# ദിനസരികൾ 388


            സുനില്‍ പി ഇളയിടം ഒരു പ്രഭാഷണത്തില്‍ ഗാന്ധിയും ഗോഡ്സേയും ഗീതയെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും അവര്‍ രണ്ടു പേരും പ്രസ്തുത ഗ്രന്ഥത്തെ രണ്ടുതലത്തില്‍ കണ്ടുകൊണ്ട് തങ്ങള്‍ക്ക് വേണ്ട രീതിയില്‍ വ്യാഖ്യാനിക്കുകയായിരുന്നുവെന്നും പറയുന്നുണ്ട്. ഒരേ ഗ്രന്ഥത്തെ അവര്‍ രണ്ടുതരത്തില്‍ വ്യാഖ്യാനിച്ചെടുക്കുമ്പോള്‍ നാം ആരുടെ കൂടെ നില്ക്കും എന്നൊരു ചോദ്യം തന്നെ പിന്‍പറ്റുന്നവരിലേക്ക് സുനില്‍ എറിഞ്ഞിടുന്നുണ്ട്.  ഗോഡ്സേയുടെ ആക്രമണോത്സുകമായ വ്യാഖ്യാനങ്ങളെയാണോ ഗാന്ധിയുടെ അഹിംസാമാത്രമായ നിലപാടുകളേയാണോ നാം ഭഗവത്ഗീതയില്‍ പിന്‍പറ്റുക? സുനിലിയന്‍ ഭാഷാ ശൈലിയുടെ മനോഹാരിതയില്‍ നിന്നു കൊണ്ട് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ചിരിയുടെ അകമ്പടിയോടെ ഈ ചോദ്യം നമ്മിലേക്ക് എത്തിച്ചേരുമ്പോള്‍ സ്വാഭാവികമായും ഗാന്ധിയുടെ ഗീതയെയാണ് നമുക്കു പഥ്യമായിരിക്കുന്നത് എന്ന പക്ഷത്തിനുവേണ്ടി കൈയ്യുയര്‍ത്തുവാനാണ് നാം ഇഷ്ടപ്പെടുക. തിരിച്ചും കൈകള്‍ ഉയര്‍ത്തപ്പെടാമെന്ന സാധ്യത തള്ളിക്കളയേണ്ടതുമില്ല.
            എത്ര നിഷ്കളങ്കമായാണ് അതിവിപുലവും സങ്കീര്‍ണവുമായ ഒരു ധാരയെ ഒന്നുകില്‍ ഗാന്ധിയുടെ ഗീത അല്ലെങ്കില്‍ ഗോഡ്സേയുടെ ഗീത എന്ന തലത്തിലേക്ക് സുനില്‍ കൊണ്ടെത്തിച്ചിരിക്കുന്നതെന്ന് നോക്കുക.ഭാരതത്തില്‍ നാളിതുവരെ നിലനിന്ന , നിലനില്ക്കുന്ന ഏതൊരു സാമൂഹികമുന്നേറ്റങ്ങളും ഏറ്റുമുട്ടേണ്ടിവന്നിട്ടുള്ളത് ഗീതയോടാണ് , ആ ഗീതയെ താലോലിക്കുന്ന ബ്രാഹ്മണികമേധാവിത്വങ്ങളോടാണ് , ആ മേധാവിത്തങ്ങളെ പരിപാലിക്കുന്ന അധികാര കേന്ദ്രങ്ങളോടാണ്  എന്ന് സുനിലിന് അറിയാത്തതുകൊണ്ടാണോ ഇത്തരമൊരു കുടുസിലേക്ക് നമ്മെ നയിച്ചത്? എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.ഏതെങ്കിലും ഒരു ഗീതയുടെ തണലിലല്ലാതെ നമുക്കു വളരാന്‍ കഴിയില്ല എന്ന കാഴ്ചപ്പാടിനോട് , അല്ലെങ്കില്‍ ഏതെങ്കിലും അധീശങ്ങളെ പിന്‍പറ്റാതെയിരിക്കാന്‍ നമുക്കു കഴിയില്ല എന്ന ഗതികേടുകളോട് നാം ഇതിനുമുമ്പും പലവട്ടം കൂറുകാണിച്ചിട്ടുള്ളതാണ്. ആ ഒരു പാരമ്പര്യത്തെ സുനിലും നെഞ്ചേറ്റി എന്നേയുള്ളു.
            നോക്കുക.നവോത്ഥാനത്തിന്റെ മുന്നേറ്റങ്ങളിലെ പ്രധാനപ്പെട്ട ഒരു മൂല്യമെന്ന് നാം കരുതിപ്പോരുന്ന ക്ഷേത്രപ്രവേശനങ്ങളെ ഒന്നുകൂടി പരിശോധിക്കുക. തീര്‍ച്ചയായും ചരിത്രപരമായും സാമൂഹികമായും ആ സമരങ്ങള്‍ക്കുള്ള പ്രസക്തിയും പ്രാധാന്യവും ഒരാള്‍ക്കും അവഗണിക്കാന്‍ കഴിയുന്നതല്ല.അങ്ങനെ ആരെങ്കിലും ശ്രമിക്കുന്നുവെങ്കില്‍ത്തന്നെ അത് ചരിത്രത്തോട് ചെയ്യുന്ന പാതകമാകും എന്ന കാര്യത്തില്‍ എനിക്ക് സംശയമേതുമില്ല.പക്ഷേ ക്ഷേത്രത്തിലേക്ക് താഴ്ന്ന വര്‍ഗ്ഗത്തിനെ പ്രവേശിപ്പിക്കണം എന്ന ആവശ്യത്തിനുവേണ്ടി നടത്തപ്പെട്ട ആ സമരങ്ങളുടെ ആന്തരികമായ അര്‍ത്ഥമെന്താണ് ? മാടനും മറുതയുമൊക്കെയായി തനതുദൈവങ്ങളെ ആരാധിച്ചിരുന്ന ഒരു വര്‍ഗ്ഗത്തിനുമുകളില്‍ തങ്ങളുടേതായ സാംസ്കാരിബോധ്യങ്ങളെ അടിച്ചേല്പിക്കുകയും അവയൊക്കെയും തങ്ങളുടേതില്‍ നിന്ന് എത്രയോ പിന്നോക്കം നില്ക്കുന്നവയും അപരിഷ്കൃതവുമാണെന്ന ധാരണ ഉണ്ടാക്കിയെടുക്കുകയും ചെയ്തുകൊണ്ട് ഉദാത്തമായ ദൈവസങ്കല്പങ്ങള്‍ ബ്രാഹ്മണികമായതാണെന്ന് സ്ഥാപിച്ചെടുക്കാന്‍ ചിലര്‍ക്ക് കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സ്വന്തം ദൈവങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ബ്രാഹ്മണന്റെ വലിയ ദൈവങ്ങളെ ആരാധിക്കുവാനുള്ള അവസരം തങ്ങള്‍ക്കു ലഭ്യമാക്കണം എന്ന മുദ്രാവാക്യവുമായി സമരം ഉയര്‍ന്നുവന്നത്.എന്നുവെച്ചാല്‍ തങ്ങളുടെ ദൈവങ്ങളില്‍ നിന്ന് ബ്രാഹ്മണന്റെ ദൈവങ്ങളെ ആരാധിക്കാന്‍ അവസരം വേണം എന്നുതന്നെയല്ലേ ആ സമരങ്ങളുടെ സത്ത? ആ സമരം വിജയിച്ചതോടുകൂടി നാം അറിയാതെതന്നെ ബ്രാഹ്മണന് ഇവിടെ സധാരണക്കാരനായ ജനതയെ അടക്കി ഭരിക്കാനുള്ള ഒരായുധം കൂടി സൃഷ്ടിച്ചുകൊടുക്കുകയായിരുന്നുവെന്നതല്ലേ സത്യം? അന്നത്തെക്കാലത്ത് വലിയ സാമൂഹികനേട്ടമായിരുന്നു ക്ഷേത്രപ്രവേശനമടക്കമുള്ള പല മുന്നറ്റങ്ങളുമെങ്കിലും ബ്രാഹ്മണന്റെ അക്കൌണ്ടിലേക്ക് അറിയാതെ നാം ഇട്ടുകൊടുത്ത ദീര്‍ഘകാലനിക്ഷേപമായിരുന്നു അവയൊക്കെയും തന്നെ എന്ന് ഇക്കാലത്തിരുന്നുകൊണ്ട് തിരിഞ്ഞുനോക്കുമ്പോള്‍ നമുക്കു മനസ്സിലാകുന്നു. നാം കറങ്ങിത്തിരിഞ്ഞ് ബ്രാഹ്മണകാലത്തേക്ക് വീണ്ടും കടന്നിരിക്കുന്നു.
            ഈ സാഹചര്യത്തില്‍ സുനിലിയന്‍ നിലപാടിനെ വീണ്ടും പരിശോധിക്കുക. ഗാന്ധിയുടെ ഗീതയെ വേണോ ഗോഡ്സേയുടെ ഗീതയെ വേണോ എന്ന ബൂലിയന്‍ ചോദ്യത്തെയാണോ നാം ഇനിയും നേരിടേണ്ടത്? മറിച്ച് ബ്രാഹ്മണികമായ മേധാവിത്തങ്ങളെ അരക്കിട്ടുറപ്പിക്കുവാനുള്ള ആയുധങ്ങളുടെ കൂട്ടത്തില്‍‌ ഗീതയും പെടുന്നു എന്ന് മനസ്സിലാക്കിക്കൊണ്ട് മറ്റൊരു ഉത്തരത്തെ തേടുകയാണോ കാമ്യം? ചരിത്രത്തില്‍ നിന്നും ഏറെ പഠിച്ച നാം ഇനിയും ബ്രാഹ്മണന്റെ അക്കൌണ്ടിലേക്കുള്ള നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കരുത്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം