#ദിനസരികള്‍ 917 - സെക്കുലര്‍ പാഠങ്ങള്‍



          ഉജ്ജ്വലചിന്തകനും ചരിത്രകാരനുമായ ഡോ. കെ.എന്‍ പണിക്കരുടെ ലേഖനങ്ങളുടേയും പ്രസംഗങ്ങളുടേയും സമാഹാരമാണ് പി.പി ഷാനവാസ് എഡിറ്റു ചെയ്ത് ചിന്ത പ്രസിദ്ധീകരിച്ച സെക്കുലര്‍ പാഠങ്ങള്‍ എന്ന പുസ്തകം. നാം ജീവിച്ചു പോകുന്ന കാലഘട്ടത്തെ നാളിതുവരെ നാം നടന്നുപോന്നതിന് നേര്‍വിപരീതമായ വഴികളിലൂടെ ആനയിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ആശയങ്ങളെക്കുറിച്ചും ആളുകളെക്കുറിച്ചുമാണ് അദ്ദേഹം സെക്കുലര്‍ ചിന്തകളില്‍ ചര്‍ച്ച ചെയ്യുന്നത്. അതോടൊപ്പംതന്നെ മനുഷ്യനെന്ന നിലയില്‍ നാം ഉയര്‍ത്തിപ്പിടിക്കേണ്ട മൂല്യങ്ങളെപ്പറ്റിയും ചവിട്ടിനില്ക്കേണ്ടുന്ന ഇടങ്ങളെപ്പറ്റിയും കൃത്യമാര്‍ന്ന ചൂണ്ടിക്കാട്ടലുകളും അദ്ദേഹം നടത്തുന്നുണ്ട്.ഇംഗ്ലീഷിലും മലയാളത്തിലുമായി വിഖ്യാതമായ പല കൃതികളും രചിച്ച അദ്ദേഹത്തിന്റെ ഇടപെടലുകള്‍ യാഥാസ്തികരേയും മതവാദികളേയും തട്ടിയുണര്‍ത്തി ചൊടിപ്പിച്ചിട്ടുമുണ്ട്.
          വ്യക്തിയും ചരിത്രവും , സാംസ്കാരിക ഫാസിസം, രാഷ്ട്രം സ്വയം തേടുന്നു, മതനിരപേക്ഷ പരിപ്രേക്ഷ്യങ്ങള്‍ , ഇരുള്‍മൂടിയ കാലം, അഭിമുഖങ്ങള്‍ എന്നിങ്ങനെ വിവിധ ഭാഗങ്ങളായി ഈ പുസ്തകത്തെ തിരിച്ചുകൊണ്ടാണ് ലേഖനങ്ങളെ വിന്യസിച്ചിരിക്കുന്നത്.വ്യത്യസ്ത വിഷയങ്ങളിലാണ് ഓരോന്നും  എഴുതപ്പെട്ടതെങ്കില്‍‌പ്പോലും അവയെ കൂട്ടിയിണക്കുന്ന മതേതരത്വം, ജനാധിപത്യം, തുല്യത മുതലായ ആശയങ്ങളുടെ സാമീപ്യം എല്ലാ ലേഖനങ്ങളേയും പരസ്പരം ദൃഢപ്പെടുത്തുന്നു.
          നാം ജീവിച്ചു പോന്ന പൈതൃകങ്ങളെ അപ്പാടെത്തന്നെ അവഗണിച്ചുകൊണ്ട് കേവലയുക്തിവാദത്തിന്റെ വെളിച്ചത്തിലല്ല അദ്ദേഹം തന്റെ ദര്‍ശനം കരുപ്പിടിപ്പിക്കുന്നത്.നാം നമ്മുടെ പാരമ്പര്യങ്ങളോട് ഇടപെടേണ്ടതെങ്ങനെയെന്ന് സാംസ്കാരി ഭൌതികവാദം എന്ന പുസ്തകത്തില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട് - “ എന്താണ് നമ്മുടെ നവോത്ഥാനപൈതൃകം ? എന്താണ് നമ്മുടെ ഭൂതകാലം നമ്മുടെ മുന്നില്‍ ബാക്കിവച്ചിട്ടുള്ളത് ? എന്താണ് നമ്മുടെ പാരമ്പര്യം ? നമ്മുടെ സമൂഹം ജീവിച്ച പാഠമാണ് പാരമ്പര്യം.പാരമ്പര്യമില്ലാത്ത ഒരു സമൂഹത്തിന് ആരോഗ്യമുണ്ടാകില്ല. പാരമ്പര്യമില്ലാതെ ജീവത്തായ ഒരു ജീവിതംതന്നെയില്ല.ഈ പാരമ്പര്യത്തെ ആധുനികതയുമായി അഭിമുഖീകരണം നടത്തിക്കൊണ്ടേ ഭാവിയുടെ സൃഷ്ടി സാധ്യമാകൂ. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള ഈ ദ്വന്ദ്വത്തെ മനസ്സിലാക്കിക്കൊണ്ടാണ് നാം ചരിത്രത്തെ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നത്.ഇപ്രകാരം നമുക്ക് പൈതൃകമായി കിട്ടിയ മൂന്നു പ്രസ്ഥാനങ്ങളും പ്രവണതകളുമുണ്ട്. അതിലൊന്നാണ് നവോത്ഥാനം.മറ്റൊന്ന് കൊളോണിയല്‍ വിരുദ്ധ പ്രക്ഷോഭം, മൂന്നാമതായി ഇടതുപക്ഷ പ്രസ്ഥാനം.ഈ മൂന്നിന്റേയും ആകെത്തുകയാണ് ഇന്നത്തെ കേരളം.പണിക്കര്‍ ചൂണ്ടിക്കാണിക്കുന്ന വിഷയങ്ങള്‍  ഇന്നത്തെ നാടിന്റെ ദിശാസൂചികളാണ്. പരസ്പരം നിഷേധിച്ചുകൊണ്ടും സംഘര്‍ഷം സൃഷ്ടിച്ചുകൊണ്ടുമല്ല നാം ഭാവിയെ കരുപ്പിടിപ്പിക്കേണ്ടതെന്നും മറിച്ച് ആധുനിക കാലം പരുവപ്പെടുത്തിയെടുത്ത ബോധ്യങ്ങളുമായി ഉരച്ചുനോക്കി മാറ്റുനോക്കി വേണം തള്ളുകയും കൊള്ളുകയും ചെയ്യേണ്ടതെന്നാണ് അസഗ്നിദ്ധമായി അദ്ദേഹം ആവശ്യപ്പെടുന്നത്.
          ഈ മാറ്റുരയ്ക്കലാണ് ഇന്ന്, ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് ഒരു കാലത്ത് നാം വലിച്ചെറിഞ്ഞ മനുഷ്യവിരുദ്ധമായവയെല്ലാം മൂല്യങ്ങളായി തിരിച്ചു വന്നുകൊണ്ടിരിക്കുന്ന ഇന്ന്, നടക്കാതെ പോകുന്നത്.നെഹ്രുവിനോട് നമുക്കുള്ള  അഭിപ്രായ ഭിന്നതകളെയെല്ലാം നിലനിറുത്തിക്കൊണ്ടു പറയട്ടെ ജനാധിപത്യധാരണകളും ശാസ്ത്രീയാവബോധവമുള്ള നാനൂറു ദശലക്ഷത്തോളം വരുന്ന ഒരു ജനതയെ തന്റെ പിന്‍ഗാമികള്‍ക്കുവേണ്ടി അദ്ദേഹം കരുതിവെച്ചുവെന്നതാണ് നാളിതുവരെ നാം കണ്ട മറ്റേതൊരു പ്രധാനമന്ത്രിയെക്കാളും അദ്ദേഹത്തെ അനന്യനാക്കുന്നത്. നമുക്ക് ആ പാരമ്പര്യം നിലനിറുത്തിക്കൊണ്ടുപോകാന്‍ കഴിഞ്ഞില്ല എന്നതില്‍ മാറിമാറിവന്ന ഭരണധികാരികള്‍ക്ക് എത്രകണ്ട് പങ്കാളിത്തമുണ്ട് എന്നും ഇന്ന് നാം ആലോചിക്കേണ്ടതാണ്.നെഹ്രു നല്കിയ പാരമ്പര്യങ്ങള്‍ എന്ന ലേഖനം ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രിയില്‍ നിന്നും ചിലതെല്ലാം നമുക്ക് പഠിക്കാനുണ്ട് എന്നുതന്നെയാണ് പറയുന്നത്. ജനാധിപത്യ രീതികളെ മാനിക്കാതിരിക്കാനും ഒരു സ്വേച്ഛാധിപതിയായി പ്രവര്‍ത്തിക്കാനും സഹായകമായ എല്ലാ സാഹചര്യങ്ങളും നെഹ്രുവിന് ഇന്ത്യയില്‍ ഉണ്ടായിരുന്നു. എന്നിട്ടും ജനാധിപത്യത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ച നെഹ്രുവിന്റെ വഴികളെ ഇന്നത്തെ ഫാസിസ്റ്റ് ഭരണാധികാരികളും ജനതയും ഒന്നുപോലെ തിരിച്ചറിയേണ്ടതുണ്ടെന്നുകൂടി അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്.
          ഇടതുപക്ഷ ബുദ്ധിജീവികളോട് ചെറുകാടിന് പിന്തുടര്‍ച്ചക്കാര്‍ ഉണ്ടാകാതെ പോയത് എന്തുകൊണ്ട് എന്നൊരു ചോദ്യം ഉയര്‍ത്തുന്നുണ്ട് പണിക്കര്‍. സ്വാഭാവികമായും തിടംവെയ്ക്കേണ്ടിയിരുന്ന ഒരു ആവിഷ്കാരരീതി എന്തുകൊണ്ടോ പരിപോഷിപ്പിച്ചെടുക്കാന്‍ പ്രതിജ്ഞാബദ്ധരായവര്‍ പക്ഷേ ശ്രദ്ധിച്ചില്ല എന്നത് ഇടതുപക്ഷത്തിന് ഇന്ന് സാംസ്കാരികമേഖലയിലുണ്ടായിരിക്കുന്ന ഒരു പ്രധാനവെല്ലുവിളിയാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.വര്‍ഗ്ഗാധിഷ്ടിതമായ സാഹിത്യത്തിന്റെ പ്രസക്തി ഏറെ വര്‍ദ്ധിച്ചിരിക്കുന്ന ഇക്കാലങ്ങളില്‍ ഇടതുപക്ഷ ബുദ്ധിജീവികള്‍ ഇടപെടേണ്ടതായ ഒരു മേഖലയാണിത് എന്നാണ് എവിടെ ചെറുകാടിന്റെ പിന്തുടര്‍ച്ചക്കാര്‍ എന്ന ലേഖനത്തില്‍ അദ്ദേഹം പ്രഖ്യാപിക്കുന്നത്.
          ഇന്ത്യയില്‍ ഫാസിസം ശക്തിപ്രാപിക്കാനുള്ള കാരണങ്ങളും അക്കൂട്ടരെ അകറ്റി നിറുത്തുവാനുള്ള പോംവഴികളും ചര്‍ച്ച ചെയ്യുന്ന ഈ പുസ്തകം ഫാസിസ്റ്റു വിരുദ്ധപ്രവര്‍ത്തകന്റെ കൈപ്പുസ്തകമാകുന്നു. എതിര്‍ക്കേണ്ടുന്നതിന്റെ വേരുകളെ ചൂണ്ടിക്കാണിച്ചു തരികയും വൃക്ഷം വെട്ടിവീഴ്ത്തിയാല്‍‌‌‍പ്പോലും ഇനിയും വരുംകാലങ്ങളിലെപ്പോഴെങ്കിലും അവ പൊടിച്ചുയരാന്‍‌ സാധ്യതയുണ്ടെന്നും അതുകൊണ്ട് വേരുകള്‍ തന്നെയാണ് പിഴുതുമാറ്റേണ്ടതെന്നുമുള്ള കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുന്നുണ്ട് ചരിത്രത്തിന്റെ വിശാലസ്ഥലികളില്‍ നിന്നും പാഠങ്ങള്‍ കണ്ടെത്തുന്ന കെ എന്‍ പണിക്കരുടെ ഇടപെടലുകളെന്ന് സെക്കുലര്‍ പാഠങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
         
                                                                                                                                                                                                                                                                                                  
         









Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം