#ദിനസരികള് 437 - നൂറു ദിവസം നൂറു പുസ്തകം – പത്താം ദിവസം.
||വായനക്കാരാ
നിങ്ങള്‍ ജീവിച്ചിരിക്കുന്നോ? –
എം
കൃഷ്ണന്‍ നായര്‍||
എം കൃഷ്ണന്‍ നായര്‍. ചൊടിപ്പിച്ചുണര്‍ത്തിയ വിമര്‍ശകന്‍. മലയാളികളുടെ
ഭാവുകത്വങ്ങളെ ഘടാകാശത്തില്‍ നിന്നും
വിശ്വസാഹിത്യത്തിന്റെ മഹാകാശത്തിലേക്ക് പറിച്ചു നട്ടവരില്‍ പ്രധാനി. എഴുത്തിലേക്കു്
ചുവടുറപ്പിച്ചവര്‍ക്കും നിലകിട്ടി എന്നു കരുതിപ്പോന്നവര്‍ക്കും ഒരു പോലെ
പേടിസ്വപ്നം. മലയാളത്തില്‍ അദ്ദേഹം എഴുതിയിരുന്ന സാഹിത്യവാരഫലത്തില്‍ മണ്ഡനമായാലും
ഖണ്ഡനമായാലും പേരുവന്നാല്‍ മതി എന്നു കരുതി നമ്മുടെ സാഹിത്യരംഗത്തെ എഴുത്താണി
ആദ്യമായി തൊട്ടവരും കുലഗുരുക്കന്മാരും തൊഴുതുനിന്നു.വിശ്വസാഹിത്യത്തിലെ പല
പേരുകളും അദ്ദഹത്തിലൂടെയാണ് മലയാളികള്‍ കണ്ടെത്തിയത്. ലോകസാഹിത്യത്തിന്റെ
വിശാലമായ ചാണക്കല്ലില്‍ വെച്ച് മലയാളിയുടെ എഴുത്തിനെ ഉരച്ചുനോക്കി അദ്ദേഹം മാറ്റു
നിശ്ചയിച്ചപ്പോള്‍ ചില വിഗ്രഹങ്ങളുടയുകയും പുതിയ ചിലത് ഉരുവം കൊള്ളുകയും ചെയ്തു.ഒരു
കഥയെ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു” ........എന്നാല്‍ അദ്ദേഹത്തിന്റെ കഥകള്‍
പരിണാമരമണീയങ്ങളായി ഞാന്‍ കണ്ടിട്ടില്ല.മുമ്പു പ്രയോഗിച്ച ഒരലങ്കാരം വീണ്ടും
പ്രയോഗിക്കട്ടെ.ശക്തിയോടെ അന്തരീക്ഷത്തിലേക്ക് വര്‍ണ്ണോജ്ജ്വലങ്ങളായ ഗോളങ്ങളായി
പൊട്ടിച്ചിതറാതെ ശ്ശൂൂൂൂ എന്ന് ശബ്ദം കേള്‍പ്പിച്ചുകൊണ്ട് കെട്ടടങ്ങിയാലോ ?
അതുതന്നെയാണ് അദ്ദേഹത്തിന്റെ ഓരോ കഥയിലും സംഭവിക്കുന്നത് “
(സാഹിത്യവാരഫലം പേജ് 15 )
അദ്ദേഹം പുലര്‍ത്തുന്ന സവിശേഷമായ
വിമര്‍ശന രീതിക്കും മേലുദ്ധരിച്ച ഭാഗം ഉദാഹരണമാകുന്നു. സാധാരണ വിമര്‍ശകര്‍ ‘എന്നാല്‍
അദ്ദേഹത്തിന്റെ കഥകള്‍ പരിണാമരമണീയങ്ങളായി ഞാന്‍ കണ്ടിട്ടില്ല ‘ എന്നുവരെ
എഴുതി അവസാനിപ്പിക്കും.എന്നാല്‍ കൃഷ്ണന്‍ നായര്‍ അവിടെ
അവസാനിപ്പിക്കുന്നില്ലെന്നുമാത്രമല്ല , ആ കഥ സമം വെറും ശൂൂ എന്നാണെന്ന് പറഞ്ഞിട്ടേ
വിരമിക്കുന്നുള്ളു.ഖണ്ഡനത്തിന്റെ ഈ രിതി തന്നെയായിരിക്കണം അദ്ദേഹത്തിന്റെ
വ്യതിരിക്തതയും എന്നു വേണം കരുതാന്‍.എംപി ശങ്കുണ്ണിനായരെ പരിണതപ്രജ്ഞനായ ഒരു
ശ്രേഷ്ഠവിമര്‍ശകനായാണ് നമ്മുടെ സാഹിത്യലോകം കണക്കാക്കിപ്പോരുന്നത്. എന്നാല്‍
ശങ്കുണ്ണിനായരുടെ ഛത്രവും ചാമരവും എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍
പ്രസാധകരായ മാതൃഭൂമിയേയും ചീത്തപറഞ്ഞിട്ടാണ് കൃഷ്ണന്‍ നായര്‍ തന്റെ ശങ്കുണ്ണിവധം
ആട്ടക്കഥ അവസാനിപ്പിക്കുന്നത് ” ഈ ഗ്രന്ഥത്തിന് സാഹിത്യ അക്കാഡമിയുടെ
അവാര്‍ഡ് ലഭിച്ചതില്‍ എനിക്ക് അത്ഭുതമില്ല.പക്ഷേ ഉത്കൃഷ്ടമായ സാഹിത്യഗ്രന്ഥങ്ങള്‍
മാത്രം പ്രസാധനം ചെയ്യുന്ന മാതൃഭൂമി ഇത് അച്ചടിച്ചു വിട്ടതില്‍ എനിക്ക് വലിയ
അത്ഭുതമുണ്ട് “ എന്നാണ് അദ്ദേഹം എഴുതിയത്.ഇങ്ങനെ
തനിക്ക് പറയാനുള്ളത് മനസ്സിലാക്കേണ്ടവര്‍ മാത്രം മനസ്സിലാക്കിയാല്‍ പോര എന്നും
തന്നെ വായിക്കുന്ന എല്ലാവരും മനസ്സിലാക്കിയിരിക്കണമെന്നുമുള്ള നിര്‍ബന്ധം
അദ്ദേഹത്തിന്റെ രീതിയാണ്.
മലയാളിയുടെ സമകാലിക സാഹിത്യത്തെ
സജീവമായി നിറുത്താന്‍ എം കൃഷ്ണന്‍ നായരുടെ ഇടപെടലുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന
കാര്യത്തില്‍ അദ്ദേഹത്തിന്റെ വിമര്‍ശകന്മാര്‍ പോലും അഭിപ്രായ വ്യത്യാസം പറയുമെന്ന്
തോന്നുന്നില്ല.എതിര്‍ക്കേണ്ടതിനെ എതിര്‍ക്കുകയും അംഗീകരിക്കേണ്ടതിനെ
അംഗീകരിക്കുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി.നോക്കൂക. “
സമകാലിക കവിയും സമകാലിക കഥയും ( നോവലും ഇതില്‍ ഉള്‍പ്പെടും )
സന്ത്രാസത്തിന്റേയും അസ്വസ്ഥതകളുടേയും ഫലമാണ്.ഒന്നിലും ആത്മാവില്ല.ഇടക്കിടക്ക് ചില
കൃതികള്‍ കലാമൂല്യമുള്ളവയായി പ്രത്യക്ഷപ്പെടാറുണ്ട് എന്ന സത്യം ഞാന്‍
വിസ്മരിക്കുന്നില്ല.കലാസൌഭഗമുണ്ടായിരിക്കെത്തന്നെ അവ അന്യവത്കരണത്തിന്റെ ബോധം
ജനിപ്പിച്ചുകൊണ്ട് വിരാജിക്കുകയാണ്.എവിടെ സാഹിത്യത്തിന്റെ ആധ്യാത്മികമാനം അവിടെ
ജീര്‍ണത താണ്ഡവനൃത്തമാടും.മലയാള സാഹിത്യത്തില്‍ ഇന്നു നടക്കുന്നത്
അതുതന്നെയാണ്.ആധ്യാത്മികമാനം ഉയര്‍ത്തിപ്പിടിക്കുന്ന ചില കവികളെങ്കിലും
നമുക്കില്ലേ എന്നു ചിലര്‍ ചോദിക്കുമായിരിക്കും.ഉണ്ട് എന്നു തന്നെയാണ് എന്റെ
മറുപടി. പക്ഷേ ഇന്നത്തെ ജീര്‍ണതയുടെ കൂരിരുട്ടില്‍ അവയുടെ തിളക്കം കൊണ്ടു
പ്രയോജനമുണ്ടാകുന്നില്ല.മാത്രമല്ല , ആ തിളക്കത്തെ നിന്ദിക്കാനും ഇരുട്ടിന്റെ
സ്തോതാക്കള്‍ മുന്നോട്ടുവരുന്നുണ്ട്” (ജീര്‍ണത, വായനക്കാരാ നിങ്ങള്‍
ജീവിച്ചിരിക്കുന്നോ? പേജ് 56)
സാഹിത്യത്തെക്കുറിച്ചുള്ള സൂക്ഷ്മമായ ചില വിശകലനങ്ങളില്‍ നമുക്ക് കൃഷ്ണന്‍
നായരുമായി വിയോജിക്കേണ്ടിവരുമ്പോഴും ആത്യന്തികമായി മനുഷ്യന്‍ എന്ന ജീവി തിളങ്ങി
നില്ക്കുന്ന ഏതൊരു അന്തരീക്ഷത്തിലൂടേയും അദ്ദേഹം കൈയ്യടിക്കാതെ കടന്നുപോയിട്ടില്ല
എന്ന വസ്തുത കാണാതിരിക്കരുത്. അത്തരം മനുഷ്യരുടെ സ്രഷ്ടാക്കളെ
അനുമോദിക്കാതെയുമിരുന്നിട്ടില്ല.സാഹിത്യം നല്കുന്ന അനുഭൂതിയുടെ അടിസ്ഥാനത്തില്‍
അതിനെ വിലയിരുത്താന്‍ അദ്ദേഹം ശ്രദ്ധിക്കാറുണ്ട് എന്ന കാര്യത്തില്‍ എനിക്കും
യോജിപ്പുണ്ട്. മഹത്തായ കൃതികളിലേക്കുള്ള വാതിലുകള്‍ തുറക്കാന്‍ കൃഷ്ണന്‍ നായരുടെ ഈ
പുസ്തകവും നമ്മെ സഹായിക്കുകതന്നെ ചെയ്യും.
പ്രസാധകര്‍- ഡി സി ബുക്സ് , വില 30 രൂപ, ഒന്നാം പതിപ്പ് ആഗസ്റ്റ് 1999
Comments