#ദിനസരികള്‍ 289


മധ്യേന്ത്യയിലെ ആദിവാസികളുടെ ദുഷ്കരമായ ജീവിതത്തിന് താങ്ങും തണലുമായി മാറിയ ദയാബായി എന്ന മേഴ്സി മാത്യുവിന്റെ ആത്മകഥയാണ് “പച്ചവിരല്‍”. വിമോചനദൈവശാസ്ത്രത്തിന്റെ പ്രയോക്താവായ ദയാബായി ജനിച്ചത് 1941 ഫെബ്രുവരി 22 ന് കേരളത്തിലാണ്.സന്യാസജീവിതമാണ് തന്റെ ജീവിതവഴിയെന്ന് തിരിച്ചറിഞ്ഞ അവര്‍ സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കന്യാസ്ത്രീയാകുന്നതിനുവേണ്ടി ഒരു മഠത്തില്‍ ചേര്‍ന്നുവെങ്കിലും ആ തരത്തിലുള്ള സാമ്പ്രദായികസന്യാസം തന്റെ ആത്മാവിനെ തൃപ്തിപ്പെടുത്താനുതകില്ലെന്ന തിരിച്ചറിയുകയും സന്യാസം ഉപേക്ഷിക്കുകയും ചെയ്തു.ഈ ഘട്ടത്തെക്കുറിച്ച് അവര്‍ പറയുന്നു ”എന്റെ പ്രാര്‍ത്ഥനാവേളകളില്‍ കണ്ണീരിന്റെ നിമിഷങ്ങ‌ള്‍ക്ക് അറുതിയില്ലായിരുന്നു.സ്കൂള്‍ പഠനകാലത്ത് വായിച്ചുകൂട്ടിയി പുസ്തകങ്ങളില്‍ നിന്ന് കണ്ടെത്തിയ മിഷണറിമാരെയോ പ്രേഷിതവേല ചെയ്യുന്നവരെയോ കോണ്‍‌വെന്റുകളില്‍ കണ്ടെത്താനായില്ല.എന്റെ ചിന്തയിലുണ്ടായിരുന്ന മിഷണറിമാര്‍ കാറ്റും വെയിലും കൂസാതെ ജീവിതം ദുരിതമായവരുടെ കൂടെ അതുപങ്കിട്ട് ജീവിക്കുന്നവരായിരുന്നു” എന്നാല്‍ ആശ്രമജീവിതം ഉപേക്ഷിച്ചുവെങ്കിലും സഭക്കു കീഴില്‍ ബീഹാറില്‍ തന്നെയുള്ള ഒരു സ്കൂളിലേക്ക് പഠിപ്പിക്കുവാനായി അവര്‍ നിയോഗിക്കപ്പെട്ടു. ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയിലെ അധ്യാപകജീവിതമാണ് മേഴ്സിമാത്യുവിന്റെ ജീവിതം ആദിവാസികള്‍ക്കായി ഉഴിഞ്ഞുവെക്കുവാന്‍‌ പ്രേരണയായത്. പിന്നീട് വിവിധങ്ങളായ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ജീവിതങ്ങളുമായി ഇടപഴകുവാന്‍ ശ്രമിക്കുകയും അധസ്ഥിതരും മാറ്റി നിറുത്തപ്പട്ടവരുമായ കീഴാള ജനതയുടെ ക്ഷേമൈശ്വര്യങ്ങളാണ് തന്റെ ജീവിതോദ്ദേശം എന്നു തിരിച്ചറിയുകയും ചെയ്തു. ആ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ മധ്യപ്രദേശിലെ ചിന്ത്‌വാഡയിലെ ഒരു ഗ്രാമത്തില്‍ തന്റെ ജീവിതപോരാട്ടങ്ങളുമായി ആദിവാസികള്‍‌ക്കൊപ്പം അവര്‍ ജീവിക്കുന്നു.

മേഴ്സിമാത്യുവില്‍ നിന്ന് ദയാബായിയിലേക്കുള്ള യാത്ര എത്രമാത്രം സന്ദിഗ്ദ്ധമായിരുന്നുവെന്ന് അവരുടെ വാക്കുകളിലുടെ വിരിയുന്ന ജീവിതം തന്നെയാണ് സാക്ഷി.ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവും സാംസ്കാരികബോധവുമൊക്കെയുണ്ടെന്ന് അഭിമാനിച്ചു രസിക്കുന്ന നമ്മള്‍ മലയാളികള്‍ ബസ്സില്‍ നിന്നും ഇറക്കിവിട്ടുകൊണ്ടാണ് അവരെ സ്വീകരിച്ചതെന്നെ കാര്യം വിസ്മരിക്കരുത്.അങ്ങനെയാണെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും അവര്‍‌ നേരിടേണ്ടിവന്ന വെല്ലുവിളികള്‍ നമ്മുടെ ഊഹങ്ങള്‍‌ക്കൊക്കെ അപ്പുറത്തായിരിക്കും.പോലീസുകാര്‍ , രാഷ്ട്രീയക്കാര്‍ , ഉദ്യോഗസ്ഥര്‍ , ഉയര്‍ന്ന ജാതിക്കാര്‍ , ഗോത്രമുഖ്യര്‍ തുടങ്ങി സ്ഥാപനവത്കരിക്കപ്പെട്ട പ്രമുഖ സംവിധാനങ്ങളോട് കലഹിക്കുകയും ആദിവാസികളുടേയും അധസ്ഥിതരുടേയും അവകാശങ്ങള്‍ക്കുവേണ്ടി പോരാടുകയും ചെയ്ത ഒരാളുടെ ജീവിതമാകെത്തന്നെയും ദുരനുഭവങ്ങളുടെ തീച്ചുളയിലൂടെയായിരിക്കും കടന്നുപോയിട്ടുണ്ടാകുക. ദയാബായിയും ഇതില്‍ നിന്ന് ഭിന്നമല്ല.പീഢിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടി കൊടുത്ത പരാതിയില്‍ കേസെടുക്കാന്‍ തയ്യാറാകാതിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്ത ബായിയോട് അയാള്‍ പെരുമാറിയ ഒരനുഭവം അവര്‍ പങ്കുവെക്കുന്നുണ്ട്. അപ്രതീക്ഷിതമായി കിട്ടിയ പോലീസുകാരന്റെ അടിയില്‍ പല്ലുകളിളകി ചോരയൊലിച്ച ഒരു സന്ദര്‍ഭത്തില്‍ ”യു ഹാവ് നോ റൈറ്റ് ടു ടച്ച് മീ” എന്നു പറഞ്ഞ ബായിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ഭിത്തിയില്‍ ചേര്‍ത്തുവെച്ച് ഇടിക്കുകയും ചെയ്തതിനുശേഷമാണ് പോലീസിന്റെ തനിസ്വഭാവത്തെക്കുറിച്ചുള്ള ശരിയായ ധാരണ ബായിക്കുണ്ടാകുന്നത്.അതിനുശേഷം അവരുടെ പോരാട്ടം പോലീസിന്റെ ക്രൂരതകള്‍‌ക്കെതിരെയുമായിത്തീര്‍ന്നു.

ദയാബായി സമ്പന്നന്റെ ക്രിസ്തുവിനെയല്ല അന്വേഷിക്കുന്നത്.യാന്ത്രികമായ ആഘോഷങ്ങളുടെ പൊങ്ങച്ചങ്ങളില്‍ ഊതിവീര്‍പ്പിച്ചു നിറുത്തിയിരിക്കുന്ന ഒന്നല്ല അവര്‍ക്ക് നിസ്വവര്‍ഗ്ഗത്തോടുള്ള സ്നേഹം. “സമ്പന്നന്റെ മണിമേടയില്‍ നിന്ന് ദരിദ്രന്റെ തുറസ്സിലേക്ക് ഇറങ്ങിവന്നുകൊണ്ടുവേണം യേശുവിനെ കണ്ടെത്താന്‍ “ എന്നാണ് അവര്‍ പറയുക.മതം മാറ്റാന്‍ ശ്രമിക്കുന്നു എന്ന ആക്ഷേമുയര്‍ത്തിക്കൊണ്ടുള്ള ആക്രമണത്തെ അവര്‍‌ നേരിട്ടതും മതമല്ല, വിശപ്പാണ് വലുത് എന്ന മറുപടികൊണ്ടാണ്.എങ്ങനെയൊക്കെ മനുഷ്യനാകാം എന്ന ചോദ്യത്തിന്റെ സാര്‍ത്ഥകമായ ഉത്തരമാണ് ദയാബായിയുടെ ജീവിതകഥ.


(പുസ്തകം തയ്യാറാക്കിയിരിക്കുന്ന വിത്സന്‍ ഐസകാണ്. ഡി സി ബുക്സാണ് പ്രസാധകര്‍)

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1