#ദിനസരികള് 431- നൂറു ദിവസം നൂറു പുസ്തകം – നാലാം ദിവസം.‌





||ഗ്രാംഷിയന്‍ വിചാരവിപ്ലവം ഇ.എം.എസ്, പി ഗോവിന്ദപ്പിള്ള||
            ഉപജീവനത്തിനും കുടുംബം പുലര്‍ത്താനും ഞാന്‍ പതിനൊന്നാം വയസ്സില്‍ പണിക്കുപോയിത്തുടങ്ങി. ഞായറാഴ്ച ഉള്‍‌പ്പെടെ എല്ലാ ദിവസവും പത്തുമണിക്കൂറെങ്കിലും പണിയെടുക്കണം.മാസം ഒമ്പതു ലിറ ശമ്പളംദിവസം പ്രതി ഒരു കിലോ റൊട്ടി വാങ്ങാന്‍ അത് തികയും.എന്നെക്കാള്‍ ഭാരം വരുന്ന റജിസ്റ്ററുകളും മറ്റും ചുമക്കലായിരുന്നു പണി.പല രാത്രികളിലും ആരുമറിയാതെ ഞാന്‍ കരയും.അത്രക്കു വേദനയായിരുന്നു ദേഹമാസകലം. ഈ വരികള്‍ ഇറ്റലിയില്‍ മുസോളിനിയുടെ ഫാസിസ്റ്റ് ഭരണകൂടം 1926 ല്‍ തടവിലാക്കിയ വിശ്വവിഖ്യാതനായ മാര്‍ക്സിസ്റ്റ് ചിന്തകന്‍ അന്തോണിയോ ഗ്രാംഷി, തന്റെ ബാല്യകാലത്തെക്കുറിച്ചുള്ള ഓര്‍മകളില്‍ രേഖപ്പെടുത്തിയതാണ്.ദാരിദ്ര്യത്തിന്റേയും കഷ്ടപ്പാടുകളുടേയും ഈ ദുരിതകാണ്ഡത്തിലൂടെയുള്ള യാത്രയാകണം, ഗ്രാംഷിയെ വിശക്കുന്നവന്റെ ഓരം ചേര്‍ന്നു നില്ക്കുവാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാകുക.ഇറ്റലിയിലെ കമ്യൂണിസ്റ്റ് മുന്നേറ്റത്തിന് - അതും ഫാസിസത്തിന്റെ വലകള്‍ ഏറ്റവും ശക്തമായി സമൂഹത്തിലാകമാനം വിരിക്കപ്പെട്ടിരുന്ന സങ്കീര്‍ണമായ സാഹചര്യത്തിലും ഗ്രാംഷി നല്കിയ ഗണനീയമായ സംഭാവന ഒരു കമ്യൂണിസ്റ്റുകാരനും വിസ്മരിക്കുന്നതിന് സാധ്യമല്ല.അതുകൊണ്ടുതന്നെ ഇ .എം എസും പി ഗോവിന്ദപ്പിള്ളയും എഴുതിയ ഗ്രാംഷിയന്‍ വിചാരവിപ്ലവം എന്ന പുസ്തകത്തിന്റെ പ്രസക്തി എടുത്തുപറയേണ്ടതില്ലല്ലോ.
            ഒന്ന് - ധന്യജീവിതം. രണ്ട് ആസ്ഥാനശിലകള്‍ , മൂന്ന് പ്രമേയങ്ങള്‍ , നാല് അനുബന്ധങ്ങള്‍ എന്നിങ്ങനെ നാലുഭാഗങ്ങളായി നിരവധി അധ്യായങ്ങളെ ഉള്‍‌പ്പെടുത്തിക്കൊണ്ടാണ് ഈ പുസ്തകം വികസിപ്പിച്ചിരിക്കുന്നത്.അതില്‍ രണ്ടാംഭാഗം വരെ  ഗ്രാംഷിയുടെ വ്യക്തിജീവിതത്തേയും ആശയപരിസരങ്ങളെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്യുന്നതിനാല്‍ പ്രസ്തുത അധ്യായങ്ങളെ ഓരോന്നായി പരിശോധിച്ചു പോകുന്നത് ഗ്രാംഷിയെക്കുറിച്ച് ഒരു ധാരണയുണ്ടാകാന്‍ സഹായകരമാകുമെന്ന് കരുതുന്നു.
            ധന്യജീവിതം എന്ന ഒന്നാം ഭാഗത്തിലെ ഒന്നാമത്തെ അധ്യായത്തിന് ഗ്രാംഷിയുടേയും കുറിപ്പുകളുടേയും കഥ എന്ന് പേരിട്ടിരിക്കുന്നു.ഈ തലച്ചോറിനെ ഇനിയൊരു ഇരുപതുവര്‍ഷത്തേക്ക് പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത് എന്ന നിര്‍‌ദ്ദേശത്തോടെ മുസ്സോളിനിയുടെ ഫാസിസ്റ്റ് ഗവണ്‍‌മെന്റ് കോടതിയില്‍ ഹാജരാക്കിയ ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന അന്തോണിയോ ഗ്രാംഷിയെ ഇരുപതു വര്‍ഷത്തേക്കാണ് ജയിലിലേക്ക് അയച്ചത്.ജയിലില്‍ ഗ്രാംഷി ഓരോ നിമിഷവും മരണത്തെ അഭിമുഖീകരിക്കുകയാണെന്ന് മനസ്സിലാക്കിയ ലോകനേതാക്കള്‍ അദ്ദേഹത്തെ മോചിപ്പിക്കുവാന്‍ മുസ്സോളിനിയോട് ആവശ്യപ്പെട്ടു. ജയില്‍ ശിക്ഷയുടെ പത്തുകൊല്ലങ്ങള്‍ക്കു ശേഷം അദ്ദേഹത്തെ മോചിപ്പിച്ചുവെങ്കിലും ജയിലിലെ കൊടിയ പീഢനങ്ങളുടെ ഫലമായി ഏതാനും മാസങ്ങള്‍ക്കു ശേഷം 1937 ല്‍ തന്റെ നാല്പത്തിയാറാമത്തെ വയസ്സില്‍ അദ്ദേഹം ലോകത്തോടു വിട പറഞ്ഞു.
            ജയിലിലടച്ചതുകൊണ്ടും ആ തലച്ചോറിനെ മരവിപ്പിക്കുവാന്‍ ഫാസിസ്റ്റുകള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നതിന്റെ സാക്ഷ്യപത്രമാണ് 2848 പേജുകളിലായി അദ്ദേഹം എഴുതിയ കുറിപ്പുകള്‍. ഇറ്റലിയിലെയെന്നല്ല , ലോകമാസകലമുള്ള മുഴുവന്‍ മാര്‍ക്സിസ്റ്റു മുന്നേറ്റങ്ങളുടേയും അടിസ്ഥാനപ്രമേയങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ഗ്രാംഷി തന്റെ കുറിപ്പുകളില്‍ ചര്‍ച്ച ചെയ്യുന്നു.
            1904 ല്‍ അച്ഛന്‍‌ ജയിലില്‍ നിന്നും മോചിപ്പിക്കപ്പെട്ടതിനു ശേഷം തൂറിനിലെ സര്‍വ്വകലാശാലയില്‍ പഠനം തുടര്‍ന്ന ഗ്രാംഷിയുടെ ജീവിതത്തിലേക്ക് വിപ്ലവസ്വപ്നങ്ങള്‍ കടന്നു വന്നതിനെക്കുറിച്ചാണ് വിപ്ലവകാരിയുടെ വളര്‍ച്ച എന്ന രണ്ടാം അധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നത്.തൊഴിലാളികളുടെ സമരങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് കമ്യൂണിസ്റ്റു പ്രവര്‍ത്തനം ശക്തിപ്പെടുത്തിയ ഗ്രാംഷി പഠനമുപേക്ഷിച്ച് മുഴവന്‍ സമയ പ്രവര്‍ത്തകനായി മാറി.ഒക്ടോബര്‍ വിപ്ലവത്തിന്റെ മിന്നുന്ന വിജയം ആ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടി.തൊഴിലാളി സമരങ്ങളെ നയിച്ചിരുന്ന ഫാക്ടറി കൌണ്‍സിലുകളുമായി നിരന്തരം ബന്ധപ്പെട്ട ഗ്രാംഷി കൌണ്‍സിലുകളെ സോവിയറ്റുകള്‍ക്ക് പകരമായാണ് കണ്ടത്.1919 ല്‍ ഓര്‍ഡിന്‍ നോവോ എന്ന പത്രം ആരംഭിച്ചുകൊണ്ട് കൌണ്‍സിലുകളുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.ഈ പ്രവര്‍ത്തനങ്ങള്‍ സ്വാഭാവികമായും അധികാരികളേയും ഫാക്ടറി ഉടമകളേയും അദ്ദേഹിത്തിന് എതിരാക്കി.അതേ സന്ദര്‍ഭത്തിലാണ് ബെനിറ്റോ മുസോളിനി തന്റെ ഫാസിസ്റ്റു പടപ്പുറപ്പാടിന് കോപ്പുകൂട്ടിതുടങ്ങിയതും.കമ്യൂണിസ്ററ് മുന്നേറ്റങ്ങളെ ചെറുക്കാന്‍ മുസോളിനിയും കരിങ്കുപ്പായക്കാരും മുന്നിട്ടിറങ്ങിയതോടെ 1922 ഒക്ടോബര്‍ മുപ്പതുമുതല്‍ ഫാസിസ്റ്റ് ഭരണത്തിന് തുടക്കമായി. ഫാസിസത്തിന് എതിരായ പോരാട്ടത്തില്‍ വേണ്ടിവന്നാല്‍ ബൂര്‍ഷ്വാ ജനാധിപത്യ ശക്തികളുമായിപ്പോലും യോജിച്ചുകൊണ്ട് വിപുലമായ ഐക്യമുന്നണി രൂപീകരിക്കണമെന്ന ആശയം അക്കാലത്തുതന്നെ അദ്ദേഹം രൂപപ്പെടുത്തിയിരുന്നതായി ഗ്രന്ഥകാരന്മാ‍ര്‍ പറയുന്നു. രണ്ടാം അധ്യായത്തില്‍ ഇറ്റലിയിലെ സവിശേഷമായ ഒരു കാലക്രമത്തേയും ഒരു വ്യക്തി എന്ന നിലയില്‍ ഗ്രാംഷിയുടെ ജീവിതത്തിലെ ഒരു പ്രധാന ഘട്ടത്തേയും അടയാളപ്പെടുത്തുന്നു.
            പീഢനകാലം പുഷ്കലകാലം എന്നാണ് മൂന്നാം അധ്യായത്തിന്റേ പേര്.സ്വന്തം പ്രസ്ഥാനത്തിനുള്ളില്‍ത്തന്നെ ആശയപരമായ കലാപത്തിന് ഗ്രാംഷി മുന്നിട്ടിറങ്ങി. പുറത്ത് ഫാസിസ്റ്റുകളോടും അകത്ത് സ്വയംനവീകരണാര്‍ത്ഥവുമായി നടന്ന പ്രവര്‍ത്തനങ്ങള്‍ ഗ്രാംഷിയുടെ ആരോഗ്യത്തെ കാര്യമായി ബാധിച്ചു.ഫാസിസത്തെ നേരിടാന്‍ പഴയ അടവുകള്‍ പോര എന്ന ഗ്രാംഷിയുടെ നിലപാട് അന്നത്തെ സെക്രട്ടറി ബോര്‍ഡിഗെക്കു ബോധ്യപ്പെട്ടിരുന്നില്ല.എന്നാല്‍ 1924 ല്‍ ഗ്രാംഷിയുടെ നിലപാടുകള്‍ക്ക് അംഗീകാരമെന്ന നിലയില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം അദ്ദേഹത്തെ തേടിവന്നു.ഗ്രാംഷിയുടേയും അദ്ദേഹത്തിന്റെ മുന്നേറ്റങ്ങളിലേയും അപകടത്തെ മുന്‍കൂട്ടിക്കണ്ട മുസോളിനി 1926 ല്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും ജയിലലടക്കുകയും ചെയ്തു.ഇറ്റലിയിലെ സോവിയറ്റ് സ്ഥാനപതി കാര്യാലയത്തില്‍ ഗ്രാംഷിയുടെ ഭാര്യ ജൂലിയയുടെ ജ്യേഷ്ഠത്തി താത്യാന ജോലി ചെയ്തിരുന്നു. അവര്‍ മുഖാന്തിരമാണ് അദ്ദേഹത്തിന്റെ കുറിപ്പുകള്‍ ലോകം കണ്ടത്. ലോകകമ്യൂണിസ്റ്റു പ്രസ്ഥാനം എന്നെന്നും അവരോടു കടപ്പെട്ടിരിക്കുന്നു.
            ഒന്നാം ഭാഗത്തിലെ അവസാന അധ്യായമായ അന്ത്യരംഗങ്ങളില്‍ ഗ്രാംഷിയുടെ ഒരു എഡിറ്ററുടെ കുറിപ്പ് ചേര്‍ത്തിരിക്കുന്നത് ജയിലില്‍ അദ്ദേഹം അനുഭവിച്ചെ പിഢനങ്ങളെ സാക്ഷ്യപ്പെടുത്തുന്നതാണ്. –“ സാധാരണയിലേറെ രൂക്ഷമായിരുന്ന ആ വര്‍ഷത്തെ പൊള്ളുന്ന ഇറ്റാലിയന്‍ റോമില്‍ നിന്നും തുരി ദി ബാരിയിലേക്കുള്ള ഒരു പേക്കിനാവുപോലെ ഭീകരമായിരുന്നു.കന്നുകാലി ലോറിയായിരുന്നു വാഹനം.അതിന്റെ അഴികളില്‍ ഇരുമ്പുചങ്ങല കൊണ്ട് ബന്ധിച്ചിരുന്നതിനാല്‍ നിവര്‍ന്നു നില്ക്കാനോ കിടക്കാനോ പോലും ഗ്രാംഷിക്ക് കഴിഞ്ഞിരുന്നില്ല.റെയില്‍വേ കടത്തുകളില്‍ ചിലപ്പോള്‍ മണിക്കൂറുകളോളം , ചിലപ്പോള്‍ ദിവസങ്ങളോളം കാത്തുകെട്ടിക്കിടക്കും.രണ്ടാഴ്ചയിലേറെ നീണ്ട ആ യാത്ര പണ്ടേ ദുര്‍ബലനും വികലാംഗനുമായ ഗ്രാംഷിയുടെ ആരോഗ്യത്തെ പാടേ തകര്‍ത്തു കളഞ്ഞു.റോം വിടുന്നതിന് മുമ്പേ രോഗം കൂടിയിരുന്നത് അറിയിച്ചിരുന്നുവെങ്കിലും ഒരു വിധ വൈദ്യ സഹായവും നല്കിയിരുന്നില്ല.യാത്രാമധ്യേ ശരീരത്തിന്റെ ഒരു ഭാഗം നീരുകെട്ടി പൊട്ടിയൊലിക്കാന്‍ തുടങ്ങി.തുരി ദി ബാരിയിലെത്തിയപ്പോഴേക്കും ഗ്രാംഷി തളര്‍ന്നും തകര്‍ന്നും വീഴ്ചയിലായി.നാല്പത്തിയാറാമത്തെ വയസ്സില്‍ 1937  ഏപ്രില്‍ 27 ന് റോമിലെ ഒരു ആശുപത്രിയില്‍ അദ്ദേഹം അന്തരിച്ചു.
            ഗ്രാംഷിയന്‍ ചിന്തയിലെ മൌലിക സങ്കല്പനങ്ങളെക്കുറിച്ചാണ് ആസ്ഥാന ശിലകള്‍ എന്ന രണ്ടാംഭാഗത്തിലെ ഒന്നാം അധ്യായമായ പഴയ പദങ്ങള്‍ പുതിയ പരികല്പനകള്‍ പരിശോധിക്കുന്നത്.അധികാരം കൊണ്ടും ബലപ്രയോഗം കൊണ്ടും നിലനില്കുന്ന പൊളിറ്റിക്കല്‍ സൊസൈറ്റി , പൊതുസമ്മതി കൊണ്ടു നിലനില്ക്കുന്ന സിവില്‍ സൊസൈറ്റി, ആശയപരമായ മേല്‍‌ക്കോയ്മ നിലനിറുത്തിക്കൊണ്ടു പ്രവര്‍ത്തിക്കുന്ന ഹെജിമനി ,പ്രത്യയശാസ്ത്രം അഥവാ ഐഡിയോളജി എന്നിവയെക്കുറിച്ചെല്ലാം ഈ അധ്യായം വിശദമായി പരിശോധിക്കുന്നു.കേട്ടു പോന്ന അര്‍ത്ഥങ്ങളെയല്ല ഇവയിലെ മിക്ക പദങ്ങളും ഗ്രാംഷിയിലേക്കെത്തുമ്പോള്‍ സ്വീകരിക്കുന്നത്.നവീനമായ ഒരാശയപരിസരത്തെ ആവാഹിക്കുന്ന ഒന്നായി അതുമാറുന്നുവെന്ന് ഗ്രന്ഥകാരന്മാര്‍ പറയുന്നു.
            ഗ്രാംഷിയന്‍ പരികല്പനകളിലെ ഹെജിമെനിയെ മേല്‍‌ക്കോയ്മ എന്ന് ഭാഷാന്തരം നടത്താവുന്നതാണ്.  അതാകട്ടെ ഏതെങ്കിലും വിധത്തില്‍ അടിച്ചേല്പിക്കുന്ന ആധിപത്യം പോലെയുള്ള ഒന്നല്ല ആശയപരമായ സ്വാധീനവും പ്രേരണയുമടങ്ങുന്ന ആന്തരികമായ മുന്‍‌കൈ എന്ന അര്‍ത്ഥത്തിലാണ് ഹെജിമെനി പ്രയോഗിക്കപ്പെടുന്നത്.”(ടി.പുസ്തകത്തില്‍ നിന്ന് ) പൌരസമൂഹത്തിന്റെ നിലനില്‍പ്പും കെട്ടുറപ്പും പ്രത്യയശാസ്ത്രപരമായ ഹെജിമനിയെ ആശ്രയിച്ചിരിക്കുമ്പോള്‍ രാഷ്ട്രീയ സമൂഹത്തിന്റെ കെട്ടുറപ്പിനും നിലനില്പിനും ആധാരം ഹിംസ അല്ലെങ്കില്‍ ബലപ്രയോഗമാണ്.( ടി. പുസ്തകം പേജ് 33).ഹെജിമനി പൌരസമൂഹത്തിലും രാഷ്ട്രസമൂഹത്തിലും പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ഗ്രാംഷി തുടരുന്നു.     ഒരു വര്‍ഗ്ഗമോ ഒരു വര്‍ഗ്ഗസഖ്യമോ മറ്റൊരു വര്‍ഗ്ഗത്തിന്റേയോ വര്‍ഗ്ഗസഖ്യത്തിന്റേയോ മേല്‍ ഹിംസ മുഖേന സ്ഥാപിക്കുന്ന ആധിപത്യത്തിന്റെ ഘടനയാണല്ലോ മാര്‍ക്സിസപ്രകാരം ഭരണകൂടം.അങ്ങനെ ഹിംസയാണ് അടിത്തറയെങ്കിലും സിവില്‍ സൊസൈറ്റിയില്‍ ഭരണവര്‍ഗ്ഗത്തിന് ചെലുത്താന്‍ കഴിയുന്ന പ്രത്യയശാസ്ത്രപരമായ ഹെജിമനി കൂടിയുണ്ടെങ്കിലേ അതിന് ഭദ്രത കൈവരൂ.അതുകൊണ്ട് ഭരണകൂടം മൌലികമായി ഹിംസയില്‍ അധിഷ്ടിതമാണെങ്കിലും പൌരസമൂഹത്തില്‍ പ്രത്യശാസ്ത്രപരമായ ഹെജിമനി പുലര്‍ത്താന്‍ കഴിയാത്ത പക്ഷം അതു തകരും.അതുകൊണ്ട ഭരണകൂടത്തെ തകര്‍ത്ത് മറ്റൊരു വര്‍ഗ്ഗത്തിന് അധികാരം പിടിച്ചെടുക്കണമെങ്കില്‍ ആദ്യം പൌരസമൂഹത്തില്‍ ഹെജിമെനി അഥവാ മേല്‍‌ക്കോയ്മ നേടണം.( ടി. പുസ്തകം )
            ഗ്രാംഷിയുടെ പ്രത്യയശാസ്ത്രം എന്ന സങ്കല്പനത്തെപ്പറ്റി അടുത്ത അധ്യായം വിശദമായി ചര്‍ച്ച ചെയുന്നുണ്ട്. ചരിത്രപരമായി ആവശ്യമായ പ്രത്യയശാസ്ത്രങ്ങള്‍ക്ക് മനശാസ്ത്രപരം എന്നു വിശേഷിപ്പിക്കാവുന്ന സാധുതയുണ്ട്.ബഹുജനങ്ങളെ ഒത്തൊരുമിപ്പിക്കുകയും മനുഷ്യര്‍ക്ക് മുന്നേറ്റവും സ്വന്തം അവസ്ഥയും സമരവും മറ്റും മനസ്സിലാക്കാനും ഉതകുന്ന അവബോധം നേടാന്‍ ആവശ്യമായ അരങ്ങ് സൃഷ്ടിക്കുന്നതും പ്രത്യയശാസ്ത്രമാണെന്ന് ഗ്രാംഷി ചൂണ്ടിക്കാണിക്കുന്നു. ഗ്രാംഷിയുടെ ഹെജിമെനി പോലെ തന്നെ പ്രധാനപ്പെട്ടതാണ് പ്രത്യയശാസ്ത്രവും. ഒരു പുസ്തകത്തെക്കുറിച്ചുള്ള കുറിപ്പില്‍ ഇവയെ വിശദമാക്കുവാന്‍ കഴിയില്ലെന്നതുകൊണ്ടും ലേഖനം   നീണ്ടുപോകുമെന്നുള്ളതുകൊണ്ട് അവസാനിപ്പിക്കുകയാണ്.
            ഒരു മാര്‍ക്സിസ്റ്റിന് സമുഹത്തെ പുരോഗമനോന്മുഖമായി നയിക്കാന്‍ പ്രയത്നിക്കുന്നവന് ഉണ്ടായിരിക്കേണ്ട ശുഭാപ്തിവിശ്വാസം ഗ്രാംഷിയില്‍ രൂഢമൂലമായിരുന്നു. നോക്കുക തിരുത്താന്‍ കഴിയാത്ത വിധം സംഭവിച്ചു കഴിഞ്ഞതിനെക്കുറിച്ച് പശ്ചാത്തപിച്ച് കാലംപോക്കുന്നത് വ്യര്‍ത്ഥം.കമ്യൂണിസ്റ്റുകാര്‍ വികാരങ്ങള്‍ക്ക് അടിമപ്പെടാതെ ശാന്തമായി യുക്തിചിന്തയെ മുറുകെപ്പിടിച്ച് പ്രവര്‍ത്തിക്കണം.എല്ലാം സമ്പൂര്‍ണതകര്‍ച്ചയിലാണെങ്കില്‍ എല്ലാം പുനര്‍ നിര്‍മിക്കണം.ശിഷ്യരെ ആകര്‍ഷിക്കാനുതകുന്നവിധം ഇന്നുമുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്തണം.സ്നേഹിക്കണം. അവരെ സംഘടിപ്പിക്കണം.ഒരു പൂതിയ സംഘടനയുടെ ബീജവുമായി അവരെ ഘടകങ്ങളില്‍ അണിനിരത്തണം തൊഴിലാളി വര്‍ഗ്ഗത്തിന്റെയാകെ മനസ്സും ഇച്ഛാശക്തിയുമായിത്തീരും വരെ നാം ഉറച്ചുനില്ക്കേണ്ട നിലപാടുതറ ഇതാണെന്നുകൂടിയാണ് ഈ പുസ്തകം പ്രഖ്യാപിക്കുന്നത്.

പ്രസാധകര്‍- ചിന്ത , വില 65 രൂപ, മൂന്നാം പതിപ്പ് സെപ്റ്റംബര്‍ 2006


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1