#ദിനസരികള്‍ 62
സന്തോഷ് പണ്ഡിറ്റ്. കേരളം
ഒട്ടൊരു ആകാംക്ഷയോടെയും ഒട്ടേറെ തമാശയോടെയും നോക്കിക്കാണുന്ന ഒരാള്‍. അയാള്‍ക്ക്
അയാളുടേതായ ശരികളുണ്ട്. നിലപാടുകളുണ്ട്. സങ്കല്പങ്ങളുണ്ട്. ആ നിലപാടുകളെ നിങ്ങള്‍ക്ക്
വേണമെങ്കില്‍ തള്ളിക്കളയാം അല്ലെങ്കില്‍ സ്വീകരിക്കാം.അതൊന്നും സന്തോഷിനെ
ബാധിക്കാറേയില്ല. ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും തന്റേതായ ശരികളിലൂടെ അദ്ദേഹം
മുന്നോട്ടുപോകുന്നു; വാര്‍ത്തകള്‍ക്ക്
കാരണമാകുന്നു.
ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് തന്നാല്‍ കഴിയുന്ന
സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ
ഗോവിന്ദാപുരം കോളനിയിലേക്ക് സന്തോഷ് പണ്ഡിറ്റ് എത്തിയതാണ് ഇത്തവണ മാധ്യമങ്ങളില്‍
ചര്‍ച്ചയായത്. “ ഇവിടുത്തെയാളുകള്‍ വളരെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു.
ചോര്‍ച്ചയുള്ള വീടുകളില്‍ ജീവിക്കുന്നു. എനിക്കു കൂടുതലായ് ഒന്നും ചെയ്യുവാന്‍
പറ്റിയില്ല. “കുറച്ചു ദിവസത്തക്കുള്ള ആഹാര സാധനങ്ങളും സ്‌കൂള്‍ കുട്ടികള്‍ക്ക്
പുസ്തകവും ഫീസും നല്‍കാന്‍ സാധിച്ചു. പ്ലസ്ടുവിന് ശേഷം ഇവിടുത്തെ കുട്ടികള്‍ക്ക്
പഠിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ പണമില്ലാത്തതിനാല്‍ പറ്റുന്നില്ല. ഞാന്‍
അംബാനിയുടെ മകനൊന്നുമല്ല. പക്ഷെ എന്തെങ്കിലും ചെയ്യാന്‍ സാധിക്കും. നിങ്ങളും
മുന്നോട്ട് വരണം.” – എന്ന വാക്കുകളില്‍ കാണുന്ന ആര്‍ജ്ജവം
അദ്ദേഹത്തിന് നിലനിര്‍ത്താനും നടപ്പിലാക്കാനും കഴിയുമെങ്കില്‍ അത് അഭിനന്ദനീയമാണ്.
സന്തോഷ്
പണ്ഡിറ്റിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കോളനിയിലെത്തിയ മാധ്യമങ്ങളെ
കണ്ടപ്പോള്‍ ഇതും മറ്റൊരു നാടകമാണോ എന്ന് സന്ദേഹിച്ചവരുമുണ്ട്.അത് സ്വാഭാവികവുമാണ്.
അതിനുമപ്പുറം സന്തോഷ് പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പിലാക്കുന്നുണ്ടോയെന്ന്
പരിശോധിക്കേണ്ട ഒരു ഉത്തരവാദിത്തം , അറിഞ്ഞോ അറിയാതെയോ മാധ്യമങ്ങളില്‍
എത്തിച്ചേരുന്നു എന്നത് നല്ലതുതന്നെ എന്ന് ഞാന്‍ കരുതുന്നു. അതുമാത്രവുമല്ല ഇത്തരം
പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടൊക്കെ പ്രചാരണം കിട്ടേണ്ടതാണ്. കാരണം സമാനമനസ്കരായവര്‍ക്കുകൂടി
അവിടെയെത്തിച്ചേരാനും സഹായിക്കാനും കഴിയുമല്ലോ. എന്നുമാത്രമല്ല ധാരാളമായി
കള്ളനാണയങ്ങളുള്ള ഇക്കാലത്ത് ഇടതുകൈ കൊടുക്കുന്നത് വലതുകൈ അറിഞ്ഞാകുന്നതുതന്നെയാണ്
നല്ലത്.
ഒരിക്കല്‍ക്കൂടി
, സന്തോഷിന്റെ നീക്കങ്ങള്‍ക്ക് സര്‍വ്വാത്മനാ പിന്തുണ
പ്രഖ്യാപിക്കുന്നു.ധാരാളിത്തങ്ങളുടെ ഭോഷ്ക്കുകള്‍ മുഖമുദ്രയായിരിക്കുന്ന ഇക്കാലത്ത്
അയല്‍വാസിയുടെ അടുക്കളയില്‍ എന്താണ് പുകയുന്നത് എന്നന്വേഷിക്കുന്നതിനെക്കാള്‍ ,
അവന്റെ കുപ്പായത്തിലെ ഒടിവുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഇക്കാലത്ത് ഇത്തരം നീക്കങ്ങള്‍ക്ക് പിന്തുണ നല്കുക എന്ന ഉത്തരവാദിത്തമെങ്കിലും നാം ഏറ്റെടുക്കേണ്ടതല്ലേ ?
Comments