചാരി, മറ്റേതൊരു ശബ്ദത്തെ തിരിച്ചറിഞ്ഞില്ലെങ്കിലും വൈലോപ്പിള്ളിയെ തിരിച്ചറിയുമെന്ന പ്രവചനാത്മകമായ ഒരുറപ്പാണ് ഈ പുസ്തകം.

            പ്രസാധകര്‍- വള്ളത്തോള്‍ വിദ്യാപീഠം  , വില 90 രൂപ, ഒന്നാം പതിപ്പ് ജൂലൈ 2013


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1