#ദിനസരികള്‍ 1146



            നാം ഇതുവരെ പരിചയപ്പെട്ടവരില്‍ നിന്നും യുങ്ങിലേക്ക് എത്തുമ്പോഴേക്കും തുറന്ന ഒരു വെളിമ്പ്രദേശത്തു നിന്ന് ഇടുങ്ങിയതും നിഗൂഢതകള്‍ പേറുന്നതുമായ ഒരു ഗുഹയിലേക്ക് ചെന്നെത്തിയ പ്രതീതിയാണുണ്ടാകുക. കാരണം ഫ്രോയിഡും  കൂട്ടരും തികച്ചും ഭൌതികതയില്‍ ഊന്നി നിന്നുകൊണ്ടാണ് മാനസിക പ്രശ്നങ്ങളെ സമീപിച്ചത്.അവിടെ ആത്മീയമായ ഒന്നിനേയും ഇടപെടാന്‍ അനുവദിച്ചിരുന്നില്ല. യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതിനെയൊക്കെ ഫ്രോയിഡ് തിരസ്കരിച്ചു.എന്നാല്‍ യൂങ്ങാകട്ടെ സാംസ്കാരികവും ഭൌതികേതരവുമായ ചിലതിനെയെല്ലാം വലിയ പ്രാധാന്യത്തോടെ പരിഗണിച്ചു. യുങ്ങിനെ പഠിക്കാനെടുക്കുന്ന ഒരാള്‍ക്ക് മിത്തും യാഥാര്‍ത്ഥ്യവുമെല്ലാം കൂടിക്കുഴഞ്ഞ ഒരന്തരീക്ഷത്തെയാകും അനുഭവപ്പെടുക. അതുകൊണ്ടുതന്നെ നിഗൂഢമായ ഒരു ലോകത്തിന്റെ പ്രതിനിധിയെയാണ് നമ്മള്‍ സമീപിക്കുന്നത് എന്നും തോന്നിപ്പോകുന്നത് സ്വഭാവികമാണ്.
          സി ജി യുങ്ങ് , കാള്‍ ഗുസ്താവ് യുങ്ങ് ജനിച്ചത് 1875 ജൂലായ് 26 ന്  സ്വിറ്റ്സര്‍ലണ്ടിലെ കെസ്വില്‍ എന്ന ചെറുഗ്രാമത്തിലാണ്.മതപരമായ ഗൃഹാന്തരീക്ഷത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം തുടങ്ങിയത്.ഇടക്കിടെ ചുഴലി ബാധിക്കുമായിരുന്ന യുങ്ങ് അതില്‍ നിന്നും വിമോചിതനായതിന്റെ കഥ വിഖ്യാതമാണല്ലോ. സ്വയം നിശ്ചയിച്ചുറപ്പിച്ച പ്രയത്നത്തിന്റെ ഫലമായിട്ടാണ് അദ്ദേഹം ആ രോഗത്തില്‍ നിന്നും മുക്തി നേടിയത്. അങ്ങനെ രോഗവിമുക്തനായതിനുശേഷം , പിന്നീട് , അദ്ദേഹം ഇക്കാര്യത്തെ സൂചിപ്പിച്ചുകൊണ്ട് എഴുതിയത് നാഡിരോഗം എന്താണെന്ന് എനിക്ക് വ്യക്തമായി എന്നാണ്.1905 ല്‍ സൂറിച്ച് യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായി ആരംഭിച്ച ആ ജീവിതം ഇന്നും നിരവധിയാളുകളെ നിരന്തരം പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
          ഫ്രോയിഡ് തന്റെ പിന്‍ഗാമിയായി യുങ്ങിനെയാണ് കണ്ടിരുന്നതെന്ന കാര്യം സുവിദിതമാണല്ലോ. ഫ്രോയിഡിന്റെ സ്വപ്നങ്ങളുടെ വ്യാഖ്യാനം പോലെയുള്ള ഗ്രന്ഥങ്ങള്‍ ഏറെ താല്പര്യത്തോടെയാണ് യുങ്ങ് വായിച്ചത്. അക്കാലത്ത് ഫ്രോയിഡുമായി ബന്ധപ്പെട്ട ഏതൊരു മനശാസ്ത്ര കുതുകിയേയും ആകര്‍ഷിക്കുവാനുള്ള കോപ്പുകള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു.യുങ്ങും അത്തരത്തിലുള്ള ആകര്‍ഷണ വലയത്തില്‍ പെട്ടിട്ടുണ്ട്.അതിന്റെ ഫലമായി ഫ്രോയിഡിന്റെ ന്യൂറോസിസിനെ വിശദീകരിച്ചുകൊണ്ട് 1906 ല്‍ ഒരു പഠനവുമെഴുതിയിട്ടുണ്ടെങ്കിലും ഫ്രോയിഡിന്റെ പിന്നാലെ സഞ്ചരിക്കുവാനല്ല യുങ്ങ് നിശ്ചയിച്ചത്.ലൈംഗികതയിലുറച്ച ഫ്രോയിഡിന്റെ ആശയങ്ങളോട് യുങ്ങിന് പതിയെപ്പതിയെ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിവന്നു.  തനിക്ക് തന്റേതായ വഴികളുണ്ട് എന്ന തിരിച്ചറിവ് അദ്ദേഹത്തെ ഫ്രോയിഡില്‍ നിന്നും അകലാനിടയാക്കി. ആ തീരുമാനം ശരിയാണെന്ന് മനശാസ്ത്രത്തിന്റെ ചരിത്രം മനസിലാക്കുന്ന ഏതൊരാളും സമ്മതിച്ചുവെന്ന് വരാം. കാരണം യുങ്ങ് ലോകത്തുണ്ടാക്കിയ സ്വാധീനം അത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നതാണ്.
            Symbols of Transformation , Man and His Symbols, Animus and Anima , Psychology of the Unconscious  , Analytical Psychology: Its Theory and Practice , Psychology and Religion Memories എന്നിങ്ങനെ നിരവധി വിഖ്യാതമായ ഗ്രന്ഥങ്ങളും Dreams, Reflections  എന്ന പേരില്‍ എഴുതിയ ആത്മകഥയും യുങ്ങിന്റെ സംഭാവനകളില്‍ പെടുന്നു.
(തുടരും )      

© മനോജ് പട്ടേട്ട് || 7 June 2020, 7.30 AM ||










Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം