Saturday, May 13, 2017

#ദിനസരികള്‍ 31


ഗുരു നിത്യചൈതന്യ യതി. ശ്രീനാരായണന്റെ സര്‍വ്വസമാശ്ലേഷിയായ ദര്‍ശനങ്ങള്‍ക്ക് സ്നേഹത്തിന്റെ നാരായംകൊണ്ട് ഭാഷ്യംചമച്ച സന്യാസി. മാനവികത എന്നത് പ്രസംഗപീഠങ്ങളിലെ വാചാടോപങ്ങള്‍ കൊണ്ട് അഭിനയിക്കപ്പെടേണ്ട ഒന്നല്ലെന്നും , ജീവിതത്തിലെ സര്‍വ്വ മുഹൂര്‍ത്തങ്ങളിലും വിളക്കിച്ചേര്‍‌ക്കേണ്ട ഒന്നാണെന്നും അദ്ദേഹം നിരന്തരം ഓര്‍മിപ്പിച്ചു.
            ഒന്നായ മാനവര്‍‍‌ക്കൊറ്റനീതി
            ഈ മണ്ണു നമ്മുടെ ആകെ ഭൂമി
            ഒന്നായ് പണിയെടുത്തുണ്ണണം നാം
            എല്ലാരുമെല്ലാര്‍ക്കുമോമനകള്‍ - എന്നായിരുന്നു അദ്ദേഹത്തിന്റെ ദര്‍ശനം. ഒരു യഥാര്‍‌ത്ഥ ശ്രീനാരായണീയന് അവനവന് എന്ന ചിന്തയില്ലെന്നും അപരന്റെ സുഖമാണ് തന്റേയും സുഖം എന്നും ചിന്തിക്കാതിരിക്കാനാവില്ല എന്ന് ഗുരു ലോകത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരുന്നു. എഴുത്തും വാക്കും ചിന്തയും എല്ലാം മാനവികതയില്‍ ഊന്നി നില്ക്കുന്നതാകണം എന്ന് സഹചാരികളെ അദ്ദേഹം നിരന്തരം പഠിപ്പിച്ചു.ജാതി മത സങ്കുചിതത്ത്വങ്ങള്‍ ഉണ്ടാക്കിയെടുക്കുന്ന അസ്വാരസ്യങ്ങളില്‍‌പ്പെട്ട് ഉഴന്ന് മനുഷ്യജീവിതത്തിന്റെ മഹനീയതയെ മറക്കുന്നവരോട് അദ്ദേഹത്തിന് സഹതാപമായിരുന്നു.
            നവംബർ 2, 1923 ന് ജനിച്ച അദ്ദേഹം മെട്രിക്കുലേഷനു ശേഷം ഇന്ത്യയൊട്ടാകെ അലഞ്ഞു നടന്നു. ആ അലച്ചില്‍ യാന്ത്രികമായ ഒരു സന്യാസ ജീവിതത്തിന്റെ ചട്ടക്കൂടുകളില്‍ നിന്ന് അദ്ദേഹത്തെ മുക്തനാക്കി. ഇന്ത്യയുടെ ജീവിതങ്ങളുടെ നേര്‍ക്കാഴ്ച തേടിയ അദ്ദേഹം ചെന്നെത്തിയത് ഗാന്ധിജിയിലേക്കാണ്. എന്നെന്നേക്കുമായി തന്റെ ജീവിതം മാറ്റി മറിച്ച സംഭവമായിട്ടാണ് ഗാന്ധിയുമായുള്ള സമാഗമത്തെ നിത്യ വിലയിരുത്തുന്നത്. സത്യത്തിന് ഒരു മുഖമല്ല , വിവിധങ്ങളായ മുഖങ്ങളുണ്ടെന്ന് നിത്യ ചൈതന്യ യതിയെ പഠിപ്പിച്ചത് ഗാന്ധിജിയുമായുള്ള സംഭാഷണങ്ങളായിരുന്നു.ജീവിതകാലം മുഴുവനും സത്യത്തിന്റെ വിഭിന്നമായ മുഖങ്ങളെക്കുറിച്ച് നിത്യചൈതന്യയതി നമ്മെ ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു.
            നാരായണദര്‍ശനങ്ങളിലേക്ക് കൈപിടിച്ചു നടത്തിയ നടരാജ ഗുരുവുമായുള്ള ഗുരുശിഷ്യ ബന്ധത്തിന്റെ കഥകള്‍ അദ്ദേഹത്തിന്റെ ഗുരുവും ശിഷ്യനും എന്ന പുസ്തകത്തില്‍ വായിക്കാം.ഗുരുശിഷ്യ ബന്ധത്തിന്റെ ഊഷ്മളത വെളിപ്പെടുത്തുന്നവയാണ് നടരാജഗുരുമൊത്തുള്ള അദ്ദേഹത്തിന്റെ ജീവിതം. അതിര്‍ത്തികളില്ലാത്ത വിശ്വപൌരനിലേക്കുള്ള യതിയുടെ പരിണാമത്തിന് തുടക്കം കുറിച്ചത് നടരാജഗുരുവുമൊത്തുള്ള ജീവിതമായിരുന്നു.
            സ്കൂള്‍ കാലഘട്ടത്തില്‍ സന്യാസത്തോടുള്ള ആകര്‍ഷണം തലക്കു പിടിച്ച് അലഞ്ഞു നടന്നിരുന്ന ഒരു ഘട്ടത്തിലാണ് ഞാന്‍ ഗുരുവിന് ഒരു കത്തെഴുതുന്നത്.കൃത്യമായി എത്തിച്ചേര്‍ന്ന അദ്ദേഹത്തിന്റെ മറുപടി അന്ന് എന്നെ എത്രയോ അദ്ഭുതപ്പെടുത്തി. താനുമായി ബന്ധപ്പെടുന്ന ആരിലും യതിയുടേതായ എന്തെങ്കിലും ഒന്ന് അവശേഷിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.അതുകൊണ്ടുതന്നെയാണ് പ്രായഭേദമെന്യേ യതിയിലേക്ക് ആരാധകവൃന്ദം ഒഴുകിയെത്തിയത്.
 ഒരു രാജ്യത്തിന്റെ അതിര്‍ത്തികളില്‍ അദ്ദേഹത്തിന്റെ ചിന്തയേയോ ജീവിതത്തേയോ നമുക്ക് ബന്ധിച്ചിടാന്‍ കഴിയാത്ത തരത്തില്‍ വളര്‍ന്ന വിശ്വപൌരനായിരുന്നു നിത്യചൈതന്യയതി.1999 മേയ് 14 അന്തരിച്ച ഗുരുവിന്റെ ആത്മകഥയുടെ അവസാനഭാഗം പകര്‍ത്തി ഞാന്‍ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ :- ജനനം മുതല്‍ എന്നോടൊപ്പമുള്ള ശരീരമെന്ന ഈ നല്ല കൂട്ടുകാരനെ ഇനിയും ഞാന്‍ പീഢിപ്പിക്കരുതല്ലോ.ചിറകൊതുക്കാന്‍ നേരമായി.എല്ലാം തീര്‍ന്നല്ലേ തീരു.മാന്യമായി അന്തസ്സോടെ ഭംഗിയായി അവസാനിപ്പിക്കേണ്ടത് എന്റെ കൂടി ഉത്തരവാദിത്തമാണ്
നന്ദി പ്രഭോ നന്ദി


Post a Comment