#ദിനസരികള് 434 - നൂറു ദിവസം നൂറു പുസ്തകം – ഏഴാം ദിവസം.‌




||എത്രയെത്ര രാമായണങ്ങള്‍  ഡോ.അസീസ് തരുവണ||

             രാമായണം എന്ന കാവ്യത്തെ രാഷ്ട്രീയമായി വായിച്ചതിന്റേയും പ്രയോഗിച്ചതിന്റേയും കെടുതികളില്‍ നിന്നും ഒരു മഹാരാജ്യം ഇനിയും മുക്തമായി കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല, ­­അത് സംവാദമായും സംഗരമായും ഒരുപാടുകാലം നമ്മുടെയൊക്കെ രാഷ്ട്ര ജീവിതത്തിന്റെ ഗതിവിഗതികളെ നിയന്ത്രിച്ചു കൊണ്ടിരിക്കാന്‍ പര്യാപ്തമാണെന്നും വന്നിരിക്കുന്നു.ജനതയെ വിഘടിപ്പിക്കുയും പരസ്പരം രണോത്സുകരായി വിന്യസിക്കുകയും ചെയ്തുകൊണ്ട് രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കാനുള്ള കളികളില്‍ രാമായണം ഒന്നാം സ്ഥാനത്താണ്.അതുകൊണ്ടുതന്നെ വ്യത്യസ്തമായ പാഠങ്ങളെ നിഷേധിക്കുകയും , വിശ്വാസത്തിന്റെ പരിവേഷങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയ ഏകമുഖമായ ഒരു പാഠത്തെ സംസ്ഥാപിച്ചെടുക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത മറ്റാരേക്കാളും രാമായണത്തെ രാഷ്ട്രീയമായി പ്രയോഗിക്കുന്നവര്‍ക്കുണ്ട്.അതുകൊണ്ട് രാമായണത്തിന്റെ നില നില്ക്കുന്ന വ്യത്യസ്തങ്ങളായ ഭിന്നമൊഴികളെ അവര്‍ നിരാകരിക്കുന്നു. ഈ സാഹചര്യത്തിലാണ് രാമായണത്തിന്റെ കഥാഭേദങ്ങളെ അവതരിപ്പിക്കുകയെന്നത്, ഒരു സാസ്കാരിക പ്രവര്‍ത്തനം മാത്രമാകാതെ രാഷ്ട്രീയമായ ഇടപെടല്‍ കൂടിയാകുന്നത്.അത്തരത്തിലുള്ള ശ്ലാഘനീയമായ ഒരു പ്രവര്‍ത്തനത്തെയാണ് ഡോ.അസീസ് തരുവണ, തന്റെ എത്രയെത്ര രാമായണങ്ങള്‍ എന്ന പുസ്തകത്തിലൂടെ നിര്‍വ്വഹിക്കുന്നത്.
            വൈവിധ്യങ്ങളെ നിഷേധിച്ചുകൊണ്ട് പാഠങ്ങള്‍ക്ക് ഒരു ഏകാത്മകത ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്ന അതേ തന്ത്രമാണ് കഥാനായകനായ രാമന്റെ ജന്മസ്ഥലത്തെക്കുറിച്ചുള്ള തര്‍ക്കത്തെ രണ്ടുമതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാക്കി മാറ്റുന്നതില്‍ വിജയിച്ചതും. സ്ഥലാധിഷ്ഠിത തന്ത്രമെന്ന് (Site-based strategy) സതീശ് ദേശ്പാണ്ഡേ വിശദികരിക്കുന്ന ഈ സാധ്യതയെ ഫലപ്രദമായി വിനിയോഗിച്ചതിന്റെ ഉദാഹരണമാണല്ലോ രാമജന്മഭൂമി തര്‍ക്കം.ഇങ്ങനെ മൊഴി മാത്രമല്ല , പാഠത്തില്‍ നിരന്നു കിടക്കുന്ന നിരവധി സാധ്യതകളേയും കക്ഷിരാഷ്ട്രീയത്തിന്റെ വളര്‍ച്ചക്കുവേണ്ടി എങ്ങനെ ഉപയോഗിക്കപ്പെട്ടു എന്ന് വിശദമായിത്തന്നെ പഠിക്കേണ്ടിയിരിക്കുന്നു എന്നുകൂടി സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ.
            ഏഷ്യന്‍ രാജ്യങ്ങളിലാകെയും രാമായണത്തിന്റെ വ്യത്യസ്തമായ കഥകള്‍ നിലവിലുണ്ട്.ഡോ.അസീസ് എഴുതുന്നു ഇന്ത്യ കഴിഞ്ഞാല്‍ രാമകഥ ഏറ്റവും പുഷ്കലമായി നിലനില്ക്കുന്നത് ഇന്തോനേഷ്യയിലാണ്.ഹിക്കായത്ത് സെരിരാം എന്ന രാമകഥ ഏറെ പ്രസിദ്ധമാണ്.ഈ കൃതിയില്‍ അല്ലാഹു, ആദം നഹി, മുഹമ്മദി നബി, അലി തുടങ്ങിയ ഇസ്ലാമിക വിശ്വാസവുമായി ബന്ധപ്പെട്ട പേരുകള്‍ കടന്നുവരുന്നു.ഫീലിപ്പൈന്‍സിലെ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള രാമകഥയിലും ഇത്തരമൊരു സമന്വയം കാണാം.ഇങ്ങനെ വ്യത്യസ്തമായ കഥകളും ആഖ്യാനരീതികളും കൊണ്ട് ലോകമാകെ ചിതറിക്കിടക്കുന്ന ഒരു ഇതിഹാസത്തെയാണ് ശാഖകളേയും ഉപശാഖകളേയും മുറിച്ചുമാറ്റിക്കൊണ്ട് തായ്ത്തടിമാത്രമാക്കിയെടുക്കാനുള്ള ശ്രമം നടക്കുന്നത്.
            രാമായണത്തിന് വിദേശങ്ങളില്‍ നിലനില്ക്കുന്ന ഭേദങ്ങളെക്കാള്‍ എണ്ണത്തില്‍ എത്രയോ അധികമാണ് ഇന്ത്യയില്‍ തന്നെയുള്ളത് എന്നറിയുന്നത് കൌതുകകരമാണ്. രാമായണം ആരുടേയും സ്വകാര്യസ്വത്തല്ല എന്നും അത് ദേശത്തിന്റേയും കാലത്തിന്റേയും അടരുകളില്‍ വ്യത്യസ്ത ഗാഥാരീതികളുമായി പരന്നു കിടക്കുകയാണെന്നും അതുകൊണ്ടുതന്നെ ഈ ഭിന്നപാഠങ്ങളെ മുഴുവന്‍ അടര്‍ത്തിമാറ്റിയാലേ രാമായണത്തിനെ സവര്‍ണവും ആധിപത്യസ്വഭാവം പ്രകടിപ്പിക്കുന്നതുമായ ഒരു ചട്ടക്കൂടിലേക്ക് കയറ്റി നിറുത്താനാകൂവെന്നതും ജനാധിപത്യമനസ്സുകള്‍ക്ക് പ്രതീക്ഷ നല്കുന്നതാണ്. ഒരു പക്ഷേ ഒരിക്കല്‍ നടക്കാനിരിക്കുന്ന അപകടത്തെ സ്വയം പ്രതിരോധിക്കാനായി കാലത്തെ കടന്നുകാണുന്ന കവിതന്നെ കരുതി വെച്ചതാകാം ഈ ഭിന്നപാഠങ്ങളെന്ന് ചിന്തിക്കുന്നത് അതിഭാവുകത്വം കലര്‍ന്നതാണെങ്കിലും രസമുള്ളതാണ്. അങ്ങനെയല്ലാതിരുന്നെങ്കില്‍ ഒരു പാഠത്തോടും അതിന്റെ അവകാശികളായി രംഗപ്രവേശം ചെയ്യുന്നവരുടെ ഒരു വ്യാഖ്യാനത്തോടും മാത്രം കൂറുപുലര്‍‌ത്തേണ്ടി വരിക എന്ന അപകടമുണ്ടാകുമായിരുന്നു.ഇപ്പോള്‍ രാമായണത്തിന്റെ സവര്‍ണരാഷ്ട്രീയ പ്രയോഗങ്ങളെ എതിര്‍ക്കുവാന്‍ മാപ്പിളരാമായണത്തിലെ ഒരു ശീലുമാത്രം മതിയെന്നതു ചരിത്രംതന്നെ കാത്തുവെച്ചിരുന്ന തിരിച്ചടിയാകാം.
            ഈ പുസ്തകത്തിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായമായി ഞാന്‍ കണക്കാക്കുന്നത് കീഴാളരാമായണങ്ങളെക്കുറിച്ചുള്ള പ്രതിപാദിക്കുന്ന ഭാഗമാണ്.ആദിവാസികള്‍ ഹിന്ദുക്കളാണ് എന്നൊരു പൊതുബോധ്യത്തിലാണല്ലോ നാം നിലനില്ക്കുന്നത്.അത്തരമൊരു വാദം തികച്ചും അസംബന്ധമാണ്. ബ്രാഹ്മണികമായ മൂലസ്ഥാനങ്ങള്‍ക്കു ചുറ്റും കറങ്ങുന്ന ഹൈന്ദവസങ്കല്പങ്ങളെപ്പോലെയല്ല, ആദിവാസികളുടെ വിശ്വാസങ്ങളും ജീവിതരീതികളുമെന്ന് ഇനിയും നാം തിരിച്ചറിഞ്ഞിട്ടില്ല എന്നത് നമ്മുടെ പരിമിതിയാണ്.ഈ തിരിച്ചറിവുണ്ടാകുമ്പോഴാണ് കീഴാളപക്ഷത്തുനിന്നുകൊണ്ടുള്ള രാമായണവായന കൂടുതല്‍ സജീവവും അര്‍ത്ഥപൂര്‍ണവുമായ തലങ്ങളെ ചെന്നു മുട്ടുന്നത്. ഇന്ത്യയുടെ ബഹുസ്വരതയെ വെല്ലുവിളിച്ചുകൊണ്ട് ഏകമുഖമുള്ള ഒരു ദേശീയത കെട്ടിപ്പടുക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളെ തടുത്തുനിറുത്തുന്നതിനായി ഇന്ത്യയിലെ വിവിധങ്ങളായ ഇടങ്ങളില്‍ നിലനില്ക്കന്ന രാമായണ പാഠങ്ങളെ ഫലപ്രദമായി ഉപയോഗിക്കുവാന്‍ നമുക്കു കഴിയണം.രാമായണം തന്നെ രാമായണത്തിന് പ്രതിരോധമാകുകയും ജനാധിപത്യത്തിന്റെ നിലനില്പിന് സഹായിക്കുന്ന ആയുധമാകുകയും ചെയ്യുന്നു എന്നതാണ് ഇത്തരം വീണ്ടെടുപ്പുകളുടെ രാഷ്ട്രീയമായ പ്രസക്തി.ഡോ അസീസിന്റെ എത്രയെത്ര രാമായണങ്ങള്‍ എന്ന പുസ്തകം , പ്രാദേശികവും ഗോത്രീയവുമായ പാഠങ്ങളുടെ കേവലമായ വീണ്ടെടുപ്പുമാത്രമല്ല മറിച്ച്, രാഷ്ട്രീയമായ പ്രതിരോധങ്ങളുടെ മുനകളെ ചൂണ്ടിക്കാണിക്കല്‍ കൂടിയാണ്.ഈ പുസ്തകത്തിന്റെ പ്രാധാന്യവും ഇതുതന്നെയാണ്.


പ്രസാധകര്‍- ചിന്ത പബ്ലിഷേഴ്സ് , വില 105 രൂപ, ഒന്നാം പതിപ്പ് ജൂലൈ 2017

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം