#ദിനസരികള്‍ 1139 സ്വപ്നങ്ങള്‍...... സ്വപ്നങ്ങള്‍..... സ്വപ്നങ്ങളേ നിങ്ങള്‍



          സ്വപ്നങ്ങള്യാഥാര്ത്ഥ്യമാകുമോ? സ്വപ്നം ചിലര്ക്ക് ചില കാലമൊത്തിടും എന്നൊരു പഴമൊഴിയായിരിക്കും നമുക്ക് മിക്കപ്പോഴും ഉത്തരമായി ലഭിക്കുക. അതൊരു കൃത്യതയില്ലാത്ത ഉത്തരമാണ്. കാരണം ചിലര്‍‌ക്കേ ഒക്കൂ , എല്ലാവര്ക്കുമില്ല. അതുകൊണ്ടുതന്നെ അതിനൊരു ശാസ്ത്രീയതയില്ല. എന്നാല് ലോകമാസകലമുള്ള ഇതിഹാസാദി പുരാണങ്ങളില്സ്വപ്നങ്ങള്ക്ക് വലിയ പ്രസക്തിയുണ്ട്. സ്വപ്നം ഫലിക്കുമെന്ന വിശ്വാസം മിക്ക സമൂഹത്തിലും രൂഢമൂലമായിരുന്നു. മനുഷ്യജീവിതങ്ങളുടെ ഗതി തന്നെ മാറ്റി മറിച്ച വിഖ്യാതമായ സ്വപ്നങ്ങളെക്കുറിച്ചും നാം  ഒരുപാടു കേട്ടിട്ടുണ്ട്.
          ബൈബിളില്‍ സ്വപ്നങ്ങളുടെ ഒരു നീണ്ട നിരതന്നെയുണ്ട്. പ്രവാചകത്വത്തിന്റെ ലക്ഷണങ്ങളിലൊന്നായിട്ടാണ് സ്വപ്നംകാണാനുള്ള ശേഷിയെ ഖുറാന്‍ വിശേഷിപ്പിക്കുന്നത്.മഹാഭാരതത്തിലും രാമായണത്തിലും സ്വപ്നങ്ങളെ വലിയ പ്രാധാന്യത്തെക്കുറിച്ചാണ് പറയുന്നത്.മതാത്മകമായ പരിവേഷങ്ങളില്ലാത്ത സാഹിത്യത്തിലേക്ക് കടന്നാലും സ്വപ്നങ്ങള്‍ക്ക് പ്രസക്തിയുണ്ട്. എ ജെ ജെ റാറ്റ്‌ക്ലിഫ് തന്റെ സ്വപ്നങ്ങളുടെ ചരിത്രം ആരംഭിക്കുന്നതുതന്നെ ഷേക്സ്പിയറെ ഉദ്ധരിച്ചുകൊണ്ടാണ്. ഇങ്ങനെ ചില ഗ്രന്ഥങ്ങളെ സൂചിപ്പിച്ചത് സ്വപ്നങ്ങളെ മനുഷ്യര്‍ നോക്കിക്കണ്ട പ്രാധാന്യത്തെക്കുറിച്ച് സൂചിപ്പിക്കുവാന്‍ വേണ്ടി മാത്രമാണ്.
          സ്വപ്നങ്ങളെക്കുറിച്ച് ആധുനിക കാലത്ത് പഠനം നടത്തിയവരെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ നാം ആദ്യമോര്‍മിക്കുന്ന പേര് സിഗ്മണ്ട് ഫ്രോയിഡ് എന്ന വിപ്ലവകാരിയെക്കുറിച്ചാകുക സ്വഭാവികമാണ്. കാരണം അദ്ദേഹം ഈ മേഖലയില്‍ അത്രമാത്രം സുപരിചിതനാണ്.അദ്ദേഹത്തിന്റെ സ്വപ്നങ്ങളുടെ വ്യഖ്യാനം എന്ന ഗ്രന്ഥം അത്രതന്നെ സുവിദതവുമാണ്.1900 ലാണ് ആ കൃതി പുറത്തു വരുന്നത്. അതിനു ശേഷം അദ്ദേഹത്തിന്റെ നിരവധി പുസ്തകങ്ങളില്‍ സ്വപ്നങ്ങളെക്കുറിച്ച് ഗൌരവതരമായ പഠനങ്ങള്‍ നടന്നിട്ടുണ്ട്. മാനസികാപഗ്രഥനത്തിന് ഒരു പൊതുവിജ്ഞാനിക എന്ന ഗ്രന്ഥം ഇത്തരുണത്തില്‍ എടുത്തു പറയേണ്ട ഒന്നാണ്.ദീര്‍ഘകാലമായി ഈ മേഖലയില്‍ അദ്ദേഹം നടത്തിയ പഠനങ്ങളുടെ ഫലമാണ് വിയന്നാ യൂണിവേഴ്സിറ്റിയിലെ പ്രസംഗ പരമ്പര. അതുവരെ നിലവിലുണ്ടായിരുന്ന മുഴുവന്‍ സങ്കല്പങ്ങളേയും ചോദ്യം ചെയ്തുകൊണ്ട് വരുംകാല പഠിതാക്കള്‍ക്കായി ഒരു പുതുവഴി തുറക്കുകയായിരുന്നു ഈ പുസ്തകത്തിലൂടെ സിഗ്മണ്ട് ഫ്രോയിഡ് ചെയ്തത് .
          ഇത്രയും ആമുഖമായി ഇവിടെ പറയാന്‍ കാരണം ഡോ. ജോസഫ് ഇ തോമസ് എഴുതിയ സ്വപ്നങ്ങള്‍ - സ്വപ്നലോകത്തേക്കൊരു സഞ്ചാരം എന്ന പുസ്തകത്തെ പരിചയപ്പെടുത്തുന്നതിനാണ്. മനശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ പരിചയ സമ്പത്തു വിനിയോഗിച്ചുകൊണ്ടാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. സ്വപ്നം എന്ന സവിശേഷമായ പ്രതിഭാസത്തെക്കുറിച്ച് പല സിദ്ധാന്തങ്ങളും ഈ ലഘുഗ്രന്ഥത്തില്‍ നിരത്തിവെച്ചിട്ടുണ്ട്.ഇവയില്‍ ഏതാണ് ഏറ്റവും മെച്ചം? അന്ധന്മാര്‍ ആനയെ കണ്ട കഥയാണ് ഇപ്പോള്‍ ഓര്‍മ്മിക്കുന്നത്.ഓരോരുത്തരും പറയുന്നതില്‍ കുറേ യാഥാര്‍ത്ഥ്യമുണ്ട്.ഒരു സ്വപ്നത്തെ പരിണിക്കുമ്പോള്‍ അതിനെ വിവിധ കോണുകളില്‍ നിന്ന് നോക്കുവാന്‍ ശ്രമിക്കണം.ഒരു ചട്ടക്കൂട് ഉണ്ടാക്കിയിട്ട് സങ്കീര്‍ണമായ ഒരു പ്രതിഭാസത്തെ അതില്‍ അടിച്ചൊതുക്കി ചളുക്കിക്കളയാതിരിക്കുന്നതാണ് ഉത്തമം.മുന്‍വിധിയൊന്നും കൂടാതെ തുറന്ന മനസ്സോടെ ഓരോ സ്വപ്നത്തേയും വിശകലനം ചെയ്യാനാണ് ഞാന്‍ ശ്രമിക്കുന്നത് എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. (തുടരും )     
         



© മനോജ് പട്ടേട്ട് ||31 May 2020, 7.30 P M ||



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1