#ദിനസരികള് 1309 നെഹ്രുവും മോഡിയും - അപ്രസക്തമായ താരതമ്യങ്ങള്‍

 

"ഒരു വിശക്കുന്ന പുരുഷനോ സ്ത്രീക്കോ ദര്‍ശനങ്ങളില്‍ യാതൊരു അര്‍ത്ഥവും കാണാനാവില്ല. അവര്‍ക്കു വേണ്ടത് ഭക്ഷണമാണ്. ഇന്ത്യ പട്ടിണി കിടക്കുമ്പോള്‍ സത്യം ദൈവം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് അപഹാസ്യമാണ്.നാം അവര്‍ക്ക് ആവശ്യമായ ആഹാരം കണ്ടെത്തണം.വസ്ത്രം വീട് വിദ്യാഭ്യാസം ആരോഗ്യം എന്നിങ്ങനെ ഓരോരുത്തര്‍ക്കും അത്യന്താപേക്ഷിതമായ കാര്യങ്ങള്‍ ലഭ്യമാക്കണം. അത്രയും ചെയ്തുകഴിഞ്ഞാല്‍ പിന്നെ നമുക്ക് ദാര്‍ശനികമായി ചിന്തിക്കാം. ദൈവത്തെക്കുറിച്ചുള്ള പരിചിന്തനങ്ങളുമാകാം.അതുകൊണ്ട് ശാസ്ത്രം ആ വഴിക്ക് ചിന്തിക്കുകയും പ്രവര്‍ത്തിക്കുയും ചെയ്യേണ്ടിയിരിക്കുന്നു.ഇത് സംയോജി ആസൂത്രണത്തിന്റെ വിശാലമായ തലത്തിലാണ് നടക്കേണ്ടത്" ശ്രീ എം പി വീരേന്ദ്രകുമാര്‍ എഴുതിയ നെഹ്രു അനുഭവങ്ങളും പാളിച്ചകളും എന്ന ലേഖനത്തില്‍ നിന്നുമാണ് മനുഷ്യന് നന്മയുണ്ടാകട്ടെ എന്നാഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഊര്‍ജ്ജപ്രദായകമായ മേല്‍ പ്രസ്താവന ഉദ്ധരിച്ചത്.

            നെഹ്രുവില്‍ നിന്നും ഇന്ന് ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോഡിയിലേക്കു് എത്ര ദൂരമുണ്ട് എന്നൊന്ന് ചിന്തിച്ചു നോക്കുന്നത് നമ്മുടെ രാജ്യത്തിന്റെ വര്‍ത്തമാനകാലാവസ്ഥ എന്താണെന്ന് മനസ്സിലാക്കാന്‍ പ്രയോജനപ്പെടും. നെഹ്രു ചിന്തിച്ചതിനും പ്രവര്‍ത്തിച്ചതിനും നേര്‍വിപരീതമായി രാജ്യത്തെ ഭ്രമണം ചെയ്യിക്കുവാനുള്ള ശക്തമായ നീക്കമാണ് മോഡിയുടെ ഒന്നാമത്തെ സര്‍ക്കാറിന്റെ കാലത്തുണ്ടായത്. രണ്ടാമത്തെ സര്‍ക്കാറും അതില്‍ നിന്നും വിഭിന്നമല്ലെന്നു മാത്രമല്ല രാജ്യത്തെ കൂടുതല്‍ ആത്മാര്‍ത്ഥതയോടെ കൂടുതല്‍ വേഗതയില്‍ റിവേഴ്സ് ഗിയറിലോടിക്കുവാനാണ് ഇപ്പോള്‍ മോഡിയും കൂട്ടരും ഇപ്പോള്‍ കൊണ്ടു പിടിച്ച് പരിശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ നെഹ്രുവിനെക്കുറിച്ചുള്ള ചിന്തകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.

            നെഹ്രു പാളിച്ചകളില്ലാത്ത നേതാവാണെന്നോ തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്നോ ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നില്ല. നെഹ്രു ചെയ്ത തെറ്റുകള്‍ ചരിത്രത്തില്‍ ക്ഷമിക്കപ്പെടാത്തതായ ഏടുകളായി ഇപ്പോഴും മുഴച്ചു നില്ക്കുന്നുണ്ട്. എങ്കിലും ജനതയെ വിശ്വാസത്തിന്റേയും ജാതിയുടേയും മതത്തിന്റേയും പേരില്‍ തമ്മിലടിപ്പിച്ച് ഭിന്നിപ്പിച്ച് അടിച്ചകറ്റാനുള്ള കുത്സിതനീക്കമുണ്ടായിട്ടില്ലെന്നത് അടിവരയിട്ടു പറയുക തന്നെ വേണം. ചാണക്യ എന്ന പേരില്‍ തന്നെത്തന്നെ നിശിതമായി വിമര്‍ശിച്ചു കൊണ്ട് അദ്ദേഹം മോഡേണ്‍ റിവ്യുവില്‍ എഴുതിയ ലേഖനവും ശങ്കറിനോട് എന്നെ വെറുതെ വിടരുത് എന്ന് അഭ്യര്‍ത്ഥിച്ച സംഭവവുമൊക്കെ നെഹ്രുവിലെ ജനാധിപത്യവാദിയെ അടയാളപ്പെടുത്തുന്നു. രവീന്ദ്രനാഥടാഗോര്‍ നെഹ്രുവിനെക്കുറിച്ച് എഴുതിയ വരികള്‍ ഉദ്ധരിച്ചു കൊണ്ടാണ് എം പി വി തന്റെ ലേഖനം അവസാനിപ്പിക്കുന്നത്. " ജനങ്ങളുടെ മനസ്സു മോചിപ്പിക്കാനും അവരെ പ്രസ്ഥാനത്തില്‍ വ്യാപൃതരാക്കുവാനും സങ്കുചിതമായ ദേശീയതയില്‍ നിന്ന് മോചിപ്പിക്കുവാനും അനുഷ്യനെ ചെറുതാക്കുന്ന അപമാനകരമായ കൂറുകളില്‍ നിന്ന് മുക്തനാകാനും എന്തെല്ലാം ചെയ്തു ചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്നതിന്റെ വെളിച്ചത്തിലായിരിക്കണം ചരിത്രം അദ്ദേഹത്തെ വിലയിരുത്തേണ്ടത്." ഇത്തരത്തിലൊരു നേതാവുമായി നരേന്ദ്രമോഡിയെന്ന നൃശംസതയെ താരതമ്യപ്പെടുത്താന്‍ ഉദ്യമിച്ച എനിക്ക് ചരിത്രം മാപ്പു നല്കട്ടെ !

 


മനോജ് പട്ടേട്ട്

24-02-2021

 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം