# ദിനസരികൾ 383

വീണ്ടും സി രവിചന്ദ്രനെക്കുറിച്ച് എഴുതേണ്ടിവരുന്നു. ഇന്നലെ വയനാട്ടിലെ കല്പറ്റയില്‍ സംഘടിപ്പിച്ച ‘നിന്റെ സ്വതന്ത്ര്യം എന്റെ മൂക്ക്’ എന്ന വിഷയത്തെ പുരസ്കരിച്ച് അദ്ദേഹത്തിന്റെ ഒരു പ്രഭാഷണമുണ്ടായിരുന്നു.സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥതലങ്ങളെക്കുറിച്ച് പതിവുപോലെ അദ്ദേഹത്തിന്റെ നിലപാടുകള്‍ പ്രഖ്യാപിക്കപ്പെട്ടു.അന്യന്റെ മൂക്കിന്‍ തുമ്പുവരെ നീളുന്ന നമ്മുടെ സ്വാതന്ത്ര്യങ്ങളെ മാനവികമായ ധാരണകളോടുകൂടി ഉപയോഗിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞു.വ്യവസ്ഥാപിതവും എന്നാല്‍ സങ്കുചിതവുമായ , സമൂഹത്തെ പിന്നോട്ടടിക്കുന്ന നിരവധി പ്രതിലോമകരങ്ങളായ തിന്മകളെ എതിര്‍‌ക്കേണ്ടത് മനുഷ്യനന്മക്ക് അത്യന്താപേക്ഷിതമായ കാര്യമാണെന്ന് പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിന്റെ പിന്നാലെ പോകുന്നത് രാഷ്ട്രീയതയും അല്ലെങ്കില്‍ അരാഷ്ട്രീയതയുമാണെന്നുമുള്ള കാഴ്ചപ്പാടിനെക്കുറിച്ചു പറഞ്ഞു.സര്‍‌വ്വോപരി സമസ്ത രാഷ്ട്രീയ കക്ഷികളും നടത്തുന്ന , നമ്മുടെ സ്വാതന്ത്ര്യങ്ങളെ നിഹനിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്ന ഇടപെടലുകളെക്കുറിച്ച് പറഞ്ഞു.സ്വാതന്ത്ര്യം എന്ന വിഷയത്തില്‍ പൊതുസമൂഹം എത്തിച്ചേരേണ്ട നിലപാടുകളെ തന്റേതായ ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ തന്റേതായ രീതിയില്‍ അദ്ദേഹം അവതരിപ്പിച്ചു.

നിലനില്ക്കുന്ന സാമൂഹിക ഘടനയില്‍ പ്രാമാണിത്തം പുലര്‍ത്തുന്ന പല സ്വാധീനങ്ങളേയും നിഷേധിച്ചുകൊണ്ട് അദ്ദേഹം ചില കൂട്ടങ്ങളെ നിര്‍മിച്ചെടുത്തിട്ടുണ്ട്. കൊള്ളരുതായ്മകളെ മുന്‍നിറുത്തി എല്ലാത്തരം രാഷ്ട്രീയതകളേയും അവഗണിക്കാന്‍ പഠിപ്പിക്കുന്ന അദ്ദേഹം, അപരനോടുള്ള കരുതലാണ് രാഷ്ട്രീയം എന്നൊരു നിര്‍വചനം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. വളരെ കാല്പനികമായ ആ ഭാവനക്ക് നമസ്കാരം പറയുക. പക്ഷേ അതാണ് രാഷ്ട്രീയം എന്ന വാശി അത്ര നല്ലതല്ല.അപരനോടുള്ള കരുതല്‍ രാഷ്ട്രീയത്തിന്റെ പ്രഥമവും പ്രധാനവുമായ ഒരു ഗുണമാണ് , അഥവാ ആയിരിക്കണം എന്ന കാര്യത്തില്‍ എനിക്ക് തര്‍ക്കമില്ല. എന്നാല്‍ ആ കരുതല്‍ തന്നെയാണ് രാഷ്ട്രീയം എന്ന ധാരണ ഒരു ജനാധിപത്യ സംവിധാനത്തിനകത്തു നിന്നുകൊണ്ട് ഭരണഘടനാപരവും ദത്തവുമായ അധികാരാവകാശങ്ങളെ അനുഭവിക്കുന്ന ഒരു പൌരന് ഭൂഷണമല്ല, കേള്‍ക്കുമ്പോള്‍ നല്ലതെന്നു തോന്നാമെങ്കിലും.നില നില്ക്കുന്ന ഭരണ സംവിധാനങ്ങളില്‍ ജനാധിപത്യത്തിനുള്ള പ്രസക്തിയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും അപരനോടുള്ള കരുതല്‍ എന്നപോലെതന്നെ രാഷ്ട്രത്തോടുള്ള മറ്റു കടമകളെക്കുറിച്ചും രവിചന്ദ്രന്‍ മനസ്സിലാക്കിയിരിക്കുന്നത് എന്താണ് എന്നെനിക്കറിയില്ല. പക്ഷേ അതു തുലോം ഉപരിപ്ലവമായിപ്പോയിരിക്കുന്നുവോയെന്ന് ഞാന്‍ ശക്തമായി സന്ദേഹിക്കുന്നു. കാരണം ജനാധിപത്യ ഭരണ സംവിധാനങ്ങളിലെ ജനകീയമായ പ്രതിഷേധരൂപങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്നത് എന്റെ സന്ദേഹത്തെ ഊട്ടിയുറപ്പിക്കുന്ന ഒന്നാണ്.ഉദാഹരണത്തിനായി ഹര്‍ത്താല്‍ എന്ന സമരരൂപത്തെ സ്വീകരിക്കുക. ആവശ്യത്തിനും അനാവശ്യത്തിനും പ്രഖ്യാപിച്ച് ‍ഹര്‍ത്താല്‍ എന്ന പ്രതിഷേധരൂപത്തിന്റെ മുനകളെ നമ്മുടെ രാഷ്ട്രീയ നേതൃത്വം തേച്ചു കളഞ്ഞു എന്ന വസ്തുത മാറ്റി വെച്ചു പരിശോധിച്ചാല്‍ അത്ര എതിര്‍‌ക്കപ്പെടേണ്ട ഒരു സമരരൂപമാണോ ഹര്‍ത്താല്‍? ഏറ്റവും അവസാനത്തെ സമരമെന്ന സമീപനം മാറി ഏറ്റവും ആദ്യംതന്നെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും പിന്നീട് ആ വിഷയത്തില്‍ മറ്റൊരു സമരരൂപവും സ്വീകരിക്കുവാന്‍ കഴിയാതെയാകുകയും ചെയ്യുന്നു എന്ന് രവിചന്ദ്രന്‍ പറയുന്നത് മനസ്സിലാക്കാം. ഹര്‍ത്താല്‍ പ്രഖ്യാപനം വിഷയത്തില്‍ നിന്ന് രാഷ്ട്രീയ കക്ഷികളുടെ ഒളിച്ചോട്ടമാണെന്ന വാദവും പരിഗണിക്കാം.അതൊക്കെ രാഷ്ട്രീയ നേതൃത്ത്വത്തിന്റെ പാപ്പരത്തങ്ങള്‍ക്ക് ഉദാഹരണമാകട്ടെ. എന്നാല്‍ അങ്ങനെയൊക്കെയാണെങ്കിലും ഹര്‍ത്താലിനെ മാറ്റി നിറുത്തേണ്ടതുതന്നെ എന്ന വാദിച്ചുകൊണ്ട് പ്രധാനമായും രണ്ടു കാര്യങ്ങളെ രവിചന്ദ്രന്‍ മുന്നോട്ടു വെക്കുന്നുണ്ട്. ഒന്ന് – ഹര്‍ത്താല്‍ സഞ്ചാരമടക്കമുള്ള സ്വാതന്ത്ര്യങ്ങളെ തടയുന്നു. രണ്ട് – ഹര്‍ത്താല്‍ നടത്തിയിട്ട് നാളിതുവരെ ഒരു ഫലവും ഉണ്ടായതായി ചരിത്രം പറയുന്നില്ല.

ഒന്നാമത്തെ വാദമെടുക്കുക.പ്രത്യക്ഷത്തില്‍തന്നെ നാം ശരിയെന്നു തലകുലുക്കി സമ്മതിക്കുന്ന ഒന്നാണ് സഞ്ചാരസ്വാതന്ത്ര്യം തടയുന്നു എന്ന വാദം. നമ്മുടെ അനുഭവവും അതാണ്.നടപ്പില്‍ വരുത്തുന്നവര്‍ തെറ്റായ രീതിയില്‍ ഉള്‍‌ക്കൊണ്ടതിന്റെ കെടുതിയാണ് കേവലമായി ഒരു വ്യക്തിയുടെ സഞ്ചാരത്തെ തടയുക എന്നതാണ് ഹര്‍ത്താലിന്റെ പ്രധാന സങ്കല്പം എന്ന ധാരണ.അത് തെറ്റാണ്. തെറ്റായ ഒരു നയം, ആശയം , നിയമം അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്ന അധികാരിവര്‍ഗ്ഗത്തിനെതിരെ രാജ്യത്തിന്റേതായ എല്ലാ ക്രിയാശേഷിയേയും നിശ്ചലമാക്കാന്‍ നിര്‍ബന്ധിക്കുക എന്നതാണ് ഹര്‍ത്താലിന്റെ ലക്ഷ്യം. ഋണാത്മകവും ഗുണാത്മകവുമായ എല്ലാ വശങ്ങളും നിശ്ചലമാക്കപ്പെടുത എന്നതാകണ് ഹര്‍ത്താല്‍ ഉന്നം വെക്കുന്നത് .അതല്ലാതെ ഒരു വ്യക്തി മറ്റൊരിടത്തേക്കു നീങ്ങുന്നത് തടസ്സപ്പെടുത്തുന്നതാണ് ഹര്‍ത്താല്‍ എന്നു കരുതുന്നുവെങ്കില്‍ ആ ധാരണ ഉടനടി തിരുത്തപ്പെടുകയും ഈ സമരരൂപത്തെ സര്‍ഗ്ഗാത്മകമാക്കി മാറ്റിയെടുക്കുകയും വേണം. ആ തരത്തിലുള്ള ഒരു സമരത്തില്‍ സഞ്ചാരമടക്കമുള്ള സ്വാതന്ത്ര്യങ്ങള്‍ തടയപ്പെടാം.അതിനെ വിശാലമായ തലത്തില്‍ വേണം മനസ്സിലാക്കാന്‍.എങ്ങനെയെന്നാല്‍ നിരവധി സമരങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയേയും നാം നേടിയെടുത്ത മുന്നേറ്റങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഒരു നിലപാടിനെ അപേക്ഷിച്ച്, രാജ്യത്തിന്റെ , സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ പ്രതി താല്കാലികമായി തടസ്സപ്പെടുന്ന നമ്മുടെ സ്വാതന്ത്ര്യങ്ങളെ നാം സഹിക്കുക.ആ പ്രതിഷേധം നിത്യമായ അടിമത്തത്തിലേക്ക് വീണുപോകാതെ നമ്മെ തടയുന്നതിനാണെന്ന് മനസ്സിലാക്കുക.അപ്പോള്‍പ്പിന്നെ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം എന്നതിലുപരി ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യമാണ് പ്രധാനം എന്ന കാഴ്ചപ്പാടിലേക്ക് നാം എത്തിച്ചേരും. പക്ഷേ അതിന് ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്ന സാഹചര്യം മാറുകയും അത് അനുപേക്ഷണിയമായ ഒരു പ്രതിഷേധമായിരുന്നുവെന്ന ധാരണ ജനങ്ങളിലുണ്ടാക്കിയെടുക്കാന്‍ കഴിയുകയും വേണം.

അടുത്തത് ഹര്‍ത്താലുകൊണ്ട് എന്തു നേടി എന്ന ചോദ്യമാണ്.ചിന്താപരമായ ഒരു പാപ്പരത്തം ഈ ചോദ്യത്തിലുണ്ട്.ജനാധിപത്യത്തിന്റെ പ്രതിഷേധങ്ങളെന്നു പറയുന്നത് അപ്പോള്‍ത്തന്നെ ഫലം ലഭിക്കണം എന്ന ഉദ്ദേശത്തോടുകൂടി മാത്രം നടത്തുന്നതല്ല. ചില സമരങ്ങള്‍ അങ്ങനെയുണ്ടായേക്കാം. പക്ഷേ കൂടുതല്‍ സമരങ്ങളും അങ്ങനെയല്ലതന്നെ. അവ വിദൂരഭാവിയില്‍ അധികാരികള്‍ ആവശ്യമായ നയരൂപീകരണങ്ങള്‍ നടത്തുമ്പോള്‍ ഈ പ്രതിഷേധങ്ങളെ മുന്‍നിറുത്തി ജനകീയമായ താല്പര്യത്തോടുകൂടി ഇടപെടുക എന്നതിനു പ്രേരിപ്പിക്കുകയും താക്കീതു നല്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം വെക്കുക.അല്ലാതെ ഇന്ന് ഹര്‍ത്താല്‍‌ നടത്തിയിട്ട് നാളെ പെട്രോളിനു വില കുറഞ്ഞില്ലല്ലോ എന്ന് ചോദിക്കുന്നത് ഈ സമരത്തിന്റെ ഉദ്ദേശങ്ങളെക്കുറിച്ചുള്ള ധാരണയില്ലായ്മ കൊണ്ടാണ്.നമ്മെ സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ച ഒരു സമരമോ പ്രതിഷേധമോ ഒന്നുമല്ല.എത്രയോ സമരങ്ങള്‍. എത്രയോ ജീവത്യാഗങ്ങള്‍. എത്രയോ പ്രതിഷേധ രൂപങ്ങള്‍. അവയുടെയൊക്കെ ആകെത്തുകയായി രൂപപ്പെട്ടു വന്ന ഒരന്തരീക്ഷത്തിന്റെ ഗുരുത്വം മാറി ചിന്തിക്കുവാന്‍ അധികാരിവര്‍ഗ്ഗത്തിന് പ്രേരണയായി. രവിചന്ദ്രന്റെ യുക്തിയനുസരിച്ചായിരുന്നുവെങ്കില്‍ സിപായി ലഹള നടന്നതിന്റെ പിറ്റേന്ന് എന്തിനാണ് ഈ സമരം നടത്തിയത് ,അതുകൊണ്ട് എന്തുകാര്യമുണ്ടായി എന്ന ചോദ്യമുയരില്ലേ? നിസ്സഹകരണ സമരവും ഒരു തരം ഹര്‍ത്താലായിരുന്നില്ലേ? അതെക്കുറിച്ചും ഇതേ ആക്ഷേപമുണ്ടാകുമായിരുന്നില്ലേ? ക്വിറ്റ് ഇന്ത്യാ സമരത്തെക്കുറിച്ച് ? ഭഗത് സിംഗിന്റേയും സുഖ് ദേവിന്റേയും രാജ് ഗുരുവിന്റേയുമൊക്കെ പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ വിലയിരുത്തപ്പെടില്ലേ? നടത്തിയതിന്റെ പിറ്റേ ദിവസം സ്വാതന്ത്ര്യം കിട്ടിയില്ല , അതുകൊണ്ട് ആ സമരങ്ങളൊക്കെ മോശമായിപ്പോയി എന്നു പറയുമോ? നേരത്തെ നാം കണ്ടതുപോലെ ഈ സമരങ്ങളൊക്കെയുണ്ടാക്കിയെടുത്ത ഒരന്തരീക്ഷമല്ലേ നമ്മെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത്? അതുപോലെതന്നെയാണ് വിവിധങ്ങളായ എല്ലാ പ്രതിഷേധ രൂപങ്ങളും ജനാധിപത്യ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നത്.

രവിചന്ദ്രന്‍ മുന്നോട്ടു വെക്കുന്ന ഗുണപരമായ നിലപാടുകളെ പിന്തുണക്കുമ്പോള്‍ത്തന്നെ അദ്ദേഹം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്ന അരാഷ്ട്രീയമായ അസംബന്ധങ്ങളെ എതിര്‍ക്കുക തന്നെ വേണം. അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും പൊതു സമൂഹത്തിന്റെ ഭാഗമായി നിന്നുകൊണ്ടുതന്നെ വേണം എതിര്‍ക്കാന്‍. സാമൂഹ്യഘടനകളെ തെറ്റായി വ്യാഖ്യാനിച്ചും തെറ്റിദ്ധരിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചു കൊണ്ട് തന്റേതായ ഒരിടം പണിയാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അത് ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റുന്നതുപോലെ അസംബന്ധമാണ്.സര്‍വ്വ തന്ത്ര സ്വതന്ത്രമായ അരാഷ്ട്രീയതയല്ല സ്വാതന്ത്ര്യം എന്നെങ്കിലും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം