#ദിനസരികള്‍ 387
ക്ഷുദ്രമനസ്സുകള്‍ അരങ്ങുവാഴുന്ന ഇക്കാലത്ത് ജീവിച്ചുപോകുക
എന്നതുതന്നെ വലിയ വെല്ലുവിളിയാണ്.അപ്പോള്‍ ആ ക്ഷുദ്രത നമ്മെ തീണ്ടാതെയിരിക്കണം
എന്നൊരു ആഗ്രഹം കൂടിയുണ്ടെങ്കിലോ? ജീവിതത്തില്‍ എത്രമാത്രം
ജാഗ്രത പുലര്‍ത്തിയാലും പോര എന്നതാണ് സത്യം.ചുറ്റും കൂടി നില്ക്കുന്നവരില്‍
ആരൊക്കെ ഏതൊക്കെ തലത്തിലും തരത്തിലുമുള്ള കൂടോത്രങ്ങളാണ്
ചെയ്തുവെച്ചിരിക്കുന്നതെന്ന് നാമെങ്ങനെ തിരിച്ചറിയും? നരിയായും
പുലിയായും നാഗമായും ഖഗമായുമൊക്കെ ഏതുസമയത്തും നമ്മെ തീണ്ടാന്‍ അവരെത്തും.
തീണ്ടിക്കഴിഞ്ഞാല്‍പ്പിന്നെ നമ്മില്‍ അവരുടെ ചിന്തകളും രീതികളും പതുക്കെപ്പതുക്കെ
തിടം വെക്കുന്നു. രൂപാന്തരമായി. നമുക്ക് ദംഷ്ട്രകള്‍ മുളക്കുന്നു. ചെതുമ്പലുകള്‍
പൊടിക്കുന്നു. നഖങ്ങള്‍ വളരുന്നു.രോമങ്ങള്‍ക്ക് വാള്‍മുനയാകുന്നു.കണ്ണുകളില്‍
അമാനവികമായ തിളക്കം വന്നുവീഴുന്നു.അതിനെ പ്രതിരോധിക്കാന്‍ ജാഗ്രത എന്നല്ല നിതാന്ത
ജാഗ്രത വേണം എന്നതാണ് മുന്നറിയിപ്പ്.
ഈ മുന്നറിയിപ്പ് ഇവിടെ ഉയരാന്‍ തുടങ്ങിയിട്ട്
കാലങ്ങളായിരിക്കുന്നുവെങ്കിലും നാം അത്രമാത്രം ചെവികൊടുത്തില്ല എന്നതാണ് സത്യം.കുറച്ചുകൂടി
കടത്തിപ്പറയാന്‍ നിങ്ങളെന്നെ അനുവദിക്കുകയാണെങ്കില്‍ നാം അവരെ ചിലപ്പോഴൊക്കെ
താലോലിച്ചുപോയിട്ടുണ്ട് എന്നതാണ് വാസ്തവം.നമ്മുടെ താല്കാലികമായ നേട്ടങ്ങള്‍ക്കു
വേണ്ടി, വ്യക്തിപരമായ താല്പര്യങ്ങള്‍ക്കു വേണ്ടി, സംഘടനാപരമായ എണ്ണം തികയ്ക്കലിന്
വേണ്ടി.ഇപ്പോള്‍ അവര്‍ നമ്മുടെ ലാളനകളേറ്റു വാങ്ങി വളര്‍ന്നു വലുതായി നമുക്കു
മുകളിലേക്കുതന്നെ ചാഞ്ഞുനില്ക്കുകയാണ്. ഏതുസമയത്തും നമുക്കു മുകളിലേക്ക്
വന്നുവീഴാവുന്ന ആഘാതമായി.നമ്മുടെ സംരക്ഷണ കവചങ്ങള്‍ ഊരിമാറ്റപ്പെട്ടിരിക്കുന്നു.പക്ഷേ
ഈ അവസാനനിമിഷങ്ങളിലും നാം ഇക്കാര്യങ്ങളെക്കുറിച്ച് വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല
എന്നതാണ് സത്യം.
നാം വസ്ത്രങ്ങള്‍ ധരിക്കുന്നത് മറയ്ക്കേണ്ടതു മറയ്കുന്നതിന്
വേണ്ടിയല്ലേ? ഉള്ളിലൊന്നുമില്ലാത്തവന്
അടിവസ്ത്രമെന്തിന്? അല്ലെങ്കില്‍ വസ്ത്രംതന്നെ എന്തിന്?
വിധേയത്വത്തിന്റെ വേലിയേറ്റങ്ങളില്‍ നാം എല്ലാംതന്നെ പണയം
കൊടുത്തിരിക്കുന്നു.കാത്തുവെക്കേണ്ടതും സംരക്ഷിച്ചുവെക്കേണ്ടതുമായ നമ്മുടെ ചില
ബലങ്ങളെ തമ്പുരാന്റെ പടിവാതില്‍ക്കല്‍ കൊണ്ടുപോയി പണയം കൊടുത്തിട്ട് ഇപ്പോഴും അങ്ങനെ പണയപ്പെടുത്താത്ത
അപൂര്‍വ്വം ചിലരെ നേക്കി കൊഞ്ഞനം കുത്തുന്നു. അല്പത്തരങ്ങള്‍ എന്നല്ലാതെ എന്തു
പറയുക?അത്തരം ചിലര്‍
ഇപ്പോഴും എവിടെ പ്രതിരോധമാകുന്നു എന്നതുകൊണ്ടാണ് ഈ ദേശത്തെ ഇരുള്‍
വിഴുങ്ങാത്തതെന്നും , കടലെടുക്കാത്തതെന്നും ഈ പരിഷകള്‍ എന്നാണ് മനസ്സിലാക്കുക?
കൂട്ടരേ
, ഉള്ളില്‍ കാമ്പുള്ളവര്‍ ഈ പ്രതിരോധങ്ങള്‍ക്ക് മുന്നണിപ്പോരാളികളാകുക. ഇന്ന്
നിങ്ങള്‍ ചൊരിയുന്ന ചോരയില്‍ ചവിട്ടിനിന്ന് നാളെയുടെ കുരുന്നുകള്‍
സ്വാതന്ത്ര്യത്തോടെ അവര്‍ ഞങ്ങളെ ഇരുളില്‍ വീണുപോകാതെ കാത്തുവെച്ചവരെന്ന്
പാടിപ്പുകഴ്ത്തും.
Comments