#ദിനസരികള്‍ 916 - സോനാഗച്ചിയിലെ ഗന്ധങ്ങള്‍


 
ചെറുപ്പത്തിന്റെ ത്രസിക്കുന്ന നാളുകളില്‍ ബംഗാളി പെണ്‍‌കൊടികളുടെ വശ്യതയെക്കുറിച്ച് പാടിപ്പുകഴ്ത്തിയ കൂട്ടുകാരുടെ വാക്കുകളില്‍ മനംമയങ്ങി ഒരു വേശ്യാലയം സന്ദര്‍ശിച്ച അയാള്‍, താന്‍ തിരഞ്ഞെടുത്തവളെ വേശ്യാലയത്തിന്റെ നടത്തിപ്പുകാരിയായ വൃദ്ധയ്ക്ക് ചൂണ്ടിക്കാണിച്ചുകൊടുത്തപ്പോള്‍ അവള്‍ക്ക് മുന്നൂറു മതി എന്ന പ്രതികരണത്തില്‍ നിന്നും അമല എന്ന വേശ്യയുടെ സൌഭഗങ്ങളെക്കുറിച്ച് നമുക്ക് ലഭിക്കേണ്ടതെല്ലാമുണ്ടായിരുന്നു. എന്നിട്ടും ആവശ്യത്തിലേറെ പണം കൈയ്യിലുണ്ടായിരുന്ന രാജേന്ദ്രന്‍ എന്തിനാണ് അവളെത്തന്നെ മതി എന്ന് നിശ്ചയിച്ചത്? കൃത്രിമറോസപ്പൂക്കള്‍ വിരിച്ച, മൂട്ടയെ തല്ലിക്കൊന്നതിന്റെ ചോരപ്പാടുകളുള്ള, പേനുകളും കൊതുകുകളും നിറഞ്ഞ ജീര്‍ണത കുരുപ്പുകുത്തിയ ഒരിടുങ്ങിയ മുറിയുടെ മടുപ്പിക്കുന്ന കെട്ടഗന്ധങ്ങള്‍‌ക്കൊപ്പം അവളേയും കെട്ടിപ്പിടിച്ച് കേശരഞ്ജന്‍ മണക്കുന്ന അവളുടെ മുടിയിഴകളില്‍ മുഖം താഴ്ത്തി അതില്‍ നിന്നുമുയരുന്ന മണത്തെ ആസ്വദിച്ച് വലിച്ചെടുത്തുകൊണ്ട് നേരം വെളുക്കുന്നതുവരെ എന്തിനായിരിക്കും രാജേന്ദ്രന്‍ കഴിച്ചു കൂട്ടിയത്?
പിന്നീട് ഏറെക്കാലത്തിനു ശേഷം അതേ അമലയെ ഓര്‍മ്മ വന്നപ്പോള്‍ “പതിവ്രതയും ധനാഢ്യയുമായ” നമ്മുടെ സൌന്ദര്യസങ്കല്പങ്ങളുടെ കൊഴുപ്പുകളെല്ലാം തികഞ്ഞ തന്റെ ഭാര്യയെ ദൂരെ ആഡംബരങ്ങളെല്ലാം നിറഞ്ഞ ഒരു വീട്ടില്‍ ഏഴുവയസ്സുകാരനായ മകനോടൊപ്പം ഉപേക്ഷിച്ച്, ക്ഷയം ബാധിച്ച് രണ്ടു വാരിയെല്ലുകള്‍ നീക്കം ചെയ്ത, വാര്‍ദ്ധക്യത്തിന്റെ പീളകള്‍ കെട്ടിയ കണ്ണുകളും, പുകയിലക്കറയില്‍ കറുത്തുപോയ പല്ലുകളുമുള്ള ഉണങ്ങിയെല്ലുന്തിയ അമലയെ, സോനാഗച്ചി എന്ന വേശ്യാത്തെരുവിന്റെ ഇരുണ്ട ഓരത്തിലെ വീട്ടില്‍, മീന്‍‌ചെതുമ്പലുകളും കോഴിപ്പൂടകളും ഓടയിലെ കെട്ട നാറ്റവും നിറഞ്ഞ, നാവുനീട്ടി കിതയ്ക്കുന്ന ചാവാലിപ്പട്ടി കാവല്‍ നില്ക്കുന്ന ഒരു രാത്രി മുഴുവന്‍ കെട്ടിപ്പിടിച്ചു കിടക്കുമ്പോള്‍ എന്തായിരിക്കും രാജേന്ദ്രന്‍ അനുഭവിച്ചത്?
അമലയെ രണ്ടു തവണയാണ് രാജേന്ദ്രൻ കണ്ടുമുട്ടുന്നത്. യൗവനത്തിന്റെ തീക്ഷ്ണ കാലങ്ങളിലായിരുന്നു ആദ്യ തവണത്തെ കുടിക്കാഴ്ച നടന്നത്. അന്നും ഒരു രാത്രി മുഴുവൻ അവളെ കെട്ടിപ്പിടിച്ചു കിടന്ന് പിറ്റേ ദിവസം യാത്ര പറയാനൊരുങ്ങവേ അമല ഇങ്ങനെ പറയുന്നുണ്ട്, “ഇവിടെ സാധാരണ വരുന്നവരൊക്കെ ചെന്നായ്ക്കളാണ്, എന്നെ കടിച്ചു ചീന്തും. നിങ്ങളുടെ കൂടെ ഇങ്ങനെ കിടക്കുമ്പോൾ എന്റെ ബാല്യകാല സഖിയായ മീറയുടെ കൂടെയാണ് ഞാൻ എന്ന് തോന്നിപ്പോന്നുന്നത്.” രാജേന്ദ്രന് അമലയുടെ ശരീരം ഒരാവശ്യമായിരുന്നില്ലെന്ന് നമുക്ക് മനസ്സിലാകുന്നു. മറിച്ച് തനിക്ക് അവളിൽ അനുഭവപ്പെട്ടത് മാതൃ സാമീപ്യമോ ഒരു ബാല്യ കാല സഖിയേയോ ആണെന്ന് രാജേന്ദ്രൻ ചിന്തിക്കുന്നുണ്ട്. “ആണായിട്ടല്ലേ താൻ അമലയെ സമീപിച്ചത്? താൻ തേടിയിരുന്നത് ഒരു ബാല്യകാല സഖിയെ മാത്രമായിരുന്നോ? എന്നോ മരിച്ചു പോയ അമ്മയുടെ മുടിയാണോ താൻ മണത്തറിഞ്ഞത്?” എന്ന് രാജേന്ദ്രൻ ആലോചിച്ചു പോകുന്നുമുണ്ട്.
സോനാഗച്ചി മാധവിക്കുട്ടിയുടെ ചെറുകഥയാണ്. അമല എന്ന ലൈംഗികത്തൊഴിലാളിയോട് ലൈംഗികേതരമായ ഒരു ബന്ധത്തിൽ അകപ്പെട്ടു പോയ രാജേന്ദ്രൻ എന്ന മനുഷ്യന്റെ ആന്തരിക ജീവിതമാണ് ഈ ചെറു കഥയിലൂടെ മാധവിക്കുട്ടി ആവിഷ്കരിക്കുന്നത്. എന്തുകൊണ്ടാണ് അമലയോട് അത്തരമൊരു പ്രതിപത്തി രാജേന്ദ്രനിൽ ഉടലെടുക്കുന്നതെന്ന് സൂചിപ്പിക്കുന്ന കൂടുതൽ വിവരങ്ങൾ കഥയിൽ ലഭ്യമല്ല. സാമ്പത്തികവും സാമൂഹികവുമായി ഉയർന്ന തലത്തിലുള്ള ജീവിതമാണ് രാജേന്ദ്രൻ നയിക്കുന്നതെങ്കിലും ഉള്ളുറപ്പുള്ള ഒരു ആത്മബന്ധമാണ് അയാൾക്ക് ഭാര്യയുമായി ഉള്ളത് എന്നതിന് കഥയിൽ തെളിവുകളില്ല. എന്നു മാത്രവുമല്ല ജീവിതം തന്നെ ഒരഭിനയമായി മാറിയിരിക്കുന്നുവെന്ന് ഖേദിക്കുന്ന രാജേന്ദ്രനെ കഥയിൽ വെച്ച് ഒരിടത്തു വെച്ച് നാം കണ്ടു മുട്ടുന്നുമുണ്ട്.“വിവാഹം കലാപരഹിതമാക്കുവാൻ താൻ നിരന്തരം പരിശ്രമിച്ചു. പരിശ്രമം വിജയകരമായി,” എന്ന് അയാൾ ചിന്തിക്കുന്നു. അതായത്, മറ്റുള്ളവരെ തൃപ്തിപ്പെടുത്താനും ജീവിതം കലഹ രഹിതമാക്കി നില നിറുത്തുവാനുമുള്ള ഉത്തരവാദിത്തം ഒറ്റയ്ക്ക് പേറേണ്ടി വരുന്നത് രാജേന്ദ്രന് മാത്രമാണ്. അത്തരത്തിലുള്ള അഭിനയത്തിന്റേതായ ജീവിതത്തിൽ നിന്നും സത്യസന്ധവും യഥാർത്ഥവുമായ ജീവിതത്തിലേക്ക് തന്നെത്തന്നെ ബോധപൂർവം എടുത്തെറിയുകയാണ് അയാൾ അമലയെ സന്ദർശിക്കുന്നതു വഴി ചെയ്യുന്നത്. അഭിനയങ്ങളുടെ അസഹനീയതയിൽ നിന്നും സ്വാഭാവികതയുടെ – മാതൃത്വത്തിന്റെ, അതെല്ലെങ്കിൽ പ്രാക്തന സാഹോദര്യത്തിന്റെ – കറയില്ലാത്ത ഉറവകളെയാണ് അതുവഴി രാജേന്ദ്രൻ തേടുന്നത്.
അതായത് ആദ്യതവണ ജൈവികമായ തൃഷ്ണകളുടെ സ്വാഭാവികമായ ഗതിവിഗതികൾ അയാളെ അമലയിലേക്ക് എത്തിക്കുന്നുവെങ്കിലും സ്വന്തം അമ്മയോടുള്ള ഏതോ ചില സാദൃശ്യങ്ങൾ ലൈംഗികമായ ചോദനയിൽ നിന്നും അയാളെ അകറ്റി നിറുത്തുന്നു. അവളെ പുണർന്ന് ഒരു രാത്രി മുഴുവൻ കഴിഞ്ഞു കൂടുന്ന അയാൾ അവാച്യമായ ഏതോ ആനന്ദം അനുഭവിക്കുന്നു. പില്ക്കാല ജീവിതത്തിന്റെ സംഘർഷങ്ങൾ വീണ്ടും ആ അമ്മയെ കണ്ടെത്തുവാൻ “മകനെ” പ്രേരിപ്പിക്കുന്നു. അങ്ങനെയാണ് അമലയെ തിരഞ്ഞു പോകാൻ അയാൾ തുനിഞ്ഞിറങ്ങുന്നത്.
ആധുനിക ജീവിതങ്ങളുടെ സംഘർഷാത്മകതയെ അനുഭവപ്പെടുത്താൻ കഴിയുന്ന ഈ കഥ പല നിലകളിൽ നിന്ന് ജീവിതങ്ങളെ അഭിവീക്ഷിക്കുവാൻ കഴിയുന്ന ഗോപുരമാണ്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1