#ദിനസരികള്‍ 920 പഠിക്കേണ്ടതും തിരുത്തേണ്ടതും കോണ്‍ഗ്രസാണ് !
മഹാരാഷ്ട്രയിലും ഹരിയാനയിലും തങ്ങള്‍ക്കുണ്ടായത്
തിരിച്ചടികളല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രധാനമന്ത്രിയും കൂട്ടരും
കൊണ്ടുപിടിച്ച ശ്രമത്തിലാണ്.അതിന്റെ ഭാഗമായി പിന്നോട്ടടികളെ മൂടിവെച്ചു കൊണ്ടുള്ള
പ്രസ്താവനകളാണ് ബി ജെ പിയുടെ ഭാഗത്തു നിന്നുമുണ്ടാകുന്നു. ദീപാവലി സമ്മാനമെന്നും
കഴിഞ്ഞ അമ്പതുകൊല്ലമായി മറ്റാര്‍ക്കും കഴിയാത്തതാണ് മഹാരാഷ്ട്രയില്‍ ദേവേന്ദ്ര
ഫട്നാവിസിന് കഴിഞ്ഞതെന്നുമൊക്കെ പുകഴ്ത്തലുകളുണ്ടെങ്കിലും പൊതുവേ എന്‍ ഡി ക്യാമ്പ്
പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതില്‍ നിരാശരാണെന്നതാണ് വസ്തുത. 2014 പ്രകടനം
കാഴ്ചവെയ്ക്കാന്‍ രണ്ടിടത്തും ബി ജെ പി സഖ്യത്തിന് ആയില്ല. മഹാരാഷ്ട്രയില്‍ 185
സീറ്റുണ്ടായിരുന്നത് 2019 ല്‍ 161 സീറ്റായും ഹരിയാനയില്‍ 2014 ല്‍ 47
സീറ്റുണ്ടായിരുന്നത് 40 സീറ്റിലേക്കും ചുരുങ്ങി. മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം
കുറയുകയും പല മന്ത്രിമാരും തോല്ക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ 288 സീറ്റുകളില്‍
ഭൂരിപക്ഷമുണ്ടെങ്കിലും ഹരിയാനയിലെ അവസ്ഥ കുതിരക്കച്ചവടത്തിന്റേതാണ്. ഇരട്ടിയോളം
സീറ്റുകളില്‍ നേട്ടമുണ്ടാക്കി കുതിപ്പു നടത്തിയ കോണ്‍ഗ്രസ് പ്രതീക്ഷക്കപ്പുറമുള്ള
പ്രകടനമാണ് കാഴ്ചവെച്ചത്. സ്വതന്ത്ര എം എല്‍ മാരെ കൂട്ടുപിടിച്ച് സര്‍ക്കാറുണ്ടാക്കുന്നതിനുള്ള
ശ്രമമാണ് ഹരിയാനയില്‍ ബി ജെ പി നടത്തുക. പൊതുവേ സംസ്ഥാനത്തിന്റെ അന്തരീക്ഷം
മതേതരമുന്നണികള്‍ക്ക് അനുകൂലമാണെന്നത് മനസ്സിലാക്കി ജെ ജെ പിയും (ജന്‍നായക് ജനതാ
പാര്‍ട്ടി ) സ്വതന്ത്രരോടൊപ്പം നിലപാടുസ്വീകരിച്ചാല്‍ ഹരിയാന ബി ജെ പിയ്ക്ക്
ബാലികേറാ മലയാകും. ഹരിയാനയിലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും ബി ജെ
പിയല്ലാതെ മറ്റാരും വിജയിച്ചിരുന്നില്ലെന്നതു കൂടി മനസ്സിലാക്കുക.ആ സ്ഥാനത്താണ്
ഇപ്പോള്‍ സംസ്ഥാനത്ത് വലിയ തോതിലുള്ള തിരിച്ചടിയുണ്ടായിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഗിമ്മിക്കുകളല്ലാതെ
ജനങ്ങളെ കൈയ്യിലെടുക്കാന്‍ മറ്റൊന്നും വേണ്ടെന്ന ബി ജെ പിയുടെ
ആത്മിവിശ്വാസത്തിന്റെ കടയ്ക്കല്‍ വീണ കത്തിയാണ് ഈ തിരഞ്ഞെടുപ്പു ഫലം. കേരളമൊഴികെ
ഉപതെരഞ്ഞെടുപ്പു നടന്ന നിയമ സഭാമണ്ഡലങ്ങളില്‍ ബി ജെ പിയുടെ നില ഒട്ടും
മെച്ചപ്പെട്ടതല്ല. കേരളത്തിലാകട്ടെ ബി ജെ പിയും കൂട്ടരും അപ്രസക്തരാകുന്ന കാഴ്ചയും
നാം കണ്ടു.
കടുത്ത ദേശീയതയും മോഡിയുടെ വാഗ്‌വൈഭവങ്ങളും
ജാതീയമായ കുത്തിത്തിരിപ്പുകളും കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു
കളഞ്ഞതിനെക്കുറിച്ചുള്ള വീരവാദങ്ങളും വോട്ടായി മാറ്റാനുള്ള തീവ്ര ശ്രമങ്ങള്‍
നടന്നു. എന്നു മാത്രവുമല്ല ഇലക്ഷനു തൊട്ടുമുന്നേ നടന്ന സൈനിക ഇടപെടലിനെപ്പോലും
തങ്ങളുടെ നേട്ടത്തിനായി കൌശലപൂര്‍വ്വം ഉപയോഗിച്ചു. എന്നാല്‍ അതൊന്നും തന്നെ തങ്ങള്‍
നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളെക്കുറിച്ച് മറക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചില്ല.
സാമ്പത്തിക പ്രതിസന്ധിയും കാര്‍ഷിക മേഖലകളെ മറന്നു കൊണ്ടു കോര്‍പ്പറേറ്റുകളുമായി
കൈകോര്‍ത്ത് കര്‍ഷകരെ മറന്നതും തൊഴിലില്ലായ്മകളും വര്‍ദ്ധിച്ചു വരുന്ന ആള്‍ക്കൂട്ട
കൊലപാതകങ്ങളും ദളിതു പീഢനങ്ങളും മറ്റും മറ്റും മറക്കാന്‍ ജനത തയ്യാറായില്ല തന്നെ.അതിന്റെ
ഫലമായി അവര്‍ ബി ജെ പിയിലും മോഡിയുടെ മാജിക്കിലും അവിശ്വാസം രേഖപ്പെടുത്തി. ജനത
ആരുടേയും മുണ്ടിന്റെ കോന്തലയ്ക്കു കെട്ടിയവരല്ല എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി
പിണറായി വിജയന്റെ പ്രസ്താവന ശരിവെയ്ക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍.
തിരഞ്ഞെടുപ്പു ഫലങ്ങളില്‍ നിന്നും
പാഠം പഠിക്കേണ്ടത് ബി ജെ പിയല്ല , മറിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും
മറ്റു പ്രതിപക്ഷ കക്ഷികളുമാണ്. കോണ്‍ഗ്രസിനെ നയിക്കാന്‍ കേന്ദ്രത്തില്‍
ആരുമില്ലാതെ ഏറെക്കുറെ അനാഥമായിരുന്ന ഘട്ടത്തിലാണ് ഈ തിരഞ്ഞെടുപ്പുകള്‍
നടന്നതെന്നത് വസ്തുതയാണ്. ലോകസഭയിലുണ്ടായ ദയനീയമായ പരാജയത്തില്‍ നിന്ന് കോണ്‍ഗ്രസ്
ക്യാമ്പ് ഇനിയും മുക്തമായിട്ടില്ല. അവരുടെ നേതൃത്വത്തിന് നഷ്ടപ്പെട്ട ആത്മവിശ്വാസം
തിരിച്ചു പിടിക്കാന്‍ കഴിഞ്ഞിട്ടുമില്ല.ചിദംബരത്തെപ്പോലെയുള്ള നേതാക്കന്മാര്‍
ജയിലിലുമാണ്. അങ്ങനെ ഒട്ടും അനുകൂലമാകാത്ത സാഹചര്യത്തില്‍ നിന്നുകൊണ്ടുള്ള ഈ
തിരഞ്ഞെടുപ്പായിരുന്നിട്ടുകൂടി ഒട്ടും മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ച കോണ്‍ഗ്രസ്
അഭിനന്ദനം അര്‍ഹിക്കുന്നു. ഇനി വേണ്ടത് നേതൃത്വം സാഹചര്യത്തിനൊത്ത് ഉയരുകയാണ്.
ജനതയുടെ മനസ്സിനെ അവര്‍ മനസ്സിലാക്കണം. അതനുസരിച്ച് തന്ത്രങ്ങള്‍ മെനയാനും
ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പുകളെ നേരിടാനും അവര്‍ക്കു കഴിയണം. നാളിതുവരെ
ഇന്ത്യയെ സംബന്ധിച്ച എല്ലാ അജണ്ടകളും മോഡിയും കൂട്ടരുമാണ്
നിശ്ചയിരിച്ചിരുന്നതെങ്കില്‍ അതില്‍ നിന്നൊരു മാറ്റമുണ്ടാകുന്ന തരത്തിലുള്ള
ശക്തമായ ഇടപെടലുകളുണ്ടാകണം. അതായത് 2024 ലെ പൊതുതിരഞ്ഞെടുപ്പിലേക്കുള്ള
തയ്യാറെടുപ്പുകള്‍ ഇപ്പോഴേ തുടങ്ങുകതന്നെ വേണം.
ജനത
കോണ്‍ഗ്രസിനെ ഇനിയും കൈയ്യൊഴിഞ്ഞിട്ടില്ല. ഗുജറാത്തില്‍
തന്നെ ബി ജെ പിയില്‍ നിന്നും ഒരു സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്
പ്രത്യേകം ശ്രദ്ധിക്കുക. രാജസ്ഥാനിലും ബി ജെ പിയുടെ ഒരു സീറ്റില്‍ കോണ്‍ഗ്രസ്
വിജയിച്ചു. അതുപോലെ മഹാരാഷ്ട്രയിലെ ദഹാനു ബി ജെ പിയില്‍ നിന്നും
സിപി ഐ എമ്മിന്റെ വിനോദ് നികോളെ പിടിച്ചെടുത്തു. ഇതെല്ലാം സൂചിപ്പിക്കുന്നത്
ഇപ്പോഴും ചില മൂല്യങ്ങളില്‍ ജനത വിശ്വസിക്കുന്നുവെന്നുതന്നെയാണ്. അതുകൊണ്ട്
കോണ്‍ഗ്രസടക്കമുള്ള മതേതര പ്രതിപക്ഷം, മാധ്യമങ്ങളേയും കോര്‍പറേറ്റുകളേയും
ഉപയോഗിച്ച് മോഡി ഉണ്ടാക്കിയെടുത്തിരിക്കുന്ന പ്രഭയില്‍ പതറി നിന്നു പോകാതെ കൂടുതല്‍ ഉത്തരവാദിത്തത്തോടെ ജനങ്ങളുടെ
ഇടയിലേക്ക് ഇറങ്ങിച്ചെന്നു പ്രവര്‍ത്തിച്ചാല്‍ ബി ജെ പി നയിക്കുന്ന എന്‍ ഡി എ കട
പുഴകി വീഴുക തന്നെ ചെയ്യും. ആ ഉത്തരവാദിത്ത ബോധമാണ് ജനത പ്രതീക്ഷിക്കുന്നതെന്ന
തിരിച്ചറിവുണ്ടാകാന്‍ ഇനിയും വൈകരുത്.
Comments