#ദിനസരികൾ 422



IIശീർഷകമില്ലാത്ത  മുറിവുകൾIl
 
എതാണ്
എന്റെ രാജ്യത്തിന്റെ അതിർത്തികൾ ?
ഏത് ഊടുവഴി കടന്നാലാണ്
ഞാൻ
അന്യനായിത്തീരുക?
ഏതു കൈത്തോടു ചാടിയാൽ ?
ഏതു മല കയറി മറിഞ്ഞാൽ ?

കരിപുരണ്ട കണ്ണുകൾ ,
ഉളിയും ചുറ്റികയും പിടിച്ച്
പകുതി തേഞ്ഞ കൈയ്യുകൾ ,
മരിച്ചതും മരവിച്ചതുമായ
മണ്ണിൽ നിന്നു നിന്ന്
ദ്രവിച്ചു കുതിർന്ന കാലടികൾ
ഏത് അതിർത്തികൾക്കുള്ളിലും
വേറിട്ടതാവുക?

എവിടെയും
വിശപ്പിന് കണ്ണു നീരുപ്പാകുന്നു.

നിങ്ങൾ എങ്ങനെയാണ്
അതിർത്തികൾ വരച്ചിരിക്കുന്നത് ?

ഏതു കുഞ്ഞിന്റെ ഭാഷയാണ്
വേറിട്ടിരിക്കുന്നത് ?
മണ്ണപ്പം ചുടാത്തതും
പൊട്ടുമീനിനെ തോർത്തിൽ കുരുക്കാത്തതുമായ
ബാല്യങ്ങളാൽ
ഏതു ചരിത്രമാണ് നിങ്ങൾ
ആരചിക്കുക ?

ഇരുളു പരക്കുന്നുണ്ട്
അതിർത്തികൾ മായുന്നുണ്ട്
ഈടുവെപ്പുകളിൽ
മിനുസമാർന്ന
കൈപ്പത്തികൾ
വന്നു വീഴുന്നുണ്ട് .
ഇരുളിന് അതിർത്തികളില്ലല്ലോ !

ഞാൻ കാത്തിരിക്കുകയാണ്
കിഴക്ക്
കറുത്ത കുതിരപ്പുറത്തേരി
കറുത്ത സൂര്യൻ
ഉദിച്ചുയരുന്നത് !
അഹന്ത കൊണ്ട്
നീ വരച്ച അതിർത്തികൾക്കപ്പുറവും
ഇപ്പുറവും നിന്ന്
കാത്തോ   കാത്തോ
എന്നു വിളിച്ചു ചോദിച്ച കൊണ്ട്
എന്റെ കുഞ്ഞുങ്ങൾ
കുട്ടിയും കോലും കളിക്കുന്നത്

തുരുത്തുകൾ തീർക്കുന്ന
നിന്റെ പതാകകളിൽ
തീ പടർത്തി
ഞാനവർക്ക്
കളി വെളിച്ചം പകരും

Comments

Popular posts from this blog

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം