#ദിനസരികള് 433 - നൂറു ദിവസം നൂറു പുസ്തകം – ആറാം ദിവസം.‌








||കാര്‍ട്ടറുടെ കഴുകന്‍ രവിചന്ദ്രന്‍ സി, ഡോ. കെ എം ശ്രീകുമാര്‍ ||

ഹിന്ദുത്വഫാഷിസം ചരിത്രവും സിദ്ധാന്തവും എന്ന പുസ്തകത്തില്‍ ജെ രഘു യോഗയുടെ വൈദ്യശാസ്ത്രവത്കരണത്തെക്കുറിച്ച് എഴുതുന്നു സമകാലിക യോഗയുടെ ജനപ്രീതിക്കുന്ന പ്രധാനകാരണം അതിന്റെ വൈദ്യശാസ്ത്രവത്കരണമാണ്. (Medicalization) യോഗയെ അതിന്റെ പരമ്പരാഗത മതപ്രതിച്ഛായയില്‍ നിന്ന് അടര്‍ത്തിയെടുത്ത് ശാരീരികവും മാനസികവുമായ ക്ഷേമത്തിനുള്ള വൈദ്യശാസ്ത്രസാങ്കേതികതവിദ്യ എന്ന പുതിയൊരു പ്രതിച്ഛായയാണ് യോഗാപ്രചാരണര്‍ സൃഷ്ടിച്ചത്.ലോകത്തിന് ഇന്ത്യ നല്കുന്ന നിസ്തുല സംഭാവനയെന്ന മട്ടിലാണ്,യോഗയെ ഇന്ത്യക്കകത്തും പുറത്തും വിപണനം ചെയ്തുകൊണ്ടിരിക്കുന്നത്.ആര്‍‌ത്രൈറ്റിസ് , ആസ്ത്മ, നടുവേദന, ബ്രോങ്കൈറ്റിസ് , പ്രമേഹം, വയറിളക്കം, അപസ്മാരം, ഹൃദ്രോഹം, വന്ധ്യത, ടോണ്‍സിലൈറ്റിസ്, ന്യൂമോണിയ, പോളിയോ , അള്‍സര്‍ , വെരിക്കോസ് വെയിന്‍സ്, കാന്‍സര്‍ , മാനസികസംഘര്‍ഷം എന്നിങ്ങനെ സമസ്തരോഗങ്ങള്‍ക്കുമുള്ള ഒരു സര്‍വ്വരോഗ സംഹാരിയാണത്രേ യോഗ.യോഗയുടെ സിദ്ധി രോഗശാന്തിയില്‍ മാത്രം ഒതുങ്ങുന്നില്ല.മനസ്സിന് ഉന്മേഷവും ഉണര്‍വ്വും നല്കുകയും ഏകാഗ്രഹ വര്‍ദ്ധിപ്പിച്ച് ബുദ്ധിശക്തി കുശാഗ്രമാക്കുകയും ചെയ്യുമത്രേ.ആധുനിക യോഗയിലെ സൂപ്പര്‍സ്റ്റാറായ ബി കെ എസ് അയ്യങ്കാരുടെ ലൈറ്റ് ഓണ്‍ യോഗ എന്ന കൃതിയില്‍ ഓരോ രോഗശമനത്തിന്റേയും ശാരീരിക പ്രയോജനങ്ങള്‍ വൈദ്യശാസ്ത്ര പദാവലികളിലൂടെയാണ് വിശദീകരിക്കുന്നത്.പക്ഷേ ശാസ്ത്രീയമായ തെളിവുകളെപ്പറ്റി ചോദിച്ചാല്‍ തന്റെ ശിഷ്യരുടെ ആത്മനിഷ്ഠമായ അനുഭവസാക്ഷ്യങ്ങളായിരിക്കും അയ്യങ്കാരുടെ മറുപടി.അദ്ദേഹത്തിന്റെ നാനാവിധമായ ആസനങ്ങള്‍ കണ്ടാല്‍ വിദഗ്ദനായ ഒരു ഗുസ്തിക്കാരന്‍ മാത്രമാണ് അയ്യങ്കാര്‍ എന്നു ബോധ്യമാകും( പേജ് 208-209)
            ജെ രഘുവിനെ സുദീര്‍ഘമായി ഉദ്ധരിച്ചതിന്റെ കാരണം യോഗക്ക് സമകാലികമായി കൈവന്ന ജനപ്രീതിയുടെ പിന്നാമ്പുറം തുറന്നുകാണിക്കുക എന്ന തുതന്നെയാണ്. യോഗപ്രചാരകര്‍ ഇക്കാലങ്ങളില്‍ യോഗക്ക് ഉണ്ടെന്ന് അവകാശപ്പെടുന്ന  അസാധാരണവും അസാധ്യവുമായ ശേഷികള്‍ക്ക് ശാസ്ത്രീയമായ അടിത്തറയില്ല. കേട്ടുകേള്‍വികളുടേയും അനുഭവസാക്ഷ്യങ്ങളുടേയും പിന്‍ബലത്തിലുള്ള പ്രചാരണങ്ങളിലാണ് യോഗ നിലനിന്നുപോരുന്നത്. രോഗശമനത്തെക്കുറിച്ചുള്ള അവകാശ വാദങ്ങളൊക്കെ ശുദ്ധ അസംബന്ധങ്ങള്‍ മാത്രമാണ്. ദൈവവിശ്വാസികള്‍ രോഗം പ്രാര്‍ത്ഥിച്ചു മാറ്റിയിരിക്കുന്നു എന്ന് പറയുന്നതിനെക്കാള്‍ ഒരു യുക്തിയും യോഗയുടെ അവകാശവാദങ്ങള്‍ക്കുമില്ല.രാഷ്ട്രീയമായ ചില അജണ്ടകളുടെ പ്രചാരണങ്ങളില്‍ ജനത പെട്ടുപോകുന്നതിന്റെ ദുരന്തഫലമാണ് നാമിന്ന് യോഗയിലൂടെ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പാടത്തിറങ്ങി അരമണിക്കൂര്‍ അധ്വാനിക്കുവാന്‍ ശേഷിയും സാഹചര്യവുമില്ലാത്തവര്‍ക്ക് തങ്ങള്‍ വ്യായാമം ചെയ്തു എന്ന് സ്വയം വിശ്വസിപ്പിക്കാനും സാമൂഹികമായ ഒരു സ്റ്റാറ്റസ് ഉണ്ടാക്കിയെടുക്കാനും യോഗ ഉപയോഗപ്പെടുത്തുന്നു എന്നതിനപ്പുറം മറ്റെല്ലാ അവകാശവാദങ്ങളേയും തള്ളിക്കളയേണ്ടതുണ്ട്.എന്നു മാത്രമല്ല, യോഗ കൂടുതലായും ആത്മീയമായ ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചുപോന്നതുമാണ്.
            യോഗയെക്കുറിച്ച് ഇത്രയും എഴുതിയതിനു പിന്നില്‍ ഇപ്പോള്‍ കൊണ്ടുപിടിച്ച് പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജൈവകൃഷിയെ ചുറ്റിപ്പറ്റിയുള്ള അസാധാരണമായ അവകാശവാദങ്ങളെ ചൂണ്ടിക്കാണിക്കാനാണ്.യോഗയെ പോലെതന്നെ ജൈവകൃഷിയും ആത്മീയമായ ഒരു മാനത്തിലേക്ക് അധികം താമസിയാതെ കയറിപ്പോകുന്നത് നമുക്കു കാണാം. അത്രത്തോളം ജൈവോത്പന്നങ്ങള്‍ ജനസമാന്യത്തിന്റെയിടയില്‍ സ്ഥാനം നേടിക്കഴിഞ്ഞിരിക്കുന്നു. നാം ചര്‍ച്ച ചെയ്യുന്ന പുസ്തകത്തിലെ പതിമൂന്നാം പേജില്‍ മുട്ടുവേദന മുതല്‍ കാന്‍സര്‍ വരെയുള്ള സര്‍വ്വപ്രശ്നങ്ങള്‍ക്കും പരിഹാരമായി ജൈവകൃഷി വാഴ്ത്തപ്പെടുകയാണ്.നിരവധി സാധ്യതകള്‍ അവതരിപ്പിക്കപ്പെടുമ്പോഴും കാന്‍സര്‍ വരാനുള്ള കൃത്യമായ കാരണങ്ങള്‍ സയന്‍സ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല.പക്ഷേ കീടനാശിനികള്‍ കാരണമാണ് കാന്‍സര്‍ ഉണ്ടാകുന്നതെന്ന് ജൈവകൃഷിവാദികള്‍ തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞുജൈവകൃഷിയുടെ പ്രചാരകരുടെ അവകാശ വാദങ്ങളെക്കുറിച്ച് സൂചിപ്പിക്കാന്‍ ഈ വരികള്‍ ധാരാളമാണ്.
            ജൈവകര്‍ഷകരുടെ ഏറ്റവും ജനകീയമായ ഒരു പ്രചാരണം രാസവളത്തെ ചുറ്റിപ്പറ്റിയാണ്. രാസവളമിട്ടാല്‍ മണ്ണു മരിക്കുമെന്നും മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടമാകുമെന്നുമാണ് അവരുടെ വാദം.ഈ വാദങ്ങളെ രാസവളമിട്ടാല്‍ മണ്ണു മരിക്കുമോ ? യെന്ന ലേഖനത്തില്‍ വിശദമായി പരിശോധിക്കുന്നുണ്ട്. ശാസ്ത്രീയ കൃഷിരീതിയാണ് അനുവര്‍ത്തിക്കുന്നതെങ്കില്‍ രാസവളപ്രയോഗം ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കും എന്നുതന്നെയാണ് നാളിതുവരെ നടത്തിയ പഠനങ്ങള്‍ പറയുന്നത്. എന്നമാത്രവുമല്ല , ജൈവകൃഷിരീതിയാണ് ഇന്ത്യ തുടരാന്‍ പോകുന്നതെങ്കിലുണ്ടാകാന്‍ പോകുന്ന ഭക്ഷ്യക്ഷാമത്തെക്കുറിച്ചും ഈ ലേഖനം മുന്നറിയിപ്പുതരുന്നുണ്ട്.
            ഭീഷണി പരത്തുന്ന മറ്റൊരു താരം നമ്മുടെയൊക്കെ ഭക്ഷണങ്ങളില്‍ ഉള്‍‌പ്പെടുന്ന പൊറോട്ട എന്ന ഭീകരനാണ്. പൊറോട്ട കഴിച്ചാലുണ്ടാകുന്ന കുഴപ്പങ്ങളെക്കുറിച്ച് സാധാരണക്കാരനുപോലും അസാധാരണമായ ധാരണകളാണ് ഇക്കാലങ്ങളില്‍ നിലവിലുള്ളത്. പൊറോട്ട ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മാവ് ഗോതമ്പിന്റെ പോഷകങ്ങള്‍ മുഴുവന്‍ കളഞ്ഞിനുശേഷമുള്ള ചണ്ടിയാണെന്നും അതുകൊണ്ട് ശരീരത്തിന് ദോഷമല്ലാതെ ഗുണമില്ല എന്നതുമാണ് ഒന്നാമത്തെ കാരണം.മൈദമാവ് ചൂടാക്കിയാല്‍ സിനിമാ പോസ്റ്റര്‍ ഒട്ടിക്കാനുള്ള പശ തയ്യാര്‍ . മൈദ കൊണ്ടുണ്ടാക്കുന്ന പൊറോട്ട കഴിച്ചാല്‍ ദഹന വ്യവസ്ഥ മുഴുവന്‍ ഒട്ടിപ്പിടിച്ച് കോണ്‍ക്രീറ്റ് പോലെയാകും തുടങ്ങി പൊറോട്ടക്കെതിരെ പ്രചരിപ്പിക്കപ്പെടുന്ന നിരവധി കാര്യങ്ങളെക്കുറിച്ച് പൊറോട്ട എന്ന ഭീകര ജീവി എന്ന അധ്യായത്തില്‍ പരിശോധിക്കുന്നു.
            കൃഷിയിലെ ആത്മീയത എന്ന അധ്യായം നാം മനസ്സിരുത്തി വായിച്ചു പഠിക്കേണ്ടതാണ്.ജൈവകൃഷിയ്ക് വലിയ രീതിയിലുള്ള പ്രചാരണം നല്കുന്നതിന് ഇക്കൂട്ടര്‍ മുന്‍പന്തിയിലുണ്ട്. ആത്മീയതയോടു ചേര്‍ന്നു നില്ക്കന്ന പ്രചാരണങ്ങളാണ് അവര്‍ നടത്തുന്നത്. കൃഷി മറ്റൊരു തലത്തിലുള്ല ആത്മീയ വ്യാപാരമാകുന്നതിന് അധികം താമസമില്ല എന്ന സൂചനയാണ് ഈ ഇത്തരക്കാരുടെ പ്രചാരണങ്ങള്‍ കാണുമ്പോള്‍ നമുക്കു തോന്നുക.എന്തും അധികമാകുകയാണെങ്കില്‍ വിഷത്തിന്റെ ഗുണമാണുണ്ടാക്കുക എന്ന കാര്യത്തില്‍ സംശയമില്ലല്ലോ. വളങ്ങളും കീടനാശിനികളുമൊക്കെ ഈ അര്‍ത്ഥത്തില്‍ അമിതമാകുകയാണെങ്കില്‍ അപകടം തന്നെ. എന്നാല്‍ അവയെയൊക്കെ തൊട്ടുതീണ്ടാതെ വര്‍ജ്ജിക്കേണ്ടതാണെന്ന രീതിയില്‍ നടത്തുന്ന പ്രചാരണ കോലാഹലങ്ങള്‍ കൃഷിയെത്തന്നെ നശിപ്പക്കുകയും ഉത്പാദനക്ഷമതയെ പ്രതികൂലമായി ബാധിച്ചുകൊണ്ട്  ലോകത്ത് ക്ഷാമത്തിന് കാരണമാകുകയും ചെയ്യും.അതുകൊണ്ട് ശാസ്ത്രബുദ്ധ്യാ കാര്യങ്ങളെ അപഗ്രഥിച്ചുകൊണ്ടു വേണം നാം മുന്നോട്ടു പോകാനെന്നു പ്രഘോഷിക്കുന്ന ഈ പുസ്തകം ഓരോ മലയാളിയും ( എന്തിന് മലയാളി മാത്രം? എല്ലാവരും ) ഒരു വട്ടമെങ്കിലും മനസ്സിരുത്തി വായിച്ച് പഠിക്കേണ്ടതാണ്.


~ പ്രസാധകര്‍- ഡി സി ബുക്സ്  , 270 200 രൂപ, ഒന്നാം പതിപ്പ് ജൂണ്‍ 2017 ~


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1