#ദിനസരികള്‍ 423





മഴ. നല്ല ശക്തമായ മഴ. മരങ്ങളൊക്കെ നിന്ന നില്പിലാണ് മറിഞ്ഞു ട്രാന്‍സ്ഫോര്‍മറുകളുടേയും കറന്റ് കമ്പികളുടേയും മുകളിലൂടെ പെയ്തുവീഴുന്നത്. ഇനി അടുത്ത നാളൊന്നും കറന്റുണ്ടാകില്ലത്രേ. ഇന്നലെ വരെ വറ്റിക്കിടന്ന കുളങ്ങളും തോടുകളും പുഴകളുമൊക്കെ നിറഞ്ഞിരിക്കുന്നു. എന്നും രാവിലെ പാലുമേടിക്കാനായി പോകുന്ന വഴിക്ക് എന്റെ കുറുകെ ചാടാറുണ്ടായിരുന്ന കുളക്കോഴിപ്പെണ്ണിനെ കണാനില്ല.എനിക്കു തോന്നുന്നത് അവള്‍ പുഴവക്കിലുണ്ടാക്കിയ കൂട്ടില്‍ വെള്ളം കയറിയിട്ടുണ്ടാകുമെന്നാണ്. അങ്ങനെ സംഭവിക്കാതിരിക്കട്ടെ! അതുകൊണ്ട് വേറെ കൂടുണ്ടാക്കുന്ന തിരക്കിലായിരിക്കും. ജൂണ്‍മാസമായതുകൊണ്ട് ചിലപ്പോള്‍ കൂട്ടില്‍ മുട്ടയും കണ്ടെന്നു വരാം. അങ്ങനെയാണെങ്കില്‍ മുട്ട നശിക്കാന്‍ സാധ്യതയുണ്ടെന്ന അറിവ് ആ പാവം പെണ്ണിനെ വേദനിപ്പിക്കുന്നുണ്ടാകാം. എങ്ങനേയും തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കണമെന്ന വ്യഗ്രത അവളുടെ ദിനസരികളെ മുടക്കിയുണ്ടാകാം, പാവം. അവള്‍ എവിടെയെങ്കിലും പോയി വംശവൃദ്ധിക്കുതകുന്ന വിധത്തില്‍ ജീവിതം പുതുക്കിപ്പണിയട്ടെ എന്റെ അനുഗ്രഹങ്ങള്‍ എന്നും നിനക്കൊപ്പമുണ്ടാകും , എന്നും.
            ചീങ്കണ്ണികളെ നേരിട്ടു കണ്ടതോടെയാണ് പുഴയുമായി തൊട്ടുതൊട്ടൊരു കളിയും വേണ്ടെന്ന് ഞാന്‍ നിശ്ചയിച്ചത്. ഇപ്പോള്‍ അത് പെരുകിയിട്ടുണ്ടാകണം. പക്ഷേ എന്റെ നാട്ടിന്‍ പുറത്തെ അമ്മമാര്‍ക്ക് ഈ ചീങ്കണ്ണിയെന്നു പറഞ്ഞാല്‍ പുല്ലുവിലയാണ്. അക്കരെ വെയിലു കാഞ്ഞു കിടന്ന ഒരു ചീങ്കണ്ണിയുടെ പടം ഞാന്‍ പിടിച്ചോണ്ടിരിക്കുമ്പോള്‍ ഇക്കരെ നിന്ന് ഒരു കൂസലുമില്ലാതെ അലക്കുകയും കുളിക്കുകയും ചെയ്യുന്ന ഉണ്ണിയാര്‍ച്ചകള്‍. ഇനിയിപ്പോള്‍ മുതലയാണെങ്കിലും അവര്‍ക്ക് പോടാ ചെക്കാ ഭാവമാണ്.അതുപോലെ ചൂണ്ടയിടുന്നവര്‍ക്കും ഈപ്പറയുന്ന ചീങ്കണ്ണിയേയും മുതലയേയുമൊന്നും പേടിയുണ്ടെന്നു തോന്നുന്നില്ല. പാതിരാത്രിയിലും വെളുപ്പാന്‍കാലത്തുമൊക്കെ അവര്‍ പുഴവക്കിലിരുന്ന് ചൂണ്ടയിട്ടു മീന്‍ പിടിക്കുന്നത് നിത്യകാഴ്ചയാണ്. എത്രകാലംവേണമെങ്കിലും കാത്തിരിക്കാമെന്ന നിശ്ചയത്തോടെയുള്ള അവരുടെ ഇരുപ്പുണ്ടല്ലോ ആ ഇരുപ്പിനാണ് സമ്മാനം കൊടുക്കേണ്ടത്. ഈ ഇരിപ്പുകാണുമ്പോള്‍ ഹെസ്സേയുടെ ഗോവിന്ദനെയാണ് എനിക്ക് ഓര്‍മ വരിക. ചൂണ്ടക്കാരന്റേയും ഗോവിന്ദന്റേയും അനന്തമായ കാത്തിരിപ്പുകള്‍ക്ക് ഫലമുണ്ടാകട്ടെ , ആമേന്‍.

           


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1