#ദിനസരികള് 1308 || മരണാനന്തരം ||




മരിച്ചു ഞാനിന്നലെയുച്ചയ്ക്കു, ഒരു രാത്രി
തികച്ചും മരവിച്ചു കിടന്നൂ വഴിവക്കില്‍ !
ആരുമേ കണ്ടില്ലല്ലോയെന്നെ, യെന്നല്ലാ കാറി
ക്കൂവിയാര്‍ത്തിട്ടും ആരും കേട്ടതുമില്ല, കഷ്ടം !
പിറ്റേന്ന് തോട്ടിപ്പണിയെടുക്കും ഗോപാലനാ
ണപ്പടിയുറുമ്പുകള്‍ പൊതിഞ്ഞോരെന്നെത്തൂക്കി -
റോട്ടിലേക്കെറിഞ്ഞതും നാട്ടുകാരോടിക്കൂടി
വാസവനാണല്ലോയെന്നറിഞ്ഞങ്ങെടുത്തതും !
വീട്ടിലെക്കെത്തി കെട്ടിപ്പൂട്ടി, യെന്നാലും കാണാം
കേള്‍ക്കാമൊക്കെയും ! ചുറ്റും പലരും വിതുമ്പുന്നു : -
"അത്രയുമായില്ലല്ലോ പ്രായ, മീക്കൊല്ലം പാവം
മുപ്പത്തിയേഴില്‍ ! കഷ്ടമെന്നിട്ടും പൊയ്പ്പോയല്ലോ"
നീട്ടിത്തുപ്പുന്നുണ്ട് നാവുകള്‍, കണ്ണീരൊപ്പി
മൂക്കൂതൂക്കുന്നു ചില കൈയ്യുകള്‍ ! ഇവര്‍‌ക്കൊക്കെ
ഇത്രയും പ്രിയപ്പെട്ടോന്‍ ഞാ? നതറിയുവാന്‍
എത്രയോ വൈകി ! ഹൃത്തില്‍ സങ്കടം മുളയ്ക്കുന്നു

എത്രവേഗമാണെന്നെ കുളിപ്പിച്ചൊരുക്കിയെന്‍
നെറ്റിയില്‍ ഭസ്മംതൊട്ട് മിനുക്കിയെടുത്തതും !
പുത്തനാമുടുപ്പിന്റെ വൃത്തിയില്‍ തെളിഞ്ഞു ഞാ -
നെത്രയും സ്വാസ്ഥ്യം നേടി ചമഞ്ഞേ കിടക്കുന്നൂ .

ആര്‍ത്തികള്‍ തീര്‍ന്നു , ചുറ്റുമാര്‍ത്തവര്‍ മാറി
മഞ്ചമാള്‍ക്കാര്‍തന്‍ ചുമലേറി തെക്കോട്ടു തിടുക്കുന്നു.
പതിയെച്ചിതയിലേക്കിറക്കി പ്രിയപ്പെട്ടോര്‍
നിറയും മിഴികളാലന്ത്യമാം മൊഴിയോതി.

മാമ്പഴക്കാലത്തിന്റെ രുചികള്‍ , കടലാസു
തോണിയില്‍ കടല്‍ നീന്തുമുറുമ്പിന്‍ നിനവുകള്‍
കാറ്റടിച്ചൊടിച്ചൊരു കൈതതന്‍ മദഗന്ധം
പൂത്തരാവാകെച്ചീന്തിപ്പാലപ്പൂ സൌന്ധികം
എനിക്കു കൊതിക്കുന്നൂ , നിങ്ങളെ ച്ചൂറ്റും കൂട്ടി
യൊരിക്കല്‍ക്കൂടി കണ്ണില്‍ കളിമ്പം നിറയ്ക്കുവാന്‍
വന്നുമുട്ടുന്നു മൂക്കില്‍ നെയ്മണം ! ഓര്‍മ്മത്തിരി
ച്ചെന്നു തീകത്തിച്ചെന്റെ നെഞ്ചിനെയുരുക്കുന്നു !



മനോജ് പട്ടേട്ട്
23-02-2021






Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1