#ദിനസരികള്‍ 418


#ദിനസരികള്‍ 418
മരങ്ങളെക്കുറിച്ച് ഒരു പുസ്തകം. പേര് മരങ്ങള്‍ - പ്രകൃതിക്കും മനുഷ്യനും. വളരെ മനോഹരമായ ഭാഷയില്‍ ഈ പുസ്തകം രചിച്ചിരിക്കുന്നത് ശ്രീ എം എസ് ജോയ് ആണ്.നൂറ്റിയൊന്ന് മരങ്ങളെക്കുറിച്ചാണ് പുസ്തകത്തില്‍ പറയുന്നത്. കൂടാതെ വിത്തുശേഖരണം, വിത്തുപചാരം തുടങ്ങി നടീലും പരിചരണവും വരെയുള്ള കാര്യങ്ങള്‍ മുഖവുരയായി ചേര്‍ത്തിരിക്കുന്നു.നടുക എന്ന കര്‍മ്മം മാത്രം ചെയ്തു ശീലിച്ചു പോരുന്ന നമുക്ക് മറ്റു കാര്യങ്ങളൊന്നും വേണ്ടതല്ലെങ്കിലും മരത്തേയും പ്രകൃതിയേയും സ്നേഹിക്കുന്നവര്‍ക്ക് നടീല്‍ എന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് മറ്റുള്ളവയും. മരങ്ങള്‍ നടുന്നതിനുമുമ്പ് ഏതുതരം മരമാണ് നടുന്നതെന്നും അതുകൊണ്ട് പ്രകൃതിക്കും മനുഷ്യനുമുള്ള ഗുണമെന്താണെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.ഈ പുസ്തകം നമ്മുടെ നാട്ടിലെ മരങ്ങളെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ പങ്കുവെക്കുന്നു
ഓരോ മരങ്ങള്‍ക്കും ഓരോ തരം വിത്തുകളാണല്ലോ. അവയെ നടീലിനുവേണ്ടി പാകപ്പെടുത്തിയെടുക്കുന്നതിനും വ്യത്യസ്തമായ രീതികളുണ്ട്. പുറന്തോടിന്റെ കടുപ്പം കാരണം ചിലയിനം വിത്തുകള്‍ മുളച്ചു വരാന്‍ കാലതാമസമെടുക്കും.വിതയ്ക്കുന്നതിനു മുമ്പ് ഇങ്ങനെയുള്ളവക്ക് വിത്തുപചാരം നടത്തി പുറന്തോട് മാര്‍ദ്ദവപ്പെടുത്തേണ്ടതുണ്ട്.വേഗത്തില്‍ മുളയ്ക്കാന്‍ ഇത് സഹായാകമാകും.വിവിധയിനം വിത്തുപചാരമാര്‍ഗ്ഗങ്ങള്‍ താഴെ പറയുന്നു.1.പുറന്തോടിന്റെ കടുപ്പമനുസരിച്ച് അര ദിവസം മുതല്‍ മൂന്നു ദിവസം വരെ വിത്തുകള്‍ വെള്ളത്തിലിട്ടു കുതിര്‍ക്കുക.2.അഞ്ചോ പത്തോ മിനുട്ട് തിളയ്ക്കുന്ന വെള്ളത്തിലിട്ട് വെള്ളം വാങ്ങി വെച്ച് തണുത്ത ശേഷം പുറത്തെടുക്കുക.3. നേര്‍പ്പിച്ച സള്‍ഫ്യൂരിക് ആസിഡിലോ ആല്‍ക്കഹോളിലോ മുക്കിയെടുക്കുക.4. ചെത്തിയോ ചുരണ്ടിയോ പുറന്തോടിന്റെ കടുപ്പം കുറയ്ക്കുകഅദ്ദേഹം എഴുതുന്നു. ഇങ്ങനെ തയ്യാറാക്കിയ വിത്തുകള്‍ പാകിമുളപ്പിച്ച് തൈകളാക്കി പുതുമഴയോടുകൂടി ആര്‍ദ്രതയുള്ള മണ്ണില്‍ നടുന്നു.നടുക എന്നതിനെക്കാള്‍ പ്രാധാന്യം നട്ടതിനെ പരിചരിക്കുക എന്നതിനാണെന്ന് നാം ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു.പരിസ്ഥിത ദിനാഘോഷങ്ങളുടെ ഭാഗമായി നാം നട്ടമരങ്ങളെല്ലാം തന്നെ സംരക്ഷിക്കപ്പെട്ടിരുന്നുവെങ്കില്‍ നമ്മുടെ നാട് കൊടുംകാടായി മാറുമായിരുന്നു. പക്ഷേ ഉപരിപ്ലവമായി പ്രവര്‍ത്തിക്കുന്ന നമുക്ക് പരിസ്ഥിതി ദിനവും പത്രങ്ങളില്‍ പേരു വരാനുള്ള ഒരാഘോഷം എന്നതുമാത്രമായിത്തീര്‍ന്നിരിക്കുന്നു.അതുമാറേണ്ടത കാലത്തിന്റെ ആവശ്യമാണ്. അതുകൊണ്ട് ചെടികളെ പരിപാലിക്കേണ്ടത് നമ്മുടെ ചുമതലയാണെന്ന അവബോധം കൂടി ഈ പരിസ്ഥിതി ദിനത്തില്‍ നമുക്കുണ്ടാകണം.
കണിക്കൊന്ന മുതല്‍ ജീവവൃക്ഷം എന്നറിയപ്പെടുന്ന ലിഗ്നം വൈറ്റേ വരെയുള്ള നൂറ്റിയൊന്നു മരങ്ങളെക്കുറിച്ച് അത്യാവശ്യമായി അറിയേണ്ടതെല്ലാം അവതരിപ്പിക്കുന്ന ഈ പുസ്തകം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.യഥാര്‍ത്ഥ പ്രകൃതി സ്നേഹികള്‍ക്ക് ഈ പുസ്തകം വിലമതിക്കാനാവാത്ത ഒരു കൂട്ടുതന്നെയാണ്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1