#ദിനസരികള്‍ 417


പ്രഭാതമേ, നീ എന്റെ ചന്ദ്രനേയും നക്ഷത്രങ്ങളേയും കൊണ്ടുപോകുകയാണല്ലോ! സ്വച്ഛവും ശീതളവുമായ എന്റെ രാത്രി നിന്നിലേക്ക് ചേര്‍ന്ന് ലയിച്ചു തീരുകയാണല്ലോ! നീ വിതറുന്ന അസാമാന്യമായ പ്രകാശങ്ങളെ ഞാനെങ്ങനെയാണ് ഇനി നേരിടുക? നിന്റെ പാമ്പും പരുന്തും കൂടുവിട്ടു പുറത്തിറങ്ങിയിരിക്കുന്നു. എന്റെ നിശാചാരികളായ ചെറുജാതികള്‍ ഭയന്ന് നിന്നില്‍ നിന്നും ദൂരേക്ക് അകന്നു മാറിയിരിക്കുന്നു.എന്റെ ശാന്തമായ മലകള്‍ക്കു മുകളില്‍ നിന്റെ തേരൊലികള്‍ അശാന്തി മുഴക്കുന്നു. നിന്റെ എഴുന്നള്ളത്ത് എന്നില്‍ ഭയം നിറക്കുന്നുവല്ലോ!
പ്രഭാതമേ എന്റെ പ്രഭാതമേ നീ വെളിച്ചം കൊണ്ട് എന്നെ മുറിപ്പെടുത്താതിരിക്കുക. പ്രഭാതമേ എന്റെ പ്രിയപ്പെട്ട പ്രഭാതമേ, നീ നിന്റെ കാഴ്ചകളില്‍ എന്നെ കുരുക്കാതിരിക്കുക. മായാജാലങ്ങളാല്‍ എന്നെ ഭ്രമിപ്പിക്കാതിരിക്കുക. ഞാന്‍ നിന്നില്‍ നിന്നും മുക്തനായിക്കൊള്ളട്ടെ!
            രാത്രികളുടെ തണുത്ത വെളിച്ചത്തില്‍ മുഖമില്ലാത്ത രൂപങ്ങളെ എനിക്ക് ശീലമായിരിക്കുന്നു.അല്ലെങ്കില്‍ത്തന്നെ നമുക്ക് മുഖമെന്തിന് ? അഭിനയിക്കാനും അലങ്കാരങ്ങള്‍ പണിയാനുമല്ലാതെ? ദംഷ്ട്രകളെ ഒളിപ്പിക്കാനും അസത്യങ്ങളെ പറയാനുമല്ലാതെ? എനിക്ക് മുഖമില്ലായ്മകള്‍ പ്രിയപ്പെട്ടതായിരിക്കുന്നു.
            നോക്കൂ, ആ മരക്കൂട്ടങ്ങള്‍ക്കപ്പുറം എന്റെ പ്രണയിനിയുണ്ട്.എന്നാണ് ഞാന്‍ അവളുടെ മുഖം കണ്ടത് ? ഓര്‍മയില്ല. പക്ഷേ അവസാനമായി കാണുമ്പോള്‍ അവളുടെ കണ്ണുകളില്‍ വീണുകിടന്നിരുന്നത് ഞാനായിരുന്നില്ല. എന്നെക്കാള്‍ തിളക്കങ്ങളുള്ള , എന്നെക്കാള്‍ പെരുക്കങ്ങളുള്ള ഒരാളെ എനിക്കു മനസ്സിലാകുന്നു.ഇന്നലെകളെ ഞാനുപേക്ഷിച്ചിട്ടും ആ ഒരു നിമിഷത്തിന്റെ ഓര്‍മക്കുത്തില്‍ ജീവിതം തിളച്ചു തൂകുന്നു.പ്രണയം ഇത്രയൊക്കെയേ നമുക്കു തരുന്നുള്ളു? ഏതോ ഒരു നിമിഷത്തില്‍ നീ എനിക്കും ഞാന്‍ നിനക്കുമെന്ന് കരുതിപ്പോകുന്നു.നിഷ്കളങ്കതയുടെ പാരമ്യങ്ങള്‍. ലോകം ഒരു നിമിഷത്തേക്ക് സമൃദ്ധമാകുന്നു. വെളിച്ചത്തിന്റെ വെളിച്ചത്തില്‍ പ്രപഞ്ചം വിടര്‍ന്നു നില്ക്കുന്നു.തണുപ്പിന്റെ തണുപ്പില്‍ നമ്മുടെ ആത്മാവുകള്‍ വിറകൊള്ളുന്നു.അടുത്ത നിമിഷം കീഴിറക്കങ്ങളുടെ ചൂടുവാതങ്ങളേറ്റ് നാം ഉരുകിയൊലിക്കുന്നു. നീ കിഴക്കിലേക്കും ഞാന്‍ പടിഞ്ഞാറോട്ടും. എന്നെ നീയും നിന്നെ ഞാനും അസാമാന്യമായി തിരസ്കരിക്കുന്നു.പ്രണയം നമുക്ക് ഒരു ഫലിതമാകുന്നു.ചിരിത്തുള്ളികളായി വന്ന് നമ്മുടെ ചുണ്ടുകളെ കോച്ചി വലിക്കുന്നു.
പ്രഭാതമേ , എന്റെ പ്രഭാതമേ നീ എന്റെ ഓര്‍മകളെ തീണ്ടുക.ഞാനെന്തായിരുന്നുവെന്ന് എനിക്ക് കാണിച്ചു തരിക! ചരിത്രം ഓര്‍മകളാകുന്നു. പതിയുടെ ഓര്‍മകളില്‍ പ്രജകള്‍ അടിമകളാകുന്നു. അതുകൊണ്ട് അവന്‍ പ്രജാപതിയാകുന്നു.അടിമകളുടെ ഓര്‍മയില്‍ ചാട്ടവാറിന്റെ പുളിപ്പു കത്തുന്നു അതുകൊണ്ട് അവന്‍ അടിമതന്നെയാകുന്നു.ഇനി എന്നാണ് അടിമകളുടെ ഓര്‍മയില്‍ അധികാരദണ്ഡുകള്‍ തെളിയുക?
പ്രഭാതമേ , എന്റെ മരണമേ, നീ കാത്തിരിക്കുക. ഒരല്പം.എന്റെ നദിയോടും അവളിലെ കളിമ്പങ്ങളോടും ഒരു കടങ്കഥ പറഞ്ഞുകൊള്ളാനനുവദിക്കുക.



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1