#ദിനസരികള് 1306 കെ ദാമോദരന്റെ കൃതികള്‍

 

എനിക്ക് വലിയ നിരാശ തോന്നിയ ഒരു ഒരു കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്നത്തെ കുറിപ്പ് ആരംഭിക്കാമെന്ന് കരുതുന്നു. ഇ എം എസിന്റെ സമ്പൂര്‍ണ കൃതികള്‍ നൂറുവോള്യങ്ങളിലായി പ്രസിദ്ധീകരിച്ചത് ഞാന്‍ വാങ്ങിയിട്ട് ഏറെ കൊല്ലങ്ങളായി. പലപ്പോഴായി ഓരോ വോള്യത്തിലൂടെയും കടന്നുപോകാനിടയുണ്ടായപ്പോഴൊക്കെ ഓരോ വോള്യങ്ങളും കൈകാര്യം ചെയ്തിരിക്കുന്ന വിഷയങ്ങളെക്കുറിച്ചും ചരിത്രപരമായി അക്കാലത്ത് അവയ്ക്കുണ്ടായിരുന്ന പ്രസക്തിയെക്കുറിച്ചും പ്രതിപാദിക്കുന്ന ഓരോ ലേഖനങ്ങള്‍ നൂറു വോള്യത്തേയും മുന്‍നിറുത്തി എഴുതണം എന്നൊരു ആഗ്രഹം എനിക്കുണ്ടായിരുന്നു. ഓരോ ലേഖനങ്ങളേയും അഥവാ പുസ്തകങ്ങളേയും വളരെ ചുരുക്കത്തില്‍ പരിചയപ്പെടുത്തിക്കൊണ്ട് എഴുതാനാണ് ഉദ്ദേശിച്ചത്. ഓരോ വോള്യത്തിലും ശരാശരി മൂന്നൂറോളം പേജുകളുണ്ട്. നൂറുവോള്യങ്ങളിലായി മുപ്പതിനായിരത്തില്‍പ്പരം പേജുകളുണ്ടാകും. അതൊരു ബൃഹത് സഞ്ചിക തന്നെയാണ്. വായിച്ചു തീര്‍ക്കുക തന്നെ ഏറെക്കുറെ അസാധ്യമായ ഒന്നാകുമ്പോള്‍ ഓരോ വോള്യത്തെക്കുറിച്ചും കുറഞ്ഞത് പത്തുപേജെങ്കിലും വരുന്ന ലേഖനം കൂടി തയ്യാറാക്കുക എന്നത് ഭഗീരഥപ്രയത്നമാണെന്ന് പറയേണ്ടതില്ലല്ലോ.അതോടൊപ്പം തന്നെ കേരളത്തിന്റേയും ഭാരതത്തിന്റേയും ലോകത്തിന്റേയും ചരിത്രത്തിലേക്കുള്ള ഒരു വിഹഗവീക്ഷണം കൂടിയാകണം ഈ ലേഖനപരമ്പര എന്നും ഞാന്‍ ചിന്തിച്ചു. അത്  ഇ എം എസ് സംവദിച്ച ഒരു നൂറ്റാണ്ടുകാലത്തിന്റെ മാത്രമല്ല , ആധുനിക കേരളത്തിന്റേയും ചരിത്രം കൂടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെ ചിന്തിച്ചപ്പോഴാണ് ഇതെവിടെയെങ്കിലും കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കുന്നയിടത്ത് പ്രസിദ്ധീകരിക്കപ്പെട്ടെങ്കില്‍ നന്നായിരുന്നുവെന്ന ഒരാഗ്രഹം ഉടലെടുക്കുന്നത്. ആ ആഗ്രഹവുമായി ഒരു ഇടതുപക്ഷ പ്രസിദ്ധീകരണത്തിലെ പ്രധാനപ്പെട്ട ഒരാളോട് സംസാരിച്ചു. അദ്ദേഹം പറഞ്ഞത് ഞാനിവിടെ ഉദ്ധരിക്കുന്നില്ലെങ്കിലും ആ ശ്രമം എന്നന്നേക്കുമായി അവാസാനിപ്പിക്കുവാന്‍ ഉതകുന്ന വിധത്തില്‍ അദ്ദേഹം എന്നെ ഉപദേശിച്ചു കളഞ്ഞു എന്നു പറയാതിരിക്കാനാവില്ല. ഇപ്പോഴും അത്തരത്തിലൊരു ആഗ്രഹം മനസ്സിലുണ്ടെങ്കിലും അതിനുവേണ്ട അധ്വാനത്തെക്കുറിച്ചാലോചിക്കുമ്പോള്‍ ഫേസ് ബുക്കിലെ ഒരു ചെറുകുറിപ്പായി ഒടുങ്ങിപ്പോകരുത് എന്നുകൂടിയുണ്ട്. അതുകൊണ്ടുതന്നെ ആ ആഗ്രഹത്തെ മനസ്സില്‍ കുഴിച്ചൂമൂടിയിട്ടിട്ട് ഏറെക്കാലമായിരിക്കുന്നു

            ഇപ്പോള്‍ ഇക്കാര്യം ഇവിടെ സൂചിപ്പിക്കുവാന്‍ കാരണം ശ്രീ കെ കെ എന്‍ കുറുപ്പ് എഴുതിയ കെ ദാമോദരനും സാമൂഹിക ശാസ്ത്ര പഠനങ്ങളും എന്ന പുസ്തകമാണ്. കെ ദാമോദരന്റെ കൃതികള്‍ പ്രഭാത് ബുക്സാണ് പത്തുവാല്യങ്ങളായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആ പത്തു വാല്യങ്ങളെ മുന്നൂറോളം പേജുകളിലേക്കാണ് ശ്രീ കുറുപ്പ് സംഗ്രഹിച്ചെടുത്തിരിക്കുന്നത്. ചിന്തകനായ ഒരെഴുത്തുകാരനും സാമൂഹികക ശാസ്ത്രകാരനും എന്ന നിലയില്‍ ദാമോദരനെ സമീപിക്കുന്നത് വരാന്‍ പോകുന്ന തലമുറകള്‍ക്ക് അദ്ദേഹത്തെ മനസ്സിലാക്കുവാന്‍ ഒരവസരം സൃഷ്ടിക്കുമെങ്കില്‍ അതാണ് ഈ പരിചയപ്പെടുത്തല്‍‌കൊണ്ട ഉദ്ദേശിക്കുന്നതെന്നാണ് കെ കെ എന്‍ കുറുപ്പ് ഇത്തരമൊരു പരിശ്രമത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

            കെ ദാമോദരന്‍ കേരളത്തില്‍ കൂടുതല്‍ ആഴത്തില്‍ പഠിക്കപ്പെടേണ്ട ഒരാളാണ് എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല. കെ കെ എന്‍ കുറുപ്പ് സൂചിപ്പിക്കുന്നതുപോലെ പോലെ അദ്ദേഹം അക്കാദമിക പണ്ഡിതനല്ലെങ്കിലും ജനപക്ഷത്തു നിന്നുകൊണ്ട് അക്കാദമിക വിഷയങ്ങള്‍  വളരെ സമര്‍ത്ഥമായി കൈകാര്യം ചെയ്തവരിന്‍ അഗ്രഗണ്യനാണ്.ഭാരതീയ ചിന്തകള്‍ പോലെയുള്ള ബൃഹത് ഗ്രന്ധങ്ങള്‍ ചുരുക്കിയെഴുതുക എന്നതൊരു വലിയ വെല്ലുവിളിയാണെന്നും കുറുപ്പ് എടുത്തെഴുതുന്നുണ്ട് "ദാമോദരനെപ്പോലെയുള്ള എഴുത്തുകാര്‍ നിര്‍വ്വഹിച്ച ഭാഷാപരമായ സേവനം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമെന്ന നിലയിലും ആദരിക്കപ്പെടേണ്ടിയിരിക്കുന്നു.ആ ആദരവിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തിന്റെ ഹ്രസ്വമായ ഒരു ജീവചരിത്രക്കുറിപ്പിനോടൊപ്പം പ്രഭാത് ബുക്ക് ഹൌസ് പത്തു വോള്യങ്ങളിലായി പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പഠനങ്ങളെ അടിസ്ഥാനമാക്കി ഒരു പഠനം ഇവിടെ അവതരിപ്പിക്കുന്നത്." അദ്ദേഹത്തിന്റെ കൃതികളിലെ കുറ്റങ്ങളോ കുറവുകളോ ചൂണ്ടിക്കാട്ടുവാനല്ല , കൃതികളിലെ ആശയം സംക്ഷിപ്തമായി മലയാളികളായ വായനക്കാരെ പരിചയപ്പെടുത്താനുള്ള ഒരു എളിയ ശ്രമമാണ് ഇതെന്നുകൂടി കുറുപ്പ് രേഖപ്പെടുത്തുന്നുണ്ട്.എന്തായാലും ഇത്തരത്തിലൊരു പഠനം ദാമോദരനെ കൂടുതല്‍ അടുത്തറിയുവാന്‍ ഏറെ സഹായിക്കുന്നതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

 


മനോജ് പട്ടേട്ട്

19-02-2021

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1