#ദിനസരികള് 436 - നൂറു ദിവസം നൂറു പുസ്തകം – ഒമ്പതാം ദിവസം.
||സഹോദരന്‍
അയ്യപ്പന്‍ – എം ബിജുകുമാര്‍||
“ജാതിയില്‍
എനിക്കു മീതേയും എനിക്കു താഴേയും ആരുമില്ല, കൊട്ടാരത്തില്‍പ്പോലും”
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ഏറ്റവും ധീരമായ ഒരു പ്രഖ്യാപനമായിരുന്നു 1940
കളില്‍ കൊച്ചി നിയമസഭയില്‍ മുഴങ്ങിക്കേട്ടത്.അധസ്ഥിത വര്‍ഗ്ഗത്തില്‍പ്പെട്ട,
പുലയനായ ഒരാള്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തിയപ്പോള്‍ അതുകേട്ടു നിന്ന ചുവരുകള്‍
പോലും ഒന്നു ഞെട്ടിയിട്ടുണ്ടാകണം. രാജഭരണമാണ് നിലവിലുള്ളത്. എന്നിട്ടുപോലും
തെല്ലും കൂസാതെ ആ പ്രഖ്യാപനം നടത്തിയത്
സഹോദരന്‍ അയ്യപ്പനായിരുന്നു. ഒരു കാലത്ത് പുലയനയ്യപ്പനെന്ന് ആക്ഷേപിച്ച അതേ സഹോദരന്‍ കെ അയ്യപ്പന്‍
ഇങ്ങനെയൊരു പ്രഖ്യാപനം വെറുതെ നടത്തുകയായിരുന്നില്ല. മഹാരാജാവിനെ മുഖം കാണിക്കാന്‍
അനുമതി ചോദിച്ച അദ്ദേഹത്തിന് കൊട്ടാരത്തിലെ സര്‍വ്വാധികാര്യക്കാര്‍ നല്കിയ
മറുപടിയായിരുന്നു ഈ പ്രകോപനത്തിന് കാരണം. രാജാവിന് സുഖമില്ലാതിരിക്കുകയാണെന്നും
അതുകൊണ്ട് ഇപ്പോള്‍ കുളിക്കാന്‍ കഴിയില്ലെന്നും അസുഖം ഭേദമായ ശേഷം
വന്നുകൊള്ളുവാനുമാണ് കാര്യക്കാരുടെ മറുപടി. ആത്മാഭിമാനിയായ ഏതൊരു വ്യക്തിയുടേയും
സിരകളില്‍ ചോര തിളച്ചു പോകുന്ന സന്ദര്‍ഭം. പുലയനായ അയ്യപ്പനെ കണ്ടാല്‍ത്തന്നെ
കുളിക്കണമെന്നുള്ള സൂചന അടങ്ങുന്ന ആ മറുപടി അദ്ദേഹത്തെ കോപാകുലനാക്കി. സര്‍വ്വാധികാര്യക്കാര്‍ക്ക്
പരസ്യമായി അദ്ദേഹം നല്കിയ മറുപടിയാണ് നാം കണ്ടത്.കൊച്ചിരാജാവിന്റെ മകന്‍
തന്നെയായിരുന്നു സര്‍വ്വാധികാര്യക്കാര്‍ എന്നുകൂടി അറിയുമ്പോഴേ അയ്യപ്പന്റെ മറുപടി
എവിടെയൊക്കെയാണ് തൊട്ടുനില്ക്കുന്നത് എന്ന് വ്യക്തമായി മനസ്സിലാകുകയുള്ളു.
ജാതീയമായി
നിലനില്ക്കുന്ന അസമത്വങ്ങളെ അവസാനിപ്പിച്ച് മനുഷ്യരെല്ലാവരും തുല്യതയില്‍
പരിഗണിക്കപ്പെടണം എന്ന ഉദ്ദേശത്തോടെയായിരുന്നു അയ്യപ്പന്‍ തന്റെ പ്രവര്‍ത്തനങ്ങള്‍
സംഘടിപ്പിച്ചുപോന്നത്. ആ ഉദ്ദേശത്തോടെ അദ്ദേഹം നടപ്പിലാക്കിയ മിശ്രഭോജനം എന്ന ആശയം
കേരളത്തിലെ നവോത്ഥാന അന്തരീക്ഷത്തെ ഇളക്കിമറിച്ചിരുന്നു.ജാതി ഇല്ലാതാക്കാനുള്ള
ശ്രീനാരായണന്റെ പ്രവര്‍ത്തനങ്ങളും പിന്തുണയും അയ്യപ്പന് ഊര്‍ജ്ജമായിത്തീര്‍ന്നിട്ടുണ്ട്.ഒരിടക്കു
നിലച്ചുപോയ തന്റെ കോളേജു വിദ്യാഭ്യാസത്തെ വീണ്ടും മുന്നോട്ടുകൊണ്ടുപോകാന്‍ ഗുരു
അയ്യപ്പനെ പ്രത്യക്ഷമായിത്തന്നെ സഹായിച്ചിരുന്നു. ഗുരുവുമായി അദ്ദേഹത്തിന്
നേരിട്ടുള്ള ബന്ധം ജാതീയതെക്കെതിരെ യുദ്ധരംഗത്തേക്കിറങ്ങാനുള്ള ശക്തമായ
പ്രേരണയായിത്തീര്‍ന്നു.ആ പ്രേരണയുടെ അടിസ്ഥാനത്തിലാണ് മിശ്രഭോജനം എന്ന ഫലവത്തായ
ആയുധം അയ്യപ്പന്‍ കണ്ടെത്തുന്നത്.മിശ്രഭോജനം സമൂഹത്തില്‍ വലിയ കോളിളക്കങ്ങള്‍ക്കു
വഴിതുറന്നു.എന്നാല്‍ മേല്‍ജാതിക്കാരെ ഭയപ്പെട്ട് കീഴ്ജാതിക്കാരില്‍തന്നെ അതിനു തയ്യാറായവര്‍
വിരളമായിരുന്നു. പങ്കെടുക്കുന്നവര്‍ക്കെതിരെ
ഭ്രഷ്ടുകല്പിച്ചും സമുദായത്തില്‍ നിന്നും ഒറ്റപ്പെടുത്തിയുമൊക്കെ മിശ്രഭോജനമെന്ന
സമരരീതിയുടെ മുനയൊടിക്കാന്‍ സ്ഥാപിത താല്പര്യക്കാര്‍ നടത്തിയ ശ്രമങ്ങളും
അതിനെയൊക്കെ അതിജീവിച്ചുകൊണ്ട് അയ്യപ്പനും കൂട്ടരും നടത്തയി മുന്നേറ്റങ്ങളുമൊക്കെ
ചരിത്രത്തിലെ ജ്വലിക്കുന്ന ഏടുകളാണ്.
ആദ്യകാലങ്ങളില്‍ പുലയന്‍ അയ്യപ്പനെന്ന് അധിക്ഷേപിക്കപ്പെട്ടയാള്‍ സഹോദരന്‍ അയ്യപ്പനായി മാറിയ കഥ കേരളം ജാതീയതയുടെ
കെട്ടുപാടുകളെ ഒരു പരിധിവരെ കുടഞ്ഞെറിഞ്ഞതിന്റെ കഥ കൂടിയാണ്.ശ്രീനാരായണഗുരു
അന്തരിച്ച സമയത്ത് സഹോദരന്‍ പത്രത്തില്‍ അയ്യപ്പനെഴുതി “ ഗുരു
സാധാരണക്കാരെപ്പോലെ മരണത്തോടെ അവസാനിച്ചിട്ടില്ല.അദ്ദേഹം അവരെപ്പോലെ മരിച്ചിട്ടും
അവരെപ്പോലെയല്ലാത്തവിധം വീണ്ടും ജീവിക്കുന്നുണ്ട്.അത് മഹാത്മരുടെ
പ്രത്യേകതയാണ്.സ്വാമിയുടെ യശസ്സും ദൃഷ്ടാന്തവും ഉപദേശങ്ങളും മരിക്കാത്തവയാണ്.അവ
ലോകത്തിന് പ്രയോജനപ്പെടുത്താനാണ് സ്വാമിയോട് യഥാര്‍ത്ഥഭക്തിയും ബഹുമാനവും സ്നേഹവും
ഉള്ളഴവര്‍ ശ്രമിക്കേണ്ടത്” സഹോദരന്‍ അയ്യപ്പന്റെ പാത
പിന്തുടരുന്നവരോടും ചരിത്രത്തിന് ഇതുതന്നെയായിരിക്കും പറയാനുണ്ടാകുക. അയ്യപ്പന്റെ
ചരിത്രം വളരെ ലളിതമായി തയ്യാറാക്കിയത് എം ബിജുകുമാറാണ്.
പ്രസാധകര്‍- എന്‍ ബി എസ് , വില 90 രൂപ, ഒന്നാം പതിപ്പ് ആഗസ്റ്റ് 2016
Comments