#ദിനസരികള്‍ 419
പ്രൊഫസര്‍ പന്മന രാമചന്ദ്രന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍. വ്യാകരണത്തിന്റെ
സാങ്കേതികമായ കുരുക്കുകളെ ഒരു പരിധി വരെ മാറ്റി നിറുത്തിക്കൊണ്ട് എങ്ങനെ
തെറ്റില്ലാതെ ഭാഷ പ്രയോഗിക്കാമെന്ന് മലയാളികളെ നിരന്തരം ബോധവത്കരിച്ച ആ അധ്യാപകന്‍
നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. മലയാളം
യഥോചിതം അദ്ദേഹത്തിന് വിട നല്കട്ടെ!
അദ്ദേഹത്തിന്റെ
തെറ്റില്ലാത്ത മലയാളം എന്ന പുസ്തകമാണ് ആദ്യമായി ഞാന്‍ പരിചയപ്പെട്ടത്.”തെറ്റില്ലാത്ത ഭാഷ സ്വായത്തമാക്കുന്നതിനു മൂന്നു
കാര്യങ്ങള്‍ ആവശ്യമാണ്.ഒന്നാമത് തെറ്റു തെറ്റാണെന്നറിയണം.രണ്ടാമത് ശരി എന്തെന്നറിയണം.
മൂന്നാമത് ശരിയേ പറയു , എഴുതൂ എന്ന നിര്‍ബന്ധവും വേണം.ഇതു മൂന്നുമില്ലെങ്കില്‍ ഭാഷ
നന്നാക്കാനാവില്ല തീര്‍ച്ച് “ എന്ന് അദ്ദേഹം എഴുതിയത് മനസ്സില്‍ കോറി വീണു.പക്ഷേ ഇതുവരെയായിട്ടും
തെറ്റുകളില്‍ നിന്ന് മുക്തി നേടുവാന്‍ എന്റെ എഴുത്തുകള്‍ക്ക് , വാക്കുകള്‍ക്ക്
കഴിഞ്ഞിട്ടില്ല എന്നത് എന്റെ മാത്രം പിഴയാണ്.സാമ്പ്രദായിക വ്യാകരണഗ്രന്ഥങ്ങള്‍
പോലെ - ഉദാഹരണത്തിന് ശേഷഗിരിപ്രഭുവിന്റെ വ്യാകരണമിത്രം , പ്രൊഫസര്‍
ഗോപിക്കുട്ടന്റെ മലയാള വ്യാകരണം –
രചിക്കപ്പെട്ടതായിരുന്നില്ല പന്മനയുടെ ഗ്രന്ഥങ്ങള്‍. ശുദ്ധമായ ഭാഷയെ തന്റേതായ
വഴികളിലൂടെയാണ് അദ്ദേഹം അവതരിപ്പിച്ചത്.ചോദ്യോത്തരങ്ങളിലൂടെ, ഉദാഹരണങ്ങളിലൂടെ ,
സിനിമാ ഗാനങ്ങളിലൂടെ സാന്ദര്‍ഭികമായി വീണു കിട്ടുന്ന സംഭാഷണ ശകലങ്ങളിലൂടെയൊക്കെ
അദ്ദേഹത്തിന്റെ വ്യാകരണക്കണ്ണുകള്‍ നിശിതമായി സഞ്ചരിച്ചു. തെറ്റുകള്‍
ചൂണ്ടിക്കാണിക്കുമ്പോള്‍ അദ്ദേഹം കര്‍ക്കശക്കാരനായിരുന്നു.വ്യത്യസ്ഥവും
വ്യത്യസ്തവുമൊക്കെ ഇപ്പോഴും തെറ്റിക്കുന്ന എനിക്ക് പന്മന ദ്രോണാചാര്യര്‍
തന്നെയായിരുന്നു. പക്ഷേ ഏകലവ്യനുണ്ടാകേണ്ടിയിരുന്ന ക്രിയാശേഷി
എനിക്കുണ്ടായിരുന്നില്ലെന്ന് മാത്രം.അതുകൊണ്ടുതന്നെ വ്യാകരണം എനിക്ക് ഒരു
ബാലികേറാമലയായി ഭീഷണിപ്പെടുത്തിക്കൊണ്ട് എന്റെ മുന്നില്‍ ഉയര്‍ന്നു നില്ക്കുന്നു.
രണ്ടു സന്ദര്‍ഭങ്ങളില്‍
ടെലിഫോണ്‍ വഴി അദ്ദേഹത്തെ ബന്ധപ്പെടാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. രണ്ടു
തവണയും കൃത്യമായി എന്നെ കേള്‍ക്കുകയും വ്യക്തമായ ഉത്തരം നല്കുകയും ചെയ്തിട്ടുണ്ട്.
ഒരു ശ്ലോകത്തിലെ ഒരു പദത്തിന്റെ വ്യത്യസ്തമായ വ്യാഖ്യാനങ്ങളെക്കുറിച്ചുള്ള
സംശയമായിരുന്നു ആദ്യം ഞാന്‍ അദ്ദേഹത്തോടു ചോദിച്ചത്.അദ്ദേഹത്തിന്റെ മറുപടി
കേട്ടതിനു ശേഷം എനിക്ക് ലഭിച്ച മറ്റൊരു വ്യാഖ്യാനം ഞാന്‍ പറയാന്‍ തുടങ്ങവേ അദ്ദേഹം
എന്നെ തടഞ്ഞു. അത് കേള്‍ക്കണ്ട എന്നും അങ്ങനെ നിരവധി വ്യാഖ്യാനങ്ങളുണ്ട് എന്നും
എന്നാല്‍ അതിനൊന്നും വസ്തുതകളുടെ പിന്തുണയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ
പ്രതികരണം.കര്‍ക്കശവും ശരിയില്‍ മാത്രം ഊന്നി നില്ക്കുന്നതുമായ അദ്ദേഹത്തിന്റെ
നിലപാടുകള്‍ക്ക് ഈ സംഭവം ഉദാഹരണമാകുന്നു.
നന്ദി ഗുരോ ,
മലയാളികളെ മലയാളം പഠിപ്പിച്ചതിന്.
Comments