#ദിനസരികള്‍ 284
വേദനവിങ്ങും സമൂഹത്തില്‍
നിന്നു ഞാന്‍
വേരോടെ
ചീന്തിപ്പറിച്ചതാണിക്കഥ – എന്ന ഈരടി സ്കൂള്‍ കാലങ്ങളിലെ
കഥാപ്രസംഗവേദികളില്‍ നിന്നും സ്ഥിരം ഉയര്‍ന്നു കേള്‍ക്കാറുണ്ടായിരുന്നു സവിശേഷമായ
വശീകരണശേഷിയുണ്ടായിരുന്ന ആ വരികള്‍ ആരെഴുതിയതാണെന്നോ ഏത് കവിതയിലേതാണെന്നോ അന്ന്
അറിയില്ലായിരുന്നു. പിന്നീടെപ്പോഴോ ആയിഷ വായിച്ചപ്പോഴാണ് മലയാളത്തിലെ മികച്ച
ഖണ്ഡകാവ്യങ്ങളിലൊന്നായ ആയിഷയെ അവതരിപ്പിക്കുന്നതിനുവേണ്ടി വയലാര്‍ എഴുതിയ വരികളാണ്
ഇവയെന്നറിഞ്ഞത്. ആ വരികള്‍ക്കൊപ്പം ആദ്യവായനയില്‍ത്തന്നെ എന്റെ ഹൃദയത്തില്‍ തുളച്ചു
കയറിയ മറ്റു ചില തുമുണ്ടായിരുന്നു.ആയിഷ വായിച്ചു തുടങ്ങുന്നതിനുമുമ്പുതന്നെ
ആമുഖമായി എഴുതപ്പെട്ടിരുന്ന ഈ വരികള്‍ കാണാതെ പഠിക്കുവാനാണ് അന്നെനിക്ക്
തോന്നിയത്.പിന്നീട് കുറേക്കാലത്തേക്ക്
ദാഹമടങ്ങാത്ത ദാഹ, മെന്‍ ചേതന
ദാഹിച്ചു ദാഹിച്ചു വാ പിളര്‍ത്തീടവേ
തന്നൂ ജലം നിങ്ങ, ളന്നതു നിങ്ങള്‍ തന്‍
കണ്ണൂനീരായിരുന്നെന്നറിഞ്ഞില്ല ഞാന്‍
പാടാന്‍ ശ്രമിച്ചു പലപ്പോഴും ഞാനെന്റെ
യോടക്കുഴലില്‍ ശ്രുതിപ്പിഴ വന്നുവോ?
ചിട്ടയില്‍
നിങ്ങളെന്‍ പാട്ടിനു താളങ്ങള്‍
കൊട്ടീ പലപ്പോഴും നാഡിത്തുടുപ്പിനാല്‍
നീളെക്കുറുമൊഴിമുല്ലകള്‍ പൂവിട്ട
പോലെ
ചിരിച്ചവര്‍ നിങ്ങളാണപ്പൊഴും
നിങ്ങളില്ലാത്തൊരു
ഗാനപ്രപഞ്ചമി
ല്ലംഗീകരിക്കുകെന്‍
ധന്യവാദങ്ങളെ
- എന്നു പാടി നടക്കുക തന്നെയായിരുന്നു
തൊഴില്‍.
മാസ്മരികനായ
വയലാര്‍ എക്കാലത്തും ഒരാവേശമാണ്.ത്രസിപ്പിച്ചുണര്‍ത്തുവാനുള്ള വയലാറിന്റെ കഴിവ്
അനിതരസാധാരണമാണ്.നിസ്വവര്‍ഗ്ഗത്തോട് സവിശേഷമായ പ്രതിപത്തി പ്രകടിപ്പിക്കുന്ന ആ
തൂലിക പ്രത്യക്ഷമായും ചേര്‍ന്നുനിന്നത് അധ്വാനിക്കുന്ന വര്‍ഗ്ഗത്തോടൊപ്പമായിരുന്നു.
സമൂഹത്തിലെ വേദനകളാണ് തന്റെ കവിതയുടെ ഇന്ധനം എന്നു തിരിച്ചറിഞ്ഞിരുന്ന വയലാറിന്
അങ്ങനെയേ കഴിയുമായിരുന്നുള്ളു. വിത്തപ്രതാപത്തിന്റെ ദുഷ്ടശക്തികള്‍
കാട്ടിക്കൂട്ടുന്ന വിക്രമങ്ങളില്‍ അടിപ്പെട്ടു ജീവിതം ഹോമിക്കപ്പെടുന്ന
പാവപ്പെട്ടവനെക്കുറിച്ച് അവന്റെ വേദനകളെക്കുറിച്ച് എഴുതപ്പെട്ട ‘ആയിഷ’യും വയലാറിന്റെ അത്തരം നിലപാടുകള്‍ക്ക് ഉദാഹരണമാണ്.
ആയിഷ
പങ്കുവെക്കുന്ന വേദനകളോട് മുഖംതിരിക്കുവാന്‍ മനുഷ്യരായവര്‍ക്ക് അസാധ്യമാണ്.ആയിഷയെ
സൃഷ്ടിച്ചവര്‍ക്ക് അവളുടെ മകനായ റഹീം ചൂണ്ടിക്കാണിച്ചു കൊടുക്കുന്ന ഒരു
ധീരനൂതനലോകമുണ്ട്. :-
“അമ്പിളിപ്പെണ്ണിനെ മൊത്തുവാന്‍ മാനത്തു
പൊന്‍പണം തൂകിയോരെ –
നിങ്ങടെ കൊമ്പന്‍ തലപ്പാവു
തട്ടിക്കളയുന്ന
ചെമ്പന്‍ പുലരി കണ്ടാ…. ?“ ആ ചെമ്പന്‍ പുലരിയുടെ ആഗമനത്തിന്
വിഘാതമാകുന്നതിനെയൊക്കെയും തട്ടിയകറ്റുമെന്ന പ്രതിജ്ഞ കൂടിയാണ് റഹീമിന്റെ
വാക്കുകള്‍.റഹീമിനെപ്പോലെയുള്ള ഒട്ടധികം പേരാണ് ഒരു ചെമ്പന്‍ പുലരിക്കുവേണ്ടി
കാത്തിരിക്കുന്നത്.ആ കാത്തിരിപ്പിനു പ്രതീക്ഷ നല്കുന്ന ചിലതെങ്കിലും നാം അവര്‍ക്കുവേണ്ടി കാത്തുവെക്കേണ്ടതല്ലേ ?
ഈ യുഗത്തിന്റെ വിരല്‍ത്തുമ്പു ഭാവിതന്‍
മായാത്ത രക്തക്കുറിപ്പെഴുതീടവേ
നാളെയേ നോക്കി വരണ്ടൊരെന്‍ ചുണ്ടിനാല്‍
ചൂളം വിളിക്കാന്‍ ശ്രമിക്കുകയാണു ഞാന്‍- ആ
ശ്രമത്തിനൊപ്പം നാമ്മളും കഴിയുന്ന വിധത്തില്‍ പങ്കു ചേരുക. അത്രമാത്രം.
Comments