#ദിനസരികള് 435 - നൂറു ദിവസം നൂറു പുസ്തകം – എട്ടാം ദിവസം.‌







||കാവ്യസൂര്യന്റെ യാത്ര – ഗോപി നാരായണന്‍||

ഗോപി നാരായണന്‍ എഴുതിയ കാവ്യസൂര്യന്റെ യാത്ര എന്ന പുസ്തകം മലയാളികളുടെ പ്രിയപ്പെട്ട കവിയായ ഒ എന്‍ വിയുടെ ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ്.സൂദീര്‍ഘമായ ഒരു കാലയളവില്‍ കവിതയിലുടേയും പാട്ടിലൂടേയും മലയാളിയുടെ ഭാവുകത്വസങ്കല്പങ്ങളെ പ്രോജ്ജ്വലിപ്പിച്ചു നിറുത്തിയ ഒ എന്‍ വിയെ വളരെ ഹൃദ്യമായ രീതിയില്‍ ഈ പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.കുട്ടികള്‍ക്കു വേണ്ടി എഴുതപ്പെട്ടതാണ് എന്ന് എഴുത്തുകാരന്‍ തന്നെ പറയുന്നുവെങ്കിലും അതിനുമപ്പുറത്ത് മുതിര്‍ന്നവരെക്കൂടി ഈ പുസ്തകം ആകര്‍ഷിക്കുന്നുവെന്നതാണ് വസ്തുത.

അപ്പുവിന്റെ ആകാശം എന്ന ഒന്നാം അധ്യായം മുതല്‍ സൂര്യന്റെ മരണം എന്ന അവസാന അധ്യായം വരെയുള്ള ഭാഗങ്ങളില്‍ ഒ എന്‍ വി കുറിപ്പിന്റെ കാവ്യജീവിതത്തിലെ സ്മരണീയമായ മുഹൂര്‍ത്തങ്ങളെ കൈയ്യടക്കത്തോടുകൂടി പ്രതിപാദിച്ചിരിക്കുന്നു.”ക്ലാവുപിടിച്ച നിലവിളക്കിന്റെ മങ്ങിയ വെട്ടത്തില്‍ എന്തോ കുത്തിക്കുറിച്ചുകൊണ്ടിരുന്ന കുട്ടിയോട് കാരണവര്‍ ചോദിച്ചു.’ അപ്പൂ , നീ തോന്ന്യാക്ഷരമെഴുതുമോ?’ ഗ്രാമീണനായ ആ കാരണവര്‍ക്ക് വലിയ പഠിപ്പൊന്നുമില്ലായിരുന്നു.അപ്പു കവിത എഴുതുകയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി.വല്ലതും എഴുതി പഠിക്കേണ്ട സമയത്ത് കുട്ടികള്‍ കവിതയെഴുതുന്നത് തോന്ന്യവാസമായേ കാരണവര്‍ക്കു കാണാനാകൂ.അതുകൊണ്ട് കാരണവരുടെ നോട്ടത്തില്‍ കവിത തോന്ന്യാക്ഷരമാണ് “ തോന്ന്യാക്ഷരങ്ങള് എഴുതിയ ആ കുട്ടി താന്‍ പിന്നീട് ജ്വലിച്ചൂയരുവാന്‍ പോകുന്ന മഹാകാശങ്ങളെ തേടുകയായിരുന്നുവെന്ന് പാവം കാരണവര്‍
എങ്ങനെയറിയാന്‍ !

“എന്റെ മകുടിയിലൂടെ
മൃത്യൂഞ്ജയ
മന്ത്രമായിത്തീരുന്നു
ഞാനുമെന്‍ ഗാനവും” -

എന്നെഴുതിയ മഹാകവിയായിരുന്നു മുഷിഞ്ഞ വിളക്കിന്റെ ഇത്തിരി മഞ്ഞ വെട്ടത്തിലിരുന്നു കുത്തിക്കുറിച്ച ആ ബാലനെന്ന് അദ്ദേഹം അന്ന് അറിയില്ലല്ലോ! ഒ എന്‍ വിയുടെ കാവ്യജീവിതം അവിടെ സമാരംഭിക്കുകയായിരുന്നു.പ്രതാപിയായ അച്ഛന്റെ അകാലത്തുള്ള വിയോഗം ആ കുഞ്ഞിന്റെ ബാല്യകാലങ്ങളെ വേദനപ്പെടുത്തി.അമ്മയുടെ തറവാട്ടിലാണ് പിന്നീട് അപ്പു വളര്‍ന്നത്.” അച്ഛന്റെ മരണവും ബലിതര്‍പ്പണവും ദീക്ഷയും അമ്മയുടെ കണ്ണീരും ബന്ധുക്കളുടെ സഹാനുഭൂതിയും അനാഥത്വബോധവും ആ മനസ്സിലേല്‍പ്പിച്ച ആഘാതം വലുതായിരുന്നു.” ( പുസ്തകത്തില്‍ നിന്ന് )
സ്കൂള്‍‌കാലത്തിന്റെ തുടക്കത്തില്‍ തന്നെയുണ്ടായ രസകരമായ ഒരനുഭവം എഴുത്തുകാരന്‍ പങ്കുവെക്കുന്നുണ്ട് “ ചവറ സ്കൂളിലേക്കുള്ള ആദ്യയാത്ര അപ്പുവിന് അവിസ്മരണീയമായ അനുഭവമായി .ക്ലാസില്‍ പുതിയതായി വന്ന കൂട്ടിയെ എല്ലാവരും സാകൂതം നോക്കി.പെട്ടെന്ന് കണക്കുമാഷ് കയറിവന്നതും ഗൃഹപാഠം ചെയ്യാത്തവരെയെല്ലാം എഴുന്നേല്പിച്ചുനിറുത്തി ശിക്ഷിച്ചതുമൊക്കെ അപ്പുവിന് ഒരിക്കലും മറക്കാന്‍ പറ്റാത്തതായിരുന്നു.ബാല്യത്തില്‍ സംഭവിച്ച തിക്തമായ അനുഭവങ്ങളിലൊന്നായിരുന്നു അത്.അദ്ധ്യാപകന്‍ ഗൃഹപാഠം ചെയ്യാത്തവരോടെല്ലാം എഴുന്നേല്ക്കാന്‍ പറഞ്ഞപ്പോള്‍ അപ്പുവും എഴുന്നേറ്റു നിന്നു.താന്‍ പുതിയ കുട്ടിയാണെന്ന് ആ കണക്കുസാറിനോട് പറയണമെന്നുണ്ടായിരുന്നെങ്കിലും ധൈര്യമുണ്ടായില്ല.അങ്ങനെയാണ് ഗൃഹപാഠം ചെയ്യാത്ത കുട്ടികള്‍ക്കുള്ള ശിക്ഷ അപ്പുവിനും കിട്ടിയത്.നൊമ്പരം കൊണ്ട് പുളഞ്ഞെങ്കിലും സത്യത്തെ മുറുകെപ്പിടിച്ചതില്‍ അപ്പുവിന് അഭിമാനം തോന്നി”

പതിനഞ്ചു വയസ്സിലാണ് മംഗളോദയത്തില്‍ ഒ എന്‍ വിയുടെ ആദ്യകവിത വെളിച്ചം കാണുന്നത്.തൊഴിലാളികളുടെ കരുവാളിച്ച മുഖങ്ങളിലേക്ക് ഒരു കാലത്ത് ചുവന്ന സൂര്യന്റെ കതിരുകള്‍ വന്നുവീണ് പ്രകാശമാനമാക്കും എന്ന ബോധ്യത്തിലേക്ക് മലയാളിയെ ആനയിച്ച ഒ എന്‍ വിയുടെ ആദ്യകവിതയുടെ പേര് മുന്നോട്ട് എന്നായിരുന്നുവെന്നത് തികച്ചും യാദൃശ്ചികമായിരുന്നുവെങ്കിലും പ്രവചനാത്മകം കൂടിയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പില്ക്കാല ജീവിതം സാക്ഷ്യപ്പെടുത്തുന്നു.”എന്റെ കാവ്യ ജീവിതത്തിന്റെ ബാല്യക്ലേശങ്ങള്‍ അടയാളപ്പെട്ടു കിടക്കുന്ന കവിതകളാണിവ – അന്ന് ജീവിതത്തെക്കുറിച്ച് കുറേക്കൂടി വിശ്വാസമുണ്ടായിരുന്നു.സ്വപ്നങ്ങള്‍ക്ക് കടും നിറമുണ്ടായിരുന്നു” വെന്നാണ് ആദ്യകാലങ്ങളിലെ കവിതകളെക്കുറിച്ച് മഹാകവി പിന്നീട് അനുസ്മരിച്ചത് .

ഒ എന്‍ വിയുടെ ഗാനങ്ങളുടെ മധുരിമി നുണയാത്ത മലയാളികളുണ്ടാവില്ല.വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്തന്നെ നാടകങ്ങളില്‍ പാട്ടെഴുതിത്തുടങ്ങിയ അദ്ദേഹം തന്റെ അവസാനകാലം വരെ മലയാളികളെ മനോഹരമായ ഗാനങ്ങളാല്‍ ആലോലമാട്ടിയിരുന്നു.” ആറുപതിറ്റാണ്ടിനുള്ളില്‍ ഒ എന്‍ വി എഴുതിക്കൂട്ടിയത് ആയിരത്തില്‍ പരം ചലച്ചിത്ര ഗാനങ്ങളാണ്.അവയില്‍ ഒട്ടു മിക്കപാട്ടുകളും പ്രസിദ്ധി നേടി.’ മാണിക്യവീണ’ എന്ന ഗ്രന്ഥത്തില്‍ ഒ എന്‍ വിയുടെ ആയിരത്തൊന്ന് ഗാനങ്ങള്‍ സമാഹരിച്ചിട്ടുണ്ട്.ഏറ്റവും ഒടുവില്‍ പുറത്തു വന്നതില്‍ ഹിറ്റായത് എം ടിയുടെ പഴശ്ശിരാജക്കുവേണ്ടി എഴുതിയ ആദിയുഷസ്സന്ധ്യ പൂത്തതിവിടെ എന്ന ഗാനമാണ്.കാംബോജി എന്ന സിനിമക്കുവേണ്ടിയാണ് അവസാന ഗാനം എഴുതിയത്.

ഒ എന്‍ വിയുടെ പ്രിയപത്നി സരോജിനിയുടെ ആമുഖക്കുറിയോടെ ആരംഭിക്കുന്ന പുസ്തകം , സൂര്യന്റെ മരണം എന്നു പേരിട്ട ഇരുപത്തിയൊന്നാം അധ്യായത്തില്‍ അവസാനിക്കുമ്പോള്‍ കവിയുടെ ജീവിതത്തെക്കുറിച്ചും ആശയ ലോകത്തെക്കുറിച്ചും വായനക്കാരനില്‍ സമഗ്രമായ അവബോധമുണ്ടാക്കാന്‍ പര്യാപ്തമാണ്.രണ്ടു കുറവുകള്‍ അടുത്ത പതിപ്പില്‍ തിരുത്തുമെന്ന പ്രത്യാശയോടെ ചൂണ്ടിക്കാണിക്കട്ട .ഒന്ന് ഒ എന്‍ വിക്ക് ലഭിച്ച സമ്മാനങ്ങളുടെ ഒരു സൂചികയും രണ്ടാമത്തേത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ കാലസൂചികയുമാണ്. ഇവരണ്ടും കൂടി ഉള്‍‌‍പ്പെടുത്താന്‍ കഴിഞ്ഞാല്‍ ഒ എന്‍ വിയുടെ ആധികാരികമായ ജീവചരിത്രമായി ഈ പുസ്തകം മാറും.

പ്രസാധകര്‍- സൈന്ധവ ബുക്സ് , വില 120 രൂപ, ഒന്നാം പതിപ്പ് ജനുവരി 2018



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1